വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കഴിഞ്ഞ ഏതാനും നാളുകളായി ചർച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇത്തരത്തിൽ പുറത്തേക്കുപോകുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണെങ്കിലും കോവിഡ് കാലത്തിനുശേഷം ഈയൊരു പ്രവണത വളരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ നമ്മുടെ വിദേശ മന്ത്രാലയം രാജ്യസഭയിൽ നൽകിയ പ്രസ്താവനയനുസരിച്ച് 1.35 മില്യൺ ഇന്ത്യൻ വിദ്യാർഥികളാണ് നിലവിൽ വിദേശത്ത് പഠിക്കുന്നത്. ഇനിയും ഈ ട്രെൻഡ് തുടരുക തന്നെ ചെയ്യും.

To advertise here,

കേരളത്തിൽ നിന്നും നല്ലൊരു ശതമാനം വിദ്യാർഥികൾ കേരളത്തിനു പുറത്തും മറ്റു രാജ്യങ്ങളിലുമായി നിലവിൽ പഠിക്കുന്നുണ്ട്. പഠിക്കുവാനായി ഇത്തരത്തിൽ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം, പുതിയ സ്ഥലങ്ങളും ജീവിത രീതികളും കാണുന്നതിനും അനുഭവിക്കുന്നതിനുമുള്ള താല്പര്യം, മികച്ച ജീവിത സാഹചര്യങ്ങളുള്ള രാജ്യങ്ങളിൽ സ്ഥിരമായി താമസിക്കുന്നതിനും പൗരത്വം ഉൾപ്പെടെ നേടുന്നതിനുമുള്ള സാധ്യത, മെച്ചപ്പെട്ട ശമ്പളം, മികച്ച ജോലിസാധ്യത, സ്വകാര്യതയിൽ മറ്റുള്ളവരുടെ ഇടപെടലുകളില്ലാതെ കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവസരം, തുടങ്ങി അനവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.

പൊതുവെ കേരളത്തിൽ നിന്നും പുറത്തേക്കുപോയി പഠിക്കുന്നതും ജോലിചെയ്യുന്നതുമെല്ലാം നമ്മുടെ കരിയറിനും വ്യക്തിത്വ വികാസത്തിനും ഗുണകരമാവും എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഇത് നമുക്കും നമ്മൾ പോകുന്ന രാജ്യത്തിനും നമ്മുടെ സമൂഹത്തിനും നേട്ടമുള്ള കാര്യംതന്നെയാണ്. എന്നിരുന്നാലും വിദേശത്തുപോകുമ്പോൾ ശ്രദ്ധിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഒരുപാടു കാര്യങ്ങളുണ്ട്. നമ്മുടെ സമയവും ധാരാളം പണവും അതിനായി ചെലവഴിക്കുന്നുണ്ട് എന്നുള്ളതുകൊണ്ടുതന്നെ നന്നായി ചിന്തിച്ചുവേണം ഇതേപ്പറ്റി തീരുമാനമെടുക്കേണ്ടത്.

മാറുന്ന ലോകം

മുൻപ് സൂചിപ്പിച്ചതുപോലെ തുടർപഠനത്തിനായി തീരുമാനങ്ങളെടുക്കുമ്പോൾ എവിടെ പഠിക്കണം, എന്തു പഠിക്കണം, തുടങ്ങി ഒരുപാടു കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. ഇതേക്കുറിച്ചു വരും ലക്കങ്ങളിൽ വിശദമായി സൂചിപ്പിക്കാം. എന്നാൽ ഏറ്റവും പ്രധാനമായി നമ്മുടെ ഭാവി പോലെത്തന്നെ തൊഴിലുകളുടെ ഭാവിയെക്കുറിച്ചും മനസിലാക്കേണ്ടതുണ്ട്. പറഞ്ഞവന്നത്, തൊഴിൽ ജീവിതവും (work-life) തൊഴിലുകളുടെ സ്വഭാവവും (nature of jobs) മാറുകയാണ്. ഒരു ഉദാഹരണം നോക്കാം. ഒരു വിദ്യാർഥി ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടുന്നു. അതിനുശേഷം ടെസ്റ്റോ ഇന്റർവ്യൂവോ പാസ്സായി സ്ഥിരജോലി നേടുന്നു. കുറേക്കാലം ജോലിചെയ്തതിനു ശേഷം അത്യാവശ്യം ഉദ്യോഗക്കയറ്റമൊക്കെ നേടി ജോലിയിൽ നിന്നും വിരമിക്കുന്നു. എന്നാൽ ഇത്തരം ജോലികൾക്ക് ഭാവിയില്ല. ഒരുവ്യക്തി ആവശ്യമുള്ള വിദ്യാഭ്യാസമോ പരിശീലനമോ നേടിക്കഴിഞ്ഞാൽ തൊഴിൽ മേഖലയിലേക്കെത്തുന്നു. ആ ജോലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് ആവശ്യമെങ്കിൽ വീണ്ടും പഠിക്കുന്നു.  ഇതിനെ upskilling എന്ന് വിളിക്കാം. ഇതിനിടയിൽ നിലവിലുള്ള മേഖലയുമായി ബന്ധപെട്ടതോ തികച്ചും വ്യത്യസ്തമായതോ ആയ ജോലികളിലേക്കും മാറാം. ഇവിടെ പുതിയ തരം തൊഴിൽ നൈപുണ്യം ആവശ്യമായേക്കാം. അതിനായി reskilling ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ ജോലിയും പഠനവും (upskilling and reskilling) ഇടകലർന്നതായിരിക്കും ഭാവിയിലെ തൊഴിൽ ജീവിതം. കരിയർ എന്നതിനേക്കാൾ വർക്ക്-ലൈഫ് എന്നു പറയുന്നതാവും കൂടുതൽ അനുയോജ്യം. ഇവിടെ വിരമിക്കലിനു പ്രസക്തിയില്ല. കഴിയുന്നിടത്തോളം കാലം അവർ പ്രൊഡക്ടിവ് ആയിരിക്കും.

നൂതന സാങ്കേതികവിദ്യകളുടെ വരവാണ് ഇത്തരം മാറ്റങ്ങൾക്കുള്ള പ്രധാന കാരണം. ഇതിൽത്തന്നെ നിർമിതബുദ്ധി ഉൾപ്പെടെയുള്ളവ നമ്മുടെ തൊഴിലുകളെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളെ Industry 4.0 അഥവാ നാലാം വ്യാവസായിക വിപ്ലവം എന്നാണറിയപ്പെടുന്നത്. ഒന്നും രണ്ടും വ്യാവസായിക വിപ്ലവങ്ങളെക്കുറിച്ച് നാമെല്ലാവരും കേട്ടിട്ടുണ്ടാകും. ഓരോ കാലത്തും ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടങ്ങൾക്കനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങളാണ് Industrial revolution അഥവാ വ്യവസായ വിപ്ലവങ്ങൾ. ആവിയന്ത്രത്തിന്റെ (steam engine) കണ്ടുപിടിത്തവും യന്ത്രവൽകൃത ഉല്പാദനവുമായിരുന്നു ഇതിന്റെ തുടക്കം എന്നുപറയാം. ശേഷം വൈദ്യുതിയുടെ കണ്ടുപിടിത്തം ഉത്പാദനക്ഷമത വീണ്ടും വർധിപ്പിച്ചപ്പോൾ രണ്ടാം വ്യാവസായിക വിപ്ലവം സാധ്യമായി. 1900കളുടെ മധ്യത്തോടുകൂടി ടെക്നോളജി കുറച്ചുകൂടി മുന്നേറി കമ്പ്യൂട്ടറുകളും മറ്റും വന്നു. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സാദ്ധ്യതകൾ ലോകത്ത് വലിയ മാറ്റങ്ങളാണ് സമ്മാനിച്ചത്. ഓരോ ഘട്ടവും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും തൊഴിലിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നു.

നാലാം വ്യാവസായിക വിപ്ലവത്തിലേക്കു വരുമ്പോൾ എല്ലാ ശാസ്ത്രമേഖലകളുടെയും സംയുക്തമായ ഉപയോഗമാണ് കാണാൻ കഴിയുക. അതായത്, നിർമിത ബുദ്ധി (artificial intelligence, AI), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) റോബോട്ടിക്സ്, ബിഗ് ഡേറ്റ അനാലിസിസ്, തുടങ്ങി നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം മാനവിക വിഷയങ്ങളുൾപ്പെടെയുള്ള മിക്കവാറും എല്ലാ തൊഴിൽമേഖലകളിലും പ്രയോഗത്തിലാവും.  ഉദാഹരണമായി കൃഷിയിൽ നിർമിത ബുദ്ധിയുടെ ഉപയോഗവും അതിയന്ത്രവൽക്കരണവും (automation) സാധ്യമാകുമ്പോൾ ആ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. ഇത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമാവും വിധം വേണം നമ്മൾ മുന്നോട്ടുവരാൻ.

കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ഇത്തരത്തിൽ സാങ്കേതിക വിദ്യയിലുള്ള മാറ്റങ്ങൾ നമ്മുടെ ജീവിതത്തെയും തൊഴിലുകളെയും ഇത്തരത്തിൽ മാറ്റുമെന്നതിനെക്കുറിച്ച് അനേകം പഠനങ്ങളും റിപ്പോർട്ടുകളും വന്നിട്ടുണ്ട്.  McKinsey Global Institute,  Oxford Martin School, World Economic Forum, തുടങ്ങി പല സ്ഥാപനങ്ങളും ആദ്യകാലങ്ങളിൽ തന്നെ ഇതേക്കുറിച്ചു പ്രതിപാദിച്ചിരുന്നു. ഇന്ന് നിലവിലുള്ള അനവധി തൊഴിലുകൾ നിർമിത ബുദ്ധിയുടെയും യന്ത്രവൽക്കരണത്തിന്റേയും പ്രയോഗത്താൽ ഭാവിയിൽ ഇല്ലാതെയാവുമെന്ന് പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവചനങ്ങളുണ്ടായി. കൂടാതെ പല ജോലികളുടെയും സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും.

ഇത്തരത്തിൽ ഏറ്റവും പുതുതായി വന്ന പഠന റിപ്പോർട്ടുകളിൽ ഒന്നാണ് വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച Future of Jobs Report 2023. പുതിയ ലോകത്ത് ചില മേഖലകളിലുള്ള തൊഴിലുകൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതനുസരിച്ച് സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ (Technology-Related Roles) കൂടുതലായി ഉണ്ടാവും. ഉദാഹരണമായി AI - മെഷീൻ ലേണിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്-സ്ട്രാറ്റജി, ഇൻഫർമേഷൻ സെക്യൂരിറ്റി അനാലിസിസ്, തുടങ്ങിയ മേഖലകളിൽ നൈപുണ്യമുള്ളവർക്ക് സാധ്യതകളുണ്ടാവും. മറ്റൊരു പ്രധാന സാധ്യത സുസ്ഥിര വികസനം (sustainability) പോലെയുള്ള മേഖലകളിലാണ്. നിലവിൽ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രാധാന്യത്തെപ്പറ്റി ലോകമെമ്പാടും തിരിച്ചറിവുണ്ടായിക്കൊണ്ടിരിക്കുകയാണ്. സുസ്ഥിര വികസനം, റിന്യൂവബിൾ എനർജി, തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖലകളിൽ പലവിധ സാധ്യാതകളും ഉണ്ടാകും. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയാണ് മറ്റു മേഖലകൾ. ഉന്നത വിദ്യാഭ്യാസരംഗത്ത് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ കൂടുതൽ ഫാക്കൽറ്റികൾ ആവശ്യമായി വരും. അതുപോലെതന്നെ വരും കാലങ്ങളിൽ നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യമുണ്ട്. തൊഴിലിൽ പ്രായോഗിക പരിശീലനവും നൈപുണ്യവും (skill) അത്യാവശ്യമാവുന്നതിനാലാണ് വൊക്കേഷണൽ എജുക്കേഷൻ മേഖല പ്രസക്തമാകുന്നത്.

കൃഷിയുമായി ബന്ധപ്പെട്ട മേഖലയും അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനത്തെ ലോകം ഇന്ന് ഒരു യാഥാർഥ്യമായി അംഗീകരിച്ചിരിക്കുന്നതുകൊണ്ടുതന്നെ സുസ്ഥിര കൃഷിരീതികൾ അവലംബിക്കേണ്ടതുണ്ട്. ഈ മേഖലയിൽ നൈപുണ്യമുള്ളവർക്ക് സാധ്യതകളുണ്ടായി വരുമെന്നാണ് Future of Jobs Report പറയുന്നത്. വർധിച്ചുവരുന്ന നൂതന കാർഷിക സാങ്കേതികവിദ്യകളുടെ ഉപയോഗം, ആധുനിക കാർഷിക ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പ്രവർത്തിപ്പിക്കാനും കഴിയുന്ന വിദഗ്ധരായ ഓപ്പറേറ്റർമാരുടെ ആവശ്യം സൃഷ്ടിക്കുമെന്നും കരുതപ്പെടുന്നു.

ചുരുക്കിപ്പറഞ്ഞാൽ സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റം സാങ്കേതിക വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് കൂടുതൽ അവസരങ്ങളുണ്ടാക്കും. എല്ലാ മേഖലകളിലും സുസ്ഥിരവികസനത്തിലൂന്നിയുള്ള മാറ്റങ്ങളാകും പ്രതീക്ഷിക്കേണ്ടത്. ഇവിടെയും ധാരാളം അവസരങ്ങൾ ഉണ്ടായേക്കാം. ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങൾ തീർച്ചയായും തൊഴിൽ വിപണിയിൽ വലിയ മത്സരം ഉണ്ടാക്കും. അവരവരുടെ മേഖലകളിലുണ്ടാകുന്ന മാറ്റങ്ങളെ കൃത്യമായി മനസിലാക്കാനും അതനുസരിച്ചു നൈപുണ്യം (skills) നേടാനും പറ്റുമെങ്കിൽ അനന്തമായ സാധ്യതകളാണ് മുന്നിലുള്ളത്.

ഓട്ടോമേഷൻ കൊണ്ട് പൂർണമായി ചെയ്യാൻ സാധിക്കുന്ന പല തൊഴിലുകളും അപ്രത്യക്ഷമാകുമെന്നും ഈ പഠനം നിരീക്ഷിക്കുന്നുണ്ട്. ക്ലറിക്കൽ, അഡ്മിനിസ്ട്രേറ്റീവ് റോളുകൾ, നിർമ്മാണ൦, ഫാക്ടറി ജോലികൾ, പരമ്പരാഗത രീതിയിലുള്ള ബാങ്കിങ് (ഉദാ: ബാങ്ക് ടെല്ലർമാർ, ക്ലർക്കുമാർ), പോസ്റ്റൽ സർവീസ് ക്ലാർക്കുമാർ, ഡേറ്റാ എൻട്രി ജോലികൾ തുടങ്ങിയവയൊക്കെ വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ഇത്തരമൊരു ലോകത്ത് വിജയകരമായി നിലനിൽക്കണമെങ്കിൽ നമ്മുടെ തിരഞ്ഞെടുപ്പുകൾ കൃത്യമായിരിക്കണം. ഏതൊരു മേഖലയിലും പുതുതായുണ്ടാകുന്ന മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കുകയും അതിനെ നേരിടാൻ തയാറെടുക്കുകയും വേണം. ഡോക്ടറോ, സംരംഭകരോ, നിയമ വിദഗ്ധരോ ആറുമായിക്കൊള്ളട്ടെ, ഈ ജോലികളിൽ സാങ്കേതിക വിദ്യകൾ (നിർമിത ബുദ്ധി ഉൾപ്പെടെ) എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണം. അല്ലെങ്കിൽ നിങ്ങൾ അപ്രസക്തരായേക്കാം.

ഈ വിഷയങ്ങളെക്കൂടി കണക്കിലെടുത്ത് ലോകത്തെമ്പാടുമുള്ള വിവിധ യൂണിവേഴ്സിറ്റികൾ നൽകുന്ന സ്റ്റഡി പ്രോഗ്രാമുകളെ പരിചയപ്പെടുത്തുകയാണ് ഈ സീരിസിന്റെ ഉദ്ദേശം. വരും ലക്കങ്ങളിൽ വിവിധ വിഷയങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും കൂടുതലായി മനസിലാക്കാം.

World Economic Forum, Future of Jobs report 2023 ന്റെ ലിങ്ക് നൽകിയിട്ടുണ്ട്. തീർച്ചയായും വായിക്കുക.

https://www3.weforum.org/docs/WEF_Future_of_Jobs_2023.pdf