പുതിയകാലത്ത് പ്രാധാന്യമുള്ള പഠനവിഷയങ്ങളും കോഴ്‌സുകളും ഉൾപ്പെടുത്തുന്ന ഈ പരമ്പരയിൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഹൈഡ്രജൻ (Hydrogen) എന്‍ജിനിയറിങ്‌ എന്ന വിഷയമാണ്. നമുക്കെല്ലാം സുപരിചിതമായ ഒരു മൂലകമാണ് ഹൈഡ്രജൻ. കുട്ടികൾക്കായുള്ള ബലൂണുകളിൽ നിറയ്ക്കുന്നതുമുതൽ ചെടികൾക്കുള്ള വളങ്ങളിലും മെഡിക്കൽ മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും  ഹൈഡ്രജൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പെട്രോളിയം ഇൻഡസ്ട്രിയിൽ പെട്രോളിയം ശുദ്ധീകരിക്കുന്നതിനുൾപ്പെടെ (refining) വ്യാവസായിക രംഗത്തും പല രീതിയിലും ഈ മൂലകം  ഉപയോഗിക്കുന്നു.

To advertise here,

1800 കൾ മുതൽക്കേ ഹൈഡ്രജനെ ഇന്ധനമാക്കി ഉപയോഗിക്കാമെന്ന സാധ്യത ശാസ്ത്രലോകം മനസിലാക്കിയിരുന്നു. അതേത്തുടർന്ന്  ഗവേഷണങ്ങളിലൂടെ വളരെ ഫലപ്രദമായതും മറ്റു പരമ്പരാഗത ഊർജ്ജ ശ്രോതസ്സുകളെ അപേക്ഷിച്ച് പാരിസ്ഥിതികാഘാതം കുറഞ്ഞതുമാണ് ഹൈഡ്രജൻ എന്ന് വ്യക്തമായിരിക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ വിവിധയിടങ്ങളിൽ ഹൈഡ്രജൻ ഒരു ഇന്ധനമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കാറുകളും ട്രെയിനുകളുമുൾപ്പെടെ പല വാഹനങ്ങളും ഇത്തരത്തിൽ ഉപയോഗത്തിലുണ്ട്. പെട്രോളിയം ഇന്ധനങ്ങൾ പോലെ പ്രചാരത്തിലായിട്ടില്ല എന്നുമാത്രം.

എന്താണ് ഹൈഡ്രജൻ എന്‍ജിനിയറിങ്‌?

മേല്പറഞ്ഞതു പോലുള്ള സാധ്യതകൾ മുൻനിർത്തി ഹൈഡ്രജനും അതിന്റെ സംയുക്തങ്ങളും ഊർജനിർമാണത്തിനായി ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് ഹൈഡ്രജൻ എൻജിനീയറിങ്. ഇതിൽ ഇവയുടെ നിർമാണം, സംഭരണം, വിതരണം (transportation), ഉപയോഗം എന്നിങ്ങനെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള പഠനവും പ്രയോഗവും ഉൾപ്പെടുന്നു.

നിലവിൽ ഈ വിഷയത്തിൽ വളരെയധികം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിൽ ഹൈഡ്രജൻ ടെക്നോളജി ഇപ്പോൾത്തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ. അതിനു കാരണം വ്യാവസായിക രംഗത്ത് ഒരു ഇന്ധനമെന്ന നിലയിൽ അനേകം ഉപയോഗങ്ങൾ ഹൈഡ്രജൻ അനുബന്ധ സാങ്കേതികവിദ്യകൾക്കുണ്ട് എന്നതാണ്. ലോകമെമ്പാടും ധാരാളം സാങ്കേതിക വിദഗ്ദ്ധരും ഗവേഷകരും ഈ വിഭാഗത്തിൽ ജോലിചെയ്യുന്നുണ്ട്.

ഹൈഡ്രജൻ എൻജിനീയറിങ്ങിന്റെ ഭാവി!

നിലവിലുള്ളവയെ അപേക്ഷിച്ച് കൂടുതൽ സുസ്ഥിരമായ ഇന്ധനമെന്നതാണ് ഹൈഡ്രജന്റെ പ്രത്യേകത. ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് നമ്മുടെ അന്തരീക്ഷത്തിന് ദോഷകരമായ കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ഗ്രീൻഹൗസ് വാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നുമില്ല. പലവിധ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, ജലം, ജൈവാംശം (biomass) തുടങ്ങി പല ശ്രോതസ്സുകളിൽനിന്നും ഇതിന്റെ ഉല്പാദനവും സാധ്യമാണ്.

സുസ്ഥിരതയുള്ള ഊർജ്ജശ്രോതസ്സ് (sustainable energy) എന്ന നിലയിൽ ഹൈഡ്രജൻ ഉപയോഗിച്ചുള്ള എനർജി വളരെ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഭാവിയിൽ കൂടുതൽ സാദ്ധ്യതകളും ഉണ്ടാകാം.

പഠനം

ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ, സുസ്ഥിരത എന്നിവയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഒരു വിഷയമാണ് ഹൈഡ്രജൻ എഞ്ചിനീയറിങ്ങ്. സാങ്കേതിക വിഷയങ്ങളിൽ നല്ല അടിത്തറയും ആവശ്യമാണ്. അനുദിനം വളർന്നുകൊണ്ടിരിക്കുകയും അനേകം സാധ്യതകൾ തുറന്നുതരികയും ചെയ്യുന്ന വിഷയമാണിത്. അണ്ടർ ഗ്രാജുവേറ്റ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ ഈ വിഷയം പഠിക്കാവുന്നതാണ്. എന്നാൽ അടിസ്ഥാന ബിരുദം നേടിയതിനു ശേഷം ഈ വിഷയത്തിൽ സ്‌പെഷലൈസ് ചെയ്യുന്നതാവും കൂടുതൽ നല്ലത്. 

ലോകത്തെ വിവിധ യൂണിവേഴ്സിറ്റികൾ ഹൈഡ്രജൻ എന്‍ജിനിയറിങ്‌ അനുബന്ധ വിഷയങ്ങളിൽ സ്റ്റഡി പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഈ വിഷയത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചില സ്ഥാപനങ്ങളെ പരിചയപ്പെടുത്താം.

യൂണിവേഴ്സിറ്റി ഓഫ് ബർമിങ്ഹാം (University of Birmingham, UK)

ഫ്യുവൽ സെൽ ആൻഡ് ഹൈഡ്രജൻ ടെക്നോളജീസ് (Fuel Cell and Hydrogen Technologies Masters/MSc) എന്ന വിഷയത്തിൽ മാസ്റ്റേഴ്സ് (MSc) പ്രോഗ്രാം ആണ് UK യിലെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലുള്ളത്. ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാം ആണിത്. എട്ടു പ്രധാന വിഷയങ്ങളും അഞ്ചോളം ഐച്ഛിക വിഷയങ്ങളും ഉൾപ്പെടെ പഠിക്കേണ്ടുന്ന  ഈ പ്രോഗ്രാമിൽ  ഒരു റിസർച്ച് പ്രോജക്റ്റും ഉണ്ട്. എൻജിനീയറിങിലോ ഫിസിക്കൽ സയൻസിലോ ഉള്ള ബിരുദമാണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാനം. എന്നാൽ നിങ്ങളൊരു മികച്ച വിദ്യാർത്ഥിയാണെങ്കിൽ, ലൈഫ് സയൻസോ എക്കണോമിക്‌സോ പഠിച്ചവർക്കും അപേക്ഷിക്കാം. പക്ഷെ നിങ്ങളുടെ ബിരുദ കോഴ്സിൽ ഗണിതം (mathematics) ഒരു വിഷയമായി പഠിച്ചിരിക്കണം. ഇതുകൂടാതെ ഗവേഷണവും ഈ വിഷയത്തിൽ MRes, PhD പ്രോഗ്രാമുകളും ഉണ്ട്. സ്കൂൾ ഓഫ് കെമിക്കൽ എഞ്ചിനീയറിങ്ങിനു കീഴിലുള്ള Birmingham Centre for Fuel Cell and Hydrogen Research ആണ് ഈ വിഷയങ്ങളിൽ വിവിധ പ്രോഗ്രാമുകൾ നൽകുന്നത്. പ്രവേശനത്തിന് അടിസ്ഥാനമാക്കുന്നത് നിങ്ങളുടെ അക്കാദമിക് മികവുതന്നെ ആയിരിക്കും. കൂടാതെ IELTS/TOFEL/PTE തുടങ്ങി ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന ഏതെങ്കിലും ടെസ്റ്റ് സ്കോറുകളും ആവശ്യമാണ്. അപേക്ഷകൾ അയക്കേണ്ടതെങ്ങനെയാണെന്നതിനെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിശദമായി വെബ്‌സൈറ്റിൽ പ്രതിപാദിച്ചിട്ടുണ്ട്. https://www.birmingham.ac.uk/schools/chemical-engineering

ക്യൂഷൂ യൂണിവേഴ്സിറ്റി, ജപ്പാൻ (Kyushu University, Japan)

ജപ്പാനിലെ ക്യൂഷൂ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്മെന്റ് ഓഫ് ഹൈഡ്രജൻ എനർജി സിസ്റ്റംസ് നൽകുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് പ്രോഗ്രാമും ഡോക്ടറൽ പ്രോഗ്രാമും ഈ വിഷയം പഠിക്കാനാഗ്രഹിക്കുന്ന ഇന്റർനാഷണൽ സ്റ്റുഡന്റസിനെ ഉദ്ദേശിച്ചുള്ളതാണ്. ഹൈഡ്രജൻ എനർജി മേഖലയിലെ ആദ്യത്തെ ഗവേഷണസ്ഥാപനങ്ങളിലൊന്നു കൂടിയാണിത്. മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകർ മെക്കാനിക്കൽ എന്‍ജിനിയറിങ്ങിലോ മറ്റു സയൻസ്/എന്‍ജിനിയറിങ്‌  വിഷയങ്ങളിലോ അടിസ്ഥാന ബിരുദം നേടിയിട്ടുള്ളവരായിരിക്കണം. അഡ്മിഷനുവേണ്ടി പ്രവേശന പരീക്ഷയും ഉണ്ടായിരിക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ ഇംഗ്ലീഷിലായിരിക്കും. പ്രവേശനത്തിനായി വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരത്തിനൊപ്പം ഭാഷാനൈപുണ്യവും പരിഗണിക്കും.

വിശദവിവരങ്ങൾക്കായി https://www.eng.kyushu-u.ac.jp/e/g_hydrogen.html സന്ദർശിക്കാം.

ഹൈഡ്രജൻ സിസ്റ്റംസ് ആൻഡ് എനേബിളിങ് ടെക്നോളജീസിൽ ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി (Hydrogen Systems and Enabling Technologies)

നോർവേയിൽ Norwegian University of Science and Technology (NTNU), ഹൈഡ്രജൻ സിസ്റ്റംസ് ആൻഡ് എനേബിളിങ് ടെക്നോളജീസ് (Hydrogen Systems and Enabling Technologies) എന്ന പേരിൽ രണ്ടുവർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാം നൽകുന്നുണ്ട്. ഇന്റേൺഷിപ്പും ഗവേഷണവും ഉൾപ്പെടെയുള്ള ഈ സ്റ്റഡി പ്രോഗ്രാം ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമാണ്. അതായത് NTNU ഉൾപ്പെടെ യൂറോപ്പിലെ അഞ്ചു പാർട്ണർ യൂണിവേഴ്സിറ്റികൾ ചേർന്നാണ്  ഈ മാസ്റ്റേഴ്സ് പഠിപ്പിക്കുന്നത്. പഠനകാലത്ത് ഇവയിൽ രണ്ടു പാർട്ണർ യൂണിവേഴ്സിറ്റികളിൽ പോയി പഠിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കും. ഇറ്റലിയിലെ Politecnico di Torino, Politecnico di Milano എന്നീ സ്ഥാപനങ്ങൾ, സ്‌പെയിനിലെ Universitat Politècnica de Catalunya, നെതർലൻഡ്സിലെ Eindhoven University of Technology എന്നിവയാണ് ഇതിൽ പങ്കാളികളായ മറ്റു യൂണിവേഴ്സിറ്റികൾ.

മെക്കാനിക്കൽ, എനർജി, കെമിക്കൽ, ഇലെക്ട്രിക്കൽ, എയറോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ എന്നീ സ്ട്രീമുകളിൽ എന്‍ജിനിയറിങ്‌ ബിരുദമോ കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. വളരെ മിടുക്കരായ വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുക്കുക. മറ്റെല്ലാ പ്രോഗാമുകൾ പോലെയും ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യം തെളിയിക്കേണ്ടതുണ്ട്.

കൂടുതലറിയാൻ https://www.ntnu.edu/studies/mshyset  ,https://hysetmaster.polito.it/application/admission-requirements എന്നീ പേജുകൾ വിസിറ്റ് ചെയ്യുക.

സസ്‌റ്റൈനബിൾ എനർജി, എനർജി എന്‍ജിനിയറിങ്‌ പോലുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ ഭാഗമായും ഹൈഡ്രജൻ ടെക്നോളജി പഠിപ്പിക്കുന്നുണ്ട്. ഉദാഹരണമായി സ്വീഡനിലെ KTH Royal Institute of Technology അവരുടെ കെമിക്കൽ എന്‍ജിനിയറിങ്‌ ഫോർ എനർജി ആൻഡ് എൻവയോൺമെന്റ് (Chemical Engineering for Energy and Environment) മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ഹൈഡ്രജൻ പ്രൊഡക്ഷൻ, സ്റ്റോറേജ് തുടങ്ങിയ കാര്യങ്ങൾ ഐച്ഛിക വിഷയമായി പഠിക്കാം. കൂടാതെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണത്തിനുള്ള സാധ്യതകൾ ധാരാളം യൂണിവേഴ്സിറ്റികളിലുണ്ട്. ജർമ്മനിയിലെ പ്രധാന ടെക്നിക്കൽ യൂണിവേഴ്സിറ്റികളായ Karlsruhe Institute of Technology, Technical University of Munich (TUM), RWTH Aachen, നെതെർലൻഡ്‌സിലെ TU Delft തുടങ്ങി പല സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും. യൂണിവേഴ്സിറ്റി ഓഫ് സ്റ്റാൻഡ്‌ഫോർഡ്, MIT, ആൽബെർട്ട യൂണിവേഴ്സിറ്റി (Canada), ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് യൂണിവേഴ്സിറ്റി എന്നിവ ഈ മേഖലയിൽ കാര്യമായ ഗവേഷണങ്ങൾ നടക്കുന്ന സ്ഥാപനങ്ങളാണ്.

തൊഴിലവസരങ്ങൾ

ഹൈഡ്രജൻ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തൊഴിലവസരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. റിന്യൂവബിൾ എനർജിയുമായി (പുനരുപയോഗ ഊർജ്ജം) ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് പ്രധാനമായും ഈ മേഖലയിൽ തൊഴിലവസരങ്ങൾ നൽകുന്നത്.  ഓട്ടോമോട്ടീവ്/ട്രാസ്പോർട്ടേഷൻ ഇന്‍ഡസ്ട്രിയാണ് മറ്റൊന്ന്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പെട്രോളിയം പോലുള്ള പരമ്പരാഗത ഊർജ്ജ ശ്രോതസ്സുകൾക്ക് ബദലായി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം പതിയെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ കാര്യക്ഷമമായ രീതിയിൽ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരികയെന്നതാണ് ലോകത്തെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി ലക്ഷ്യമിടുന്നതും.

എണ്ണ, വാതക (Oil and Gas Companies) കമ്പനികളാണ് മറ്റൊരു സാധ്യത. കൂടുതൽ 'ലോ കാർബൺ' ഇന്ധനങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഓയിൽ-ഗ്യാസ് കമ്പനികളും ഒരു ഇന്ധനമെന്ന നിലയിൽ ഹൈഡ്രജന്റെ സാധ്യതകൾ കണക്കിലെടുക്കുന്നുണ്ട്. ഉദാഹരണമായി പ്രകൃതി വാതകത്തിൽ നിന്നുള്ള ഹൈഡ്രജന്റെ ഉൽപ്പാദനം, സംഭരണം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട റീസേർച്ച് ആൻഡ് ഡെവലപ്മെന്റ് അവസരങ്ങൾ ഇത്തരം കമ്പനികളിൽ സാധ്യമാവും.

കെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനികളിലും അക്കാദമിക് രംഗത്തും സാധ്യതകളുണ്ട്. ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക് ധാരാളം അവസരങ്ങളുള്ള ഒരു പഠനവിഷയം കൂടിയാണിത്. ഇപ്പോഴും പുതിയ പഠനങ്ങൾ നടക്കുന്ന ഈ മേഖലയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും കുറച്ചുകൊണ്ടുള്ള ഉത്പാദനം മുതൽ ഹൈഡ്രജന്റെയും അതിന്റെ സംയുക്തങ്ങളുടെയും പുതിയ ഉപയോഗ സാധ്യതകളും പഠനവിഷയമാണ്. ലോകത്ത് ഇങ്ങനെയുള്ള വലിയ മാറ്റങ്ങളിലേക്കു പോകുമ്പോൾ ഗവൺമെന്റുകളും അവരുടെ പോളിസി ചട്ടക്കൂടുകളിൽ മാറ്റം വരുത്തേണ്ടതായുണ്ട്. ഇത്തരം സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ സർക്കാർ ഏജൻസികളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം പോളിസി ഓർഗനൈസേഷനുകളിലും ഗവണ്മെന്റുകളുമായി ബന്ധപ്പെട്ട 'തിങ്ക്-ടാങ്ക്' കളിലും ഈ വിഷയത്തിൽ വിദഗ്ദ്ധരായവർക്ക് സാധ്യതകളുണ്ട്.