പുരോഗമന സമൂഹമെന്നതാണ് കേരളത്തിന്റെ മേൽവിലാസം. നവോത്ഥാനത്തിന്റെ വെളിച്ചത്തിൽ നാം നേടിയ വിദ്യാഭ്യാസമികവാണ് ഇതിന്റെ അടിസ്ഥാനം. ലോകത്തെ പുതിയ സഞ്ചാരപഥങ്ങളിൽ ഈ തിളക്കത്തിനൊപ്പം നമുക്ക് അഭിമുഖീകരിക്കാനുണ്ട് ഒട്ടേറെ വെല്ലുവിളികൾ. അവ നേരിടാൻ സജ്ജരാണോ നാം കേരളീയർ എന്നതാണ് ചോദ്യം
1991 ഏപ്രിൽ 18-ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തെ വേദിയിൽവെച്ച് മലപ്പുറം കാവന്നൂർ സ്വദേശി ചേലക്കോടൻ ആയിഷ, ആഗോളഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി. ഇന്ത്യയിൽ തെക്കേ അറ്റത്തെ മലയാളക്കര സമ്പൂർണ സാക്ഷരത കൈവരിച്ച പ്രഖ്യാപനം ലോകം കേട്ടത് അവരിലൂടെയായിരുന്നു.
രാജ്യത്ത് 74.04ശതമാനം ആണെങ്കിൽ 94 ശതമാനം നേടി സാക്ഷരതയിൽ മുന്നിലാണ് കേരളം. ലോകശ്രദ്ധ നേടിയ സാക്ഷരതായജ്ഞം നാലുമുതൽ 12-ാം ക്ലാസുവരെയുള്ള തുല്യതാപഠനവും ഡിജിറ്റൽ സാക്ഷരതാ പരിപാടിയായുമൊക്കെ വികസിച്ചു. അതിഥിത്തൊഴിലാളികൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ, പട്ടിക വിഭാഗക്കാർ തുടങ്ങി വിവിധ സമൂഹങ്ങളിലേക്കു പടർന്നു. ഇപ്പോഴാവട്ടെ, എ.ഐ. സാക്ഷരതയിലേക്കും തയ്യാറെടുക്കുന്നു.
പിറവിക്കു മുൻപേ വഴിതെളിച്ചു
1956-ലെ പിറവിക്കുമുൻപേ കേരളം രാജ്യത്തിനു വഴികാട്ടി. കുട്ടികൾക്കെല്ലാം സർക്കാർ ചെലവിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് 1817-ൽ റാണി ഗൗരി പാർവതി ബായ് പുറപ്പെടുവിച്ച വിളംബരമാണ് കേരളീയ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട. 1806-ൽ തിരുവിതാംകൂറിൽ ആധുനിക വിദ്യാലയങ്ങൾ ആരംഭിച്ചും സ്വന്തം വില്ലേജിൽത്തന്നെ പഠനസൗകര്യമൊരുക്കാൻ 1869-ൽ ഗ്രാന്റ് ഇൻ എയ്ഡ് വിദ്യാലയങ്ങളും തുടങ്ങിയും ക്രിസ്ത്യൻ മിഷണറിമാർ വഴികാട്ടി. 19-ാം നൂറ്റാണ്ടിന്റെ അവസാനംമുതൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യംവരെ നടന്ന നവോത്ഥാനമുന്നേറ്റങ്ങളും സാമുദായികസംഘടനകളുടെ യത്നങ്ങളുമൊക്കെ വിദ്യാഭ്യാസത്തിനു വേഗംകൂട്ടി. മിഷണറിമാർക്കുപുറമേ, 1903-ൽ പിറവിയെടുത്ത എസ്.എൻ.ഡി.പി.യും 1914-ൽ രൂപം കൊണ്ട എൻ.എസ്.എസുമൊക്കെ വിദ്യാഭ്യാസരംഗത്ത് വളമൊരുക്കി.
1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമസർക്കാർ ഭാവിമുന്നേറ്റത്തിന് ദിശ പകർന്നു. ‘കേരള വിദ്യാഭ്യാസ നിയമ’ത്തിലൂടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നിയമപരമായി ഉറപ്പാക്കി, രാജ്യത്ത് മുൻപേ നടന്നു. ‘‘സർക്കാരിന്റെ ഏറ്റവും വമ്പിച്ച സാമൂഹികക്ഷേമ പരിപാടിയാണ് വിദ്യാഭ്യാസം’’ - നിയമസഭയിൽ ബിൽ അവതരിപ്പിക്കവേ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും സർക്കാർ നേരിട്ടു ശമ്പളം നൽകുന്ന ചരിത്രപരമായ തീരുമാനമുണ്ടായി. പക്ഷേ, എയ്ഡഡ് അധ്യാപകനിയമനം പി.എസ്.സി.ക്കു വിടാനുള്ള വ്യവസ്ഥയിൽ സർക്കാരിന് കൈപൊള്ളി. മാനേജ്മെന്റുകളെ നിയന്ത്രിക്കാനുള്ള നീക്കം ചെറുക്കാൻ ക്രിസ്ത്യൻ സഭകളും എൻ.എസ്.എസ്. ഉൾപ്പെടെയുള്ള സാമുദായികസംഘടനകളും സർക്കാരിനെതിരേ സംഘടിച്ചു. പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണയും നൽകി. ഇങ്ങനെ പൊട്ടിപ്പുറപ്പെട്ട വിമോചനസമരം, ഭരണഘടനയിലെ വിവേചനാധികാരം പ്രയോഗിച്ച് കേന്ദ്രസർക്കാർ 1959-ൽ ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ട അധികാര അട്ടിമറിയിലാണ് അവസാനിച്ചത്. സർക്കാർ വീണെങ്കിലും പിന്നീട് സംസ്ഥാനത്തെ വിദ്യാഭ്യാസനേട്ടങ്ങളുടെ ഗതി നിർണയിച്ചത് ഈ നിയമമായിരുന്നു.
പൊതുവിദ്യാഭ്യാസം പിന്നിട്ട വഴികൾ
• 1957-ലെ ഇ.എം.എസ്. സർക്കാരാണ് പ്രൈമറി സ്കൂളിൽ ട്യൂഷൻ ഫീസൊഴിവാക്കാൻ നടപടിയെടുത്തത്. 1969-ലെ ഇ.എം.എസ്. സർക്കാർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. കേരളം പിറക്കുമ്പോൾ 9,000 വിദ്യാലയങ്ങളാണെങ്കിൽ, 12-ാം ക്ലാസ് വരെ പഠനസൗകര്യമുള്ള 15,214 സ്കൂളുകൾ ഇന്ന് കേരളത്തിലുണ്ട്. 5-14 പ്രായമുള്ള ഏതാണ്ടെല്ലാ കുട്ടികളും സ്കൂളിലെത്തുന്നതും 12വരെ പഠനം പൂർത്തിയാക്കുന്നതുമാണ് സവിശേഷത
• 1950-കളിൽ സ്കൂൾ കുട്ടികൾക്കായി തിരു-കൊച്ചി സർക്കാർ തുടങ്ങിയ യാത്രാ ഇളവ് കേരളപ്പിറവിയോടെ സംസ്ഥാനവ്യാപകമായി
• 1987 മേയ് 31-ന് ഒന്നാംക്ലാസിലെ എല്ലാ കുട്ടികൾക്കും സ്ലേറ്റും പുസ്തകവും നൽകാൻ തീരുമാനിച്ചു. ഇപ്പോൾ എട്ടാംക്ലാസ് വരെ സൗജന്യപാഠപുസ്തകം
• ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കായി 1961-’62 കാലത്ത് കോ-ഓപ്പറേറ്റീവ് ഫോർ അമേരിക്കൻ റിലീഫ് എവരിവേർ (കെയർ) എന്ന സംഘടനയുടെ സഹായത്തോടെ സർക്കാർ ആവിഷ്കരിച്ചതാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി. 1984-ൽ കെയർ പിൻവാങ്ങി. അന്നത്തെ കെ. കരുണാകരൻ സർക്കാർ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമുള്ള കുട്ടികൾക്കായി ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഉച്ചക്കഞ്ഞി പദ്ധതി ആരംഭിച്ചു. 1985-ൽ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിച്ചു. 2007-’08-ൽ കേന്ദ്രസർക്കാർ ഉച്ചഭക്ഷണ പദ്ധതി എട്ടാംക്ലാസ് വരെ വ്യാപിപ്പിച്ചു.
• ലംപ്സം ഗ്രാന്റ്, സ്കോളർഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളും നൽകി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് പഠിക്കാൻ സൗകര്യമൊരുക്കി. ഐ.ടി പാഠ്യപദ്ധതിയുടെ ഭാഗമാക്കി. എഡ്യുസാറ്റ്, വിക്ടേഴ്സ് ചാനലുകളും പൊതുവിദ്യാഭ്യാസ നേട്ടത്തിന്റെ പ്രതിഫലനമായി.
പരിഷ്കരണം, പിന്നോട്ടടി
• ഏറെക്കാലം പരമ്പരാഗതരീതിക്കൊപ്പം നടന്നെങ്കിലും ’90-കളുടെ തുടക്കത്തിൽ അധികാരവികേന്ദ്രീകരണത്തിന്റെ കേരള മോഡൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. 1994-’95-ൽ ആറു ജില്ലകളിൽ നടപ്പാക്കിയ ഡി.പി.ഇ.പി 1996-’97-ൽ പാഠ്യപദ്ധതി പരിവർത്തനമുണ്ടാക്കി. ഇതിന്റെ തുടർച്ചയായി പത്താംക്ലാസ് വരെ മാർക്കിനുപകരം ഗ്രേഡിങ് വന്നു. നിർമിതബുദ്ധി ഉൾപ്പെടെയുള്ള 21-ാം നൂറ്റാണ്ടിലെ സാധ്യതകൾക്കൊത്ത് ക്ലാസ് മുറി വിഭാവനം ചെയ്യലാണ് വെല്ലുവിളി
• മാർക്കിന്റെ പേരിലുള്ള മത്സരമൊഴിവാക്കാൻ ഗ്രേഡിങ് പരിഷ്കാരം വന്നു. പക്ഷേ, പത്താംക്ലാസ് പാസാവുന്നവരുടെ വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാനായിട്ടില്ല. പഠനനേട്ടമളക്കാനുള്ള നിരന്തരമൂല്യനിർണയം വഴിപാടായി
കടക്കാനുണ്ട് കടമ്പകളേറെ
• ഓരോ വർഷവും സ്കൂൾ കുട്ടികൾ ഗണ്യമായി കുറയുന്നതാണ് ഏതാനും വർഷമായി ശരാശരി നാലു ലക്ഷത്തിലേറെ കുട്ടികൾ എസ്.എസ്.എൽ.സി പാസാവുന്നു. ആനുപാതികമായി ഒന്നാം ക്ലാസിൽ വർധനവില്ല. 2017-18ൽ 3.16 ലക്ഷം പേർ ഒന്നിൽ ചേർന്നത് ഈ വർഷം രണ്ടര ലക്ഷമായി. ശരാശരി 25 കുട്ടികളിൽ കുറവുള്ള 1363 സ്കൂളുകൾ കേരളത്തിലുണ്ടെന്നത് നല്ല ലക്ഷണമല്ല.സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ കാര്യങ്ങൾക്കായി എസ്.സി.ഇ.ആർ.ടി, ഡയറ്റ്, സീമാറ്റ്, എസ്.ഐ.ഇ.ടി, കൈറ്റ്, എസ്.എസ്.കെ. എന്നീ സ്ഥാപനങ്ങളുണ്ടെങ്കിലും ഇവ തമ്മിൽ ഏകോപനമില്ല
• ലിറ്റിൽ കൈറ്റ് ക്ലബ്ബുകളും എ.ഐ. പരിശീലനവുമൊക്കെയായി ഐ.ടി. പഠനം സ്കൂളിലുണ്ടെങ്കിലും വിവരസാങ്കേതികവിദ്യയുമായി സംയോജിച്ച പാഠ്യപദ്ധതി വിനിമയം ക്ലാസ് മുറികളിൽ കാര്യമായില്ല
• കുട്ടികളുടെ മൂന്നു വയസ്സുമുതൽ തുടങ്ങുന്നതാണ് ദേശീയ വിദ്യാഭ്യാസ ഘടന. മൂന്നു വയസ്സായവരെ അങ്കണവാടിയിലോ പ്ലേസ് സ്കൂളുകളിലോ ചേർക്കുന്നത് മലയാളിയുടെ ഒരു ശീലമായിട്ടുപോലും ഇതുവരെ ഒരു പ്രീ-സ്കൂൾ വിദ്യാഭ്യാസനയം കേരളത്തിലില്ല. അനധികൃത സ്കൂളുകളുടെ ചൂഷണം തടയാൻ നടപടിയില്ല
• ഹയർ സെക്കൻഡറി സ്കൂളിൽ അനധ്യാപകരും ലൈബ്രേറിയന്മാരും ഇല്ലാത്തത്, സ്കൂളുകളിൽ സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കാത്തത്, കലാ-കായിക അധ്യാപകരുടെ അഭാവം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ് പൊതുവിദ്യാഭ്യാസം
• എല്ലാറ്റിനുമുപരി, ‘കേരള വിദ്യാഭ്യാസ ചട്ടം-1959’ (കെ.ഇ.ആർ.) 67 വർഷമായിട്ടും പരിഷ്കരിക്കാത്തതാണ് കാതലായ പ്രശ്നം. പുതിയ കാലത്തെ അഭിമുഖീകരിക്കാവുന്ന വിധത്തിൽ, അലകും പിടിയും മാറ്റി കെ.ഇ.ആർ. കാലാനുസൃതമാക്കാതെ, പൊതുവിദ്യാഭ്യാസത്തിനു മുന്നോട്ടു പോകാനാവില്ല.
ഉണർന്ന്, ഉയർന്നോ ഉപരിപഠനം
ഐക്യകേരളത്തിനു മുൻപേ പാകിയതാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശില. 1857-ലെ മദ്രാസ് യൂണിവേഴ്സിറ്റിമുതൽ വേരൂന്നിയതാണ് ഈ ജൈവബന്ധം. 1875-ൽ കൊച്ചിയിൽ മഹാരാജാസ്, 1879-ൽ മലബാറിൽ സാമൂതിരി ഗുരുവായൂരപ്പൻ, 1888-ൽ പാലക്കാട് വിക്ടോറിയ, 1890-ൽ തലശ്ശേരി ബ്രണ്ണൻ, 1892-ൽ കോട്ടയത്തെ സി.എം.എസ്., 1896-ൽ തിരുവനന്തപുരം വിമെൻസ് തുടങ്ങിയ കോളേജുകൾ അടിത്തറ ഭദ്രമാക്കി.
പിറന്ന് പത്തു കൊല്ലമാവുമ്പോൾ 93 കോളേജുകൾ കേരളത്തിലുണ്ടായി. ഇന്ന് 14 സർവകലാശാലകൾ, 230 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, 166 എൻജിനിയറിങ് കോളേജുകൾ എന്നിവയുൾപ്പെട്ട വൻശൃംഖലയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം. കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ സർവകലാശാലകൾ പൊതുസ്വഭാവത്തിലും പത്തെണ്ണം പ്രത്യേക വിഷയങ്ങളിൽ വൈദഗ്ധ്യം ലക്ഷ്യമാക്കിയും പ്രവർത്തിക്കുന്നു. സർവകലാശാലകൾ ദേശീയ റാങ്കിങ്ങിൽ ഇടം നേടി. രാജ്യത്തെ മികച്ച 100 കോളേജുകളിൽ 18 എണ്ണം കേരളത്തിലാണ്. 2024-’25-ൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രവേശനം നേടിയ മൂന്നര ലക്ഷം വിദ്യാർഥികളിൽ 65 ശതമാനം പെൺകുട്ടികളാണ്. എൻജിനിയറിങ് കോളേജുകളിൽ 46 ശതമാനം പെൺകുട്ടികളും പ്രവേശനം നേടി. രാജ്യത്തെ കോളേജ് വിദ്യാർഥി പ്രവേശനാനുപാതം ശരാശരി 27.1 ശതമാനം ആണെങ്കിൽ 38.8 ശതമാനം അനുപാതവുമായി മുന്നിലാണ് കേരളം.
പരിവർത്തനം, പ്രക്ഷോഭം
1991-ൽ രാജ്യം നവഉദാരവത്കരണത്തിലേക്കു നീങ്ങിയത് ഉന്നത വിദ്യാഭ്യാസത്തിൽ തിരയിളക്കമുണ്ടാക്കി. സ്വകാര്യ നിക്ഷേപത്തിനും സ്വാശ്രയ കോളേജുകൾക്കും വഴി തുറന്നു. ഒപ്പം, വിദ്യാഭ്യാസക്കച്ചവടം ആരോപിച്ചുള്ള പ്രതിഷേധങ്ങളും കത്തി. സഹകരണ മേഖലയിലെ സ്വാശ്രയ കോളേജിനെതിരേയുള്ള പ്രതിഷേധം 1994-ലെ കൂത്തുപറമ്പ് വെടിവെപ്പിൽ കലാശിച്ചത് സമരത്തിന്റെ തീക്ഷ്ണത കൂട്ടി. ഇടതുപക്ഷം പൊതുവേ സ്വകാര്യവത്കരണത്തിന് എതിരാണെങ്കിലും വിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങളും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയും കണക്കിലെടുത്ത് 1996-ലെ ഇ.കെ.നായനാർ മന്ത്രിസഭ സ്വാശ്രയനയം കൊണ്ടുവന്നു. 2001 ലെ എ.കെ ആന്റണി സർക്കാർ സ്വാശ്രയ കോളേജുകൾ ഉദാരമാക്കി 2006-ൽ അധികാരമേറിയ വി.എസ്. അച്യുതാനന്ദൻ സർക്കാർ സ്വാശ്രയ കോളേജുകളിലെ വിദ്യാർഥി പ്രവേശനവും ഫീസ് നിർണയവുമൊക്കെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നത് നിരന്തരം കോടതി കയറി. ഒടുവിൽ, ഈ സ്വാശ്രയനിയമം പല്ലെല്ലാം കൊഴിഞ്ഞ് ഫീസ് റെഗുലേറ്ററി കമ്മിഷൻ മാത്രമായി അവശേഷിച്ചു. പിന്നീട്, സ്വാശ്രയ കോളേജുകൾ കൂണുപോലെ കേരളത്തിൽ മുളച്ചെങ്കിലും ഇടക്കാലത്തെ വിവാദങ്ങളും പ്രതിഷേധങ്ങളുമൊക്കെ സൃഷ്ടിച്ച വിശ്വാസത്തകർച്ചയിൽ മലയാളി വിദ്യാർഥികൾ പ്രവേശനംതേടി പുറംനാടുകളിലേക്കൊഴുകി.
സ്വാശ്രയ കോളേജുകളിലെ സേവന-വേതന വ്യവസ്ഥകൾ നിശ്ചയിച്ച് 2021-ൽ പിണറായി സർക്കാർ നിയമം കൊണ്ടുവന്നെങ്കിലും നാളിതു വരെ നടപ്പായിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കോളേജ് പാഠ്യപദ്ധതി നാലുവർഷ ബിരുദത്തിലേക്കു മാറിയതാണ് ശ്രദ്ധേയമായ പരിഷ്കാരം. ആഗോള സ്ഥാപനങ്ങളുമായി കൈകോർത്തും സ്വകാര്യ-വിദേശ സർവകലാശാലകൾക്കും പരവതാനി വിരിച്ചും 'നോളജ് വാലി' വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വി.ഡി. സതീശൻ സർക്കാർ.
പലതുണ്ട് പോരായ്മ
വിദ്യാർഥികുടിയേറ്റം വെല്ലുവിളി
• മലയാളി ആഗോളസമൂഹമായി അറിയപ്പെടുമ്പോഴും ലോകത്തെ മാറ്റങ്ങൾക്കനുസരിച്ചുള്ള കോഴ്സുകൾ കോളേജുകളിലില്ല. ആയതിനാൽ, നാലിലൊന്നു സീറ്റുകൾ കാലി.
• നൂതന കോഴ്സുകളും പരമ്പരാഗത പഠനരീതിയും പരീക്ഷകളും ഇല്ല
• സാങ്കേതികവിദ്യയുടെ വളർച്ചയും പുതിയ പുതിയ പഠനരീതികളും അനുസരിച്ചുമുള്ള അധ്യാപക പരിശീലനത്തിന്റെ അഭാവം
• സർക്കാർ-ഗവർണർ പോരിലുടക്കി 11 സർവകലാശാലകളിൽ സ്ഥിരം വി.സി.മാരില്ല
• 900 സ്വാശ്രയക്കോളേജുകളിലായി പത്തു ലക്ഷത്തിലേറെ കുട്ടികൾ പഠിക്കുന്നു. ശരാശരി 10,000-20,000 രൂപയാണ് അധ്യാപകരുടെ ശമ്പളം. ഇത്തരം പ്രശ്നങ്ങൾ നിലവാരത്തെ ബാധിക്കുന്നു
• കരിക്കുലവും തൊഴിൽ മേഖലയും തമ്മിലുള്ള ബന്ധത്തിലെ വിടവ്
• വിദ്യാർഥികുടിയേറ്റം വെല്ലുവിളിയായി തുടരുന്നു. രണ്ടരലക്ഷം മലയാളികൾ പഠനത്തിനായി വിദേശത്തേക്കുപോയെന്ന് 2023-ലെ കേരള കുടിയേറ്റ സർവേ വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചവർ 1.32 ലക്ഷം പേർ.
Content Highlights: Kerala achieved total literacy in 1991 and continues to lead India in literacy rates
Published: 27 Oct 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented