ന്ത്യയിലെ വിദ്യാർഥികളുടെ തൊഴിൽക്ഷമതയെ (employability) അടിസ്ഥാനപ്പെടുത്തി, ടാലന്റ് അസെസ്മെന്റ്  ഏജൻസി ആയ Wheebox, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE), അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU) എന്നിവർ സംയുക്തമായി തയ്യാറാക്കിയ അസെസ്മെന്റ് റിപ്പോർട്ട് ആണ് India Skills Report 2025. എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന ഈ റിപ്പോർട്ട് വളരെ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം ആയ ASAP ഉൾപ്പെടെ വിവിധ സ്റ്റേറ്റ് ഏജൻസികളും ആറര ലക്ഷത്തിൽപരം വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പഠനത്തിന്റെ ഭാഗമായിരുന്നു. 

To advertise here,

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിരുദ - ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കിടയിൽ നടത്തിയ ഗ്ലോബൽ എംപ്ലോയബിലിറ്റി ടെസ്റ്റിന്റെ (G.E.T) അടിസ്ഥാനത്തിലാണ് India Skills Report തയ്യാറാക്കിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കുമ്പോൾ തൊഴിൽ മേഖലയിൽ ലോകത്തുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും  കണക്കിലെടുത്തിരിക്കണം. അതുകൊണ്ടുതന്നെ ആഗോളതലത്തിലുള്ള സാധ്യതകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യൻ വിദ്യാർഥികളുടെ തൊഴിൽക്ഷമതയെ വിലയിരുത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു അവലോകനം, ലോക നിലവാരത്തിൽ നമ്മൾ എവിടെ നിൽക്കുന്നു എന്നതിന്റെ അനിവാര്യമായ വിലയിരുത്തൽ കൂടിയാണ്. കൂടാതെ ആഗോളതലത്തിൽ, മാറുന്ന സാഹചര്യങ്ങൾ നമ്മുടെ വിദ്യാർഥികൾക്ക് ഏതൊക്കെ തരം വെല്ലുവിളികൾ ഉയർത്താമെന്നും ഇതിലൂടെ മനസിലാക്കാം. ഇത്തരത്തിൽ വളരെ പ്രാധാന്യമുള്ളതുകൊണ്ടുതന്നെ ഇത്തവണത്തെ India Skills Report ഒന്ന് വിശദമായി പരിശോധിക്കാം.

എന്താണ് എംപ്ലോയബിലിറ്റി റേറ്റ് (employability rate)? 

ഓരോതരം തൊഴിലുകൾക്കും വിവിധ സ്കില്ലുകൾ അഥവാ നൈപുണ്യം ആവശ്യമാണല്ലോ. ഇതിൽ തന്നെ ഓരോ മേഖലകളിലും തിളങ്ങുന്നതിന് അതാത് വിഷയങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് ആവശ്യമാണ്. ഇതിനെ ഡൊമൈൻ സ്പെസിഫിക് സ്കില്ലുകൾ (domain-specific skills) എന്ന് പറയും. മറ്റൊന്ന് സാങ്കേതികമായ നൈപുണ്യമാണ് (Technical Skills). കൂടാതെ കമ്മ്യൂണിക്കേഷൻ, മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ (teamwork) കഴിവ് തുടങ്ങിയ സോഫ്റ്റ് സ്കില്ലുകളും ആവശ്യമാണ്. നമ്മുടെ നാട്ടിലെ ബിരുദധാരികളിൽ എത്ര ശതമാനം ആളുകൾക്ക് ഇത്തരത്തിൽ ഒരു തൊഴിൽ ചെയ്യുന്നതിന് ആവശ്യമായ യോഗ്യതയും സ്കില്ലുകളും ഉണ്ടെന്നുള്ളതാണ് എംപ്ലോയബിലിറ്റി റേറ്റ് (employability rate) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

India Skills Report 2025 അനുസരിച്ച് നമ്മുടെ എംപ്ലോയിലിറ്റി റേറ്റ്  54.81 ശതമാനം ആണ്. ഈ റിപ്പോർട്ട് ആദ്യമായി പ്രസിദ്ധീകരിക്കുമ്പോൾ, അതായത് 2014 ൽ ഇത് 33 ശതമാനത്തോളം ആയിരുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ വളരെയധികം മാറ്റമുണ്ടെങ്കിലും ഏകദേശം പകുതിയോളം ബിരുദധാരികൾ ആവശ്യമായ തൊഴിൽ നൈപുണ്യം ഇല്ലാത്തവരാണെന്ന വസ്തുത നമ്മൾ വളരെ ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്. 

മൊത്തത്തിലുള്ള സ്കോർ ഇതാണെങ്കിലും വിഷയങ്ങളും ഇൻഡസ്ട്രിയും അനുസരിച്ച് മാറ്റം കാണാം. ആകെ നോക്കിയാൽ എം.ബി. എ ബിരുദധാരികളാണ് മികച്ചുനിൽക്കുന്നതെന്ന് കാണാം (78 ശതമാനം). എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് ആർട്സ് ബിരുദധാരികളെ അപേക്ഷിച്ച് എംപ്ലോയബിലിറ്റി സ്കോർ വളരെ കൂടുതലാണ്. അതായത്, B.E./B.Tech പഠിച്ചവരുടെ തൊഴിൽ ക്ഷമത 71.50 ശതമാനം ആണെങ്കിൽ ബി.എ. പഠിച്ചവരുടെ സ്കോർ 54 ശതമാനം മാത്രമാണ്. ഇതിൽത്തന്നെ IT, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളാണ് മികച്ചുനിൽക്കുന്നത്. ITI, പോളിടെക്‌നിക് എന്നിവയിലാണ് ഏറ്റവും കുറവ് എംപ്ലോയബിലിറ്റി സ്കോർ ഉള്ളത്. ഇത് യഥാക്രമം 29%, 41% എന്നിങ്ങനെനയാണ്. 

എല്ലാ സംസ്ഥാനങ്ങളും ഒരുപോലെയാണോ? 

ഈ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്തമാണ്. തൊഴിൽക്ഷമതയുടെ കാര്യത്തിൽ ഓരോ സംസ്ഥാനവും നഗരങ്ങളും അങ്ങേയറ്റം വ്യത്യസ്തമാണെന്ന് കാണാം. ചില സംസ്ഥാനങ്ങളിൽ എംപ്ലോയബിലിറ്റി സ്കോർ വലിയ തോതിൽ ഉണ്ടെങ്കിൽ, മറ്റു ചിലയിടങ്ങളിൽ ഇത് തീരെ കുറവാണ്. അതായത് പ്രാദേശിക അസമത്വങ്ങൾ വളരെ പ്രബലമാണെന്ന് കാണാം. തൊഴിൽക്ഷമത ഏറ്റവും കൂടുതലുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 84 ശതമാനം ആണ് അവരുടെ എംപ്ലോയബിലിറ്റി നിരക്ക്. 78 ശതമാനത്തോടെ ഡൽഹി ആണ് രണ്ടാമത്. കർണാടകയും ആന്ധ്രപ്രദേശും യഥാക്രമം 75%, 72% എന്നിങ്ങനെ പ്രശംസനീയമായ നിലയിലാണ്. ദക്ഷിണേന്ത്യ വളർന്നുവരുന്ന ഒരു ടാലന്റ് ഹബ് ആയി മാറുന്നുണ്ട് എന്നുതന്നെയാണ് ഇതിൽനിന്നു മനസിലാകുന്നത്.  

കേരളം എവിടെ നിൽക്കുന്നു? 

തീർച്ചയായും മലയാളികളെ സംബന്ധിച്ച് കേരളത്തിൽ പഠിച്ച ചെറുപ്പക്കാരുടെ തൊഴിലക്ഷമത വളരെ പ്രതീക്ഷയോടെ നോക്കിക്കാണാവുന്ന ഒന്നാണ്. എന്നാൽ തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള സ്കോർ മേൽപ്പറഞ്ഞ സംസ്ഥാനങ്ങളേക്കാൾ വളരെ കുറവാണ്. നഗരങ്ങളുടെ അടിസ്ഥാനത്തിൽ എംപ്ലോയബിലിറ്റി സ്കോർ നോക്കിയാൽ പുണെ, ബെംഗളൂരു, മുംബൈ, ഡൽഹി എന്നീ നഗരങ്ങളാണ് ഏറ്റവും മുന്നിൽ. എന്നാൽ ഈ കൂട്ടത്തിൽ തൃശൂർ (72.15%) ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. 

രാജ്യത്തെ മൊത്തം വിദ്യാർഥികളുടെ തൊഴിൽക്ഷമത വിലയിരുത്തിയാൽ മുൻവർഷങ്ങളിൽ നിന്നും വളരെ മെച്ചപ്പെട്ടുവെങ്കിലും ചില കാര്യങ്ങളിൽ ഇനിയും മുന്നേറാനുണ്ട്. എംപ്ലോയബിലിറ്റി റേറ്റിലെ സ്ത്രീപുരുഷ അനുപാതം നോക്കുമ്പോൾ സ്ത്രീകളുടെ എംപ്ലോയബിലിറ്റി സാധ്യത വളരെ കുറവാണ്. ഇതിന് സാമൂഹികമായ കാരണങ്ങളുൾപ്പെടെ ഉണ്ടാകാമെങ്കിലും രാജ്യത്തെ മൊത്തത്തിലുള്ള പുരോഗമനത്തിന്റെ വേഗത വലിയ രീതിയിൽ കുറയ്ക്കാൻ ഇത്തരം സാഹചര്യങ്ങൾ കാരണമാകുമെന്നതിൽ സംശയമില്ല.

അവസരങ്ങളുടെ ലോകം!

ആഗോളതലത്തിൽ തൊഴിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികൾക്ക് ധാരാളം അവസരങ്ങളുണ്ടെന്നതും ഈ റിപ്പോർട്ട് ചൂടിക്കാണിക്കുന്നുണ്ട്. കൃത്യമായി ഉപയോഗിച്ചാൽ ഇന്ത്യൻ ബിരുദധാരികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഉദാഹരണമായി വിവിധ പ്രദേശങ്ങളിൽ നിലവിൽ ഏതൊക്കെ മേഖലകളിലാണ് വൈദഗദ്ധ്യമുള്ള പ്രൊഫഷണലുകളെ ആവശ്യമുള്ളതെന്ന് നോക്കാം. നമുക്കെല്ലാം വളരെ പരിചിതമായ തൊഴിൽ സാഹചര്യങ്ങളാണ് ഗൾഫ് രാജ്യങ്ങളിലേത്. കാലാകാലങ്ങളായി നിർമാണ തൊഴിലാളികൾ മുതൽ വിദഗ്ദ്ധരായ ഐ.ടി പ്രൊഫഷണലുകൾ വരെ പല തലങ്ങളിൽ ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നുണ്ട്. നിലവിലുള്ള സമ്പദ് വ്യവസ്ഥയെ കൂടുതൽ വൈവിധ്യമുള്ളതാക്കാനായി ബോധപൂർവമായ ശ്രമങ്ങൾ നടന്നുവരികയാണ്. ഊർജം, ആരോഗ്യം, ടെക്നോളജി മേഖലകളിൽ നൈപുണ്യമുള്ളവരെ ഈ രാജ്യങ്ങൾ കൂടുതലായി ആശ്രയിക്കേണ്ടി വരും.

പൊതുവെ ഹരിത സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് ലോകത്തെമ്പാടും നടന്നുവരുന്നത്. യൂറോപ്പ് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും പ്രായമായിവരുന്ന ജനത, മറ്റിടങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരായ പ്രൊഫഷണലുകളെ ആശ്രയിക്കേണ്ടിവരുന്നതിനുള്ള ഒരു കാരണമാണ്. യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ വികസിത സമ്പദ്  വ്യവസ്ഥകൾക്ക് റിന്യൂവബിൾ എനർജി, ഡിജിറ്റൽ ടെക്നോളജി, സുസ്ഥിര വികസനം, ആരോഗ്യം എന്നീ രംഗങ്ങളിൽ കൂടുതൽ വിദേശ പ്രൊഫഷണലുകളെ ആശ്രയിക്കേണ്ടതായി വരും.

അവസരങ്ങൾ ധാരാളമുണ്ടെങ്കിലും ഇന്ത്യൻ പ്രൊഫഷനലുകൾ നേരിട്ടേക്കാവുന്ന പല വെല്ലുവിളികളും ഉണ്ട്. ഏറ്റവും പ്രധാനം സ്കിൽ ഗ്യാപ് (skill-gap) തന്നെയാണ്. ആവശ്യമായ നൈപുണ്യം ഇല്ലാതെ പഠിച്ചിറങ്ങുന്ന പ്രൊഫഷണലുകൾ ആഗോള തൊഴിൽരംഗത്ത് തീർച്ചയായും തിരിച്ചടികൾ നേരിടും. പലപ്പോഴും ഫൗണ്ടഷണൽ സ്കില്ലുകൾ ഉണ്ടെങ്കിലും പല ജോലികളും ആവശ്യപ്പെടുന്ന പ്രത്യേക സ്കില്ലുകൾ (specialized skills) ഇല്ല എന്നത് നമ്മുടെ വിദ്യാർഥികൾക്ക് പ്രശ്നമായേക്കാം. ഉദാഹരണമായി, നൂതന സാങ്കേതികവിദ്യകളായ AI, ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ മാറ്റങ്ങൾക്കനുസരിച്ച്, ആവശ്യമായ പരിശീലനം നമ്മുടെ വിദ്യാർഥികൾക്ക് ഇപ്പോഴും ലഭ്യമാണെന്ന് പറയാനാവില്ല. അല്ലെങ്കിൽ വളരെ കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന ഒന്നായി ഇത്തരം സ്കിൽ ട്രെയിനിങ്ങുകൾ മാറുന്നു.

സ്കിൽ ട്രെയിനിങ്ങുകളും മെച്ചപ്പെട്ട ഫൗണ്ടേഷനും ഗ്രാമങ്ങൾ, നഗരങ്ങൾ എന്നീ വേർതിരിവുകളില്ലാതെ രാജ്യത്തിൻറെ എല്ലാ ഭാഗത്തും ലഭ്യമാകണം. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യമുള്ളവർക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി സ്കിൽ ട്രെയിനിങ് മാറരുത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു എങ്കിൽക്കൂടിയും മൊത്തത്തിൽ പരിഗണിക്കുമ്പോൾ തൊഴിൽക്ഷമതയിൽ ലിംഗവ്യത്യാസം പ്രകടമായി ഉണ്ട്. ഇത് ഒരു സമൂഹമെന്നനിലയിൽ നമ്മെ മൊത്തത്തിൽ പിന്നോട്ടടിക്കും.

വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്ക് ആവശ്യമായ സ്കിൽ ട്രെയിനിങ് ലഭ്യമാക്കാൻ, കേരളത്തിലെ ASAP പോലെയുള്ള വിവിധ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയൊക്കെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുമുണ്ട്. എന്നാൽ ഒരു അടിസ്ഥാന ബിരുദം നേടുമ്പോൾ തന്നെ ആവശ്യമായ ഫൗണ്ടഷണൽ സ്കിൽ എങ്കിലും വിദ്യാർഥികൾ നേടിയിരിക്കണമെന്നത് ആവശ്യമാണ്. ഇന്റേൺഷിപ്പുകൾ ഉൾപ്പെടെയുള്ള പരിശീലനങ്ങൾ നിർബന്ധമായും ലഭിക്കുന്നു എന്നത് ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്. ദേശീയ വിദ്യാഭ്യാസ നയം പോലെയുള്ളവ  വ്യാപകമാവുമ്പോൾ ചില മാറ്റങ്ങളെങ്കിലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.