
ഒരു രാഷ്ട്രത്തിന്റെ വികസനത്തിലും വളര്‍ച്ചയിലും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്. എണ്ണം അടിസ്ഥാനപ്പെടുത്തിയാല്‍ ആഗോള തലത്തില്‍തന്നെ ഏറ്റവും ബൃഹത്തായ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ ഒന്ന് ഇന്ത്യയിലേതാണ്. അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേയുടെ ലഭ്യമായ കണക്കുപ്രകാരം 1,168 സര്‍വകലാശാലകളും 45,473 കോളേജുകളും 12,002 മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. ഇവയിലെല്ലാം കൂടി 4 കോടി 33 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഏകദേശം 16 ലക്ഷം അധ്യാപകര്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍, ഗുണമേന്മയുടെ കാര്യമെടുത്താല്‍ ആഗോളനിലവാരത്തിലേക്ക് നമ്മുടെ ഭൂരിപക്ഷം സ്ഥാപനങ്ങളും ഇനിയും ഉയരാനുണ്ടെന്ന് നമുക്ക് ബോധ്യമുണ്ട്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണപരമായ മികവ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016-ലാണ് കേന്ദ്രമാനവശേഷി വികസന (വിദ്യാഭ്യാസ) വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദേശീയ റാങ്കിങ് (എന്‍ഐആര്‍എഫ്) ആരംഭിച്ചത്. എന്നാല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ റാങ്കിങ് 2017 മുതലാണ് തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ നാലാം തീയതി പ്രസിദ്ധീകരിച്ച 2025-ലെ റാങ്കിങ് 2021-22 മുതല്‍ 2023-24 വരെയുള്ള മൂന്ന് അക്കാദമിക വര്‍ഷങ്ങളിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 17 വിഭാഗങ്ങളിലായാണ് ഇക്കുറി റാങ്കിങ് നിര്‍ണയിച്ചത്. ഒരു സ്ഥാപനത്തിന് തന്നെ ഒന്നിലധികം വിഭാഗങ്ങളിലെ റാങ്കിങില്‍ പങ്കെടുക്കുവാന്‍ സാധിക്കുമായിരുന്നു. 7,692 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇക്കുറി ഒന്നോ അതിലധികമോ ഇനത്തിലായി പങ്കെടുത്തത്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ വിഭാഗത്തില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 4,030 സ്ഥാപനങ്ങള്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഏകദേശം 660 കോളേജുകള്‍ പുതുതായി റാങ്കിങിന് വിധേയമായി. ഇന്ത്യയിലെ ആകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളരെ ചെറിയ ശതമാനമേ ഇപ്പോഴും റാങ്കിങിന് അപേക്ഷിക്കുന്നുള്ളു എന്നുള്ളത് മികവിന്റെ രംഗത്ത് നാം ഇനിയും എത്രയും മുന്നേറാനുണ്ട് എന്നതിന്റെ സൂചകമാണ് (കോളേജുകളുടെ വിലയിരുത്തലിനുള്ള മറ്റൊരു നടപടിക്രമമായ നാക് അക്രഡിറ്റേഷനും ഇതു തന്നെയാണ് അവസ്ഥ. അത് ആരംഭിച്ചിട്ട് ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്ത്യയിലെ പകുതി കോളേജുകള്‍ പോലും ആ പ്രക്രിയയ്ക്ക് ഇതുവരെ വിധേയമായിട്ടില്ല).
കേരളത്തില്‍ നിന്ന് 217 കോളേജുകളാണ് ഇക്കുറി റാങ്കിങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തേതിലും 28 കോളേജുകള്‍ കൂടുതലാണിത്. ഇതില്‍ 18 കോളേജുകള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഇവയില്‍ ഒരു സര്‍ക്കാര്‍ കോളേജ് ഉള്‍പ്പെടെ 15 എണ്ണം സ്വയംഭരണ കോളേജുകളാണ്. സ്വയംഭരണ കോളേജുകള്‍ക്ക് വിദ്യാഭ്യാസരംഗം കൂടുതല്‍ കൂടുതല്‍ മികവുള്ളതാക്കാന്‍ സാധിക്കും എന്നതിന്റെ സൂചകമായി ഇതിനെ കാണാം. ആദ്യ 18-ല്‍ നാലെണ്ണം ഗവണ്‍മെന്റ് കോളേജുകളാണ്. ബാക്കിയെല്ലാം സ്വകാര്യ എയ്ഡഡ് കോളേജുകളാണ്. കേരളത്തിന്റെ ഈ പ്രകടനം അഭിമാനിക്കത്തക്കതാണ്. കാരണം, നൂറിലധികം കോളേജുകള്‍ പങ്കെടുത്ത മധ്യപ്രദേശ് (437), ഗുജറാത്ത് (308),ആന്ധ്ര പ്രദേശ് (253 എണ്ണം), തെലങ്കാന(120),ഉത്തര്‍ പ്രദേശ് (140), അസം (149), ബിഹാര്‍ (116), ഹരിയാണ (190) ജാര്‍ഖണ്ഡ് (113) എന്നിവിടങ്ങളില്‍ നിന്ന് ഒരു കോളേജിനുപോലും ആദ്യ നൂറില്‍ എത്താന്‍ സാധിച്ചിട്ടില്ല. 569 കോളേജുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് പങ്കെടുത്തതില്‍ മൂന്നെണ്ണമേ ആദ്യ നൂറില്‍ ഇടംപിടിച്ചുള്ളു. കര്‍ണാടകയില്‍ നിന്ന് 173-ല്‍ നാലും പശ്ചിമ ബംഗാളില്‍നിന്ന് 356-ല്‍ ആറും കോളേജുകള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത് എന്നുകൂടി അറിയുമ്പോള്‍ കേരളത്തിലെ കോളേജുകളുടെ നിലവാരം മെച്ചപ്പെട്ടതാണെന്ന ബോധ്യം നമുക്കുണ്ടാകും. മുൻവർഷങ്ങളിലെ പോലെ ഡൽഹി കോളേജുകളും തമിഴ്‌നാട് കോളേജുകളും റാങ്കിങ്ങിൽ മുന്നിലാണ്. തമിഴ്‌നാട്ടിൽ നിന്ന് പങ്കെടുത്ത 457 കോളേജുകളിൽ 33 എണ്ണം ആദ്യ നൂറിലും 2 എണ്ണം ആദ്യ പത്തിലും സ്ഥാനം പിടിച്ചു.ഡെൽഹിയിൽ നിന്നാകട്ടെ, പങ്കെടുത്ത 64 കോളേജുകളിൽ 32 എണ്ണം ആദ്യ നൂറിലും 6 എണ്ണം ആദ്യ പത്തിലും സ്ഥാനം പിടിച്ചു.
ഓരോ വര്‍ഷം കഴിയുന്തോറും ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള കോളേജിലേക്ക് അപേക്ഷിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന് എന്‍ഐആര്‍എഫ് റാങ്കിങും ഒരു കാരണം ആണെന്നുവേണം അനുമാനിക്കാന്‍. കേരളത്തിലെ ഒരു കോളേജിനും നാളിതുവരെ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിൽ നിന്ന് ആദ്യ നൂറിൽ ഇടം പിടിച്ച കോളേജുകളുടെ മികവും അതേസമയം പോരായ്മകളും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള , ആദ്യ നൂറിൽ ഇടം പിടിച്ച മികച്ച കോളേജുകളുമായി താരതമ്യം ചെയ്ത് മനസിലാക്കുക എന്നതാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. അഞ്ച് പ്രധാന മാനദണ്ഡങ്ങളുടെ കീഴിലുള്ള 14 വ്യത്യസ്ത ഉപസൂചികകളുടെ അടിസ്ഥാനത്തിലാണ് ഈ താരതമ്യം. കോളേജുകളുടെ റാങ്കിങില്‍ ഏറ്റവും കൂടുതല്‍ വെയ്റ്റേജ് ഉള്ളത് അധ്യാപന-അധ്യയന കാര്യങ്ങള്‍ക്കും വിഭവ വിനിയോഗത്തിനുമാണ് (40%). നാല് ഉപസൂചികകളാണ് ഇവിടെയുള്ളത്.
1, വിദ്യാര്‍ത്ഥികളുടെ അംഗബലം
ഒരു കോളേജില്‍ ആകെയുള്ള വിദ്യാര്‍ത്ഥികളുടെ അംഗബലത്തിനും ഓരോ അക്കാദമിക പ്രോഗ്രാമിനും അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകള്‍ക്ക് ആനുപാതികമായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ആദ്യ സൂചിക. ദേശീയ തലത്തില്‍ 75% -ല്‍ കൂടുതല്‍ ഇക്കാര്യത്തില്‍ സ്‌കോര്‍ ചെയ്ത 29 കോളേജുകളുണ്ട്; എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം കോളേജുകള്‍ക്കും അതില്‍ താഴെയാണ് സ്‌കോര്‍. ദേശീയ തലത്തില്‍ പതിനായിരമോ അതിലധികമോ വിദ്യാര്‍ത്ഥികളുള്ള ഏതാനം കോളേജുകളെങ്കിലുമുണ്ട്; കേരളത്തിലാകട്ടെ ഒരു കോളേജിലുള്ള വിദ്യാര്‍ത്ഥികളുടെ ഏറ്റവും കൂടിയ സംഖ്യ ഏകദേശം 4800 ആണ്, ബാക്കിയെല്ലായിടത്തും അതില്‍ കുറവാണ്.
കോവിഡ് കാലത്തിനുശേഷം കേരളത്തിലെ കുറെ കോളേജുകളിലെങ്കിലും വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടാിയട്ടുണ്ടെങ്കിലും ആദ്യ നൂറില്‍ ഇടംപിടിച്ച മിക്ക കോളേജുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ല എന്ന് കണക്കുകളില്‍ നിന്ന് കാണാന്‍ സാധിക്കും. ഇതൊരു ചാക്രിക പ്രതിഭാസമാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുമ്പോള്‍ റാങ്കിങ് കൂടുന്നു, റാങ്കിങ് കൂടുന്നതനുസരിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശനം തേടുന്നു. ദേശീയ തലത്തില്‍ ഈ സൂചികയില്‍ മുഴുവന്‍ സ്‌കോര്‍ നേടിയ ഒരു കോളേജ് മാത്രമേയുള്ളൂ. അവിടുത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം 11000-ല്‍ അധികമാണ്. കേരളത്തിലെ കോളേജുകളിലും മാറുന്ന കാലത്തിനനുസരിച്ച് കൂടുതല്‍ ഉപകാരപ്രദമായ അക്കാദമിക പ്രോഗ്രാമുകള്‍ ആരംഭിക്കുക, തൊഴിലധിഷ്ഠിത നൈപുണ്യം കൂടുതലായി വളര്‍ത്തിയെടുക്കുക എന്നിവ പ്രധാനപ്പെട്ടതാണ്. 2024-ല്‍ തുടങ്ങിയ നാലുവര്‍ഷ ഓണേഴ്സ് പ്രോഗ്രാം ഇക്കാര്യത്തില്‍ കൂടുതല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
2. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം
20: 1 എന്ന അനുപാതത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി യോഗ്യരായ മുഴുവന്‍ സമയ അധ്യാപകര്‍ ഉണ്ടായിരിക്കണം എന്നതാണ് ഈ സൂചികയിലെ നിഷ്‌കര്‍ഷ. ദേശീയ തലത്തില്‍ 20 കോളേജുകള്‍ ഇക്കാര്യത്തില്‍ മുഴുവന്‍ സ്‌കോറും നേടിയിട്ടുണ്ട്. ഇതില്‍ ഏഴ് കോളേജുകള്‍ കേരളത്തില്‍ നിന്നാണ്. ദേശീയ തലത്തില്‍ 28 കോളേജുകള്‍ക്ക് , കേരളത്തിലെ ഏതെങ്കിലുമൊരു കോളേജിനമ് ലഭിച്ചതിനേക്കാള്‍ താഴെയാണ് സ്‌കോര്‍ ലഭിച്ചിരിക്കുക. അധ്യാപക-വിദ്യാര്‍ത്ഥി അനുപാത കാര്യത്തില്‍ കേരളത്തിലെ കോളേജുകള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. സ്ഥിരം അധ്യാകരും കരാര്‍ അധ്യാകരും മുഖേന അധ്യാപക തസ്തികകള്‍ എല്ലാം നികത്തുവാന്‍ സര്‍ക്കാരും മാനേജ്മെന്റുകളും ശ്രദ്ധിക്കാറുണ്ടെന്നത് ഇവിടെ വ്യക്തമാണ്.
3. അധ്യാപക യോഗ്യതയും പ്രവര്‍ത്തി പരിചയവും
അധ്യാപകരില്‍ എത്ര ശതമാനത്തിന് പിഎച്ചഡി യോഗ്യത ഉണ്ടതെന്നാണ് ഇവിടെ പരിഗണിക്കപ്പെടുക. ഒരു കോളേജിലെ 75% അധ്യാപകര്‍ക്കെങ്കിലും പിഎച്ച്ഡി ഉണ്ടായിരിക്കണം എന്നതാണ് അടിസ്ഥാന മാനദണ്ഡം. കൂടാതെ അധ്യാപകരുടെ പ്രവര്‍ത്തി പരിചയവും നിര്‍ണായക ഘടകമാണ്. ഒരു കോളേജില്‍ എട്ട് വര്‍ഷത്തിനുതാഴെ ,എട്ടു മുതല്‍ 15 വര്‍ഷം വരെ , 15വര്‍ഷത്തിന് മുകളില്‍ എന്നിങ്ങനെ പ്രവര്‍ത്തി പരിചയമുള്ള അധ്യാപകര്‍ തുല്യ അനുപാതത്തില്‍ ഉണ്ടായിരിക്കണം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഒരു കോളേജ് പോലും ഇതില്‍ മുഴുവന്‍ സ്‌കോറും വാങ്ങിക്കുന്നില്ല എന്നത് മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങളില്‍ ഒന്നിന്റെയെങ്കിലും കുറവ് എല്ലായിടത്തും ഉണ്ട് എന്നാണ് സൂചിപ്പിക്കുക.
ദേശീയ തലത്തില്‍ ആദ്യ നൂറില്‍ 56 കോളേജുകളും 75 ശതമാനത്തിലധികം സ്‌കോര്‍ നേടിയിട്ടുണ്ട്. കേരളത്തിലെ 18 കോളേജുകള്‍ക്കും 60 ശതമാനത്തിലധികം സ്‌കോര്‍ ലഭിച്ചു. അതില്‍ 11 കോളേജുകള്‍ക്ക് 75 ശതമാനത്തിലധികം സ്‌കോര്‍ ഉണ്ട്. എങ്കിലും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കാരണം 18 കോളേജുകളിലെ പിഎച്ച്ഡിയുള്ള അധ്യാപകരുടെ ശതമാനം 30 മുതല്‍ 80 വരെ വ്യത്യാസപ്പെടുന്നുണ്ട്. കൂടാതെ 15 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള അധ്യാപകര്‍ മൂന്നിലൊന്ന് എങ്കിലും പല കോളേജുകളിലും ഉള്ളതായി തോന്നുന്നില്ല. സാധാരണ രീതിയില്‍ 15 വര്‍ഷം എന്നത് പിഎച്ച്ഡി ഉള്ള അധ്യാപകര്‍ക്ക് പ്രൊഫസര്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ വേണ്ട കുറഞ്ഞ പ്രവര്‍ത്തി കാലയളവാണ്. യുജിസി വിഭാവനം ചെയ്യുന്ന പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്, കലാകാരന്‍മാരുടെയും കരകൗശല വിദഗ്ധരുടെയും സേവനം ലഭ്യമാക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഉപകാരപ്പെടുത്തുന്ന കാര്യം സ്വയംഭരണ കോളേജുകള്‍ക്കെങ്കിലും ഇത്തരുണത്തില്‍ പരിഗണിക്കാനുന്നതാണ്.
4. ധനകാര്യ വിഭവങ്ങളും വിനിയോഗവും
2021 മുതല്‍ 24 വരെയുള്ള മൂന്ന് അക്കാദമിക വര്‍ഷങ്ങളിലെ മൂലധന ചിലവിന്റെയും (സ്ഥലം വാങ്ങലും കെട്ടിട നിര്‍മാണവും ഒഴിച്ച് ) പ്രവര്‍ത്തന ചിലവിന്റെയും (ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍, അനുബന്ധ സേവനങ്ങള്‍, കെട്ടിടങ്ങളുടെ വാടക, മൂല്യശോഷണം എന്നിവ ഒഴിച്ച് ) ശരാശരി, വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കിയാണ് , ഈ സൂചികയില്‍ സ്‌കോര്‍ നല്‍കുക. ലൈബ്രറി, ലബോറട്ടറിയിലേക്കുള്ള പുതിയ ഉപകരണങ്ങള്‍, മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന ചിലവുകള്‍, ശമ്പളം, അക്കാദമിക അടിസ്ഥാന സൗകര്യങ്ങള്‍, അല്ലെങ്കില്‍ ഉപയോഗ വസ്തുക്കള്‍ എന്നിവയുടെ പാലനവും സംരക്ഷണവും , സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, ശില്പശാലകള്‍ എന്നിവയുടെ നടത്തിപ്പ് തുടങ്ങിയ വ്യത്യസ്ത ചിലവുകള്‍ ഇവിടെ പരിഗണിക്കപ്പെടുന്നു.
പരമാവധി 30 സ്‌കോര്‍ ആണ് ഈ സൂചികയ്ക്ക് ഇട്ടിരിക്കുക. ദേശീയ തലത്തില്‍ ഒരു കോളേജിനും മുഴുവന്‍ സ്‌കോറും ലഭിച്ചിട്ടില്ല. മുന്‍വര്‍ഷത്തെ റാങ്കിങില്‍ , ആദ്യ 100 കോളേജുകളില്‍ 99 എണ്ണത്തിനും പകുതിയോ അതില്‍ താഴെയോ സ്‌കോര്‍ മാത്രമാണ് ലഭിച്ചതെങ്കില്‍ , ഇക്കുറി പകുതിയില്‍ താഴെ സ്‌കോര്‍ ലഭിച്ച കോളേജുകളുടെ എണ്ണം 58 ആയി കുറഞ്ഞിട്ടുണ്ട്. അക്കാദമിക ആവശ്യങ്ങള്‍ക്കുള്ള മൂലധന നിക്ഷേപവും പ്രവര്‍ത്തന ചിലവുകളും കോളേജുകള്‍ കൂടുതലായി നടത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
കേരളത്തിലെ കോളേജുകള്‍ക്ക് ലഭിച്ചിരിക്കുന്ന സ്‌കോര്‍ 10-നും 20-നും ഇടയിലാണ്. മുന്‍വര്‍ഷം കേരളത്തിലെ കോളേജുകള്‍ എല്ലാം 13-ല്‍ താഴെ മാത്രമാണ് സ്‌കോര്‍ നേടിയിരുന്നത് എന്നുകാണുമ്പോള്‍ ഇത് പുരോഗതിയാണ്.കോളേജുകളിലെ പ്രധാന ചിലവിനം ശമ്പളം തന്നെയാണ്. പുസ്തകങ്ങള്‍ , ജേര്‍ണലുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ലൈബ്രറി ധനവിയോഗം താരതമ്യേന കുറവായിട്ടാണ് കാണുന്നത്. ഈ ഇനത്തില്‍ ഒരു കോളേജ് രണ്ടു കോടിയിലധികം രൂപ ചിലവഴിച്ചപ്പോള്‍, പത്ത് കോളേജുകള്‍ 10 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാണ് ചിലവഴിച്ചിരിക്കുന്നത്. ഒരു രൂപ പോലും ലൈബ്രറിക്കായി ചിലവഴിക്കാന്‍ സാധിക്കാത്ത കോളേജുകളും കേരളത്തില്‍ ഉണ്ട്. അക്കാദമിക സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയുമെല്ലാം പാലനത്തിനും സംരക്ഷണയ്ക്കും കേരളത്തിലെ കോളേജുകള്‍ നല്ല തുക ചിലവഴിക്കുന്നുണ്ട്. ലബോറട്ടറികളിലേക്ക് പുതിയ ഉപകരണങ്ങള്‍ വാങ്ങാനും കോളേജുകള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ പല കോളേജിനും കുറവ് വന്നിട്ടുണ്ട്.
സെമിനാറുകളുടെയും കോണ്‍ഫറന്‍സുകളുടെയും നടത്തിപ്പിനും അത്ര വലുതെല്ലങ്കിലും ഗണ്യമായ തുക എല്ലാ കോളേജുകളും മാറ്റിവച്ചിട്ടുണ്ട്. ഏതായാലും ദേശീയ തലത്തിലും കേരള തലത്തിലും കോളേജുകളുടെ അക്കാദമിക വികസനത്തിന് കൂടുതല്‍ ധനവിഭവ സമാഹരണം ആവശ്യമാണ് എന്നത് നിസ്തര്‍ക്കമാണ്.
5.ഗവേഷണ പ്രസിദ്ധീകരണങ്ങളും അവയുടെ മികവും
രണ്ടാമത്തെ പ്രധാന മാനദണ്ഡം അധ്യാപകരുടെ ഗവേഷണത്തോടും പ്രസിദ്ധീകരണങ്ങളോടും ബന്ധപ്പെട്ടതാണ്. പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തെ വ്യതിരിക്തമാക്കുന്ന ഒരു പ്രധാന ഘടകം ഗവേഷണമാണ്. 15 ശതമാനം വെയ്റ്റേജ് ആണ് ഈ മാനദണ്ഡത്തിനുള്ളത്. പ്രധാനമായും രണ്ട് ഉപ മാനദണ്ഡങ്ങളാണ് ഇവിടെയുള്ളത്. ആദ്യത്തേത് അധ്യാപകരുടെ എണ്ണത്തിന് ആനുപാതികമായി ഗവേഷക പ്രസിദ്ധീകരണങ്ങളുടെ എണ്ണവും രണ്ടാമത്തേത് അവയുടെ മികവും ഗുണമേന്‍മയുമാണ്. ഇതിന് ആവശ്യമാ ഡേറ്റാ വിവരങ്ങള്‍ കോളേജുകള്‍ അല്ല നല്‍കുന്നത്, മറിച്ച് സ്‌കോപസ് (scopus), വെബ് ഓഫ് സയന്‍സ് (web of science) തുടങ്ങിയ പ്രസിദ്ധീകരണ വിവര ശേഖരണ സ്രോതസുകളില്‍ നിന്ന് എന്‍ഐആര്‍ടി ടീം നേരിട്ട് ശേഖരിക്കുന്നതാണ്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ അതത് കോളേജുകള്‍ക്ക് കൈമാറി സാധൂകരണം നേടിയതിനുശേഷമാണ് സ്‌കോര്‍ നിശ്ചയിക്കുക.
പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ ഒരു കോളേജിന് മാത്രമാണ് മുഴുവന്‍ സ്‌കോറും ലഭിച്ചത്. 34 കോളേജുകള്‍ക്ക് മാത്രമാണ് പകുതിയില്‍ കൂടുതല്‍ സ്‌കോര്‍ ലഭിച്ചത്, ഇതില്‍ നാല് കോളേജുകള്‍ കേരളത്തില്‍ നിന്നാണ്. പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ മുഴുവന്‍ സ്‌കോറും നേടിയ ഡല്‍ഹിയിലെ കോളേജിനെക്കുറിച്ച് ഒരു വാക്ക്. 1000-ലധികം പേപ്പര്‍ പ്രസിദ്ധീകരണങ്ങളും 235 പുസ്തക അധ്യായങ്ങളും 23 കോണ്‍ഫറന്‍സ് പ്രസിദ്ധീകരണങ്ങളുമാണ് ഈ കോളേജ് കഴിഞ്ഞ വര്‍ഷങ്ങളിലായി നേടിയത്. 2019 മുതലുള്ള എന്‍ഐആര്‍എഫ് റാങ്കിങില്‍ പ്രസ്തുത കോളേജിന്റെ ഗവേഷണ സ്‌കോര്‍ 29.19-ല്‍ നിന്ന് ക്രമാനുഗതമതായി വളര്‍ന്ന് 2025-ല്‍ 96.36-ല്‍ എത്തിയിരിക്കുകയാണ്. ഇത്തരമൊരു ക്രമാനുഗതമായ വളര്‍ച്ച എല്ലാ കോളേജുകള്‍ക്കും പ്രേരകമാണ്.
ദേശീയ തലത്തില്‍ 100-ല്‍ 66 കോളേജുകള്‍ക്കും കേരളത്തിലെ 18-ല്‍ 14 കോളേജുകള്‍ക്കും ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ ഇനത്തില്‍ പകുതി സ്‌കോര്‍ പോലും നേടാനായിട്ടില്ല. 16 കോളേജുകള്‍ക്കാകട്ടെ 10 ശതമാനത്തില്‍ കുറവാണ് സ്‌കോര്‍. പേപ്പര്‍ പ്രസിദ്ധീകരണങ്ങളുടെ മികവിന്റെ കാര്യത്തിലും ഒരു കോളേജിന് മാത്രമാണ് മുഴുവന്‍ സ്‌കോറും നേടാനായത്.ഈ സൂചികയില്‍ 27 ശതമാനം കോളേജുകള്‍ക്ക് പകുതിയില്‍ താഴെ മാത്രമാണ് സ്‌കോര്‍. കേരളത്തിലെ 18-ല്‍ ഏഴ് കോളേജുകള്‍ക്കും പകുതിയില്‍ താഴെയാണ് സ്‌കോര്‍.
കോളേജ് അധ്യാപകരുടെ ഇടയില്‍ ഗവേഷണവും ഉയര്‍ന്ന് ഇന്‍ഡക്സ് ഉള്ള ജേര്‍ണലുകളിലെ പേപ്പര്‍ പ്രസിദ്ധീകരണവും കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതാണെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ഗവേഷണ സംസ്‌കാരം തന്നെ എല്ലാ കോളേജുകളിലും വികസിതമായി വരണം. ഇത് അധ്യാപകരുടെ മുന്നിലുള്ള ഒരു ക്ഷണവും വെല്ലുവിളിയുമാണ്. മൂന്നാമത്തെ പ്രധാന മാനദണ്ഡം ബിരുദ ഫലങ്ങള്‍ സംബന്ധിച്ചുള്ളതാണ് .25 ശതമാനമാണ് ഇതിന് റാങ്കിങ് വെയ്റ്റേജ്.
ഉന്നത പഠനവും ജോലി ലഭ്യതയും
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിന് പോകുകയോ ജോലി ലഭിക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനമാണ് ഇവിടെ പ്രധാനം. ദേശീയ തലത്തില്‍ 18 ശതമാനം കോളേജുകള്‍ 75 ശതമാനത്തില്‍ അധികവും 59 ശതമാനം കോളേജുകള്‍ 50 ശതമാനത്തില്‍ അധികവും സ്‌കോര്‍ നേടുന്നുണ്ട്. 41 ശതമാനം കോളേജുകളില്‍നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ പകുതിയില്‍ താഴെ മാത്രമാണ് ജോലിക്കോ ഉപരിപഠനത്തിനോ പോകുന്നത് എന്നുകൂടിയാണ് ഇതിന് അര്‍ത്ഥം. ്ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ വാങ്ങിയ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളില്‍ 98 ശതമാനവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ 91 ശതമാനവും ഉപരിപഠനത്തിനോ ജോലിക്കോ പോകുന്നവരാണ്.
കേരളത്തിലെ സ്ഥിതി കൂടുതല്‍ കൃത്യമായി വിശദീകരിക്കാം. എന്‍ഐആര്‍എഫ് പട്ടികയില്‍ ആദ്യ നൂറില്‍ വന്ന കേരളത്തിലെ 18 കോളേജുകളില്‍ നിന്ന് 2023-24 കാലഘട്ടത്തില്‍ 11748 വിദ്യാര്‍ത്ഥികളാണ് ബിരുദ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതില്‍ 6606 പേര്‍ ഉന്നത പഠനത്തിനും 1928 പേര്‍ വിവിധ ജോലികള്‍ക്കുമായി ചേര്‍ന്നു. അതായത് ബിരുദ പഠനം പൂര്‍ത്തിയാക്കിയവരില്‍ 56 ശതമാനം പേര്‍ ഉന്നത പഠനത്തിന് ചേര്‍ന്നു, 16 ശതമാനം പേര്‍ക്ക് ജോലി ലഭിച്ചു. ശേഷം 28 ശതമാനം പേര്‍ ജോലിക്കോ പഠനത്തിനോ പോയിട്ടില്ല എന്നാണ് കാണുന്നത്.
ബിരുദാനന്തര ബിരുദ തലത്തിലേക്ക് വരുമ്പോള്‍ 4438 പേരാണ് 2023-24ല്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 1179 പേര്‍ ഉന്നത പഠനത്തിനും 1957 പേര്‍ ജോലിക്കും ചേര്‍ന്നു. അതായത് യഥാക്രമം 27 ശതമാനവും 44 ശതമാനവും. ശേഷം 29 ശതമാനം പേര്‍ ഇതു രണ്ടിലുമില്ലാതെ ഉണ്ട്. ജോലിക്കോ പഠനത്തിനോ പോയതായി റിപ്പോര്‍ട്ട് ചെയ്യാത്തവരില്‍ പലരും ഒരു പക്ഷേ വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ അല്ലെങ്കില്‍ സ്വയം സംരംഭകത്വത്തിനായി ഒരുങ്ങുന്നവരോ ആകാം. ഇക്കാര്യങ്ങളെല്ലാംകൂടി പരിഗണിക്കുമ്പോള്‍ ബിരുദ ഫലത്തിന്റെ കാര്യത്തില്‍ കേരളത്തിലെ കോളേജുകള്‍ സാമാന്യം മെച്ചപ്പെട്ട നിലവാരമാണ് കാഴ്ചവയ്ക്കുന്നതെന്ന് കാണാം. കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ഉപയോഗിക്കുക എന്നതാണ് കോളേജുകള്‍ക്ക് മുന്നിലുള്ളത്.
അക്കാദമിക പ്രോഗ്രാം വിജയശതമാനം
സര്‍വകലാശാലാ/ കോളേജ് പരീക്ഷകളെല്ലാം വിജയിച്ച് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം അനുസരിച്ചുള്ള ഒരു സൂചികയാണിത്. ഒരു പ്രോഗ്രാമിന് 80 ശതമാനം എങ്കിലും വിജയ ശതമാനമാണ് അഭികാമ്യമായി പരിഗണിക്കുക. ദേശീയ തലത്തില്‍ 67 ശതമാനം കോളേജുകളും ഇതില്‍ മുഴുവന്‍ സ്‌കോറും നേടിയിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 10 കോളേജുകളും ഉള്‍പ്പെടും. ദേശീയ തലത്തില്‍ മികച്ച കോളേജുകളിലെ വിജയ ശതമാനം 50 മുതല്‍ 100 വരെ വ്യത്യാസപ്പെടുന്നുണ്ട്. കേരളത്തിലാകട്ടെ ഇത് 59 ശതമാനം മുതല്‍ 93 ശതമാനം വരയാണ് വ്യത്യാസപ്പെടുക. ദേശീയ തലത്തില്‍ 2023-24ല്‍ പരീക്ഷയെഴുതിയ മുഴുവന്‍ ബിരുദ വിദ്യാര്‍ത്ഥികളും ജയിച്ച കോളേജുകളുണ്ട്, പകുതിയിലേറെപ്പേര്‍ തോറ്റ കോളേജുമുണ്ട്. കേരളത്തിലെ സ്ഥിതി ഇതിന് രണ്ടിനുമിടയിലാണ്. എങ്കിലും വിജയശതമാനം 100-ലേക്ക് എത്തത്തക്കവിധത്തിലുള്ള അധ്യാപക രീതികളും വ്യക്തിഗത മാര്‍ഗദര്‍ശനവും കോളേജുകളില്‍ അത്യന്താപേക്ഷിതമാണ്.
മീഡിയന്‍ ശമ്പളം
പഠനത്തിന്ശേഷം ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം മുന്‍സൂചികയില്‍ പരിഗണിച്ചു. ഇങ്ങനെയുള്ളവര്‍ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളമാണ് അടുത്ത സൂചിക. ജോലിയില്‍ പ്രവേശിച്ച എല്ലാവരുടെയും വാര്‍ഷിക ശമ്പളം ആരോഹണക്രമത്തില്‍ രേഖപ്പെടുത്തി, മധ്യത്തില്‍ വരുന്നതോ മധ്യത്തില്‍ വരുന്ന രണ്ടെണ്ണത്തിന്റെ ശരാശരിയോ ആണ് ഇവിടെ പരിഗണിക്കപ്പെടുന്ന മീഡിയന്‍ ശമ്പളം. ദേശീയ തലത്തില്‍ വിവിധ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങി ജോലി ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാസശമ്പളം 8,000 മുതല്‍ 90,000 വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണുന്നു. കേരളത്തിലാകട്ടെ ഇത് 20,000 മുതല്‍ 60,000 വരെയാണ്. കുറഞ്ഞ ശമ്പളത്തന്റെ കാര്യത്തില്‍ കേരളത്തിലെ സ്ഥിതി ദേശീയ തലത്തേക്കാള്‍ മെച്ചമാണെന്നര്‍ത്ഥം.
പക്ഷേ ഉയര്‍ന്ന ശമ്പളത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ദേശീയ തലത്തില്‍ 34 ശതമാനം കോളേജുകളും ഈ സൂചികയില്‍ പകുതിയില്‍ താഴെയാണ് സ്‌കോര്‍ ചെയ്തത്. കേരളത്തില്‍ ഭൂരിഭാഗം കോളേജുകള്‍ക്കും പകുതിയില്‍ കൂടുതല്‍ സ്‌കോര്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഉയര്‍ന്നതും മെച്ചപ്പെട്ടതുമായ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് എത്താന്‍ പാകത്തിലുള്ള തൊഴില്‍ പരിശീലനവും നൈപുണി വികസനവും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ കൂടുതലായി ലഭ്യമാക്കേണ്ടത് എക്കാലത്തേയും ആവശ്യമാണ്. നാലാമത്തെ പ്രധാന മാനദണ്ഡം സാമൂഹിക പ്രതിബദ്ധതയും ഉള്‍ച്ചേര്‍ക്കലുമാണ്. 10 ശതമാനം ആണ് ഇതിന്റെ വെയിറ്റേജ്.
10.പ്രാദേശിക വൈവിധ്യം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഒരു കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമാണ് ഇതില്‍ ്പ്രധാനം. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ തക്ക പാഠ്യപദ്ധതിയും വിജ്ഞാന പരിസ്ഥിതിയും അധ്യാപകമികവും ഉണ്ടായിരിക്കുന്നത് ഒരു സ്ഥാപനത്തിന്റെ ഗുണമേന്‍മയുടെ അളവുകോലാണ്. ദേശീയ തലത്തില്‍ 100-ല്‍ 29 കോളേജുകള്‍ക്ക് ഈ സൂചികയില്‍ 50 ശതമാനത്തില്‍ അധികം സ്‌കോര്‍ ലഭിച്ചു. ഇതില്‍ 26 കോളേജുകളും ഡല്‍ഹി കോളേജുകളാണ്. രാജ്യ തലസ്ഥാനത്തെ കോളേജുകളെന്ന നിലയില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് അവിടേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെടുന്നു. ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിച്ച കോളേജില്‍ 82 ശതമാനം വിദ്യാര്‍ത്ഥികളും മറ്റ് രാജ്യ-സംസ്ഥാന വിദ്യാര്‍ത്ഥികളാണ്.
കേരളത്തിലെ കോളേജുകള്‍ ഇക്കാര്യത്തില്‍ പൊതുവെ വളരെ പിറകിലാണ്. 18-ല്‍ 15 കോളേജുകള്‍ക്കും മൂന്ന് ശതമാനത്തില്‍ താഴെയാണ് സ്‌കോര്‍.വിദ്യാര്‍ത്ഥികളില്‍ 20 ശതമാനം അന്യ രാജ്യ-സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കോളേജും ഒറ്റ വിദ്യാര്‍ത്ഥി പോലും ഈ വിഭാഗത്തില്‍ പെടാത്ത കോളേജും കേരളത്തില്‍ നിന്നുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ അനുകൂലമായ അക്കാദമിക സൗകര്യങ്ങളും പദ്ധതികളും എല്ലാ കോളേജുകളും ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ആഗോള തലത്തില്‍ മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ച് വിദ്യാഭ്യാസച്ചി ലവും ജീവിതച്ചിലവും കേരളത്തില്‍ താരതമ്യേന കുറവായതിനാല്‍ ഇക്കാര്യത്തില്‍ ക്രമീകൃതവും നയപരവുമായ വിദഗ്ധ സമീപനം സ്വീകരിച്ചാല്‍ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല.
11.വനിതാ പ്രാതിനിധ്യം
വിദ്യാര്‍ത്ഥികളില്‍ 50 ശതമാനവും അധ്യാപക-അനധ്യാപകരില്‍ 20 ശതമാനവുമെങ്കിലും വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുകയെന്നതാണ് ഈ സൂചികയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയ തലത്തില്‍ 50 ശതമാനം കോളേജുകളും ഈ മാനദണ്ഡം പാലിച്ച് മുഴുവന്‍ സ്‌കോറും നേടുന്നുണ്ട്. 90 ശതമാനത്തിലധികം കോളേജുകളും 75 ശതമാനത്തിലധികം സ്‌കോര്‍ നേടുന്നു. കേരളത്തിലാകട്ടെ മിക്കവാറും എല്ലാ കോളേജുകളും ഇതില്‍ മുഴുവന്‍ സ്‌കോറും നേടിയിട്ടുണ്ട്. വനിതാ വിദ്യാഭ്യാസത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നല്‍കപ്പെടുന്ന പ്രാധാന്യം ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
12.സാമൂഹിക -സാമ്പത്തിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സഹായങ്ങള്‍
സാമൂഹികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാര്‍/സ്വകാര്യ സ്ഥാപന സ്‌കോളര്‍ഷിപ്പുകളും പഠന സഹായവും ഇവിടെ പരിഗണിക്കപ്പെടുന്നു. സാമൂഹികവും സാമ്പത്തികവുമായ പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര /സംസ്ഥാന സര്‍ക്കാരുകള്‍ ,വിദ്യാഭ്യാസ സ്ഥാപന ഫണ്ടുകള്‍, സ്വകാര്യ സംഘടനകള്‍ , ദാതാക്കള്‍ എന്നിവയില്‍ നിന്നെല്ലാംകൂടി പഠനചിലവുകളും ട്യൂഷന്‍ ഫീസും മുഴുവനായും മടക്കിക്കൊടുക്കുകയോ ഇളവു ചെയ്തു കൊടുക്കുകയോ വേണമെന്നതാണ് ഇവിടെ ഉദ്ദേശിക്കുക. ഇക്കാര്യത്തില്‍ കോളേജുകളുടെ പ്രകടനം ആശാവഹമല്ല.ദേശീയ തലത്തില്‍ തന്നെ 100-ല്‍ ആറ് കോളേജുകള്‍ക്ക് മാത്രമാണ് പകുതിയിലേറെ സ്‌കോര്‍ ഇതില്‍ നേടാന്‍ സാധിച്ചത്. അതായത് 94ശതമാനം കോളേജുകളുടെയും പ്രകടനം വളരെ താഴെയാണെന്നര്‍ത്ഥം. ഇക്കാര്യത്തില്‍ കേരളത്തിലെ കോളേജുകളുടെയും സ്ഥിതി മെച്ചമല്ല. 18 കോളേജുകളില്‍ രണ്ട് കോളേജുകള്‍ക്ക് മാത്രമാണ് പകുതിയില്‍ കൂടുതല്‍ സ്‌കോര്‍ നേടാന്‍ സാധിച്ചത്.
ദേശീയ തലത്തിലും കേരളത്തിലും കൂടുതല്‍ സ്‌കോര്‍ നേടിയ കോളേജുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ട്യൂഷന്‍ ഫീസ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതായി കാണുന്നു. എന്നിരുന്നാലും ഭൂരിഭാഗം കോളേജുകളുടെയും സ്ഥിതി അങ്ങനെയല്ല.കേന്ദ്ര/ സംസ്ഥാന സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകാത്ത സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ സംഘടനകളില്‍ നിന്നോ, സ്ഥാപനത്തിന്റെ ഫണ്ടില്‍ നിന്നോ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കാന്‍ എല്ലാ കോളേജുകളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ സ്‌കോളര്‍ഷിപ്പുകള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടുകൂടി ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും.
13.ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍
എണ്‍പത് ശതമാനത്തില്‍ അധികം കെട്ടിടങ്ങള്‍ക്കും ലിഫ്റ്റ് അല്ലെങ്കില്‍ റാംപ്, പ്രത്യേക ടോയ്ലറ്റ് സംവിധാനങ്ങള്‍ , ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ വീല്‍ച്ചെയര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എന്നിവയൊക്കെയാണ് ഇവിടെ വേണ്ടത്. ദേശീയ തലത്തില്‍ 100-ല്‍ 91 കോളേജുകളിലും ഈ സൗകര്യങ്ങള്‍ എല്ലാം ഉണ്ട്. കേരളത്തിലാകട്ടെ എല്ലാ കോളേജുകളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാണ്. വിവിധ വിഭാഗങ്ങളിലുള്ള ദിവ്യാംഗ്ജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ കേരളത്തിലെ കോളേജുകളെല്ലാം ബദ്ധശ്രദ്ധമാണ്.
14.പൊതു അവബോധം
അഞ്ചാമത്തേതും ഏറ്റവും അവസാനത്തേതുമായ മാനദണ്ഡം സ്ഥാപനത്തെക്കുറിച്ച് സമൂഹത്തിലുള്ള പൊതു അവബോധവും സ്വീകാര്യതയുമാണ്. 10 ശതമാനമാണ് ഇതിന് റാങ്കിങ് വെയ്റ്റേജ്. തൊഴില്‍ ദാതാക്കള്‍, പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍, അക്കാദമിക വിദഗ്ധര്‍, സഹപ്രവര്‍ത്തക ര്‍ പൊതൂ സമൂഹം എന്നിവരുടെ ഇടയില്‍ നിന്നും ഒരു കോളേജിനെക്കുറിച്ച് എന്‍ഐആര്‍എഫ് ടീം നേരിട്ട് ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന് സ്‌കോര്‍ നിശ്ചയിക്കുക. സാമൂഹിക മാധ്യമങ്ങളിലും വെബ്പേജുകളിലുമൊക്ക സ്ഥാപനത്തെ സംബന്ധിച്ചുള്ള വിലയിരുത്തലുകളും റിവ്യൂകളുമെല്ലാം ഇതില്‍ പ്രസക്തമാണെന്നു കരുതാം. ഈ മാനദണ്ഡത്തില്‍ ദേശീയ തലത്തില്‍ 100-ല്‍ 100 നേടിയ കോളേജുമുതല്‍ പൂജ്യം നേടിയ കോളേജ് വരെയുണ്ട്. 70 ശതമാനത്തില്‍ കൂടുതല്‍ 13 കോളേജുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഏതെങ്കിലുമൊരു കോളേജിന് ലഭിച്ച ഉയര്‍ന്ന സ്‌കോര്‍ 39 ആണ്. ഇതിലും കൂടുതല്‍ സ്‌കോര്‍ ലഭിച്ച 25 കോളേജുകള്‍ ദേശീയ തലത്തിലുണ്ട്. കേരളത്തിലെ 18-ല്‍ 15 കോളേജുകള്‍ക്കും 20 ശതമാനത്തില്‍ താഴെയാണ് സ്‌കോര്‍. അതില്‍ത്തന്നെ 12 കോളേജുകള്‍ക്കും 10 ശതമാനത്തില്‍ താഴെ സ്‌കോര്‍ ആണ് ലഭിച്ചത്. കേരളത്തിലെ കോളേജുകളെക്കുറിച്ച് അക്കാദമിക് വിദഗ്ധരുടെയും തൊഴില്‍ ദാതാക്കളുടെയും ഇടയില്‍ അവബോധവും സ്വീകാര്യതയും പൊതു ദൃശ്യപരതയും കുറവാണെന്നുവേണം അനുമാനിക്കാന്‍. ഇക്കാര്യത്തില്‍ ഗുണപരമായ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍ കേരളത്തിലെ കോളേജുകള്‍ താരതമ്യേന പൊതുവെ പിന്നില്‍ നില്‍ക്കുന്ന സൂചികകള്‍ പ്രാദേശിക വൈവിധ്യവും പൊതു സമൂഹാവബോധവുമാണ്. കൂടാതെ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ രംഗത്തും സാമൂഹ്യ-സാമ്പത്തിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ കാര്യത്തിലും പുരോഗതി ആവശ്യമാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളെക്കുറിച്ചാണ് ഈ ലേഖനം പ്രധാനമായും ഉദ്ദേശിക്കുന്നത്. കോളേജുകളുടെ വിഭാഗം കൂടാതെ മറ്റ് വിവിധ വിജ്ഞാന വിഷയ മേഖലകളെ അടിസ്ഥാനപ്പെടുത്തിയും എന്‍ഐആര്‍എഫ് റാങ്കിങ് നടത്തിയിട്ടുണ്ട്. പക്ഷേ ഇവയിലൊന്നുംതന്നെ കേരളത്തിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ണായക സാന്നിധ്യമായി കാണുന്നില്ല.
സമഗ്ര (ഓവറോള്‍ ) റാങ്കിങ് വിഭാഗത്തില്‍ 4045 സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഇതില്‍ ആദ്യ 100-ല്‍ കേരളത്തില്‍ നിന്ന് നാല് സ്ഥാപനങ്ങളാണ് ഉള്ളത്. കേരള,കൊച്ചി, എംജി സര്‍വകലാശാലകളും കോഴിക്കോട് എന്‍ഐടിയും യഥാക്രമം 42,50,79,45 റാങ്കുകളില്‍ എത്തി. സര്‍വകലാശാല വിഭാഗത്തിലും ആദ്യ 100-ല്‍ കേരളത്തില്‍ നിന്ന് കേരള, കൊച്ചി, എംജി സര്‍വകലാശാലകള്‍ ഇടംപിടിച്ചു (25,32,43 റാങ്കുകള്‍). രാജ്യത്തെ ഏറ്റവും പ്രമുഖ ഗവേഷണ സ്ഥാനപനങ്ങളുടെ പട്ടികയില്‍ ഒന്നുപോലും കേരളത്തില്‍ നിന്നില്ല.
1584 എന്‍ജിനിയറിങ് കോളേജുകള്‍ പങ്കെടുത്ത വിഭാഗത്തില്‍ ആദ്യ നൂറില്‍ കേരളത്തിലെ സ്വകാര്യ -സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ളത് കോഴിക്കോട് എന്‍ഐടി (21), ഐഐഎസ്ടി തിരുവനന്തപുരം (61) ഐഐടി പാലക്കാട് (64) എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. മാനേജ്മെന്റ് തലത്തില്‍ 106 സ്ഥാപനങ്ങള്‍ പങ്കെടുത്തതില്‍ കേരളത്തില്‍ നിന്ന് ഐഐഎം കോഴിക്കോട്(3), കൊച്ചി സര്‍വകലാശാല (82), എന്‍ഐടി കോഴിക്കോട് (85), രാജഗിരി ബിസിനസ് സ്‌കൂള്‍ (91) എന്നിവയാണ് ഉള്ളത്.
594 ഫാര്‍മസി കോളേജുകള്‍ പങ്കെടുത്തതില്‍ കേരളത്തില്‍ നിന്ന് ആദ്യ നൂറില്‍ ഒരുകോളേജുമില്ല.223 സ്ഥാപനങ്ങള്‍ പങ്കെടുത്ത മെഡിക്കല്‍ വിഭാഗത്തിന്റെ മികച്ച 50 ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് എസ് സിടി തിരുവനന്തപുരം (35) മാത്രമാണുള്ളത്. ഡന്റല്‍ വിഭാഗത്തില്‍ 223 സ്ഥാപനങ്ങള്‍ പങ്കെടുത്തു. ആദ്യ 40-ന്റെ ലിസ്റ്റില്‍ കേരളത്തിലെ രണ്ട് ഗവണ്‍മെന്റ് ഡന്റല്‍ കോളേജുകളുണ്ട്. തിരുവനന്തപുരവും (35) കോഴിക്കോടും (38).267 ലോ കോളേജുകള്‍ പങ്കെടുത്ത വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യ 40-ല്‍ കൊച്ചിന്‍ സര്‍വകലാശാല (13) ഇടംപിടിച്ചു. 131 സ്ഥാപനങ്ങളാണ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ആദ്യ നാല്‍പ്പതില്‍ എന്‍ഐടി കോഴിക്കോടും (2) കോളേജ് ഓഫ് എന്‍ജിനിയറിങ് (സിഇടി) തിരുവനന്തപുരവും (15) ഇടംപിടിച്ചു.കാര്‍ഷിക അനുബന്ധ വിഭാഗത്തില്‍ 173 സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
ആദ്യ 40-ല്‍ കേരള കാര്‍ഷിക സര്‍വകലാശാല തൃശൂരും (12) കുഫോസ് കൊച്ചി (31)യും ഇടംപിടിച്ചു.ഇന്നോവേഷന്‍ വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള 39 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 777 സ്ഥാപനങ്ങളാണ് മാറ്റുരച്ചത്. മികച്ച പത്ത് സ്ഥാപനങ്ങളുടെ ലിസ്റ്റാണ് ഈ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഇല്ല. ഓപ്പണ്‍ സര്‍വകലാശാല വിഭാഗത്തില്‍ 15 പേര്‍ പങ്കെടുത്തെങ്കിലും കേരളത്തില്‍ നിന്ന് പ്രാതിനിധ്യം ഇല്ല. 11 സ്ഥാപനങ്ങള്‍ പങ്കെടുത്ത സ്‌കില്‍ സര്‍വകലാശാല വിഭാഗത്തില്‍ ആദ്യ മൂന്നിന്റെ പട്ടികയില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക സ്ഥാപനത്തിന് ഇടം നേടാനായില്ല.
സംസ്ഥാന പബ്ലിക് സര്‍വകലാശാല വിഭാഗത്തില്‍ മികച്ച 50-ല്‍ കേരളത്തില്‍ നിന്ന് നാല് സര്‍വകലാശാലകള്‍ എത്തി: കേരള (5) കൊച്ചി (6) എംജി( 17) കാലിക്കറ്റ് (38) സര്‍വകലാശാലകളാണ് അവ. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ സുസ്ഥിര വികകസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) അടിസ്ഥാനമാക്കിയുള്ള വിഭാഗത്തില്‍ 791 സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഇതില്‍ 60 എണ്ണം കേരളത്തില്‍ നിന്നാണ്. എന്നാല്‍ മികച്ച പത്തില്‍ എത്താന്‍ ആര്‍ക്കും സാധിച്ചില്ല. പതിനേഴ് വിഭാഗങ്ങളിലായി നടത്തിയ എന്‍ഐആര്‍എഫ് റാങ്കിങില്‍ കോളേജ് വിഭാഗത്തിലും സര്‍വകലാശാല വിഭാഗത്തിലുമാണ് കേരളം അഭിമാനാര്‍ഹമായ പ്രകടനം കാഴ്ച വച്ചിരിക്കുന്നത്.
ഏതാനും മേഖലകളില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതാണെങ്കിലും പല മേഖലകളിലും ഇനിയും ധാരാളം പുരോഗമിക്കാനുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖല കോളേജുകള്‍ ധാരാളമുണ്ടെങ്കിലും ആദ്യ 100-ല്‍ എത്താന്‍ അതില്‍ ഒരു സ്ഥാപനത്തിനും സാധിച്ചില്ല എന്നത് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് നാം ഇനിയും കൈവരിക്കേണ്ട മികവിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഏത് രംഗത്തും മികവ് ഘട്ടംഘട്ടമായി നേടിയെടുക്കേണ്ട ഒന്നാണ്. ക്രമീകൃതവും ആത്മാര്‍ത്ഥവും സ്ഥിരവുമായ അര്‍പ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈ മികവ് നേടിയെടുക്കാന്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്ക് സാധിക്കട്ടെ.
Content Highlights: Analysis of Kerala`s performance in the NIRF India Rankings 2025 for Arts & Science colleges.
Published: 15 Sept 2025, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented