തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ എൽപി, യുപി വിഭാഗങ്ങളിലായി ആകെ 876 അധ്യാപക ഒഴിവുകൾ ഉള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ. ഒക്ടോബർ 29-ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം എൽപിഎസ്ടി വിഭാഗത്തിൽ 422 ഒഴിവുകളും യുപിഎസ്ടി  വിഭാഗത്തിൽ 454 ഒഴിവുകളുമാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുകൾ മലപ്പുറം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് ഒഴിവുകൾ ഇടുക്കി ജില്ലയിലാണ്. ആറ് തസ്തികകൾ മാത്രമാണുള്ളത്.

To advertise here,

എന്നാൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത തസ്തികകളും ഇതിൽപ്പെടുന്നുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കൂടാതെ, ഓരോ അധ്യയന വർഷത്തെയും തസ്തിക നിർണയത്തിനുശേഷം ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനും അവരെ പുനർനിയമനം നടത്തുന്നതിനുമാണ് ഒഴിവുകളിൽ ചിലത് മാറ്റിവെച്ചിരിക്കുന്നതെന്നും വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കിയിരിക്കുകയാണ്. നിയമസഭയിൽ വ്യക്തമാക്കിയ 400-ലധികം എൽപിഎസ്എ ഒഴിവുകൾ യഥാർഥത്തിൽ എവിടെയാണുള്ളതെന്നും എന്തുകൊണ്ടാണ് നിയമനം നൽകാത്തതെന്നും സമരത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗാർഥിയായ ജയകൃഷ്ണൻ ചോദിക്കുന്നു. പിഎസ്‌സി അഡ്വൈസ് ലഭിച്ചിട്ടും നിയമനം കിട്ടാത്തവരും, തസ്തിക നഷ്ടപ്പെട്ട് ജോലിയിൽ നിന്ന് പുറത്തായവരും ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ പുറത്തുനിൽക്കുന്നത്. ചില ജില്ലകളിൽ 16-ഓളം അധ്യാപകരാണ് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട് പുറത്തുള്ളതെന്നും ജയകൃഷ്ണൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

തസ്തിക നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ ഒഴിവുകൾ നികത്താതെ നീക്കിവെക്കുന്നതിന് പകരം തസ്തികകൾ സംരക്ഷിക്കാനുള്ള നയമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു. അധ്യാപക തസ്തികകൾ നിലനിർത്തിയില്ലെങ്കിൽ അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ പൊതുവിദ്യാഭ്യാസ മേഖല തകർച്ച നേരിടുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഉദ്യോഗാർഥികൾ, ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്ത് നിയമന നടപടികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു. നിരാഹാര സമരമടക്കമുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുന്ന ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ സർക്കാർ ഇനി എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമാണ്.