തൃശ്ശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിദൂരവിദ്യാഭ്യാസ സ്ഥാപനമായ സ്‌കോൾ കേരളയുടെ വൈസ് ചെയർമാനുൾപ്പെടെയുള്ളവരുടെ നിയമനയോഗ്യത വെട്ടിക്കുറച്ചു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടന മുൻ സംസ്ഥാന നേതാവിനുവേണ്ടിയാണ് യോഗ്യത ഇളവുചെയ്തതെന്നാണ് സൂചന. മലപ്പുറം സ്വദേശിയായ അധ്യാപകന്റെ പേര് വൈസ് ചെയർമാൻ പദവിയിലേക്കു ശുപാർശചെയ്തിരുന്നു.
പിഎച്ച്.ഡി. യോഗ്യത ഒഴിവാക്കിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പിഎച്ച്.ഡി. ആവശ്യമായ എക്സിക്യുട്ടീവ് ഡയറക്ടർമാരുടെ യോഗ്യതാ മാനദണ്ഡത്തിലും ഇളവുവരുത്തി. വൈസ് ചെയർമാൻ തസ്തികയിലേക്കുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. യോഗ്യത ഇളവുചെയ്തതിൽ പ്രതിഷേധിച്ച് പിഎച്ച്.ഡി. യോഗ്യതയുള്ള രണ്ടായിരത്തോളം ഹയർ സെക്കൻഡറി അധ്യാപകർ ഈ തസ്തികയിലേക്ക് അപേക്ഷനൽകാനുള്ള ഒരുക്കത്തിലാണ്.
വൈസ് ചെയർമാന് നേരത്തേ യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്നുള്ള പിഎച്ച്.ഡി.യും കുറഞ്ഞത് 15 വർഷത്തെ അധ്യാപനപരിചയവും വേണമായിരുന്നു. ഇപ്പോഴിത് ഏതെങ്കിലും സർവകലാശാലയിൽനിന്നുള്ള ബിരുദാനന്തരബിരുദവും 15 വർഷത്തെ അധ്യാപനപരിചയവും എന്നാക്കി. പിഎച്ച്.ഡി. അല്ലെങ്കിൽ കുറഞ്ഞത് 25 വർഷത്തെ അധ്യാപനപരിചയവും അഭിലഷണീയ യോഗ്യതയാക്കി. പ്രഥമാധ്യാപകരായി അഞ്ചുവർഷത്തിൽ കുറയാത്ത പരിചയമുള്ള സർവീസിലുള്ളതോ വിരമിച്ചതോ ആയവർക്കും അപേക്ഷിക്കാം. ഇവർക്ക് പിഎച്ച്.ഡി.യും മൂന്നുവർഷത്തെ ഭരണപരിചയവും അഭിലഷണീയ യോഗ്യതയാണ്.
എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി സർവകലാശാലയിൽനിന്നുള്ള ബിരുദാനന്തരബിരുദവും കുറഞ്ഞത് 10 വർഷത്തെ അധ്യാപനപരിചയവുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള പിഎച്ച്.ഡി.യും മൂന്നുവർഷത്തെ ഭരണനിർവഹണ പരിചയവും അഭിലഷണീയമാക്കി. നേരത്തേ യു.ജി.സി. അംഗീകൃത സർവകലാശാലകളിൽനിന്നുള്ള പിഎച്ച്.ഡി.യും 10 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവുമായിരുന്നു നിർബന്ധിതയോഗ്യത.
Content Highlights: Skole Kerala, Kerala Education, Vice Chairman Appointment, PhD Relaxation, Executive Director
Published: 10 Nov 2026, 01:50 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented