നീറുന്ന നീറ്റ്: മരണം മണക്കുന്ന കോച്ചിങ് ഫാക്റ്ററികൾ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം

To advertise here,

ഡമ്മി സ്കൂളിങ് എന്ന കലാപരിപാടി

എൻട്രൻസ് വിജയികളുടെ ശതമാനം കൂട്ടാൻ പല സംസ്ഥാനങ്ങളിലും സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങൾ അതാതു സ്ഥലത്തെ സ്കൂളുകളുടെ സഹകരണത്തോടെ വ്യാപകമായി പിന്തുടരുന്ന സംവിധാനമാണ് ഡമ്മി സ്കൂളിങ്. പേരിനൊരു സ്കൂളിൽ വിദ്യാർത്ഥികളെ പ്ലസ്ടു കോഴ്സിന് രജിസ്റ്റർ ചെയ്ത് അവരുടെ ക്ലാസുകൾ പൂർണ്ണമായോ ഭാഗികമായോ കോച്ചിങ് സെന്ററിലെ പരിശീലകർ എടുക്കുന്ന രീതിയാണിത്. താരതമ്യേന ശക്തമായ നിരീക്ഷണ സംവിധാനങ്ങളുള്ള കേരളത്തിൽ പോലും ഇന്നീ സംവിധാനം പല നഗരങ്ങളിലെയും സ്വകാര്യ സിബിഎസ്ഇ സ്കൂളുകൾ പിടിഎ യുടെ പൂർണ്ണസമ്മതത്തോടെ പിന്തുടരുന്നുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. പ്രത്യേക പരിശീലനവും ഉന്നത വിദ്യാഭ്യാസവും ലഭിച്ച അധ്യാപകരെ കാഴ്ച്ചക്കാരാക്കി നിർത്തിയാണ് വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ട സ്കൂളുകൾ ഇതു ചെയ്യുന്നത്.

എൻട്രൻസ് പരിശീലന പരീക്ഷ (മോക് ടെസ്റ്റ്), തുടർച്ചയായ നിരീക്ഷണങ്ങൾ, മെച്ചപ്പെടുത്തലിന്‍റെ അസംഖ്യം റൗണ്ടുകൾ, തുടക്കം മുതൽ അവസാനം വരെ പരീക്ഷാഫലം മാത്രം ലക്ഷ്യമിട്ടുള്ള ജീവിതം, അതിനെ പറ്റിയുള്ള ജിജ്ഞാസ, ഉറപ്പില്ലായ്മ, പരാജയം മാനഹാനിക്കും ജീവഹാനിക്കും തുല്യമെന്ന ബോധമുളവാക്കൽ, കലയും കായികവും ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രവൃത്തികളിൽനിന്നും വിട്ടുനിൽക്കൽ എന്നിവയിലൂടെ വിദ്യാർത്ഥിയെ വർഷങ്ങളോളം തുടർച്ചയായി വെറുമൊരു പരീക്ഷാർത്ഥിയാക്കി അവളുടെ/അവന്‍റെ ജീവാർത്ഥങ്ങളെ ചുരുട്ടിക്കെട്ടുന്ന മനുഷ്യത്വരഹിതമായ വ്യവസ്ഥകളുടെ യുക്തിപരമായ പര്യവസാനമാണ് പല വിദ്യാർത്ഥി ആത്മഹത്യകളും.

മത്സരപരീക്ഷകളെല്ലാം തന്നെ കുട്ടികൾക്ക് സമ്മർദ്ദം നല്കുന്നവയാണെങ്കിലും എൻട്രൻസ്‌ പരീക്ഷകളുടെ കാര്യത്തിൽ അത് തീർത്തും അസ്വാഭാവികമായ

തലത്തിലേക്ക് ഉയരുന്നുണ്ട്. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാവിയുടെ താക്കോൽ പൂർണമായും ഒരു ദിവസത്തെ പരീക്ഷയെ ആശ്രയിച്ചാണിരിക്കുന്നത്. പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത് മുതൽ അവർ പൂർണ്ണമായും മൽസരബുദ്ധിയുടെയും, പട്ടാളച്ചിട്ടയോടെയുള്ള പഠനത്തിന്‍റെയും ലോകത്താണ്. അത് വരെയും കലാ- കായിക- മറ്റു പാഠ്യേതര പ്രവർത്തനങ്ങളിൽ ധാരാളം സമയം ചെലവഴിച്ചിരുന്ന വിദ്യാർത്ഥികളുടെ ലോകം ഇവിടെ മുതൽ ഒറ്റയടിക്ക് മാറിത്തുടങ്ങുന്നുണ്ട്.

സ്വന്തം അസ്ഥിത്വത്തെയും വ്യക്തിത്വത്തെയും പിന്നീടവർ മനസ്സിലാക്കുന്നത് ജയപരാജയങ്ങളുടെ ഫലതന്ത്രത്തിലൂടെയാണ്. കഴിവുള്ളവർ/കഴിവുകെട്ടവർ, വിജേതാവ്/പരാജിതർ എന്നീ ദ്വന്ദ്വങ്ങൾക്കകത്ത് സ്വയം പിടിച്ച് കെട്ടപ്പെടുമ്പോൾ ജീവിതത്തിന്‍റെ സാധ്യതകൾ ഒരു നൂൽപാലത്തിലൂടെയുള്ള നടത്തം പോലെ തോന്നുന്നത് സ്വാഭാവികമാണ്. കേരളത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും ഇന്ന് ഈ നൂൽപാലത്തിലൂടെ നടക്കാൻ വിധിക്കപ്പെട്ടവരാണ്.

കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച പോലെ സുപ്രീം കോടതി മരണ അറകൾ എന്ന് വിളിച്ച സ്വകാര്യ കോച്ചിങ് സെന്ററുകൾ നാട് മുഴുവൻ വ്യാപിക്കുമ്പോൾ അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന മറ്റ് ചില സാമൂഹ്യ സത്യങ്ങളും നാം മനസ്സിലക്കേണ്ടതുണ്ട്.

കഴിവിന്റെ സാമൂഹ്യനിർമാണവും അസമത്വത്തിന്‍റെ

പുനർനിർമാണവും

പ്രവേശന പരീക്ഷകളെ കഴിവിന്റെ നിഷ്പക്ഷമായ അളവുകോലുകളായാണു സമൂഹം അവതരിപ്പിക്കാറുള്ളത്. എന്നാൽ, ഒട്ടുമിക്കപ്പോഴും അവ അളക്കുന്നതു

വിദ്യാർഥിയുടെ കഴിവിനേക്കാൾ ആ വിദ്യാർത്ഥിക്കു മുന്നിൽ ലഭ്യമായ സമൂഹ്യ വിഭവങ്ങളാണ്‌. ഇതിൽ ഏറ്റവും പ്രധാനം സാമ്പത്തികം തന്നെ. സാധാരണ വിദ്യാഭ്യാസ ചെലവിനേക്കാൾ എത്രയോ മടങ്ങ് മുടക്കുവാൻ സാധിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണു മികച്ച കോച്ചിങ്, പഠനസാമഗ്രികൾ, മോക് ടെസ്റ്റുകൾ, വ്യക്തിഗത മാർഗ നിർദേശങ്ങൾ എന്നിവ ലഭ്യമാകുന്നത്‌.

ഇവിടെ വിദ്യാർത്ഥിയുടെ ബുദ്ധിശക്തി പ്രധാനമാണെങ്കിലും സാമൂഹ്യ-സാമ്പത്തിക വിനിമയങ്ങളാൽ നിർണയിക്കപ്പെട്ട ചട്ടക്കൂടുകൾക്കത്തു മാത്രമാണു അതു മിക്കപ്പോഴും പ്രവർത്തിക്കുക. പ്രമുഖ സോഷ്യോളജിസ്റ്റും ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന വിദ്യഭ്യാസ ചിന്തകനുമായിരുന്ന പിയറി

ബൌർദ്ദോ ആധുനിക വിദ്യാഭ്യാസസ്ഥാപനങ്ങൾ എങ്ങനെയാണു സാമൂഹിക അസമത്വങ്ങളെ മറച്ചുവെച്ചു അവയെ “കഴിവിന്റെ വിജയം“ എന്ന ഭാഷയിലൂടെ

പുനരുല്പാദിപ്പിക്കുന്നതെന്നു നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ എൻട്രൻസ്‌ പരീക്ഷാ വ്യവസ്ഥിതിയും കോച്ചിങ് സമ്പ്രദായങ്ങളും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്‌. പരീക്ഷാ വിജയത്തിന് അത്യന്താപേക്ഷിതമായ വൈജ്ഞാനിക പരിശീലനങ്ങൾക്കു പുറമെ ഭാഷ, സമയനിയന്ത്രണശേഷി (time management), പരീക്ഷാ സാങ്കേതികതകൾ എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുന്ന കോച്ചിങ് സെന്ററുകളിലെ വിദ്യാർത്ഥികൾ തീർച്ചയായും മറ്റു വിദ്യാർത്ഥികളേക്കാൾ ‘സ്വാഭാവികമായും’ എത്രയോ മുന്നിലാണെന്നു നിസ്സംശയം പറയാം.

വ്യക്തമായ വിഭജനങ്ങൾ നിലനിൽക്കുന്ന ഇത്തരമൊരു സാമൂഹിക അന്തരീക്ഷത്തിനകത്തു നടത്തപ്പെടുന്ന എൻട്രൻസ് പരീക്ഷകളിൽ ചോദ്യമിടുന്നവർ എല്ലായ്പ്പോഴും മുന്നിൽ കാണുന്നത് പ്രൊഫണൽ കോച്ചിങ്ങിന് പോവുന്ന വിദ്യാർത്ഥകളെയാണ്. അവർക്കായി ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ ഒരു പരിശീലനവും കിട്ടാത്ത കുട്ടികൾ പൂർണമായും അവഗണിക്കപ്പെടുന്നത് സ്വാഭാവികം. മുടക്കാൻ മുതലില്ലാത്തവർക്ക് പ്രവേശന പരീക്ഷകൾ ഇന്ന് നാമമാത്രമായ പ്രതീക്ഷകൾ മാത്രമാണ്‌.

വ്യാപിക്കുന്ന വൈകല്യം

കടുത്ത അനീതിയുടെ ഈയൊരു സാമൂഹ്യ പരിസരത്തിലേയ്ക്കാണ് മിക്ക ഡിഗ്രി കോഴ്സുകളിലേക്കും പ്രവേശന പരീക്ഷ നിർബന്ധമാക്കുന്ന പുതിയ വിദ്യാഭ്യാസനയം 2020-ൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. അതോടെ എഞ്ചിനീയറിങ്ങിനും മെഡിക്കലിനും മാത്രമല്ല, സാധാരണ ഡിഗ്രിക്കും കോച്ചിങ്ങിനു പോകേണ്ട ഗതികേടിലായിട്ടുണ്ട് നമ്മുടെ വിദ്യാർത്ഥികൾ. കേരളത്തിൽ ഈയടുത്തായി തുടങ്ങിയ നാലുവർഷ ഡിഗ്രീ കോഴ്സുകളിലെ പ്രവേശനമടക്കം നോക്കിയാലറിയാം, സ്വകാര്യ എൻട്രൻസ്‌ പരിശീലനത്തിന് പോകുന്ന വിദ്യാർത്ഥികളും പോവാത്ത/പോവാൻ സാധിക്കാത്ത വിദ്യാർത്ഥികളും തമ്മിലുള്ള വ്യത്യാസം.

ഐഐടി, മെഡിക്കൽ പ്രവേശനം ലക്ഷ്യമിട്ട് സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ പോവുന്ന വിദ്യാർഥികൾക്കാണ് സാദാ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷകളിൽ സ്വാഭാവികമായും മേൽക്കൈ ലഭിക്കുന്നത്. പ്ലസ്ടുവിന് മികച്ച മാർക്ക് നേടിയ എന്നാൽ സ്വകാര്യ കോച്ചിങ്ങിന്‌ പോകാത്ത വിദ്യാർഥികൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട കോഴ്സുകൾ ലഭിക്കാതിരിക്കുന്ന ഒരു സ്ഥിതിശേഷം ഇപ്പോൾ രാജ്യമെമ്പാടും സംജാതമായിട്ടുണ്ട്. നാല് വർഷ ഡിഗ്രി കോഴ്സുകളിലേക്ക് എൻട്രൻസ്‌ പരീക്ഷ നിർബന്ധമാക്കുക വഴി കേരളത്തിലെ സർവകലാശാലകളും ഈ സാമൂഹ്യ അനീതിയുടെ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് എന്ന് പറയാതെ വയ്യ.

മുൻപ് മധ്യ കേരളത്തിൽ- പ്രത്യേകിച്ച് തൃശ്ശൂരുൾപ്പെടെയുള്ള ചില നഗരങ്ങളിൽ- മാത്രം ഒതുങ്ങി നിന്നിരുന്ന സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങൾ ഇന്ന് കേരളമൊട്ടാകെ പടർന്ന് പന്തലിച്ച് കൂറ്റൻ വ്യവസായ ശൃംഖലകളായി വ്യാപിച്ചിരിക്കുകയാണ്. സമത്വസിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ നല്ലൊരു നാളെ പ്രതീക്ഷിക്കാനാകൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം മാനസികാരോഗ്യത്തിനു കൗൺസിലിങ്  ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആരംഭിക്കാനാണ് കേന്ദ്രവും സംസ്ഥാന സർക്കാരും ലക്ഷ്യമിടുന്നത്.

വ്യവസ്ഥിതിയുടെ തെറ്റിനെ മറികടക്കുവാൻ വ്യക്തിയുടെ മാനസികാരോഗ്യത്തെ ചികിത്സിക്കുന്നത് ഇരുട്ട് കൊണ്ടു ഓട്ടയടക്കുന്നതിനു തുല്യമാണ്. പണം, മൽസരം, സമ്മർദ്ദം എന്നിവയിലൂടെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം നഷ്ടപ്പെടുത്തുമ്പോൾ നമുക്കും നമ്മുടെ കുട്ടികൾക്കും നഷ്ടമാകുന്നത് നല്ല നാളെകളെയാണ്.

 

(തിരുവനന്തപുരം ലൊയോള കോളേജിലെ ഫാക്കൽട്ടി അംഗമാണ് ലേഖകൻ)