ആത്മഹത്യകളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്ത് 2023-ൽ മാത്രം പതിനാലായിരത്തിനടുത്ത് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്, ഏറ്റവും ദുർബലവിഭാഗമെന്ന് കരുതപ്പെടുന്ന കർഷകരേക്കാൾ കൂടുതൽ! ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണവും റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളും കൂടി ചേരുമ്പോൾ ഈ സംഖ്യ പതിന്മടങ്ങ് വർധിക്കും. ഭാവി വാഗ്ദാനങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിദ്യാർഥികൾ ഈ രാജ്യത്തെ ഏറ്റവും ദുർബല വിഭാഗങ്ങളിൽ പെടുന്നവരാണെന്ന അവസ്ഥാവിശേഷമാണ് ഇവിടെ സംജാതമായിട്ടുള്ളത്.
പരീക്ഷ റദ്ദാക്കൽ ഉൾപ്പെടെയുള്ള വിവാദങ്ങളുമായ് നീറ്റിന്റെ ഒരു സീസൺ കൂടി വാർത്തകളിൽ നിറയുമ്പോൾ വീണ്ടും കാണാമറയത്താകുന്നത് വർഷാവർഷം ഈ വ്യവസ്ഥിതിയിൽ പൊലിഞ്ഞു പോവുന്ന വിദ്യാർഥികളുടെ ജീവിതങ്ങളാണ്. 22 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിച്ചെഴുതിയ പരീക്ഷ ഒരു ജലരേഖയായി മാറിയ ബഹളങ്ങൾക്കിടയിൽ ഇതിനകംതന്നെ 18 വിദ്യാർഥികളാണ് രാജ്യത്ത് ആത്മഹത്യ ചെയ്തിരിക്കുന്നത്. നമ്മൾ കേൾക്കാതെ പോവുന്ന ഈ ആത്മഹത്യകളിലും ആത്മഹത്യാ ശ്രമങ്ങളിലുമാണ് നീറ്റ് ഉൾപ്പെടെയുള്ള എൻട്രൻസ് പരീക്ഷകൾക്കു പിന്നിലെ അനീതിയുടെയും അസമത്വത്തിന്റെയും കാണാച്ചുരുളുകൾ നിവരുന്നത്.
ആത്മഹത്യാ കോട്ടകൾ
ഇന്ത്യയിലെ പ്രവേശന പരീക്ഷാ സംവിധാനവും കോച്ചിങ്ങ് രീതികളും കഴിവാധിപത്യ (മെറിറ്റോക്രസി) സിദ്ധാന്തത്തിന്റെ (കഴിവുള്ളവർ മാത്രമാണ് അതിജീവിക്കേണ്ടതെന്ന നിലപാട്) വിളനിലങ്ങളാണെന്നു നോബേൽ സമ്മാനജേതാവ് അമർത്യസെൻ ഒരിക്കൽ നിരീക്ഷിച്ചിട്ടുണ്ട്. ഇതിനൊരുദാഹരണമായ് അദ്ദേഹം ചൂണ്ടി കാണിച്ചത് രാജസ്ഥാനിലെ കോട്ട ജില്ലയെയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും എൻട്രൻസ് പരിശീലനത്തിനെത്തുന്നവരുടെ ‘ആത്മഹത്യ തലസ്ഥാനം’. പ്രതിവർഷം നാൽപതു മുതൽ അമ്പത് വരെ വിദ്യാർത്ഥികളാണ് പരാജയഭീതിയും നൈരാശ്യവും മൂലം ഇവിടെ സ്വയം ജീവനെടുക്കുന്നത്.
കോട്ട ഇന്ന് രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ഒരു യാഥാർഥ്യമാണ്. 2024-ലെ കണക്കനുസരിച്ചു ഇന്ത്യയിലെ എൻട്രൻസ് കോച്ചിങ് വ്യവസായത്തിന്റെ വലിപ്പം 54,000 കോടിയാണ്. ലക്ഷക്കണക്കിനു രൂപയാണ് മാതാപിതാക്കൾ കുട്ടികളുടെ കോച്ചിങ്ങിനായി മുടക്കുന്നത്. താമസം, ഭക്ഷണം, പഠനസാമഗ്രികൾ എന്നിവയ്ക്കു വേറെയും. ഇത്രയും ഭീമമായ ഒരു വ്യവസായത്തിന്റെ മറുപുറമാണ് നേരത്തെ സൂചിപ്പിച്ച മരണ കണക്കുകൾ. പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ വർഷാവർഷം ജീവനൊടുക്കിയിട്ടും നമുക്കിന്നും ഇതു ഒറ്റപ്പെട്ട വാർത്തകളാണ്.
2025 ഏപ്രിലിൽ രാജ്യസഭാംഗമായ ജോസ് കെ. മാണി വിദ്യാർത്ഥി ആത്മഹത്യകളെ കുറിച്ച് പാർലമെന്റിൽ ചോദ്യമുന്നയിക്കുകയുണ്ടായി. ഈയൊരു വിഷയത്തെ സംബന്ധിച്ച് നയപരമായി നടന്ന അപൂർവ്വം ചില നീക്കങ്ങളിൽ ഒന്നായിരുന്നുവെങ്കിലും ഇതിന് കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വിദ്യാർത്ഥി ആത്മഹത്യകളുമായി പരോക്ഷമായി പോലും ബന്ധമുള്ള കാരണങ്ങളൊന്നും സൂചിപ്പിച്ചിരുന്നില്ല. പൊതുവിൽ ആത്മഹത്യക്ക് കാരണമായ ഘടകങ്ങളെ പരാമർശിച്ച മന്ത്രി വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ കൂടി ഉത്തരവാദിത്വമായതിനാൽ ഇതിന്റെ ഉത്തരവാദിത്വവും സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെയ്ക്കുകയായിരുന്നു. (അറിയാതെയാണെങ്കിലും ആത്മഹത്യകളും വിദ്യാഭ്യാസവും തമ്മിലുള്ള അഭേദ്യമായ ബന്ധം മന്ത്രി അവിടെ അംഗീകരിക്കുകയായായിരുന്നു).
വർഷാവർഷം വർധിച്ച് വരുന്ന വിദ്യാർത്ഥി ആത്മഹത്യകളെ പറ്റി സർക്കാരുകൾക്ക് പ്രത്യേകിച്ച് അറിവോ താൽപര്യമോ ഇല്ല. ഇതിനെ ഒറ്റപ്പെട്ട സംഭവങ്ങളായും വിദ്യാർഥികൾ നേരിടുന്ന മാനസികാരോഗ്യപ്രശ്‌നമായും കാണാനാണ് എല്ലാവർക്കും താൽപര്യം. മാനസികാരോഗ്യം വലിയൊരളവുവരെ സാഹചര്യങ്ങളുടെ സുഷ്ടിയാണെന്ന പ്രാഥമിക അറിവ് പോലും ഇവിടെ തമസ്‌ക്കരിക്കപ്പെടുകയാണ്.
സമ്മർദ്ദത്തിന്റെ തീച്ചൂളകൾ
ആന്ധ്ര പ്രദേശിലെ ഒരു നീറ്റ് എൻട്രൻസ് പരീക്ഷാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ കഴിഞ്ഞ ജൂലായ് മാസം 25-ാം തീയതി സുപ്രീം കോടതി രാജ്യത്തെ സ്വകാര്യ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനങ്ങളെ വിശേഷിപ്പിച്ചത് മരണ അറകൾ (death chambers) എന്നാണ്.
കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്താനാണെന്ന് കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന പ്രവേശന പരീക്ഷകൾ എത്രമാത്രം സമ്മർദ്ദമാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് നൽകുന്നതെന്ന് പൊതുസമൂഹം ഒരു കാലത്തും മനസ്സിലാക്കിയിട്ടില്ല. മേൽ സൂചിപ്പിച്ച കോട്ട ജില്ല തന്നെ ഇതിനൊരുദാഹരണം. 'കോട്ട ആത്മഹത്യകൾ’,'കോട്ട കോച്ചിങ് ഫാക്ടറികൾ' മുതലായ പദപ്രയോഗങ്ങൾ ഇന്ന് ഇന്ത്യയിൽ കുപ്രസിദ്ധമാണെങ്കിലും വർഷാവർഷം തങ്ങളുടെ കുട്ടികളെ ഇവിടേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കളുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. അധികാരികൾക്ക് ഇതിനെ ഒരു ജില്ലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമായി കാണാനാണ് താൽപര്യം. രാജ്യത്തുടനീളം വർധിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥി ആത്മഹത്യകൾ ഇവിടുത്തെ ഭരണവർഗത്തിന് ഒരു പ്രശ്‌നമല്ല.
കോച്ചിങ്ങും കേരളവും
മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെഴുതുന്നത് ജീവിതത്തിലെ ഒരു സുപ്രധാന ദൗത്യമായ് കാണുന്ന മാതാപിതാക്കളുടെ സ്വന്തം നാടായ കേരളത്തിൽ ഈ പ്രവണത കഴിഞ്ഞ കുറച്ചു വർഷങ്ങളായ് പതിന്മടങ്ങ് വർധിച്ചിരിക്കുന്നതായി കാണാം. മുമ്പ് വാരാന്ത്യങ്ങളിൽ ഒതുങ്ങിയിരുന്ന എൻട്രൻസ് പരിശീലനം ഇന്ന് മുഖ്യധാരാ വിദ്യാഭ്യാസസത്തെ തന്നെ കവച്ചുവെക്കുന്ന ഒരു വലിയ വ്യവസായമായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വളർന്നു കഴിഞ്ഞിരിക്കുന്നു.
പരീക്ഷാർഥികൾ അനുഭവിക്കുന്ന സമ്മർദ്ദവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വിദ്യാർത്ഥി ആത്മഹത്യ നിരക്ക് കേരളത്തിൽ 50 ശതമാനത്തോളം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിയമസഭ രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തു വന്ന ചില റിപ്പോർട്ടുകൾ പ്രകാരം കോഴിക്കോട് ജില്ലയിൽ മാത്രം 2022-23ൽ ഏതാണ്ട് 53 വിദ്യാർത്ഥികൾ ജീവനൊടുക്കിയതായിട്ടുണ്ട്. എന്നാൽ, നേരത്തെ സൂചിപ്പിച്ച പോലെ ഒറ്റപ്പെട്ട വാർത്തകൾക്കപ്പുറത്ത് ഇതിനെപ്പറ്റി നമ്മുടെ സമൂഹം നിശബ്ദമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെറിയ വിഷയങ്ങൾക്ക് പോലും വലിയ ചർച്ചകൾ ഉണ്ടാവുന്ന കേരളത്തിൽ ഇതിനേപ്പറ്റി പൊതുചർച്ചകളൊന്നും ഉണ്ടാവാത്തത് എന്ത് കൊണ്ടായിരിക്കും.
ജീവിതത്തിന്റെ മൊത്തം ഭാവി ഒരു പരീക്ഷാഫലത്തിലേക്ക് കെട്ടിയിടുന്ന സാമാന്യ ബോധത്തിന്റെ യുക്തിപരമായ പര്യവസാനമാണ് പല വിദ്യാർത്ഥി ആത്മഹത്യകളും. തനിക്കു വേണ്ടി കണ്ടമാനം പൈസ ചെലവാക്കിയ കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊത്തുയരാൻ സാധിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ പല വിദ്യാർത്ഥികളുടെയും ആത്മഹത്യ കുറിപ്പുകൾ ജീർണിച്ച ഒരു സാമൂഹ്യ വ്യവസ്ഥയുടെ നേരടയാളങ്ങളും ഇനിയും കുലുങ്ങാത്ത നമ്മുടെ മനസ്സാക്ഷിയുടെ നേരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുമാണ്. മാത്രമല്ല, പണം മുടക്കി കഴിവിനെ സൃഷിച്ചെടുക്കുകയും അതിനു സാധിക്കാത്തവരെ പുറത്തുനിർത്തുകയും ചെയ്യുന്നതുവഴി സാമൂഹിക അനീതിയുടെ ശക്തമായൊരു വിളനിലം കൂടി ഈ വ്യവസ്ഥിതി തുറന്നിടുന്നുണ്ട്. മുസ്സോളിനിയുടെ തടവറയിൽ കിടന്നു മരിച്ച സോഷ്യലിസ്റ്റ് ചിന്തകൻ ഗ്രാംചി ഒരിക്കൽ പറഞ്ഞതു പോലെ, അനീതി മനുഷ്യർക്കെന്നും ഓർമകളാണ്. ഒരു നാൾ അതു ഒന്നുചേരുമ്പോൾ അതു ചരിത്രമാകും. വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യയിൽ ആ നിമിഷം പെട്ടെന്നു തന്നെ ആസന്നമാകുമെന്നു പ്രതീക്ഷിക്കാം.
(തിരുവനന്തപുരം ലൊയോള കോളേജിലെ ഫാക്കൽട്ടി അംഗമാണ് ലേഖകൻ)
Content Highlights: Rising trend of student suicides linked to high-pressure entrance exams., The coaching industry has ballooned into a massive, profit-driven enterprise., Systemic failures in addressing the mental health crisis among students., The 'Kota model' and its spread as a nationwide 'death chamber' phenomenon., Lack of government accountability regarding student safety and mental health.
Published: 11 Jun 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented