വിദ്യാഭ്യാസം എന്തിന് എന്ന പ്രാഥമിക ചോദ്യത്തില്‍ നിന്നു തന്നെ തുടങ്ങട്ടെ. വിദ്യ ആര്‍ജ്ജിക്കല്‍ തന്നെയാണ് വിദ്യാഭ്യാസം. ആര്‍ജ്ജിച്ച വിദ്യ എത്രത്തോളമുണ്ടെന്നും അവ ശരിയാണോ എന്നുമൊക്കെ പരിശോധിച്ച് വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കുവാന്‍ പരീക്ഷകള്‍ കൂടിയേ തീരൂ.

പക്ഷെ, പരീക്ഷയ്ക്കും പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിനും അമിത പ്രാധാന്യം കല്‍പ്പിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ന് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം. സംഗീതം, ചിത്രരചന, നൃത്തം, കായിക വിനോദം തുടങ്ങിയ നൈപുണ്യങ്ങളടക്കം ഇന്ന് ഈ മാര്‍ക്ക് കൂട്ടുവാന്‍ മാത്രമായുള്ള ഉപാധികളാക്കി മാറ്റിയിരിക്കുന്നു. ഇവയിലൂടെ ഒരു വിദ്യാര്‍ഥിക്ക് ലഭിക്കേണ്ട മാനസിക-ശാരീരിക ഉന്മേഷത്തിനും അഭിവൃദ്ധിക്കും അനുരോധ ഊര്‍ജ്ജത്തിനും പകരം മാനസിക സംഘര്‍ഷങ്ങളിലേക്കും വൈരാഗ്യങ്ങളിലേക്കും അപകര്‍ഷതാ ബോധത്തിലേക്കും എന്നന്നേക്കുമായി തള്ളിയിട്ട് ഒരു വ്യക്തിയുടെ ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നു.

വിദ്യാഭ്യാസം എന്തിന് എന്ന ചോദ്യത്തിന് ഈ പഴമൊഴി ലളിതമായി ഉത്തരം നല്‍കുന്നു. മത്സ്യം ഒരു പ്രധാന ഭക്ഷണമായ പ്രദേശത്തെ പഴമൊഴിയാണിത്. 'അവന് മത്സ്യം പിടിച്ചു കൊടുക്കൂ, അവനിന്ന് ഭക്ഷണം കഴിക്കും. അവന് മത്സ്യം പിടിക്കാന്‍ പഠിപ്പിച്ചു കൊടുക്കൂ, അവന്‍ ആജീവനാന്തം ഭക്ഷണം കഴിക്കും.' നാം നമ്മുടെ കുട്ടികള്‍ക്ക് 'മത്സ്യം' പിടിച്ചു കൊടുക്കുകയാണോ അതോ 'മത്സ്യം' പിടിക്കാന്‍ പഠിപ്പിച്ചു കൊടുക്കുകയാണോ?
 
വിദ്യാഭ്യാസം ഒരു അപഗ്രഥനം

വളരെ ലളിതമായി അപഗ്രഥിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസത്തെ രണ്ടു ഭാഗങ്ങളായി തരം തിരിക്കുന്നു.
1. ജോലി (ബിസിനസ് അടക്കം) ചെയ്യുവാന്‍ ആവശ്യമായ അറിവും കഴിവും നേടുക (Practical Skills- പ്രായോഗിക നൈപുണ്യം)
2. ജോലി സ്ഥലത്ത് (സമൂഹത്തിലടക്കം) ജീവിക്കാനാവശ്യമായ അറിവും കഴിവും നേടുക (Soft Skills- അനൗദ്യോഗിക നൈപുണ്യം)

പ്രായോഗിക നൈപുണ്യം

ആദ്യത്തേതില്‍ നിന്നു തന്നെ തുടങ്ങട്ടെ. ജോലിക്കുവേണ്ടി വിദ്യ അഭ്യസിക്കുമ്പോള്‍ ഏത് ജോലിക്ക് എന്നത് പ്രധാനമാണ്. അക്കൗണ്ടിങ്, എന്‍ജിനീയറിങ്, എജ്യൂക്കേഷന്‍, മെഡിസിന്‍, മീഡിയ, അഗ്രിക്കള്‍ച്ചര്‍, ബിസിനസ് തുടങ്ങി ജോലികളുടെ ഒരു നിരതന്നെ ഇവിടെയുണ്ട്. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനനുസരിച്ച് ഈ ജോലികളുടെ സ്വഭാവത്തിലും അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്. പരമപ്രധാനമെന്ന് അവകാശപ്പെട്ട പല ജോലികളും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു. എല്‍.ഇ.ഡി. ബള്‍ബുകളുടെ ആഗമനത്തില്‍ ഫിലമെന്റ് ബള്‍ബുകളുടെ വ്യവസായം അവസാനിച്ചിരിക്കുന്നു. വൈദ്യുത വാഹനങ്ങളുടെ വരവ് വാഹന നിര്‍മ്മാണ രംഗത്തും പെട്രോള്‍ പമ്പുകളുടെ ഘടനയിലും ഇനി തിരിച്ചുവരാത്ത വിധം മാറ്റങ്ങള്‍ കൊണ്ടുവരും.

ഇതുപോലെയുള്ള പരിണാമങ്ങള്‍ ആശുപത്രികളിലും ബാങ്കുകളിലും മീഡിയകളിലും വാണിജ്യ സ്ഥാപനങ്ങളിലും അനുദിനം നടന്നുവരുന്നു. കീറിമുറിച്ചു നടത്തിയിരുന്ന പല ശസ്ത്രക്രിയകളും ഇന്ന് ചെറിയ ദ്വാരങ്ങളിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ലളിതവും കൂടുതല്‍ സുരക്ഷിതവുമായി നടത്തപ്പെടുന്നു. ഡോക്ടര്‍മാരുടെ സ്ഥാനങ്ങള്‍ യന്ത്രമനുഷ്യന്‍ (Robotic Surgeon) ഏറ്റെടുക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ജോലികളില്‍ ഇന്ന് കര്‍മ്മ വ്യാപൃതരായിക്കുന്നവര്‍ എന്തുചെയ്യും? ഇവയെല്ലാം മാറ്റങ്ങള്‍ മാത്രമാണെന്നും, ഒരവസാനിക്കലല്ല എന്നും ഈ മാറ്റങ്ങള്‍ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നു എന്നും മനസ്സിലാക്കുക. ഇവയെ മുന്‍കൂട്ടി കണ്ടറിഞ്ഞ് ഇവയ്ക്കുവേണ്ടി നമ്മെ സ്വയം സജ്ജമാക്കുകയാണ് വേണ്ടത്.

വിദ്യാര്‍ഥികളായാലും ജോലി ചെയ്യുന്നവരായാലും ഈ അവസ്ഥയിലൂടെ കടന്നുപോയേ പറ്റൂ. ഇവയെ നേരിട്ടേ പറ്റൂ. ഈ മാറ്റങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ചാള്‍സ് ഡാര്‍വിന്‍ പ്രകൃതിയെ ഉദ്ധരിച്ച് നമ്മെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തില്‍ പറയട്ടെ, പ്രകൃതിയുടെ ഈ നിയമം വ്യക്തികള്‍ക്കു മാത്രമല്ല സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനും ബാധകമാണ്.

വിദ്യാഭ്യാസം ആജീവനാന്തം

വിദ്യാഭ്യാസം ഇന്ന് ക്ലാസ് മുറികളുടെ ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങി തുടങ്ങിയിരിക്കുന്നു. അതുപോലെ വിദ്യാര്‍ഥി എന്ന പദം ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ജീവിതകാലം മുഴുവന്‍ വിദ്യാര്‍ഥിയാകേണ്ടിയിരിക്കുന്നു എന്ന നിലയില്‍ വേണം മുന്നോട്ടു പോകുവാന്‍ (Life long learning), അതിനുവേണ്ട നൈപുണ്യമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടി വിദ്യാര്‍ഥികള്‍ ആര്‍ജ്ജിക്കേണ്ട ഒരു പ്രധാന കഴിവ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പരിവര്‍ത്തനത്തിനനുസരിച്ച് മാറ്റപ്പെടേണ്ടതുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും പലതരം പരിജ്ഞാനമുള്ളവര്‍ക്കും  ജോലിയിലെ ആവശ്യകതയെ അടിസ്ഥാനമാക്കി പ്രായോഗിക പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളായി മാറണം. അതോടൊപ്പം തന്നെ 10-4 എന്ന സമയക്രമത്തില്‍ നിന്നു മാറി, വിദ്യാര്‍ഥിക്ക്, പ്രത്യേകിച്ച് ജോലി ചെയ്ത് ജീവിക്കുന്ന വിദ്യാര്‍ഥിയുടെ സൗകര്യത്തിന് അനുസരിച്ച് സൗകര്യമായ മാറ്റങ്ങള്‍ കൊണ്ടുവരണം.

ചില പ്രാഥമിക തത്വങ്ങള്‍ മാറ്റങ്ങള്‍ക്കതീതമായി നിലകൊള്ളുന്നുണ്ട്. ഇവയാണ് പ്രകൃതി നിയമങ്ങള്‍ (Natural Laws) ഗുരുത്വാകര്‍ഷണം മുതല്‍ ശരീരത്തില്‍ രക്തം പ്രവഹിക്കലും ഡി.എന്‍.എ. വിഭജനവും എല്ലാം ഈ നിയമങ്ങള്‍ക്കുള്ളില്‍ മാത്രമേ സംഭവിക്കൂ. എല്ലാ സാങ്കേതിക വിദ്യകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. ശാസ്ത്രം, ഗണിതം തുടങ്ങി മൂലസിദ്ധാന്തങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ പ്രഥമ സ്ഥാനം നല്‍കി, ഇതിലൂന്നി നൈപുണ്യങ്ങളെ വളര്‍ത്തിക്കൊണ്ടുവരണം.

വിഷയങ്ങള്‍ തമ്മിലുള്ള കര്‍ക്കശമായ അതിര്‍ത്തി ഒഴിവാക്കണം. ഒരു വിഷയം സ്‌കൂള്‍ തലത്തില്‍ ഒന്നോ രണ്ടോ വര്‍ഷം പഠിച്ചില്ല എന്നതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്ക് ഒരു പഠന മണ്ഡലം എന്നന്നേക്കുമായി കൊട്ടിയടക്കുന്ന പ്രവണതയില്‍ മാറ്റം വരണം. പ്രഗത്ഭരായ ഗണിത ശാസ്ത്രജ്ഞരാണ് ന്യൂറോ സയന്‍സില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ പലരും. അതുപോലെ പൊതുഭരണത്തില്‍ (Public Administration) ഇന്ന് കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നവരില്‍ പലരും ന്യൂറോ സയന്‍സില്‍ മുന്‍പന്തിയിലുള്ളവരുമാണ് എന്നും ഓര്‍ക്കുക. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വ്യാപകമായ അയവ് (Flexibility) കൊണ്ടുവന്നേ തീരൂ. വ്യത്യസ്ഥങ്ങളായ വിഷയങ്ങള്‍ (Multi-disciplinary) കൈക്കൊണ്ട് നൂതന മേഖലകള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇവയിലൂടെ വളരെയധികം സാധ്യതകളാണ് ഉരുത്തിരിഞ്ഞു വരുന്നത്.

അനൗദ്യോഗിക നൈപുണ്യം (Soft Skills)

ജോലി സ്ഥലത്ത് (സമൂഹത്തിലും) ജീവിക്കുവാന്‍ കഴിവ് നേടുകയോ? ഇതിന് പ്രത്യേകിച്ച് എന്തെങ്കിലും കഴിവ് നേടേണ്ടതുണ്ടോ? ഉണ്ട്. ജോലി സ്ഥലത്തെ (സമൂഹത്തിലെയും) പല പ്രശ്നങ്ങള്‍ക്കും കാരണം ഈ കഴിവുകളുടെ അഭാവമാണ്. പല സ്ഥാപനങ്ങള്‍ക്കും മുന്‍പോട്ടു പോകുവാന്‍ കഴിയാത്തതിന്റെയും എന്നന്നേക്കുമായി ചിലപ്പോള്‍ അടച്ചുപൂട്ടേണ്ടി വരുന്നതിന്റെയും ഒരു പ്രധാന കാരണം അവിടങ്ങളില്‍ ജോലി ചെയ്യുന്ന പലരുടെയും ഈ കഴിവുകളിലുള്ള പോരായ്മകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കഴിവുകള്‍ എത്രമാത്രം പ്രധാനമാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാകുമല്ലോ.

പ്രവര്‍ത്തന മണ്ഡലങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രായോഗിക നൈപുണ്യത്തോടൊപ്പം തന്നെ അനൗദ്യോഗിക നൈപുണ്യങ്ങളുടെ ആവശ്യകതയും ഉയര്‍ന്നിരിക്കുന്നു.

മനുഷ്യന്‍ ഒരു സമൂഹീവിയായതുകൊണ്ട് അവന്റെ ജീവിതകാലം മുഴുവന്‍ അവന്‍ സമൂഹത്തിന്റെ ഭാഗമായി ജീവിക്കും. ജോലി സ്ഥലത്തായാലും പൊതുഇടങ്ങളിലായാലും കുടുംബത്തിലായാലും ഈ വിദ്യാഭ്യാസം അവനെന്നും ആവശ്യമാണ്. അന്യോന്യം എങ്ങിനെ പെരുമാറണം, ആശയ വിനിമയം നടത്തണം തുടങ്ങി ദൈനംദിന ജീവിതത്തില്‍ അവനാവശ്യമുള്ളതെല്ലാം ശരിയായ രീതിയില്‍ പഠിച്ചെടുക്കണം. കടുംപിടുത്തം ഒഴിവാക്കി, കൂടെയുള്ളവരെ സഹായിച്ചും, പഠിച്ചും പഠിപ്പിച്ചും ഒത്തൊരുമയോടെ, തുറന്ന പ്രകൃതത്തോടെ മുന്നേറാനുള്ള കഴിവ് വളര്‍ത്തിയെടുക്കണം. കൃത്യങ്ങള്‍ (Task) ഏറ്റെടുക്കാനും ഒഴികഴിവുകള്‍ക്ക് സ്ഥാനം കൊടുക്കാതെ, മറ്റുള്ളവരെ അനാവശ്യമായി പഴിചാരാതെ, പ്രശ്നങ്ങള്‍ പരിഹരിച്ച് (Problem Solving Skill) സമയബന്ധിതമായി (Time Management) കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുവാനുള്ള കഴിവ്, പൗരബോധത്തോടും സുരക്ഷിതവുമായി ജോലി ചെയ്യുവാനുള്ള കഴിവ്, തുടങ്ങി പല നൈപുണ്യങ്ങളും ജോലി സ്ഥലത്ത് അത്യാവശ്യമാണ്.

അമേരിക്കയിലെ സ്റ്റാന്‍ഫോഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കാര്‍ണീജ് മെലണ്‍ ഫൗണ്ടേഷനും ചേര്‍ന്ന് ലോകത്തിലെ ഉന്നതങ്ങളായ Fortune 500 സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ പഠനത്തില്‍ സുദീര്‍ഘമായ ജോലിയുടെ വിജയത്തിന് (Long term job success) ആധാരം എഴുപത്തിയഞ്ച് ശതമാനവും സോഫ്റ്റ് സ്‌കില്‍ കൊണ്ടാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇവ വളരെ ചെറുപ്രായത്തില്‍ തുടങ്ങണം എന്നതാണ് മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യന്‍ ചെയ്യുന്ന പല ജോലികളും യന്ത്രങ്ങള്‍ ഏറ്റെടുക്കുമ്പോഴും ഈ നൈപുണ്യങ്ങളില്‍ പലതും മനുഷ്യന്റെതായി തന്നെ ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ യന്ത്രവല്‍ക്കരണത്തിനിടയിലും സ്ഥാപനങ്ങള്‍ ഇത്തരം നൈപുണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു.

കൂട്ടുകുടുംബങ്ങളില്‍ അനവധി മുതിര്‍ന്നവര്‍ക്കിടയില്‍ വളര്‍ന്ന കുട്ടികള്‍ വീടുകളില്‍ നിന്നുതന്നെ അവനറിയാതെ ഇത്തരം കുറെ കഴിവുകള്‍ പഠിച്ചെടുക്കാന്‍ തുടങ്ങുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കും ജീവിക്കുവാനുള്ള ബദ്ധപ്പാടില്‍ അച്ഛനും അമ്മയ്ക്കും മക്കളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയുമൊക്കെ വന്നപ്പോള്‍ വീടുകളില്‍ നിന്നുണ്ടായ സ്വയം പഠനത്തിനുള്ള സാധ്യതകള്‍ പലര്‍ക്കും നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ ഇവയുടെ പ്രാധാന്യം മനസ്സിലാക്കി പ്രഗത്ഭരുടെ നേതൃത്വത്തില്‍ ശ്രദ്ധയോടെ കുടുംബവുമായി ചേര്‍ന്ന് അംഗനവാടികള്‍ മുതല്‍ മേല്‍പ്പോട്ട് പടിപടിയായി ഈ നൈപുണ്യങ്ങളെ വളര്‍ത്തിക്കൊണ്ടുവരണം.

ഓണ്‍ലൈന്‍ പഠനം

ക്ലാസ് മുറികളില്‍ നിന്നല്ലാതെ ഓണ്‍ലൈന്‍ പഠനത്തിലൂടെയുള്ള വളരെയേറെ സാധ്യതകളാണ് ഇന്ന്് നമ്മുടെ മുന്നില്‍ തുറന്നിരിക്കുന്നത്. എല്ലാ സാങ്കേതിക വിദ്യകളിലും പോലെ ഇന്റര്‍നെറ്റിനും അതിന്റേതായ ദൂഷ്യവശങ്ങളുണ്ട്. റോഡപകടങ്ങളില്‍ എത്രയോ പേരുടെ ജീവന്‍ പൊലിഞ്ഞിരിക്കുന്നു. അടുക്കളയിലെ കറിക്കത്തി കൊണ്ട് എത്രയോ പേരുടെ ജീവനെടുത്തിരിക്കുന്നു. എന്നുവെച്ച് ഇവയെല്ലാം ഒരിക്കലും ഉപയോഗിക്കാതിരിക്കലല്ല അതിനുള്ള പോംവഴി. അവയുടെ പ്രയോജനങ്ങളും അഹിതങ്ങളും കൃത്യമായി പഠിച്ച് അവ സുരക്ഷിതമായി ഉപയോഗിക്കലിലാണ് നമ്മുടെ കഴിവ്.

അതുകൊണ്ടു തന്നെ വിശകലനം (Analysis) ചെയ്യാനുള്ള കഴിവ് ആര്‍ജ്ജിക്കല്‍ സ്‌കൂള്‍ പഠനത്തിന്റെ ഒരു പ്രധാന ഭാഗമാകണം. മുന്നിലേക്കെത്തുന്ന അസംഖ്യം വിവരങ്ങളില്‍ (Data) നിന്ന് ശരിയും തെറ്റും, നല്ലതും ചീത്തയും, ആവശ്യമുള്ളതും അനാവശ്യമായതും തിരഞ്ഞെടുക്കുവാനുള്ള കഴിവ് എക്കാലത്തും എല്ലാ തുറകളിലും ആവശ്യമാണ്. ജീവിതത്തില്‍ തെറ്റുകള്‍ പറ്റാതിരിക്കാനും ശരിയായ ദിശയില്‍ മുന്നോട്ടു പോകുവാനും ഈ നൈപുണ്യം അത്യാവശ്യമാണ്. വിദ്യാര്‍ഥികള്‍ (മറ്റുള്ളവരും) ചതിക്കപ്പെടാതിരിക്കാന്‍ ഈ കഴിവ് സഹായിക്കും.

ഓണ്‍ലൈന്‍ പഠനം എന്നത് കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ തുറന്നുവെച്ച് സിനിമ കാണുന്നതുപോലെയുള്ള വ്യവസ്ഥിതിയല്ല. അതിന് കൃത്യമായ പാഠ്യക്രമങ്ങളും ചട്ടക്കൂടുകളുമുണ്ട്. അവ സൂക്ഷ്മതയോടെ പിന്‍തുടര്‍ന്നു ചെയ്തില്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം ആകെ പാളിപ്പോകും. സാധ്യതകളോടൊപ്പം തന്നെ അതിന്റെതായ പ്രശ്നങ്ങളും അതിനുണ്ട്. അതുകൊണ്ട് ഓണ്‍ലൈന്‍ പഠനം തുടങ്ങുന്നതിന് മുമ്പ് അതിനായുള്ള ശ്രദ്ധാപൂര്‍വ്വമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അതിന്റെ ഓരോ ഘട്ടത്തിലും ശരിയായ രീതിയില്‍ അതിനെ വിലയിരുത്തേണ്ടതുമുണ്ട്. ഓണ്‍ലൈന്‍ പഠനം എങ്ങിനെ തുടങ്ങണം, എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണം  എന്നതെല്ലാം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി പടിപടിയായി അഭ്യസിച്ചു കൊണ്ടുവരണം.

ഓരോരുത്തര്‍ക്കും ഓരോ ഘട്ടത്തിലും ആവശ്യമായ പഠനത്തിന് സ്വന്തം മാര്‍ഗങ്ങള്‍ കണ്ടെത്തി അതിലൂടെ മുന്നോട്ടു പോകുകയാണ് ഇനിയുള്ള കാലത്ത് ആവശ്യം. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത്. പഠനത്തിന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ധാരാളം മാര്‍ഗ്ഗങ്ങളാണുള്ളത്. പരിമിതികളെ പഠനത്തിന്റെ വിഘ്നങ്ങളാക്കാന്‍ അനുവദിക്കരുത്.

അധ്യാപനത്തിലും വിദ്യാഭ്യാസ നിര്‍വ്വഹണത്തിലും കാലത്തിനൊത്ത മാറ്റങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ഓര്‍ക്കണം. യാന്ത്രികമായി ചെയ്യുന്ന ഏതു ജോലികളും യന്ത്രങ്ങള്‍ പതുക്കെപ്പതുക്കെ ഏറ്റെടുക്കും (Automation). അധ്യാപകരും വിദ്യാഭ്യാസ നിര്‍വ്വാഹകരും ശ്രദ്ധിക്കുക. യന്ത്രമനുഷ്യര്‍ (Robots) ക്ലാസ് മുറികളിലേക്ക്  എത്തിത്തുടങ്ങിയിരിക്കുന്നു.

Also Read: വിദ്യാഭ്യാസം ഇന്റര്‍നെറ്റ് യുഗത്തില്‍ -ഭാഗം 1

(സിങ്കപ്പൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലെ സോളാര്‍ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിരമിച്ച സീനിയര്‍ ഫെലോ ആണ് മേഴത്തൂര്‍ സ്വദേശിയായ ലേഖകന്‍).

Content Highlights: Education in the age of internet, Online Learning Platforms