കൊല്ലം: ബൂത്തുതലം മുതൽ സംസ്ഥാനതലം വരെയുള്ള ബി.ജെ.പി. നേതാക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള പാർട്ടി ക്ലാസ് നിർബന്ധമാക്കി. ഓൺലൈനിൽ പരീക്ഷയെഴുതി എല്ലാവരും സർട്ടിഫിക്കറ്റ് നേടണമെന്നാണ് നിർദേശം. സരൾ ആപ്പ് ,നമോ ആപ്പ് എന്നിവ വഴി നടക്കുന്ന ‘ഡിജിറ്റൽ പ്രശിക്ഷൻ അഭിയാൻ’ പരിപാടി ആരംഭിച്ചു.
നാലു വിഷയങ്ങളിലാണ് ക്ലാസ്. പാർട്ടിയുടെ ചരിത്രം, പ്രത്യയശാസ്ത്രം എന്നിവയാണ് ആദ്യം. ഓരോ വിഷയത്തിലും പരീക്ഷയുണ്ട്. ഒരു പരീക്ഷ പൂർത്തിയാക്കിയാലേ രണ്ടാം വിഷയത്തിന്റെ പാഠഭാഗം ലഭ്യമാകൂ. പാർട്ടിപ്രവർത്തകർക്കായി ബി.ജെ.പി. ഔദ്യോഗികമായി പുറത്തിറക്കിയ ഓർഗനൈസേഷൻ പ്ലാറ്റ്‌ഫോമായ സരൾ ആപ്പ്, നമോ ആപ്പ് എന്നിവ പരിചിതമാക്കുക എന്ന ലക്ഷ്യവും പരിശീലനത്തിനുണ്ട്. പാർട്ടിയുടെ താഴേത്തട്ടുമുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ കൃത്യമായി കൈമാറുന്നതിനുംവേണ്ടിയാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.
ജൂലായ് ആറു വരെയാണ് പരിശീലനം. ജില്ലാ ജനറൽ സെക്രട്ടറിമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ ജൂൺ അവസാനത്തോടെ ഡിജിറ്റൽ പ്രശിക്ഷണം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടുകയും വിവരം സംസ്ഥാനനേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുകയും വേണം. സംസ്ഥാനത്ത് ഒരു ലക്ഷം പ്രവർത്തകർക്ക് പരിശീലനം നൽകണമെന്നാണ് ടാർഗറ്റ് നൽകിയിരിക്കുന്നത്. ദേശീയനേതൃത്വം ഇക്കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കുകയാണെന്നും ജില്ലാ ഘടകങ്ങൾ കൃത്യമായി റിപ്പോർട്ട് നൽകണമെന്നും കീഴ്‌ഘടകങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
മണ്ഡലം ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഡിജിറ്റൽ പരിശീലനം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടിയെന്ന് ജില്ലാ നേതൃത്വത്തിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്. വിവിധ മോർച്ചകളുടെ മണ്ഡലതലം മുതൽ മുകളിലേക്കുള്ള നേതാക്കൾക്ക് ഡിജിറ്റൽ പരിശീലനം നിർബന്ധമാണ്. അഞ്ച് ബൂത്തുകൾ ചേരുന്ന ‘ശക്തികേന്ദ്ര’കളുടെ ഇൻചാർജുമാരും ഡിജിറ്റൽ പരിശീലനം പൂർത്തീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് ദിവസം ബൂത്തുകളിൽ ഇതേക്കുറിച്ചു വിശദീകരിക്കുകയും ബൂത്ത് ഭാരവാഹികൾക്ക് പരിശീലനം നൽകി അവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നേരിട്ടു സഹായിക്കുകയും വേണമെന്നാണ് നിർദേശം.
Content Highlights: Mandatory digital training for BJP leaders from booth to state level., Training covers party history, ideology, and organizational app usage., Certification required via Saral and NaMo apps., Target to train one lakh workers across Kerala., District leadership monitoring progress with a July 6 deadline.
Published: 28 Jun 2026, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented