വര്‍ഷം 2010 നവംബര്‍ 26, ഇറ്റലിയിലെ ഒരു മുനിസിപ്പിലിറ്റിയായ ബ്രെംബാതേ ഡേ സോപ്രയിലെ പതിമൂന്നുകാരിയായ യാരാ ഗാംബ്രിസിയോ വൈകീട്ട് 5 മണിക്ക് പതിവ് പോലെ ജിംനാസ്റ്റിക്‌സ് പരിശീലനത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുകയാണ്. വെറും 700 മീറ്റര്‍ ദൂരെയാണ് പരിശീലനകേന്ദ്രം. പഠനത്തിലും സ്‌പോര്‍ട്‌സിലും തല്‍പരയായ യാരയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ്. അതുകൊണ്ടു തന്നെ അവളുടെ ആഗ്രഹങ്ങള്‍ നിറവേറാന്‍ എത്ര ത്യാഗം സഹിക്കാനും അവര്‍ തയ്യാര്‍. ഒരു മണിക്കൂര്‍ നീണ്ട പരിശീലനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയാണ് യാരയുടെ പതിവ്. എന്നാല്‍ അന്ന് വൈകീട്ട് 7 മണി കഴിഞ്ഞിട്ടും അവളെ കാണാനില്ല. പറയുന്ന സമയത്ത് കൃത്യമായി വീട്ടില്‍ എത്തുന്ന കുട്ടിയാണ് യാര. എവിടെയെങ്കിലും കറങ്ങി നടക്കുന്ന ശീലവുമില്ല. പതിമൂന്ന് വയസ്സുമാത്രം പ്രായമേയുള്ളൂ, അതുകൊണ്ടു തന്നെ അവളെ കാണാതായപ്പോള്‍ മാതാപിതാക്കളുടെ മനസ്സില്‍ ആശങ്ക നിറഞ്ഞു. അതിനിടെ യാരയുടെ സെല്‍ഫോണില്‍ അമ്മ പലവട്ടം വിളിച്ചു നോക്കി. എന്നാല്‍, ഓരോ കോളും ചെന്നവസാനിക്കുന്നത് വോയ്​സ്  മെയിലിലേക്കാണ്. ഇതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി. സമയമൊട്ടും കളയാതെ യാരയുടെ അമ്മ, പിതാവ് ബെര്‍ഗാമോയിലെ പബ്ലിക് പ്രോസിക്യൂട്ടറിന്റെ ഓഫീസിലേക്ക് വിളിച്ചു. വര്‍ഷങ്ങളോളം പോലീസ് സേനയില്‍ സേവനമനുഷ്ഠിച്ച ലെറ്റീഷ്യ റുഗെറിയാണ് അവിടുത്തെ മജിസ്ട്രേറ്റ്. യാരയെ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് അമ്മ ലെറ്റീഷ്യയോട് തേങ്ങലോടെ അപേക്ഷിച്ചു. വലിയ കാര്‍ക്കശ്യക്കാരിയായി അറിയപ്പെട്ടിരുന്ന ലെറ്റീഷ്യ  അതിഗൗരവത്തോടെയാണ് അമ്മയുടെ ആവശ്യത്തെ നോക്കിക്കണ്ടത്. ഉടന്‍ അന്വേഷണത്തിനായി പോലീസ് സേനയെ വിന്യസിച്ചു. നാട്ടുകാരും യാരയെ പരിസരപ്രദേശങ്ങളില്‍ യാരയെ തിരയാനുള്ള ദൗത്യത്തില്‍ നാട്ടുകാരും രാപകലില്ലാതെ പോലീസിനെ അനുഗമിച്ചു. പക്ഷേ അവള്‍ക്കായുള്ള തിരച്ചില്‍ ഫലം കണ്ടതേയില്ല. ദിവസങ്ങള്‍ പിന്നിട്ടു. മാസങ്ങളും. അവളുടെ മടങ്ങിവരവിനായി കുടുംബം പ്രാര്‍ഥനയോടെ കഴിഞ്ഞു. ജീവനോടെ മകള്‍ ഒരു ദിവസം വീട്ടിലേക്ക് കയറിവരുമെന്ന് സ്വപ്നം കണ്ട ആ കുടുംബത്തെ മൂന്ന് മാസത്തിന് ശേഷം ഇടിത്തീയായി ആ വാര്‍ത്ത തേടിയെത്തി. യാരയുടെ മൃതദേഹം  ബ്രെംബാതേയില്‍ നിന്ന് പതിനൊന്നു കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ഈ സംഭവം നഗരത്തെ പിടിച്ചുകുലുക്കി. വൈകാതെ ഇറ്റലിയെയും. പില്‍കാലത്ത് രാജ്യത്തെ കൊലപാതക കേസുകളുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ അന്വേഷണമായി യാരയുടെ മരണം അറിയപ്പെട്ടു. ആ കഥ ഇങ്ങനെയാണ്. 

To advertise here,

പെണ്‍കുട്ടിയെ തേടി അന്വേഷണ സംഘം, ഫോൺ ടവര്‍ നല്‍കിയ സൂചനകള്‍

യാരയുടെ തിരോധാനത്തില്‍ ആദ്യമായി പോലീസ് ചോദ്യം ചെയ്തത് ജിംനേഷ്യത്തിലെ പരിശീലകനെയും അവിടുത്ത ജീവനക്കാരെയുമാണ്. അവള്‍ നടന്നുപോയ വഴിയിലെ കടകളിലും സ്ഥാപനങ്ങളിലും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കയറിയിറങ്ങി. കാണാതായ ദിവസം യാരയെ പലരും കണ്ടിരുന്നുവെങ്കിലും സംശയം ജനിപ്പിക്കുന്ന യാതൊന്നിനും അവര്‍ സാക്ഷികളായിരുന്നില്ല. രണ്ടു പേരോട് യാര സംസാരിക്കുന്നത് കണ്ടുവെന്ന് ഒരാള്‍ പോലീസിനോട് പറഞ്ഞു. സമയമൊട്ടു കളയാതെ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായം തേടി. ജിമ്മില്‍ യാര സൂക്ഷിച്ചിരുന്ന വസ്ത്രത്തില്‍ നിന്ന് മണം പിടിച്ചെടുത്ത നായകൾ യാരയുടെ വീട്ടിലേക്കുള്ള വഴിയുടെ എതിര്‍ദിശയിലേക്കുള്ള മാപ്പെലോ എന്ന ഗ്രാമത്തിന് സമീപത്തേക്കാണ് പാഞ്ഞത്. ഗ്രാമത്തിലേ ഒരു വിജയനമായ പ്രദേശത്ത് പോലീസ് നായകള്‍ നിന്നു. പിന്നീട് മുന്നോട്ട് പോകാന്‍ തയ്യാറായില്ല. മൊബൈലിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ കാണാതായ ദിവസം വൈകീട്ട് ആറേ മുക്കാലോട് കൂടി മാപ്പെലോയില്‍ വച്ച് യാരയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതായി കണ്ടെത്തി. മാപ്പലോയിലെ ഓരോ മുക്കും മൂലയും പരിശോധിച്ചുവെങ്കിലും അവളെ കണ്ടെത്താനായില്ല. 

പിന്നീടുള്ള ദിവസങ്ങളില്‍ യാരയുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരെയും പോലീസ് ചോദ്യം ചെയ്തു. പിതാവ് ഫല്‍വിയോ ആര്‍ക്കിടെക്റ്റായിരുന്നു. മാതാവ് മൗറ ഒരു സ്‌കൂള്‍ ടീച്ചറും. 15 വയസ്സുള്ള സഹോദരിയും 10 വയസ്സിന് താഴെയുള്ള രണ്ടു സഹോദര്‍മാരും യാരയ്ക്കുണ്ടായിരുന്നു. ആ കുടുംബത്തെക്കുറിച്ച് എല്ലാവർക്കും മികച്ച അഭിപ്രായവുമായിരുന്നു. ആ അന്വേഷണവും എവിടെയുമെത്തിയില്ല.

കേസന്വേഷണം ഉദാസീനമാകരുതെന്ന് മജിസ്ട്രേറ്റ് ലെറ്റീഷ്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായി തിരോധാനം സംഭവിച്ച ദിവസം മാപ്പെലോയിലെ ടവറിന്റെ പരിധിയിൽ വന്ന എല്ലാ കോളുകളും പരിശോധിക്കാന്‍ ലെറ്റീഷ്യ ആവശ്യപ്പെട്ടു. വളരെ ഭാരിച്ച ജോലിയായിരുന്നു അത്. ആയിരക്കണക്കിന് കോളുകളാണ് അന്ന് ആ ടവറില്‍ റിസീവ് ചെയ്തിരിക്കുന്നത്. ഏതാണ്ട് 15000 ത്തോളം വരും. അതില്‍ യാരയെ കാണാതായ സമയപരിധിയില്‍ കടന്നുപോയ നൂറോളം ഫോണുകള്‍ ടാപ്പ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറബിയിലുള്ള ഒരു സംഭാഷണം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു, ദൈവമോ ഞാന്‍ അവളെ കൊല്ലണമെന്ന് കരുതിയില്ല എന്ന് ഒരു പുരുഷന്‍ പറയുന്നതായിരുന്നു അത്. അത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മൊറാക്കന്‍ സ്വദേശിയായ മുഹമ്മദ് ഫിക്രിയാണ് ആ കോളിന്റെ ഉടമയെന്ന് പോലീസ് തിരിച്ചറിഞ്ഞു. മാപ്പെലോയില്‍ ഒരു കെട്ടിട നിര്‍മാണ തൊഴിലാളിയായി എത്തിയതായിരുന്നു ഫിക്രി. പോലീസെത്തിയപ്പോഴേക്കും ഫിക്രി മൊറാക്കോയിലേക്ക് കടല്‍മാര്‍ഗം പുറപ്പെട്ടിരുന്നു. തുടര്‍ന്ന് ഇറ്റാലിയന്‍ നേവിയുടെ സഹായത്തോടെ അയാളെ കടലില്‍ വച്ച് അറസ്റ്റ് ചെയ്തു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഫിക്രി ആവര്‍ത്തിച്ചു പറഞ്ഞു. അപ്പോഴേക്കും പ്രതി പിടിയിലായെന്ന വാര്‍ത്ത നാടൊട്ടുക്കു പരന്നു. മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കുകയും ചെയ്തു. തന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഫിക്രി ചോദിച്ചപ്പോള്‍, പോലീസ് വോയ്​സ് റെക്കോഡ് കേള്‍പ്പിച്ചു. താന്‍ പറഞ്ഞതിന്റെ അര്‍ഥം അതെല്ലെന്നും സുഹൃത്തിനെ ചീത്തവിളിച്ചതാണെന്നുമാണ് ഫിക്രി പറഞ്ഞത്. ആകെ ആശയക്കുഴപ്പത്തിലായ പോലീസ് ഒന്നിലേറെ അറബി ഭാഷാ വിദഗ്ധരെ സമീപിച്ച് ഈ ശബ്ദശകലം കേള്‍പ്പിച്ചു. ഫിക്രി പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. ഒടുവില്‍ പോലീസ് അയാളോട് മാപ്പ് പറയുകയും വിട്ടയക്കുകയും ചെയ്തു. പ്രതിയെ പിടിച്ച പോലീസിനെ പുകഴ്ത്തിയ മാധ്യമങ്ങള്‍ വളരെ പെട്ടന്ന് തന്നെ മറുകണ്ടം ചാടി. പോലീസിന്റെ അനാസ്ഥയെ കണക്കറ്റ് പരിഹസിച്ചു. ഇത്രയും കാലം ഫിക്രിയ്ക്ക് പിറകെ നടന്ന് സമയം പാഴാക്കിയ പോലീസിന് കടുത്ത നിരാശ തോന്നി. അന്വേഷണം വീണ്ടും പെരുവഴിയില്‍. 

കളിവിമാനം പറത്താന്‍ എത്തിയ മധ്യവയസ്‌ക്കൻ കണ്ട കാഴ്ച

യാരയെ കാണാതായി മൂന്ന് മാസങ്ങള്‍ തികയുകയാണ്. ഇനി സംഭവങ്ങള്‍ അരങ്ങേറുന്നത് ഷിഗ്‌നോളോ ഡേ ഇസോള എന്ന നഗരത്തിലാണ്. യാരയുടെ വീട്ടില്‍ നിന്ന് ഏതാണ്ട് 11 കിലോമീറ്ററോളം ദൂരെയാണ് ഈ നഗരം. ഇലാരിയോ സ്‌കോട്ടി എന്ന് പേരുള്ള മധ്യവയസ്‌കന്‍ താന്‍ നിര്‍മിച്ച ഒരു ടോയ് വിമാനം പറത്താനുള്ള തയ്യാറെടുപ്പിലാണ്. മറ്റുള്ളവര്‍ക്ക് ശല്യമില്ലാതിരിക്കാന്‍ വിജനമായ പ്രദേശമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. വിമാനം അല്‍പ്പം പറന്നുപൊങ്ങിയെങ്കിലും താമസിയാതെ കുറ്റിച്ചെടികളും പുല്ലുകളും നിറഞ്ഞ ഒരു സ്ഥലത്ത് വീണു. തിരികെയെടുക്കാനായി അദ്ദേഹം മുന്നോട്ടു നടക്കവെ വല്ലാതെ ചെളിപിടിച്ച തുണിക്കഷ്ണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. വിജനമായ സ്ഥലമായതിനാല്‍ ആരോ മാലിന്യം തള്ളിയതായിരിക്കാമെന്ന് മനസ്സില്‍ കരുതി. മുന്നോട്ടുനീങ്ങവെ രണ്ടു ഷൂസുകള്‍ കണ്ണിലുടക്കി. പന്തികേട് തോന്നിയപ്പോള്‍, ഷൂസിനപ്പുറം എന്താണെന്ന് സ്‌കോട്ടി സൂക്ഷിച്ചു നോക്കി. ഞെട്ടിപ്പോകുന്ന കാഴ്ചയാണ് അവിടെ അദ്ദേഹം കണ്ടത്. ചീഞ്ഞഴുകുന്ന വികൃതമായ മനുഷ്യശരീരം. ഭയന്ന് വിറച്ച സ്‌കോട്ടി വൈകാതെ പോലീസിനെ ബന്ധപ്പെട്ടു. സംഭവസ്ഥവലത്തെത്തിയ പോലീസ് പെട്ടന്ന് തന്നെ മൃതദേഹം ഏതാണ്ട് തിരിച്ചറിഞ്ഞു. മൂന്ന് മാസമായി പോലീസിനെ വലച്ച തിരോധാനം കൊലപാതകമായിരിക്കുന്നു. ബ്രെംബാതേ ഡേ സോപ്രയിലെ പതിമൂന്ന് വയസുകാരിയായ യാര എവിടെയാണെന്നതിനുള്ള ഉത്തരം ലഭിച്ചിരിക്കുന്നു. കാണാതായ സമയത്ത് യാര ധരിച്ച വസ്തം തന്നെയായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. അവള്‍ ഉപയോഗിച്ചിരുന്ന ഐപോഡും മൊബൈലിന്റെ സിംകാര്‍ഡും ബാറ്ററിയും വീടിന്റെ താക്കോലും കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു. എന്നാല്‍, മൊബൈല്‍ ഫോണ്‍ ലഭിച്ചതുമില്ല.

placeholder
Photo Credit: https://www.findagrave.com/memorial/196672607/yara-gambirasio

പ്രശസ്ത ഫോറന്‍സിക് പാത്തോളജിസ്റ്റ് പ്രൊഫസര്‍ ക്രിസ്റ്റീന കാറ്റനോയായിരുന്നു യാരയുടെ പോസ്റ്റ്മാര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. മൂര്‍ച്ചയുള്ള എന്തോ ആയുധം കൊണ്ട് യാരയുടെ നെഞ്ചിലും വയറിലും മുഖത്തും കഴുത്തിലുമായെല്ലാം പത്തോളം മുറിവുകളുണ്ടായിരുന്നു. എന്നാല്‍, ഈ മുറിവുകള്‍ക്ക് കാര്യമായ ആഴമുണ്ടായിരുന്നില്ല. കൊലപാതകിയുമായ കഠിനമായ ഒരു മല്‍പ്പിടിത്തം നടത്തിയതിന്റെ ലക്ഷണമുണ്ടായിരുന്നു. മുറിവുകള്‍ക്കൊപ്പം കഴുത്തിന് പിറകിലേറ്റ ക്ഷതവും ഹൈപോതെര്‍മിയയുമാണ് (ശരീരം ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ചൂട് നഷ്ടപ്പെടുമ്പോഴാണ് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയുണ്ടാകുന്നത്.  ശരീര താപനില കുറയുമ്പോള്‍, ഹൃദയത്തിനും നാഡീവ്യവസ്ഥയ്ക്കും മറ്റ് അവയവങ്ങള്‍ക്കും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ചികിത്സിച്ചില്ലെങ്കില്‍, ഹൈപ്പോതെര്‍മിയ നിങ്ങളുടെ ഹൃദയത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പൂര്‍ണ്ണ പരാജയത്തിനും ഒടുവില്‍ മരണത്തിനും ഇടയാക്കും) മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് വിദഗ്ധസംഘമെത്തിയത്. ബലാത്സംഗം ചെയ്യപ്പെട്ട ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ബ്രായു മരിച്ചുവെന്ന് ഉറപ്പിക്കാതെയാണ് കൊലയാളി സ്ഥലംവിട്ടത്. യാരയുടെ ചുരുട്ടിപ്പിടിച്ച കൈകള്‍ക്കിടയില്‍  ഉണങ്ങിയ പുല്ലിന്റെ ശകലങ്ങളുണ്ടായിരുന്നു. ഇഴഞ്ഞുനീങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അത് പരായജയപ്പെട്ട് മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ നിന്ന് കുമ്മായത്തിന്റെ അശംങ്ങള്‍ കണ്ടെത്തി. ശരീരത്തില്‍ ചണനൂലിന്റെ നാരുകള്‍ പിറ്റിപ്പിടിച്ചിരിക്കുന്നു. യാരയെ മറ്റെവിടെയോ വച്ച് ഉപദ്രവിച്ചതിന് ശേഷം ഇവിടെ കൊണ്ടിട്ടതായിരിക്കാമെന്ന നിഗമനത്തിലാണ് വിദഗ്ധരെത്തിയത്.  മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നിരിക്കുന്നത്, സാക്ഷികളോ പോലീസിന് സഹായകരമാകുന്ന മറ്റു ഘടകങ്ങളോ ഇല്ല. ഡി.എന്‍.എ സാമ്പിളുകള്‍ പോലെ നിര്‍ണായകമായ എന്തെങ്കിലും തെളിവുകള്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ. യാരയുടെ വസ്ത്രങ്ങളിലും മറ്റും വിശദമായി പരിശോധിച്ചു. രണ്ടു മാസം നീണ്ട ശ്രമകരമായ പരിശോധനയ്ക്ക് ശേഷം യാരയുടെ അടിവസ്ത്രത്തില്‍ ഒരു പുരുഷന്റെ ഡി.എന്‍.എ കണ്ടെത്താനായി. യാരയുടെ പ്രതിരോധത്തിന്റെ ഫലമായി കൊലപാതകിയുടെ ശരീരത്തില്‍ മുറിവേല്‍ക്കുകയും അതില്‍ നിന്ന് പൊടിഞ്ഞ രക്തക്കറയുടെ അംശങ്ങളില്‍ നിന്നുമാണ് ഡി.എന്‍.എ വേര്‍ത്തിരിക്കാനായത്. എന്നാല്‍ സര്‍ക്കാറിന്റെ ഡാറ്റബേസിലുള്ള ഡി.എന്‍.എകളൊന്നുമായും ഇത് മാച്ചായില്ല. അന്വേഷണം എവിടെയുമെത്താതെ ഇടിച്ചു നില്‍ക്കുന്ന അവസ്ഥയായി. 

ഇ​ഗ്നോട്ടോ 1 ഉം കൊലയാളിയും 

അജ്ഞാതനായ കൊലപാതകിയുടെ ഡി.എന്‍.എയ്ക്ക് ഇഗ്‌നോട്ടോ 1 എന്നാണ് അന്വേഷണസംഘം പേര് നല്‍കിയത്. അതി സങ്കീര്‍ണമായിരുന്നു മുന്നോട്ടുള്ള ഓരോ ചുവടും. ഒരു ഡിഎന്‍യും ആയിരക്കണക്കിനാളുകളും. രാജ്യത്ത് മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായ തിരോധാനവും മരണവും. യാരയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും ബന്ധുക്കളെയുമെല്ലാം വിളിച്ചു വരുത്തി ഡി.എന്‍.എ ശേഖരിച്ചു. എന്നാല്‍, ഇതൊന്നും കൊലപാതകിയിലേക്കെത്തിയില്ല.  അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ  ഡി.എന്‍.എ സാമ്പിളിനെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ ഉടമയ്ക്ക് നീല കൃഷ്ണമണിയാണെന്ന് കണ്ടെത്തി. അയാളുടെ ജനിതക സവിശേഷതകള്‍ ആല്‍പ്സ് പര്‍വതത്തിന്റെ താഴ്വരയിൽ  താമസിക്കുന്നവരുടേതിന് സമാനമായിരുന്നു. ടവർ ലൊക്കേഷനെ ആധാരമാക്കി മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ഒരു സംഘം, ഡി.എന്‍.എ അനാലിസിസിന് മറ്റൊരു സംഘം.  മജിസ്ട്രേറ്റ് ലെറ്റീഷ്യ റുഗെറിയായിരുന്നു അവയ്ക്കെല്ലാം നേതൃത്വം നല്‍കിയത്. 

നിശാക്ലബും സന്ദര്‍ശകരും

യാരയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപമാണ് സാബി മൊബിലി എന്ന നിശാക്ലബ്. ഇവിടെ സ്ഥിരമായ വന്നു പോകുന്നവര്‍ക്ക് ഈ പ്രദേശത്തെക്കുറിച്ച് അറിയാം.ഇതു മനസ്സിലാക്കിയ ലെറ്റീഷ്യ തങ്ങളുടെ അന്വേഷണം സാബി മൊബിലിയിലേക്ക് കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുന്നു.  അക്രമത്തിന് കുപ്രസിദ്ധിയുണ്ടായിരുന്ന ഒരു ക്ലബ് കൂടിയായിരുന്നു സാബി മൊബിലി. ഇവിടെ പ്രവേശനം ലഭിക്കണമെങ്കില്‍ പ്രത്യേകം അംഗത്വമെടുക്കണം. അതുകൊണ്ടു സന്ദര്‍ശകരുടെ വിവരങ്ങള്‍ തപ്പിയെടുക്കുക അത്ര ദുഷ്‌കരമായിരുന്നില്ല. തിരക്കേറിയ ദിനങ്ങളില്‍ പോലീസ് ക്ലബിന് ചുറ്റം തമ്പടിച്ചു. ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങി. അങ്ങനെയൊരു ദിവസം, അന്വേഷണ ഉദ്യോഗസ്ഥരെ തേടി ഒരു വാര്‍ത്ത തേടിവന്നു. മാസങ്ങള്‍ നീണ്ട വിശ്രമമില്ലാത്ത അന്വേഷണത്തിന് ഊര്‍ജം പകര്‍ന്നുകൊണ്ടുള്ള ആദ്യ ചുവട്.  അവര്‍ സംഘടിപ്പിച്ച ഒരു ഡി.എന്‍.എ സാമ്പിള്‍ കൊലപാതകിയുടെ ഇഗ്നോട്ടോ 1 മായി മാച്ച് ആകുന്നു.

പ്രതിയിലെത്തിയെന്ന് കരുതിയ അന്വേഷണം, ഞെട്ടിച്ച വഴിത്തിരിവ്

ഡാമിയാനോ ഗ്വെറിനോനി എന്നായിരുന്നു അയാളുടെ പേര്. കൊലപാതകിയിലെത്തി എന്നുറപ്പിച്ച അന്വേഷണ സംഘം അയാളെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ഒരു വഴിത്തിരിവുണ്ടാകുന്നത്. യാരയുടെ കൊലപാതകം നടന്ന കാലഘട്ടത്തില്‍  ഗ്വെറിനോനി ഇറ്റയിലില്‍ ഉണ്ടായിരുന്നില്ല. തെക്കന്‍ അമേരിക്കയിലായിരുന്നു. താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ ഗ്വെറിനോനി വിമാന ടിക്കറ്റ് അടക്കമുള്ള യാത്രാ വിവരങ്ങളും ചിത്രങ്ങളുമെല്ലാം അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു. 

പ്രതിയിലെത്തി എന്ന് കരുതിയ അന്വേഷണം ഇതാ വഴിമുട്ടിയിരിക്കുന്നു. പക്ഷേ ഡി.എന്‍.എ കേന്ദ്രീകരിച്ചുള്ള അന്വേഷണം പിഴയ്ക്കാന്‍ സാധ്യതയില്ല. അയാള്‍ അല്ലെങ്കില്‍ അയാളുടെ രക്തബന്ധമുള്ള ആരെങ്കിലുമായിരിക്കണം പ്രതി. അതിനായി ഗ്വെറിനോനിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വിവരം ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. കൊല്ലപ്പെട്ട യാരയുടെ കുടുംബവും ഗ്വെറിനോനിയുടെ കുടുംബവും തമ്മില്‍ ഒരു ബന്ധമുണ്ട്. ഗ്വെറിനോനിയുടെ അമ്മ അറോറ സന്നി കുറേക്കാലം യാരയുടെ കുടുംബത്തിലെ വീട്ടുജോലിക്കാരിയായിരുന്നു. യാര കുഞ്ഞായിരിക്കുന്ന കാലത്തെല്ലാം അറോറ സന്നി ആഴ്ചയിലൊരിക്കന്‍ ജോലിയ്ക്ക് വരുമായിരുന്നു. യാരയുടെ മരണശേഷം അറോറ സന്നി അവിടെ പോയിട്ടേയില്ല. ഡി.എന്‍.എ പ്രകാരം കൊലപാതകി പുരുഷന്‍ തന്നെ. എന്നിരുന്നാലും അവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറച്ചുകാലം നിരീക്ഷിച്ചു. ഫലപ്രദമായ യാതൊന്നും കണ്ടുകിട്ടാനാകാതെ വന്നപ്പോള്‍ വീണ്ടും പ്രതിസന്ധിയായി. 

'അന്വേഷണം മതി', പ്രതിഷേധങ്ങള്‍ കടുക്കുന്നു

വര്‍ഷം 2013, യാര കൊല്ലപ്പെട്ട് മൂന്ന് വര്‍ഷത്തോളമായി. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ചെലവേറിയ അന്വേഷണങ്ങളിലൊന്നായി ഈ കൊലക്കേസ് മാറുകയും ചെയ്തു. ഇത്രയും സമയവും സേനയും പണവും ഈ ഒരൊറ്റ കേസിനായ ചെലവഴിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒട്ടേറെയാളുകള്‍ ലെറ്റീഷ്യയെ വിമര്‍ശിച്ച് രംഗത്ത് വന്നു. സര്‍ക്കാരിനെ പ്രതിപക്ഷം കടന്നാക്രമിച്ചു. പ്രതിയെ കിട്ടിയില്ല എങ്കിലും കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം കടുത്തു. ലെറ്റീഷ്യയെ ഇത് മാനസികമായി ബാധിച്ചുവെങ്കിലും അന്വേഷണം വിട്ടുകളയണമെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല.

നൂറ്റാണ്ടുകള്‍ പിന്നോട്ട് നടക്കുന്നു

ഗ്വെറിനോനിയുടെ കുടുംബവേരുകളിലേക്ക് ഒരിക്കല്‍ കൂടി ആഴത്തിലിറങ്ങാന്‍ ലെറ്റീഷ്യയും സംഘവും തീരുമാനിക്കുന്നു. അയാളുടെ പൂര്‍വികരുടെയും ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെയും ഒരു വലിയ പട്ടികയുണ്ടാക്കി. ഇറ്റലിയില്‍ മാത്രമല്ല മറ്റു വിദേശരാജ്യങ്ങളിലും അവരുടെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. ഒരുപാട് ക്ഷമയും സമയവും വേണ്ടുന്ന ദൗത്യമാണിത്. ആരെയെങ്കിലും വിട്ടുപോയാല്‍ അന്വേഷണത്തിന് യാതൊരു ഫലവുമുണ്ടാകില്ല. ഓരോരുത്തരുടെയും മരണവും ജനനവും തിരഞ്ഞ് നൂറുകണക്കിന് രേഖകളിലൂടെ കടന്നുപോയി. വര്‍ഷം 1815 മുതലുള്ളവരുടെ വിവരങ്ങള്‍ ഏറെക്കുറെ സംഘടിപ്പിച്ചു. 1716 മുതലുള്ളവരുടെ രേഖകള്‍ ഭാഗികമായും കണ്ടെടുക്കാന്‍ സാധിച്ചു. 

പോസ്റ്റ്കാര്‍ഡും ഉമിനീരും

ബെര്‍ഗാമോയില്‍ നിന്ന് ഏതാണ്ട് ഒരു മണിക്കൂര്‍ യാത്രചെയ്താല്‍ ഗോര്‍ണോ എന്നൊരു ഗ്രാമത്തിലെത്തും. അവിടെയാണ് ഗ്വെറിനോനിയുടെ പൂര്‍വികര്‍ താമസിച്ചിരുന്നത്. 1600 ആളുകള്‍ മാത്രം താമസിക്കുന്ന ഒരു മലയോരഗ്രാമം. ഗ്വെറിനോനിയുടെ പിതാവിന്റെ സഹോദരന്‍ ജിസപ്പെ താമസിച്ചിരുന്നത് ഈ ഗ്രാമത്തിലാണ്. അദ്ദേഹം 1999 ല്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും അവിടെ താമസിച്ചിരുന്നു. ഗിസപ്പെയുടേതായി ആ വീട്ടില്‍ ഡ്രൈവിങ് ലൈസന്‍സും ഒരു പോസ്റ്റ്കാര്‍ഡും ശേഷിച്ചിരുന്നു. അതിലെ സ്റ്റാമ്പ് ഒട്ടിച്ചിരുന്നത് ഉമിനീരുകൊണ്ടായിരുന്നു. അത്ഭുതമെന്ന് പറയട്ടെ അതില്‍ നിന്ന് ഡി.എന്‍.എ വേര്‍ത്തിരിച്ചെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഞെട്ടിക്കുന്ന ഫലം. ജിസപ്പെയുടെ ഡി.എന്‍.എയുമായി ഇഗ്നോട്ടോ 1 ന് ജനിതക സാമ്യം. കൊലപാതകിയുടെ പിതാവ് ഗിസപ്പെ തന്നെ. ഗിസപ്പെയ്ക്ക് രണ്ടാണ്‍മക്കളും ഒരു മകളുമുണ്ട്. ആണ്‍മക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാല്‍ അവരുടെ ഡി.എന്‍.എ പരിശോധനഫലം വന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അമ്പരന്നു. ഇഗ്നോട്ടോ 1 മായി അതിന് സാമ്യമില്ല. അവര്‍ അന്വേഷിക്കുന്ന കൊലപാതകി ഇവരല്ല.

അന്വേഷണം വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക്. ഇനി ഒരേയൊരു സാധ്യത മാത്രമേ ബാക്കിയുള്ളൂ. ജിസപ്പെയ്ക്ക് വിവാഹേതരബന്ധത്തില്‍ ഒരു മകന്‍ കൂടി ഉണ്ടായിരിക്കാം. അതിന്  ജിസപ്പെയുടെ പൂര്‍വകാല ചരിത്രം ഇഴകീറി പരിശോധിക്കണം. അങ്ങനെ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ കൂടി അവര്‍ അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചുവോ എന്നൊന്നും അറിയില്ല. 1970 കളിലാണ് ഇറ്റലിയില്‍ വിവാഹമോചനം നിയമപരമായത്. പരസ്പര വിശ്വാസമില്ലെങ്കിലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് താമസിക്കുകയാണ് പതിവ്. ജിസപ്പെയും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ കാമുകിയെക്കുറിച്ചൊന്നും ഭാര്യയോട് ചോദിക്കാന്‍ സാധിക്കുമായിരുന്നില്ല. കേസന്വേഷണത്തെക്കുറിച്ച് വെളിപ്പെുത്താതെ ജീനുകളെക്കുറിച്ചുള്ള ഗവേഷണം എന്നെല്ലാം കള്ളം പറഞ്ഞതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ കറങ്ങിയിരുന്നത്. 

രഹസ്യകാമുകിയില്‍ നിന്ന് പ്രതിയിലേക്ക്

1960 കള്‍ മുതല്‍ ജിസപ്പെ സഞ്ചരിച്ച വഴികളിലൂടെ പോകാതെ നിവൃത്തിയുണ്ടായിരുന്നില്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്. ട്രക്ക് ഡ്രൈവറായിരുന്ന ഗിസപ്പെ ഒരുപാട് ദൂരം സഞ്ചരിക്കുന്ന വ്യക്തിയാണ്. സാലിസ് ടെര്‍മേ എന്ന സ്പാ സെന്ററിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അദ്ദേഹം. സ്പാ സെന്ററില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളിലൊരാളായിക്കുമോ ഗിസപ്പെയുടെ കാമുകി? അതോ പരിസരത്തുണ്ടായിരുന്ന തുണിമില്ലിലെ തൊഴിലാളികളിലൊരാളോ?  മില്ലിലെ ജീവനക്കാര്‍ സഞ്ചരിക്കുന്ന ട്രക്കിന്റെ ഡ്രൈവറായി ഗിസപ്പെ ജോലി ചെയ്തിരുന്നു. അക്കാലത്ത് ഗിസപ്പെയുടെ സുഹൃത്തുക്കളായിരുന്നവരെയും പരിചയക്കാരായിരുന്നവരെയും കണ്ടെത്തി ചോദ്യം ചെയ്താല്‍ ചിലപ്പോള്‍ ഉത്തരം ലഭിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഗിസപ്പെ സ്ത്രീ വിഷയങ്ങളില്‍ തല്‍പ്പരനായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്പാ സെന്ററിനെ കേന്ദ്രീകരിച്ചായി അന്വേഷണം. വര്‍ഷങ്ങള്‍ ഒരുപാടായെങ്കിലും പഴയ രജിസ്റ്ററുകളെല്ലാം സ്പാ സെന്ററിൽ സൂക്ഷിച്ചുവച്ചിരുന്നു. അത് പരിശോധിച്ചപ്പോള്‍ ഗിസപ്പെയുടെ പേരുണ്ട്. അതോടൊപ്പം തന്നെ അയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയുടെ വിവരങ്ങളും ലഭിച്ചു. 

placeholder
മാസിമോ ബൊസറ്റി

ലെറ്റീഷ്യയുടെ വലം കയ്യായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ മാര്‍ഷല്‍ മോസെറിനോയായിരുന്ന ഗിസപ്പെയുടെ സ്ത്രീയെ കണ്ടെത്താനുള്ള ചുമതല. ഗിസപ്പെയുടെ മുന്‍കാല സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും കണ്ടുപിടിച്ച് അന്വേഷണം ആരംഭിച്ചു. അവരില്‍ നിന്നുമാണ് എസ്തര്‍ അര്‍സഫി എന്ന സ്ത്രീയുടെ പേര് ലഭിക്കുന്നത്. ഗിസപ്പെ താമസിച്ചിരുന്ന പോണ്ടെ സെല്‍വയില്‍ തന്നെയായിരുന്നു എസ്തറിന്റെ വീട്. പത്തൊമ്പാതാമത്തെ വയസ്സില്‍ എസ്തര്‍ വിവാഹിതയായി. ഭര്‍ത്താവ് രോഗബാധിതനായതോടെ എസ്തര്‍ തുണിമില്ലില്‍ ജോലിയ്ക്ക് കയറി. അക്കാലത്താണ് ഗിസപ്പെയുമായി  എസ്തര്‍ പരിചയപ്പെടുന്നത്. ഒടുവിലത് പ്രണയമായി. എസ്തറിന്റെ ഡി.എന്‍.എ സാമ്പിള്‍ 2012 ല്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ലാബില്‍ സംഭവിച്ച പിഴവുകൊണ്ട് ഇഗ്നോട്ടോ 1 മായുള്ള സാമ്യം തിരിച്ചറിയാതെ പോയി. എസ്തറിന് അഞ്ചു മക്കളുണ്ട്. അവരെല്ലാം തന്റെ ഭര്‍ത്താവിന്റെ മക്കളാണെന്ന വ്യാജേനയാണ് എസ്തര്‍ വളര്‍ത്തിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഗിസപ്പെയുമായുള്ള ബന്ധം എസ്തര്‍ നിഷേധിച്ചു. പക്ഷേ ഡി.എന്‍.എ തെളിവായതോടെ എസ്തറിന് പിടിച്ചു നില്‍ക്കാനായില്ല. ഇരട്ടകളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് എസ്തറിന്റെ മൂത്ത മക്കള്‍. മാസിമോ ബൊസറ്റി എന്നാണ് ആണ്‍കുട്ടിയുടെ പേര്. 42 വയസ്സുള്ള മാസിമോ കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറാണ ഭാര്യയ്ക്കും  മൂന്ന് മക്കള്‍ക്കൊപ്പം മാപെലോയിലാണ് അയാള്‍ താമസിക്കുന്നത്. യാരയുടെ ഗ്രാമത്തിന് സമീപത്തായിരുന്നു അയാളുടെ വീട്. അധികം ഉയരമില്ലാത്ത നീലക്കണ്ണുകളുള്ള യുവാവായിരുന്നു. യാരയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ പ്രദേശത്ത് തന്നെയാണ് മാസിമോ ജീവിക്കുന്നത്. മാസിമോയെ അറസ്റ്റ് ചെയ്യണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. അതിനായി അയാളുടെ ഡി.എന്‍.എ ലഭിക്കണം. മാസിമോയ്ക്ക് പിന്നാലെയായി പോലീസിന്റെ രഹസ്യനീക്കം. ഒരു ദിവസം മാസിമോ കുടുംബസമേതം ട്രക്കില്‍ യാത്ര ചെയ്യുമ്പോള്‍ പോലീസ് തടഞ്ഞു നിര്‍ത്തി. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്രീത്ത് അനലൈസറില്‍ ഊതണമെന്ന് അയാളോട് പറഞ്ഞു. മാസിമോയ്ക്ക് സംശയമൊന്നും തോന്നാതെ ഡി.എന്‍.എ ലഭിക്കാനുള്ള തന്ത്രമായിരുന്നു അത്. അതില്‍ അയാള്‍ വീഴുകയും ചെയ്തു. ബ്രെത്ത് അനലൈസറില്‍ ലഭിച്ച ഡി.എന്‍.എ പരിശോധിച്ചപ്പോള്‍ നാല് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഉത്തരം ലഭിച്ചു. പോലീസിനെ കുഴക്കിയ ഇഗ്നോട്ടോ 1 മാസിമോ തന്നെ. 100 ശതമാനവും മാച്ച്. പിറ്റേ ദിവസം കെട്ടിട നിര്‍മാണ സ്ഥലത്തേക്ക് യാത്ര തിരിച്ച മാസിമോയെ പോലീസ് പിന്തുടര്‍ന്നു. മാസിമോ മുകളിലേക്ക് കയറിപ്പോകുന്നത് കണ്ടപ്പോള്‍ ആയുധധാരികളായ പോലീസ് സംഘം കെട്ടിടം വളഞ്ഞു. പോലീസിനെ കണ്ട് പരിഭ്രാന്തനായ മാസിമോ ഒരു കയര്‍മാര്‍ഗം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. പക്ഷേ യാതൊരു ഫലവുമുണ്ടായില്ല. കെട്ടിടത്തിന് താഴെ കാത്തുനിന്ന പോലീസ് അയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മാസിമോ കുറ്റം സമ്മതിച്ചില്ല. അയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ അന്വേഷണം വഴിത്തിരിച്ചു വിടാന്‍ ശ്രമിച്ചു. യാര കൊല്ലപ്പെട്ട ദിവസം അയാള്‍ ആ പ്രദേശത്ത് മാസിമോ ഉണ്ടായിരുന്നു. യാര കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ദിവസം അയാള്‍ മണിക്കൂറുകളോളം ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വച്ചിരുന്നു. അയാളുടെ ഇന്റര്‍നെറ്റ് സര്‍ച്ച് ഹിസ്റ്ററി ചികഞ്ഞപ്പോള്‍ ചെറിയ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടെത്തി.

നീണ്ട വിചാരണയ്ക്ക് ശേഷം 2016 ജൂലായില്‍ മാസിമോയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ മേല്‍ക്കോടതിയെ പ്രതി സമീപിച്ചുവെങ്കിലും അയാളുടെ ഹര്‍ജി കോടതി തള്ളി. ഡി.എന്‍.എ പുനഃപരിശോധനയ്ക്കായി 2021 ല്‍ മാസിമോ കോടതിയെ സമീപിച്ചുവെങ്കിലും അത് വിഫലമായി. കോടതി അയാളുടെ ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്.