സുല്‍ത്താന്‍ ബത്തേരി:  നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണമായത് കാലങ്ങളായുള്ള കുടുംബപ്രശ്‌നം. ഭാര്യയെയും മകനെയും വെട്ടിക്കൊന്നശേഷം ജീവനൊടുക്കിയ പുത്തന്‍പുരയ്ക്കല്‍ ഷാജു സ്ഥിരം മദ്യപാനിയാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

To advertise here,

ഏറെനാളായി ഇയാള്‍ വീട്ടില്‍ കലഹങ്ങളുണ്ടാക്കുന്നത് പതിവാണ്. ഇതേത്തുടര്‍ന്ന് ഷാജുവിനെതിരേ ഭാര്യ പരാതി നല്‍കി. ഷാജു വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവും സമ്പാദിച്ചു. ഈ വിലക്ക് നിലനില്‍ക്കെയാണ് ഷാജു വീട്ടിലെത്തി ഭാര്യയെയും മകനെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. 

ചിതലയം ആറാംമൈലിലെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അതിദാരുണമായ സംഭവമുണ്ടായത്. ആറാംമൈലിലെ പുത്തന്‍പുരയ്ക്കല്‍ ഷാജു വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യ ബിന്ദു(49) മകന്‍ ബേസില്‍(28) എന്നിവരെ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുപിന്നാലെ പ്രതി വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ കയറി വിഷം കഴിച്ച് ജീവനൊടുക്കി. 

സ്ഥിരം മദ്യപാനി, വര്‍ഷങ്ങളായി കുടുംബപ്രശ്‌നം...

സ്ഥിരം മദ്യപാനിയായ ഷാജു സുല്‍ത്താന്‍ ബത്തേരിയിലും സമീപത്തുമുള്ള വിവിധ ഹോട്ടലുകളിലാണ് നേരത്തെ ജോലിചെയ്തിരുന്നത്. അടുത്തിടെയായി പലയിടങ്ങളിലായാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. വീട്ടില്‍ ഉപദ്രവവും വഴക്കും പതിവായതിനാല്‍ ഷാജുവിനെതിരേ കുടുംബം പരാതി നല്‍കി. ഷാജു വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവും നേടി.

placeholder
വിവരമറിഞ്ഞ് ആറാംമൈലിനെ വീടിന് സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ | ഫോട്ടോ: ശ്രാവണ്‍ സിറിയക്ക്

ദിവസങ്ങള്‍ക്ക് മുന്‍പ് ഇതുസംബന്ധിച്ച് പള്ളിയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു. ഷാജു മദ്യപാനം ഉപേക്ഷിച്ചാല്‍ വീട്ടില്‍ കയറ്റാമെന്നായിരുന്നു ഭാര്യയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍, തനിക്ക് മദ്യപാനം നിര്‍ത്താനാകില്ലെന്ന് ഷാജുവും ചര്‍ച്ചയില്‍ പറഞ്ഞതായാണ് വിവരം. 

ബിന്ദുവിന്റെ ശരീരത്തില്‍ ഒന്‍പത് വെട്ട്, ഷാജു ജീവനൊടുക്കിയത് വിഷം കഴിച്ച്...

അഞ്ചുമാസം മുന്‍പായിരുന്നു ഷാജു-ബിന്ദു ദമ്പതിമാരുടെ മകളുടെ വിവാഹം. യു.കെ.യിലായിരുന്ന മകള്‍ രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലുള്ള മകള്‍ ശനിയാഴ്ച രാവിലെ അമ്മയെ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ സമീപത്തുള്ള ബന്ധുക്കളെ ഫോണില്‍ വിളിക്കുകയും വീട്ടിലെത്തി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ ബന്ധുക്കളും അയല്‍ക്കാരുമാണ് ബിന്ദുവിനെയും മകനെയും വെട്ടേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. പിന്നാലെ ഷാജുവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. 

placeholder
സംഭവം നടന്ന വീട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു | ഫോട്ടോ: ശ്രാവണ്‍ സിറിയക്ക്

ബിന്ദുവിന്റെ ശരീരത്തില്‍ ഒന്‍പത് തവണ വെട്ടേറ്റെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം. വീട്ടിലെ താഴത്തെനിലയിലായിരുന്നു മൃതദേഹം. നെഞ്ചില്‍ കുത്തേറ്റനിലയില്‍ വീട്ടിലെ ഹാളിലാണ് ബേസിലിന്റെ മൃതദേഹം കണ്ടെത്തിയത്. മുകള്‍നിലയിലെ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു ഷാജുവിനെ മരിച്ചനിലയില്‍ കണ്ടത്. വിഷം കഴിച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്. 

placeholder
Bindu, Shaju, Basil | Photo: Special Arrangement / Mathrubhumi
ബിന്ദു, ഷാജു, ബേസില്‍

കൊല്ലപ്പെട്ട ബേസില്‍ മീനങ്ങാടിയിലെ സ്വകാര്യ കോളേജിലെ ജീവനക്കാരനും സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.