സുല്‍ത്താന്‍ ബത്തേരി(വയനാട്): ചിതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. ചിതലയത്ത് താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് ഭാര്യ ബിന്ദു(49) മകന്‍ ബേസില്‍(28)  എന്നിവരെ വെട്ടിക്കൊന്നശേഷം കിടപ്പുമുറിയില്‍ കയറി ജീവനൊടുക്കിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 

To advertise here,

കുടുംബവഴക്കാണ് ഇരട്ടക്കൊലയിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കാന്‍ ഷാജുവിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി പറയുന്നു. ഈ വിലക്ക് ലംഘിച്ച് വീട്ടിലെത്തിയ ഷാജു ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. 

ഷാജു-ബിന്ദു ദമ്പതിമാരുടെ മകള്‍ യു.കെ.യിലായിരുന്നു. രണ്ടുദിവസം മുന്‍പ് നാട്ടിലെത്തിയ മകള്‍ ശനിയാഴ്ച രാവിലെ അമ്മയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ അയല്‍ക്കാരെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ബിന്ദുവിനെയും മകന്‍ ബേസിലിനെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അടച്ചിട്ട കിടപ്പുമുറിയില്‍ ഷാജുവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

ബത്തേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും അന്വേഷണവും ആരംഭിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ ടി.കെ. രമേശ് എന്നിവരും സംഭവസ്ഥലത്തെത്തി.