അഹമ്മദാബാദ്: അഹമ്മദാബാദിൽ യുവതി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. സോഫിയ (22) എന്ന ആശുപത്രി ജീവനക്കാരിയുടെ മരണത്തിനു പിന്നിൽ പിതാവും സഹോദരനുമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവം'ദുരഭിമാന' കൊലപാതകമാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

To advertise here,

ആശുപത്രി റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന സോഫിയയും ഒരു യുവാവും ചേർന്നുള്ള വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്റ പേരിലാണ് പിതാവും സഹോദരനും ചേർന്ന് സോഫിയയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മരണം റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു മാസം മുമ്പാണ് സംഭവം നടന്നത്.

ഓഗസ്റ്റ് 12 രാത്രിയിൽ, സോഫിയയുടെ പിതാവ് മൊഹമ്മദ് ഫറൂഖും സഹോദരൻ മൊഹമ്മദ് ഹാബിലും ചേർന്ന് സോഫിയയെയും കൂട്ടി വീട്ടിൽനിന്ന് പുറത്തേക്ക് പോയി. യാത്രയ്ക്കിടെ, ഗെൽജിപുര ഗ്രാമത്തിന് സമീപമുള്ള വിജനമായ മൺപാതയിൽവെച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സോഫിയയുടെ തലയിൽ ചുറ്റികകൊണ്ട് സഹോദരൻ മൂന്നുതവണ അടിച്ചു. തുടർന്ന് അച്ഛനും മകനും ചേർന്ന് ശരീരം പ്രധാന റോഡിലേക്ക് മാറ്റുകയും മറ്റൊരു വാഹനം ഇടിച്ചതാണെന്ന് വരുത്തിതീർക്കാൻ മോട്ടോർ സൈക്കിളിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.

ഗെൽജിപുര ജങ്ഷന് സമീപം അതിവേഗത്തിൽവന്ന വാഹനം തങ്ങളുടെ മോട്ടോർ സൈക്കിളിന് പിന്നിൽ ഇടിച്ചതായി ഹാബിൽ പോലീസിനെ വിളിച്ചറിയിച്ചു. സഹോദരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും തനിക്ക് നിസ്സാര പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളൂ എന്നും അയാൾ പോലീസിന് മൊഴിനൽകുകയും ചെയ്തു. സോഫിയയെ സോളാ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.

മൂന്ന് മാസം മുമ്പ് സോഫിയയും യുവാവും ചേർന്നുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമത്തിൽ വൈറലായിരുന്നു. ഇതിന്റെപേരിൽ പിതാവിനും സഹോദരനും സോഫിയയോട് അമർഷമുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. അപമാനം ഭയന്ന്, കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സോഫിയയുമായി വീട്ടിൽനിന്ന് പുറപ്പെടുന്നതിന് മുൻപ് ഹാബിൽ തന്റെ ട്രൗസറിനുള്ളിൽ ഇരുമ്പ് ചുറ്റിക ഒളിപ്പിച്ചു വെച്ചിരുന്നു. തുടർന്ന്, മുൻനിശ്ചയിച്ച പ്രകാരം ഇവർ കൊലപാതകം നടത്തുകയും അത് റോഡപകടമായി ചിത്രീകരിക്കുകയുമായിരുന്നു. നിലവിൽ പ്രതികളായ രണ്ടുപേരും പോലീസ് കസ്റ്റഡിയിലാണ്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.