സുല്‍ത്താന്‍ബത്തേരി: ഷൈബിന്‍ അഷ്റഫിനെതിരേ പോലീസില്‍ പരാതിനല്‍കിയ യുവാവിന്റെ മരണത്തിലും ദുരൂഹത. ദൊട്ടപ്പന്‍കുളം പുതിയവീട്ടില്‍ ദീപേഷ് (36) ന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ജിസ ശനിയാഴ്ച ബത്തേരി ഡിവൈ.എസ്.പി.ക്ക് പരാതിനല്‍കി.

To advertise here,

ഏഴുവര്‍ഷം മുമ്പ് ബീനാച്ചിയില്‍നടന്ന വടംവലി മത്സരത്തിനിടെയുണ്ടായ തകര്‍ക്കവുമായി ബന്ധപ്പെട്ട് ഷൈബിന്‍ അഷ്റഫിന്റെ ഗുണ്ടകള്‍ ദീപേഷിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു. ഇതിനെതിരേ ദീപേഷിന്റെ പരാതിയില്‍ ഷൈബിനെതിരേ ബത്തേരി പോലീസ് കേസെടുത്തിരുന്നു.

2020 മാര്‍ച്ച് നാലിന് വൈകുന്നേരമാണ് ദീപേഷിനെ കര്‍ണാടകയിലെ കുട്ടയിലുള്ള കാപ്പി എസ്റ്റേറ്റിലെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടിക്കുന്ന വലയില്‍ കാല്‍കുരുങ്ങി മുങ്ങിമരിച്ചുവെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, നീന്തലറിയാവുന്ന ദീപേഷ് മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ബന്ധുക്കള്‍. എസ്റ്റേറ്റിലെ കാപ്പി നനയ്ക്കുന്നതിനുള്ള ജോലിക്കായാണ് സുഹൃത്ത് പ്രസാദിനൊപ്പം ദീപേഷ് കുട്ടയിലെത്തിയത്. മരണത്തിന് ഒരാഴ്ചമുമ്പ് സുഖമില്ലാത്തതിനെ തുടര്‍ന്ന് പ്രസാദ് നാട്ടിലേക്ക് തിരിച്ചുവന്നിരുന്നു. മരിക്കുന്നതിന്റെ അന്ന് വൈകുന്നേരവും ഭാര്യയോടും സുഹൃത്തുക്കളോടും ദീപേഷ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതുകഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിലാണ് ദീപേഷിന്റെ മരണവാര്‍ത്ത അറിയിക്കുന്നത്.

എസ്റ്റേറ്റിലെ രണ്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വലിയ കുളത്തിലാണ് ദീപേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ കുളത്തില്‍ ദീപേഷ് മുമ്പ് പലതവണ നീന്തുകയും ഇറങ്ങി മീന്‍പിടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കുത്തൊഴുക്കുള്ള പുഴ നീന്തിക്കടന്നിട്ടുള്ള ദീപേഷിന് ഇത്തരത്തിലൊരു അപകടമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സഹോദരന്‍ ദിലീപ് പറയുന്നത്. കര്‍ണാടകയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടുകളൊന്നും ബന്ധുക്കള്‍ കണ്ടിട്ടില്ല. ദീപേഷിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിലാണ് കോവിഡ് വ്യാപനവും ലോക്ഡൗണുമെല്ലാമുണ്ടായത്. അന്തസ്സംസ്ഥാന യാത്രകള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ മരണത്തിന്റെ കാരണമന്വേഷിച്ച് കര്‍ണാടകയിലേക്ക് പോകാനായില്ലെന്നും ദീപേഷിന്റെ സഹോദരന്‍ പറഞ്ഞു.

ദീപേഷിന്റെ മരണസമയത്ത് തോട്ടത്തിലുണ്ടായിരുന്ന ഊമയായ കര്‍ണാടക സ്വദേശിയായ കൗമാരക്കാരനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായും ഈ മരണത്തിലും ദുരൂഹതയുണ്ടെന്നും ദീപേഷിന്റെ സുഹൃത്തുകള്‍ പറഞ്ഞു. ഷൈബിന്‍ ബ്ലൂ പ്രിന്റ് തയാറാക്കി കൊലപ്പെടുത്തിയെന്നാരോപിക്കപ്പെടുന്ന മുക്കം സ്വദേശി ഹാരിസിന്റെയും മറ്റൊരു യുവതിയുടെയും ദുരൂഹമരണം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് ദീപേഷിന്റെയും മരണമുണ്ടായതെന്നാണ് വിവരം.

വടംവലിയില്‍ തോറ്റതിന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

ബീനാച്ചിയില്‍ നടന്ന വടംവലി മത്സരത്തില്‍ ഷൈബിന്‍ അഷ്റഫ് സ്‌പോണ്‍സര്‍ ചെയ്ത ടീം മത്സരിച്ചിരുന്നു. മത്സരം കാണാനെത്തിയ ദീപേഷും സുഹൃത്തുക്കളും ഷൈബിന്റെ ടീം പരാജയപ്പെടുമെന്ന് പന്തയംവെച്ചിരുന്നു. മത്സരത്തില്‍ ഷൈബിന്റെ ടീം പരാജയപ്പെട്ടതോടെ, ദീപേഷും ഷൈബിന്റെ കൂട്ടാളികളും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് അര്‍ധരാത്രി രണ്ടു മണിയോടെയാണ് ഷൈബിന്റെ കൂട്ടാളിയും ഇപ്പോള്‍ അറസ്റ്റിലുമായ നൗഷാദ് ദീപേഷിനെ വീട്ടില്‍നിന്നും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് അമ്മ കനക പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ടും കാണാതായതോടെ റോഡിലേക്ക് ചെന്ന് നോക്കിയപ്പോള്‍ ദീപേഷിന്റെ വായില്‍ തുണിതിരുകി, വെളുത്ത കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതാണ് കനക കണ്ടത്.

പുത്തന്‍കുന്നിലെ ഷൈബിന്റെ പണിനടക്കുന്ന ആഡംബര വസതിയിലെത്തിച്ചാണ് ദീപേഷിനെ മര്‍ദിച്ചത്. ക്രൂരമര്‍ദനം സഹിക്കാനാവാതെ, മരിച്ചതുപോലെ കിടന്നപ്പോഴാണ് ഷൈബിന്റെ കൂട്ടാളികള്‍ ബീനാച്ചി എസ്റ്റേറ്റിന്റെ കാപ്പിത്തോട്ടത്തില്‍ ദീപേഷിനെ കൊണ്ടുവന്നിട്ടത്. കൈയിന്റെ എല്ല് പൊട്ടുകയും ദേഹമാസകലം പരിക്കേല്‍ക്കുകയുംചെയ്ത ദീപേഷ് കുറെനാള്‍ ചികിത്സയിലായിരുന്നു. ബത്തേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. റിട്ട. എസ്.ഐ.യടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ഈ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും കേസ് പിന്‍വലിക്കുന്നതിനായി ദീപേഷിന് അഞ്ച് ലക്ഷം രൂപ ഷൈബിന്‍ നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.

സി.പി.എം. നേതാക്കളുടെ പങ്ക് അന്വേഷിക്കണം -ബി.ജെ.പി.

സുല്‍ത്താന്‍ബത്തേരി: ഷൈബിന്‍ അഷ്റഫിന്റെയും കൂട്ടാളികളുടെയും കുറ്റകൃത്യങ്ങളില്‍ ബത്തേരിയിലെ സി.പി.എം. നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ബീനാച്ചി സ്വദേശിയായ ഒരു സി.പി.എം. നേതാവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇദ്ദേഹത്തിന്റെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദൊട്ടപ്പന്‍കുളം സ്വദേശിയായ ദീപേഷിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി സി.പി.എം. നേതാവ് ഷൈബിനില്‍നിന്ന് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതില്‍നിന്ന് അഞ്ചുലക്ഷം രൂപ മാത്രമേ ദീപേഷിന് നല്‍കിയുള്ളൂ. ദുരൂഹസാഹചര്യത്തിലുള്ള ദീപേഷിന്റെ മരണം കൊലപാതകമായിരുന്നോയെന്നും സംശയമുണ്ട്.

തെളിവെടുപ്പിനിടെ കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പില്‍നിന്നും സ്‌ഫോടകവസ്തു കണ്ടെടുത്തയുടന്‍, പോലീസുമായി ബന്ധപ്പെട്ടത് സി.പി.എം. നേതാവാണ്. കാരക്കണ്ടിയിലെ സ്‌ഫോടനത്തില്‍ മൂന്നുകുട്ടികള്‍ കൊല്ലപ്പെട്ടതിലും ദുരൂഹതയുണ്ട്.

ഈ വിഷയങ്ങളില്‍ പോലീസ് സുതാര്യമായി അന്വേഷണം നടത്തണം. പ്രസിഡന്റ് എ.എസ്. കവിത, ജനറല്‍ സെക്രട്ടറി എം.എന്‍. ലിലില്‍കുമാര്‍, കെ.എന്‍. സജികുമാര്‍, എം.പി. ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.

സി.പി.എമ്മിന്റെ കള്ളപ്രചാരണം ജാള്യം മറയ്ക്കാന്‍ -മുസ്‌ലിംലീഗ്

സുല്‍ത്താന്‍ബത്തേരി: നിലമ്പൂര്‍ കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്‌റഫിന് മുസ്‌ലിംലീഗുമായി ബന്ധമുണ്ടെന്നാരോപിച്ച് സി.പി.എം. കള്ളപ്രചാരണങ്ങള്‍ നടത്തുന്നത് ജാള്യം മറയ്ക്കാനാണെന്ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി. സി.പി.എം. പ്രവര്‍ത്തകര്‍ പ്രതികളായ പശ്ചാത്തലത്തിലാണ് ഈ പ്രചാരണം.

2014-ലാണ് യുവ ഡോക്ടറേറ്റ് ജേതാവും പ്രവാസിവ്യവസായിയുമായ ഷൈബിന്‍ അഷ്‌റഫിനെ പ്രവാസിലീഗ് ഉപഹാരം നല്‍കി ആദരിച്ചത്. എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പുനടന്ന പരിപാടിയുടെ ഫോട്ടോയെടുത്ത് ഇപ്പോള്‍ കള്ളക്കഥകള്‍ മെനയാന്‍ ശ്രമിക്കുകയാണ്. അന്ന് ഒരു ക്രിമിനല്‍പശ്ചാത്തലവും ഷൈബിന്‍ അഷ്‌റഫില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പുനടന്ന കൊലപാതകവുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ നല്‍കി സ്വയംപരിഹാസ്യരാവുകയാണ് സി.പി.എം. കവര്‍ച്ചക്കേസിലെയും കൊലക്കേസിലെയും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കേസിലും പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണ്. ഇവരെ സംരക്ഷിക്കാനും ജാമ്യമെടുക്കാനും ഓടിനടക്കുന്നത് സി.പി.എം. നേതാക്കളാണ്. കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് ജനം തിരിച്ചറിയുമെന്നും ജനറല്‍ സെക്രട്ടറി കണ്ണിയന്‍ അഹമ്മദ് കുട്ടി പറഞ്ഞു.