അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പ്രതിയുടെ ഗ്രാമത്തിൽതന്നെയുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പശ്ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽനിന്നാണ് അവിടുത്തെ പോലീസിന്റെ സഹായത്തോടെ എസ്.ഐ. ഹർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

To advertise here,

കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നാണ് പ്രതി പോലിസിൽ മൊഴി നൽകിയിട്ടുള്ളത്. രണ്ടുമാസം മുമ്പാണ് ഇവരെ പരിചയപ്പെട്ടതെന്നാണ് ഇയാൾ പറയുന്നത്. പ്രവോദ് ദാസും പ്രോണിതയും പരിചയത്തിലായിരുന്നു. ഈ പരിചയംവെച്ചാണ് അട്ടപ്പാടിയിലേക്ക് പ്രതിയുടെകൂടെ ജോലിക്കായി പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞ് യാത്രതിരിച്ചതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യംചെയ്തതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരുത്താനാവൂ എന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് അട്ടപ്പാടി പുതൂർഭാഗത്ത് ഭവാനിപ്പുഴയിലെ ചീരക്കടവിൽ മൂന്ന്‌ ചാക്കിലായി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. യന്ത്രവാളുപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കൂടാതെ യുവതിയുടെ തലയിൽ വെട്ടേറ്റിട്ടുമുണ്ടായിരുന്നു.