2007 ജൂലായ് 20-ന് പുലർച്ചെ 5.15-ഓടെയാണ് വീട്ടിലെ ദിവാൻ കോട്ടിനുള്ളിൽ മകളുടെ മൃതദേഹം അമ്മ ​കൽപ്പന ​ഗവാരെ കാണുന്നത്. രണ്ട് കൈകളും പിന്നിൽ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ സ്വന്തം മകളെ കണ്ട ആ അമ്മ അലറിവിളിച്ചു. 12 മണിക്കൂറായി കാണാതായ മകളെ ഈ വിധത്തിൽ കാണേണ്ടി വരുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല. 

To advertise here,

സ്നേഹൽ ​ഗവാരെ. ഈ പേര് മുംബൈ ന​ഗരത്തിലെ പ്രധാന തലക്കെട്ടാകുന്നത് അങ്ങിനെയാണ്. പുറത്തുനിന്ന് കാണുമ്പോൾ പ്രശ്നങ്ങളോ കലഹമോ ഇല്ലാത്ത ഒരു സാധാരണ മധ്യവർഗ ഇന്ത്യൻ കുടുംബത്തിൽ നിന്ന് പെട്ടെന്നൊരുനാൾ മാഞ്ഞുപോയ 21-കാരി. അവളുടെ കൊലപാതകത്തിന് പിന്നിൽ ആരാണെന്നോ എന്തായിരുന്നു ആ കൊലയാളിയുടെ ലക്ഷ്യമെന്നോ കണ്ടെത്താൻ ഇന്നും മുംബൈ പോലീസിന് കഴിഞ്ഞിട്ടില്ല. കൃത്യമായി പറഞ്ഞാൽ, 17 വർഷത്തിനുശേഷവും ഈ അരുംകൊലയുടെ ചുരുളഴിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. 

21-കാരിയായ സ്നേഹലിനെ ശ്വാസംമുട്ടിച്ചു കൊന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന്, പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, അവിടെ നിന്ന് ഇങ്ങോട്ടേയ്ക്ക് പുത്തൻ സൂചനകൾ ലഭിക്കാതെ ഉദ്യോ​ഗസ്ഥർ ഇന്നും കുഴയുന്നു. 

മുംബൈ അന്ധേരിയിലെ സർദാർ വല്ലഭായ് പട്ടേൽ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ബി.ടെക് വിദ്യാർഥിനിയായിരുന്നു സ്നേഹൽ. സ്നേഹലിന്റെ മാതാപിതാക്കൾ മുതൽ കാമുകൻ ഹിരേൺ റാത്തോഡ് വരെയുള്ളവരെ പോലീസ് അന്ന് ചോദ്യം ചെയ്തു. ഒരാളേയും മാറ്റിനിർത്താതെ, ഏതെങ്കിലും വിധത്തിൽ യുവതിയുമായി ബന്ധമുള്ളവരെയെല്ലാം പോലീസ് സംശയത്തിന്റെ നിഴലിൽ നിർത്തി. ഫോൺകോളുകളും ഹാജർ രേഖകളും പരിശോധിച്ചു. എന്നാൽ, ഇവയൊന്നും കൊലയാളിയിലേക്കെത്തുന്നതിന് ആവശ്യമായ സൂചനകൾ പോലീസിന് നൽകിയില്ല.

ഒരുസമയത്ത്, കേസ് അവസാനിപ്പിക്കാനുള്ള ശ്രമവും പോലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായി. എന്നാൽ, അന്വേഷണം തൃപ്തികരമല്ലെന്നും കൂടുതൽ സാധ്യതകളുണ്ടെന്നുമായിരുന്നു വിഷയത്തിൽ കോടതി സ്വീകരിച്ച് നിലപാട്. ഇതോടെ, കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ തന്നെ പോലീസ് നിർബന്ധിതരായി. അങ്ങനെ, സ്നേഹലിനെ കെട്ടിയിട്ട്, വായ മൂടിക്കെട്ടി, പട്ടാപ്പകൽ സ്വന്തം വീട്ടിൽ വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം ബെഡിനുള്ളിൽ തള്ളിയ ആ കൊലയാളിക്കായുള്ള തിരച്ചിൽ പോലീസ് ഇപ്പോഴും തുടരുന്നു. 

ആരായിരുന്നു സ്നേഹൽ

ഡോംബിവേലിയിലെ നിനാദ് ഹൗസിങ് സൊസൈറ്റിയിലായിരുന്നു ​ഗവാരെ കുടുംബം താമസിച്ചിരുന്നത്. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. കോ-ഓപ്പറേറ്റിവ് ബാങ്കിൽ അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്ന സ്നേഹലിന്റെ അച്ഛൻ ഹിന്ദുറാവു ​ഗവാരെ. അധ്യാപികയായിരുന്ന അമ്മ കൽപ്പന ​ഗവാരെ. മൂത്ത സഹോദരി ശീതൾ അന്ന് ലണ്ടനിൽ പഠിക്കുകയാണ്.  

2007 ജൂലായ് 19-ന് മറ്റേതൊരു ദിവസത്തേയും പോലെ ജോലിക്ക് പോയതായിരുന്നു ഹിന്ദുറാവു ​ഗവാരെ. വൈകീട്ട് ഏഴോടെ അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു. എന്നാൽ, അത്രനാൾ സമാധാനം കെട്ടുപോകാനുതകുന്നതെന്തോ അന്നാ വീട്ടിൽ സംഭവിച്ചിരിക്കുന്നുവെന്ന് അപ്പോഴും ആ മനുഷ്യൻ തിരിച്ചറിയുന്നില്ല. തന്റെ ലോകം കീഴ്മേൽ മറിയാൻപോകുന്ന കാളരാത്രിയായിരിക്കുമതെന്നും അദ്ദേഹം മനസ്സിലാക്കിയില്ല. 

ജോലികഴിഞ്ഞ് വീട്ടിലെത്തിയ കൽപ്പന തന്റെ മകൾ വീട്ടിലില്ലാത്തത് ശ്രദ്ധിച്ചിരുന്നു. എന്നാൽ, അവളുടെ ചെരുപ്പുകൾ അവിടെയുണ്ടായിരുന്നു. ഹാളിൽ ഒരു ​ഗ്ലാസ് വെള്ളവുമുണ്ടായിരുന്നു. അതേ ദിവസം വൈകീട്ട് 3.28-ഓടെ സ്നേഹലിൽ നിന്ന് ഒരു ബ്ലാങ്ക് സന്ദേശം ലഭിച്ചതായും കൽപ്പന അന്ന് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ മെസേജ് കൂടി കണ്ടതോടെ തന്റെ മകൾക്കെന്തോ അപായം സംഭവിച്ചിരിക്കുന്നുവെന്ന് കൽപ്പന ഭയന്നു. ഹിന്ദുറാവു ജോലികഴിഞ്ഞ് തിരിച്ചെത്തിയതോടെ മാതാപിതാക്കൾ രണ്ട് പേരും ചേർന്ന് മകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. എത്ര തിരഞ്ഞിട്ടും ഇവർക്ക് സ്നേഹലിനെ കണ്ടെത്താനായില്ല. മകളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. 

രാത്രി 10.35-ഓടെയാണ് ഹിന്ദുറാവുവും കൽപനയും ഡോംബിവേലി പോലീസ് സ്റ്റേഷനിൽ തന്റെ മകളെ കാണാനില്ലെന്ന പരാതി സമർപ്പിക്കുന്നത്. ഉടൻ തന്നെ പോലീസ് ആവശ്യമായ നടപടിക്രമങ്ങളും സ്വീകരിച്ചു. ഒടുവിൽ, ക്ഷീണിച്ച് അവശരായി പുലർച്ചെ രണ്ടോടെയാണ് ആ മാതാപിതാക്കൾ തിരികെ വീട്ടിലേക്കെത്തുന്നത്. സ്കൂളിലെ മറ്റ് അധ്യാപകർക്കൊപ്പം, സ്വന്തം മുറിയിലായിരുന്നു കൽപ്പന. ഹിന്ദുറാവു ആകട്ടെ, സുഹൃത്തുക്കൾക്കൊപ്പം ഹാളിലും. 

പുലർച്ചെ 5.15-ന് ഒരു നിലവിളി കേട്ടാണ് പാതി ഉറക്കത്തിലായിരുന്ന ഹിന്ദുറാവു ഞെട്ടി എഴുന്നേൽക്കുന്നത്. സ്വന്തം മകളുടെ പാദം ദിവാൻ ബെഡിന് സമീപം കണ്ട ഒരമ്മയുടെ നിലവിളി ആയിരുന്നു അത്. ഹിന്ദുറാവുവും സുഹൃത്തുക്കളും ചേർന്ന് ആ ബെഡ് പൂർണമായി നീക്കിയപ്പോൾ കണ്ടത് അന്നോളമുള്ള അവരുടെ ജീവിതത്തിലെ ഏറ്റവും നീറുന്ന കാഴ്ചയായിരുന്നു. സ്വന്തം മകൾ സ്നേഹൽ ​ഗവാരെയുടെ മൃതദേഹം. 

അത്ര സന്തുഷ്ടമായിരുന്നോ ആ കുടുംബം

സ്നേഹലിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം 2007 ഓ​ഗസ്റ്റ് രണ്ടിന് മൻസൂഖ് ശിവജി പാട്ടീൽ എന്നയാളിൽ നിന്ന് പോലീസ് യുവതിയുടെ ഫോൺ കണ്ടെടുത്തു. മുംബൈയിലെ കാണ്ടിവാലിയിലെ ഒരു സ്റ്റേഷണറി ഷോപ്പ് ഉടമയായിരുന്നു മൻസൂഖ്. ജൂലായ് 31-ന് സ്നേഹൽ നേരിട്ടെത്തി 3,500 രൂപയ്ക്ക് ഈ ഫോൺ തനിക്ക് വിറ്റതായാണ് മൻസൂഖ് പോലീസിനോട് പറഞ്ഞത്. എന്നാൽ, മൻസൂഖിനെ യാതൊരു മുൻപരിചയവും തങ്ങൾക്കില്ലെന്ന് സ്നേഹലിന്റെ മാതാപിതാക്കൾ അന്നുതന്നെ പോലീസിനോട് വ്യക്തമാക്കിയിരുന്നു. 

എന്നാൽ, കൂടുതൽ അടുത്ത് അറി‍ഞ്ഞതോടെ ​ഗവാരെ കുടുംബത്തിന്റെ കൃത്യമായ ചിത്രം പോലീസിന് മുന്നിൽ തെളിഞ്ഞുവന്നു. വിചാരിച്ച പോലെ അത്ര സന്തുഷ്ടമാണോ ​കുടുംബത്തിനുള്ളിലെ കാര്യങ്ങൾ എന്നതിൽ പോലീസിന് സംശയമുയർന്നു. അതിനിടെയാണ്, പിതാവ് മർദിച്ചുവെന്ന് ആരോപിച്ച് സ്നേഹലിന്റെ സഹോദരി ശീതൾ മുമ്പ് സമർപ്പിച്ച പരാതി വീണ്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കൂടാതെ, ബന്ധുവായ അനിൽ ജാവലേക്കറുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും സംശയിച്ചിരുന്ന ഹിന്ദുറാവുവിന്റെ കുടുംബബന്ധം ഏറെക്കുറേ മോശമായ സ്ഥിതിയിലായിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞു. അമ്മയും രണ്ട് മക്കളും ഒറ്റക്കെട്ടായി നിൽക്കുന്നതിലും ഇയാൾ അസ്വസ്ഥനായിരുന്നു. 

ആ രജിസ്റ്ററിന് പിന്നിൽ?

ഓ​ഗസ്റ്റ് 2005-ലാണ് താൻ സ്നേഹലുമായി അടുപ്പത്തിലാകുന്നത് എന്നാണ് പോലീസിന് മുന്നിൽ ഹിരേൺ റാത്തോഡ് നൽകിയ മൊഴിയിൽ പറയുന്നത്. സ്നേഹൽ കോളേജിൽ പ്രവേശനം നേടുമ്പോൾ അതേ കോളേജിൽ രണ്ടാംവർഷ വിദ്യാർഥിയാണ് ഇയാൾ. സ്നേഹലിന്റെ വീട്ടിൽ താൻ  ഇടയ്ക്കിടെ വരാറുണ്ടെന്നും അവരുടെ ബന്ധത്തെക്കുറിച്ച് യുവതിയുടെ അമ്മയ്ക്ക് നല്ല ബോധ്യമുണ്ടെന്നും അന്ന് റാത്തോഡ് പോലീസിനോട് പറഞ്ഞു. 

placeholder
പ്രതീകാത്മക ചിത്രം | Photo: UNI

സ്നേഹലിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഒരു പാർട്ടിക്ക് പോയതുമായി ബന്ധപ്പെട്ട നിസ്സാര വിഷയത്തിലാണ് ഇരുവരും വഴക്കുണ്ടാകുന്നത്. പിന്നീടുള്ള ഒരാഴ്ച ജോലിത്തിരക്ക് കാരണം തമ്മിൽ കാണാനായിരുന്നില്ല. സ്നേഹൽ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സ്വന്തം ഫോൺ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നൊരു വിചിത്രവാദവും ഇയാൾ അന്ന് പോലീസിന് മുന്നിൽ വെച്ചു. സ്നേഹലിനെ കാണാനാകുന്ന ദിവസവും ബാറ്ററി ശരിയായി പ്രവർത്തിക്കാത്തതിനാൽ ഫോൺ ഓഫായിരുന്നു. രാത്രി തിരികെ വീട്ടിലെത്തിയപ്പോൾ മാത്രമാണ് സ്നേഹലിനെ കാണാനില്ലെന്ന വിവരം താൻ അറിയുന്നതെന്നും ഇയാൾ പോലീസിന് മുന്നിൽ മൊഴി നൽകി. 

2007 ജൂലായ് മുതൽ 2008 ജൂലായ് വരെ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ മാനേജ്‌മെന്റ് ട്രെയിനിയായിരുന്നു റാത്തോഡ്. സംഭവദിവസം രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ താൻ ഓഫീസിലായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, ആ പ്രത്യേക തീയതിയിലെ ഹാജർ രജിസ്റ്റർ മാത്രം പോലീസ് ഉദ്യോ​ഗസ്ഥർക്ക് ഒരിക്കലും വീണ്ടെടുക്കാൻ സാധിച്ചില്ല. ഇതോടെ, ഈ മൊഴി സ്ഥിരീകരിക്കാനുള്ള വഴിയും പോലീസിന് മുന്നിൽ അടഞ്ഞു. അല്ലെങ്കിൽ ആരോ അത് മനഃപൂർവം മാറ്റിയിരിക്കണം. ശേഷം, 2008 ജൂലായ് 30-നാണ് ഹിരേൺ റാത്തോഡ് ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യം വിടുന്നത്. 

തുടർന്ന്, ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം ഓ​ഗസ്റ്റ് 2008-ലാണ് ഉന്നതവിദ്യാഭ്യാസത്തിനായി പൂർത്തിയാക്കാൻ റാത്തോഡ് യു.എസ്സിലേക്ക് പറക്കുന്നത്. ശേഷം, പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തിരിച്ചെത്തിയപ്പോൾ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നുമുണ്ട്. എന്നാൽ, റാത്തോഡിനെതിരേ മതിയായ തെളിവുകളോ സാക്ഷിമൊഴികളോ ഒന്നും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല.

ചോദ്യം ഹിരേൺ റാത്തോഡിനുനേരെ

2007-നും 2008-നും ഇടയിലായി ഹിരേൺ റാത്തോഡ്, ഹിന്ദുറാവു ഗവാരെ, കൽപ്പന ഗവാരെ, അനിൽ ജാവലേക്കർ എന്നീ നാലുപേരെ വിവിധ ശാസ്ത്രീയ പരിശോധനകൾക്ക് പോലീസ് വിധേയമാക്കിയിരുന്നു. ബ്രെയിൻ ഫിംഗർപ്രിന്റിങ് എന്നറിയപ്പെടുന്ന ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് (BEOSP) ടെസ്റ്റിനും റാത്തോഡിനെ പോലീസ് വിധേയമാക്കി. ഒരു കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്കാളിത്തം നിർണയിക്കുക എന്ന ലക്ഷ്യമായിരുന്നു അന്ന് പോലീസിനുണ്ടായിരുന്നത്. 

സ്നേഹലും റാത്തോഡുമായി പല സമയങ്ങളിൽ തർക്കമുണ്ടായതായി ഇതോടെ പോലീസിന് മനസ്സിലാകുന്നു. സ്നേഹലിന് തന്റെ കാമുകനെ സംശയമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ തിരിച്ചറിയുന്നു. ബന്ധത്തിൽ ആധിപത്യം പുലർത്താനുള്ള സ്നേഹലിന്റെ ശ്രമവും തന്നെ നിരീക്ഷിക്കാൻ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടതുമെല്ലാം റാത്തോഡിനെ ചൊടിപ്പിച്ചിരുന്നു. 

ഇവയ്ക്കെല്ലാം പുറമേ സ്നേഹലിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോ, അവൾ ആക്രമിക്കപ്പെടുമ്പോൾ സ്ഥലത്തുണ്ടായിരുന്നോ, ആരാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നീ ചോദ്യങ്ങൾക്കൊന്നും വ്യക്തമായൊരു മറുപടി ഹിരേൺ റാത്തോഡിൽ നിന്ന് പോലീസിന് ലഭിക്കുന്നില്ല. അന്നത്തെ പരിശോധനയിൽ നിന്ന് സ്നേഹലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്തോ ചില കാര്യങ്ങൾ റാത്തോഡിന് അറിയാമെന്ന നി​ഗമനത്തിലായിരുന്നു പോലീസ്. 

അതേസമയം, മറ്റുള്ളവർക്കാർക്കും സ്നേഹലിന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും പോലീസ് വ്യക്തമാക്കി. കൽപ്പനയും ജാവലേക്കറും കൃത്യമായി ഇല്ല എന്നുതന്നെയാണ് മറുപടി നൽകിയത്. ഹിന്ദുറാവുവിന്റെ പ്രതികരണങ്ങളിൽ ചില വ്യക്തതക്കുറവുണ്ടായിരുന്നെങ്കിലും കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്കില്ലെന്ന് തന്നെ പോലീസ് ഉറച്ചുവിശ്വസിച്ചു. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും ഈ അവസരത്തിൽ തുറന്നുകാട്ടപ്പെട്ടു. സ്നേഹലിന്റെ കൊലപാതകം നടക്കുന്ന നാളുകളിൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. 

ആദ്യ അറസ്റ്റ്

മുകളിൽ പറഞ്ഞതുപോലെ പിതാവിന്റെ സംസ്കാരച്ചടങ്ങുകൾക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു റാത്തോഡിനെ പോലീസ് വലയിലാക്കുന്നത്. 2010 ഏപ്രിൽ 20-ന് അറസ്റ്റിലായ റാത്തോഡിനെ ഏപ്രിൽ 27 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നീട് കാര്യങ്ങൾ നുണപരിശോധനയിലേക്കെത്തി. മേയ് നാലിന് ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതി കോടതിയും നൽകി. എന്നാൽ, പരിശോധന നടക്കുന്നതിന് തൊട്ടുമുമ്പ് റാത്തോഡ് തനിക്ക് ഇത്തരമൊരു പരിശോധനയ്ക്ക് വിധേയനാകാൻ സമ്മതമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ അപേക്ഷ സമർപ്പിച്ചതോടെ പോലീസിന്റെ ആ പദ്ധതി പൊളിഞ്ഞു. 

അന്വേഷണം വീണ്ടും മുന്നോട്ട് പോയി. റാത്തോഡിനേയും സുഹൃത്തുക്കളേയും മുതൽ ഇയാളുടെ തൊഴിലുടമയേയും കുടുംബാം​ഗങ്ങളേയും വരെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ, തെളിവിലേക്കുള്ള വഴി മാത്രം പോലീസിന് മുന്നിൽ അടഞ്ഞുകിടന്നു. ഒടുവിൽ, മാസങ്ങൾക്ക് ശേഷം അന്വേഷണ ഉദ്യോ​ഗസ്ഥർ തന്നെ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വിട്ടയക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഒരിക്കൽക്കൂടി അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന നിലപാട് കോടതി അറിയിച്ചതോടെ പോലീസ് വീണ്ടും വെട്ടിലായി. 

കോടതിയുടെ നിർദേശപ്രകാരം വീണ്ടും വിഷയം അന്വേഷിച്ചെങ്കിലും അപ്രതീക്ഷിതമായതൊന്നും ഉദ്യോ​ഗസ്ഥർക്ക് ലഭിച്ചില്ല. തുടർന്ന്, 2014 മാർച്ചിൽ നേരത്തെ ആവശ്യപ്പെട്ട അതേ കാര്യവുമായി പോലീസ് വീണ്ടും കോടതിക്ക് മുന്നിലെത്തി. തങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും 2007 ജൂലായിലെ ഹാജർ രജിസ്റ്റർ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഈ റിപ്പോർട്ടിൽ പോലീസ് പറയുന്നു. കൊലപാതകം നടന്നുവെന്ന് കരുതുന്ന സമയത്ത് റാത്തോഡ് തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ മൂന്ന് സഹപ്രവർത്തകരുടെ മൊഴിയും പോലീസ് ഇതോടൊപ്പം ചേർത്തു. കൃത്യമായി പറഞ്ഞാൽ റാത്തോഡിനെ വിട്ടയക്കണമെന്ന ആവശ്യം പോലീസ് വീണ്ടും ആവർത്തിച്ചു. 

രണ്ടാമത്തെ അപേക്ഷ പരി​ഗണിക്കുമ്പോൾ സ്നേഹലിന്റെ പിതാവിന്റെ ഭാ​ഗം കേൾക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. മകൾ കൊല്ലപ്പെട്ട് ഏഴ് വർഷം കഴിഞ്ഞ നാളിലും യഥാർഥ കുറ്റവാളി ആരാണെന്ന് അറിയണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എന്നാൽ, ഹാജർ രജിസ്റ്റർ വീണ്ടെടുക്കാത്തത് പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നുവെന്ന് നിലപാട് കോടതി വ്യക്തമാക്കിയതോടെ കാര്യങ്ങൾ വീണ്ടും പോലീസ് പരുങ്ങലിലായി. BEOSP പരിശോധനാ റിപ്പോർട്ട് ഫലവും കോടതി ഈ അഭിപ്രായം പറയുന്നതിന് മുമ്പ് പരി​ഗണിച്ചിരുന്നു. 

ന്വേഷണം അവസാനിപ്പിക്കണമെന്ന് പോലീസും ആരോപണവിധേയനായ റാത്തോഡിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് കോടതിയും വ്യക്തമാക്കിയ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് കോടതി പറഞ്ഞെങ്കിലും ആ സാധ്യതകളിലേക്കെത്താൻ 17 വർഷങ്ങൾക്കിപ്പുറവും പോലീസിന് സാധിച്ചിട്ടുമില്ല. കൊലയാളിക്ക് പുറകേയുള്ള ഓട്ടത്തിലാണ് ഇപ്പോഴും പോലീസ്. തന്റെ മകളെ കൊന്നതാരെന്നോ എന്തിനെന്നോ അറിയാതെ തീരാവേദനയായോടെ സ്നേഹലിന്റെ മാതാപിതാക്കളും..