
'നിങ്ങള്‍ ഒരു പിശാചായിരുന്നു. ചിലപ്പോള്‍ ഒരു ഡോക്ടറെ പോലെ വെളുത്ത കോട്ട് ധരിച്ച് മുന്നിലെത്തുന്ന ചെകുത്താൻ..' കോടതി മുറിയില്‍വെച്ച് വിചാരണയുടെ അവസാനം പ്രോസിക്യൂട്ടര്‍ ആ പ്രതിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ശസ്ത്രക്രിയയുടെ മയക്കത്തിന്റെ മറവില്‍ നൂറുകണക്കിന് കുട്ടികളെ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയ ആ ഡോക്ടറെ കുറിച്ച് പറയാന്‍ മറ്റൊരു വിശേഷണവും സ്‌റ്റെഫാന്‍ കെല്ലന്‍ബര്‍ഗ് എന്ന പ്രോസിക്യൂട്ടർക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍. ഫ്രാന്‍സിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് കുപ്രസിദ്ധിയാര്‍ജിച്ച, രോഗികളായി അടുത്തെത്തുന്ന കുട്ടികളെവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴാണ് ജോയല്‍ ലെ സ്‌കൗര്‍നെക് എന്ന 74 വയസ്സുകാരനായ കുറ്റവാളിയും അയാളുടെ കഥകളും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ആരാണ് ജോയല്‍ ലെ സ്‌കൗര്‍നെക്?
1989 മുതല്‍ 2014 വരെ 158 ആണ്‍കുട്ടികളേയും 141 പെണ്‍കുട്ടികളേയും പീഡിപ്പിച്ചുവെന്ന കേസിലാണ് 74 വയസ്സുകാരനായ ജോയലിനെ തടവുശിക്ഷയിലെത്തിച്ചത്. 299 പേരെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ജോയല്‍ തന്നെയാണ് ഇക്കഴിഞ്ഞ കുറ്റസമ്മതം നടത്തിയത്. ലൈംഗിക പീഡനക്കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോയലിന്റെ വിചാരണ ആരംഭിച്ചത്. 2017ലാണ് ജോയല്‍ വാര്‍ത്തകളിലും ഫ്രഞ്ച് പോലീസ് സംവിധാനത്തിന്റേയും ശ്രദ്ധയില്‍പ്പെടുന്നത്. അയല്‍പക്കത്ത് താമസിക്കുന്ന, നരച്ച മുടികളുള്ള ഒരാള്‍ തനിക്ക് നേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും പൂന്തോട്ടത്തിന്റെ വേലിക്കുള്ളിലൂടെ കൈയിട്ട് തൊടാനും ശ്രമിച്ചുവെന്ന ആറ് വയസ്സുകാരിയുടെ പരാതി മാതാപിതാക്കള്‍ മുഖേനെ പോലീസില്‍ എത്തിയപ്പോഴായിരുന്നു. ഇത്. ഈ കേസിലെ അന്വേഷണമാണ് ഡോ.ജോയല്‍ നടത്തിക്കൊണ്ടിരുന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളിലേക്കെത്തിച്ചത്. ജോയലിന്റെ വീട് പരിശോധിച്ചതില്‍ നിന്ന് മൂന്ന് ലക്ഷത്തോളം ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന നിരവധി ഹാര്‍ഡ് ഡിസ്‌കുകള്‍ പോലീസ് കണ്ടെത്തി. അതെല്ലാം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നുവെന്നതാണ് പോലീസിനെ ഞെട്ടിച്ചത്. പ്രശസ്തനായ ഒരു സര്‍ജന്‍ തന്റെ രോഗികളുള്‍പ്പെടെയുള്ളവരോട് ചെയ്യുന്ന ക്രൂരകൃത്യം വിശ്വസിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. കുട്ടികളായ രോഗികള്‍ക്ക് നേരെ നടത്തിയ കൃത്യങ്ങളുടെ വിവരങ്ങളടങ്ങിയ നോട്ടുബുക്കും നിരവധി പാവകളും മുറിയിലെ രഹസ്യ അറയില്‍ നിന്ന് കണ്ടെടുത്തു. പാവകളില്‍ ചിലത് യഥാര്‍ഥ കുട്ടികളുടെ അത്രയും വലിപ്പമുള്ളവയായിരുന്നു.
ഞാന്‍ ഒരു പീഡോഫൈല്‍ (കുട്ടികളോട് ലൈംഗികമായി ആകര്‍ഷിക്കപെടുന്നയാള്‍) ആണ്. ഞാനെപ്പോഴും അങ്ങനെതന്നെയായിരിക്കും' എന്നാണ് ജോയല്‍ ഒരു നോട്ട്ബുക്കില്‍ എഴുതിയിരുന്നത്. ജോയല്‍ നടത്തിയ നിരവധി ബാലപീഡനങ്ങളില്‍ ഞെട്ടിക്കുന്ന ഒന്ന്, മൂത്ത മകന്റെ കുട്ടിയെ പോലും ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതായിരുന്നു. ഇക്കാര്യം കോടതിമുറിയില്‍ വെച്ച് ജോയല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. 299 ഇരകളാണ് ജോയല്‍ പീഡനത്തിനിരയാക്കിയവരുടെ പട്ടികയിലുള്ളത്. അതില്‍ പകുതിയിലേറെയും പ്രായപൂര്‍ത്തിയാകാത്തവരാണ്. തന്റെ മരുമക്കളെ ഉള്‍പ്പെടെ നാല് കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ 15 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നതിനിടെയാണ് താന്‍ നടത്തിയ മറ്റ് പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ജോയല്‍ തുറന്നുപറഞ്ഞത്. ഈ കേസില്‍ 2020 മുതല്‍ ജോയല്‍ തടവില്‍ കഴിയുകയായിരുന്നു. ഫെബ്രുവരിയിലായിരുന്നു വിചാരണ ആരംഭിച്ചത്.
പേരക്കുട്ടിക്കു നേരേയും ലൈംഗികാതിക്രമം
ജോയലിന്റെ തുറന്നുപറച്ചിലുകളില്‍ കോടതിയേയും ലോകത്തേയും ഒരുപോലെ ഞെട്ടിച്ച ഒന്ന്, മകന്റെ മകളെ, സ്വന്തം പേരക്കുട്ടിയെ പോലും തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി എന്നതായിരുന്നു. 'ഞാന്‍ എന്റെ പേരക്കുട്ടിയോടും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്' എന്ന ജോയലിന്റെ തുറന്നുപറച്ചില്‍ കേട്ട് കോടതിമുറി ഇളകി. മൊഴി കേട്ട് തലയില്‍ കൈവെച്ചുകൊണ്ടാണ് വെള്ളവസ്ത്രം ധരിച്ച ചെകുത്താനാണ് ജോയല്‍ എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞത്.
ഫ്രാന്‍സിലെ ബ്രിട്ടാണിയില്‍ സര്‍ജനായി ജോലി ചെയ്തിരുന്നയാളായിരുന്നു ജോയല്‍ ലെ സ്‌കൗര്‍നെക്. പാരിസില്‍ ജനിച്ചുവളര്‍ന്ന ജോയല്‍ പഠനത്തിന് ശേഷം ബ്രിട്ടാണിയിലെ നിരവധി സ്വകാര്യ ക്ലിനിക്കുകളില്‍ സര്‍ജനായി പ്രവര്‍ത്തിക്കാനാരംഭിച്ചു. ഇതിലൂടെയാണ് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒട്ടുമിക്ക ആശുപത്രികളും ജോയലിന് തടസ്സങ്ങളില്ലാത്ത പ്രവേശനവും മറ്റ് സൗകര്യങ്ങളും ലഭിച്ചത്. ജോയലിന്റെ മകനും കോടതിയില്‍ സാക്ഷി വിസ്താരത്തിനായി എത്തിയിരുന്നു. പിതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ആ മകനെ പൂര്‍ണമായും തളര്‍ത്തിയിരുന്നു. ചെറുപ്പകാലത്തൊന്നും പിതാവിനെ അധികനേരം ഒപ്പം കിട്ടിയിരുന്നില്ല. സര്‍ജനായിരുന്ന അദ്ദേഹം എപ്പോഴും ജോലിയില്‍ വ്യാപൃതനായിരുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കളുമായി തുറന്നുസംസാരിക്കാന്‍ അവസരങ്ങളുണ്ടായിരുന്നില്ല. 2017ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതെന്ന് മകന്‍ കോടതിയില്‍ പറഞ്ഞു. വിവരങ്ങള്‍ അറിയമായിരുന്നിട്ടും തന്റെ അമ്മ പോലും ഇക്കാര്യങ്ങള്‍ താനുമായി പങ്കുവെച്ചിരുന്നില്ലെന്നും മകന്‍ പറഞ്ഞു. 2023ലാണ് ജോയലുമായി അദ്ദേഹത്തിന്റെ ഭാര്യ മേരി ഫ്രാന്‍സ് വേര്‍പിരിഞ്ഞത്. എല്ലാവരേയും അമ്പരപ്പിച്ച മറ്റൊരു കാര്യം ജോയലിന്റെ പിതാവിനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടായിരുന്നു. പത്ത് വയസ്സ് പ്രായമുള്ളപ്പോള്‍ മുത്തച്ഛനാല്‍ പീഡിപ്പിക്കപ്പെട്ടതായി സാക്ഷിവിസ്താരത്തിനിടെ ജോയലിന്റെ സഹോദരന്‍ മൊഴി നല്‍കിയിരുന്നു.

നിര്‍വികാരതയോടെ വിധി കേട്ട് പ്രതി
1989 മുതല്‍ 2014 വരെയുള്ള 25 വര്‍ഷങ്ങളിലായി നടത്തിയ ലൈംഗിക പീഡനക്കേസില്‍ 20 വര്‍ഷത്തെ കഠിനതടവിനാണ് ജോയലിനെ കോടതി വിധിച്ചിരിക്കുന്നത്. കോടതിവിധി പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്തും നിര്‍വികാരനായിരുന്നു ജോയല്‍. ഓഡ് ബുറേസിയായിരുന്നു തടവിന് വിധിച്ച ജഡ്ജ്. ഇതിനോടകം ഏഴ് കൊല്ലം തടവില്‍ കഴിഞ്ഞതിനാല്‍ 2030 കഴിഞ്ഞാല്‍ ജോയലിന് പരോള്‍ ലഭിക്കും. എന്നാല്‍ ജോയലിനെ പോലെ ഒരാള്‍ പരോള്‍ ലഭിച്ച് തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുന്നത് സങ്കല്‍പിക്കാന്‍ കഴിയുന്നതിനുമപ്പുറമാണെന്നാണ് ജോയലിന്റെ ലൈംഗിക പീഡനത്തിനിരയായ ഒരാള്‍ പ്രതികരിച്ചത്. ജോയലിന് സാധാരണ ജീവിതം നല്‍കുന്നതിലൂടെ ഞങ്ങളുടെ (ഇരകളുടെ) സാധാരണ ജീവിതമാണ് ഇല്ലാതാവുന്നത് എന്നും അവര്‍ പറഞ്ഞു. കേസില്‍ ഇരകളായവരുടെ എണ്ണം കണക്കിലെടുത്താല്‍ വിധിച്ച ശിക്ഷ വളരെ ചെറുതാണെന്ന് ഇരകളിലൊരാളുടെ അഭിഭാഷകന്‍ പ്രതികരിച്ചു. നിയമങ്ങള്‍ മാറേണ്ടതുണ്ട്, എങ്കില്‍ മാത്രമേ ഇത്രയും നീചമായ കുറ്റകൃത്യം ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കോടതിവിധിക്കെതിരേ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാനുദ്ദേശമില്ലെന്നാണ് ജോയലിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.
മരണത്തിന് കാരണവും ജോയല്‍, പീഡിപ്പിക്കപ്പെട്ടത് അറിയാതെ ഇരകള്‍
2021ല്‍ നടന്ന രണ്ട് ആത്മഹത്യാക്കേസുകള്‍ക്ക് പിന്നിലെ കാരണക്കാരന്‍ താനാണെന്ന് മേയ് മാസത്തില്‍ നടന്ന വിചാരണയ്ക്കിടെ ജോയല്‍ കുറ്റസമ്മതം നടത്തിയിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ മാനസികപ്രശ്‌നങ്ങളെ തുടര്‍ന്ന് ലഹരിക്ക് അടിമകളാവുകയും പതിയെ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുകയുമായിരുന്നു. കുട്ടികള്‍ക്കുണ്ടായ ട്രോമയ്ക്ക് പിന്നില്‍ താനാണെന്ന് വിചാരണയ്ക്കിടെ ജോയല്‍ വെളിപ്പെടുത്തി. മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയപ്പോഴാണ് ഈ വിവരം പുറംലോകമറിഞ്ഞത്.
വിചിത്രമായ മറ്റൊന്ന് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട വിവരം ഇരകളില്‍ പലരും തിരിച്ചറിയുന്നത് ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു. ചികിത്സയുടെ മയക്കത്തിനിടയിലോ, മരുന്ന് നല്‍കി മയക്കിയോ ആയിരുന്നു ജോയല്‍ തന്റെ ഇരകളെ ഉപയോഗിച്ചത്. അതിനാല്‍ പലര്‍ക്കും സംഭവിച്ചത് എന്താണ് എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ജോയലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങളില്‍ നിന്നോ നോട്ടുബുക്കിലെഴുതിയ പേരുകളില്‍ നിന്നോ ആണ് പലരും തങ്ങളും ജോയലിന്റെ ലൈംഗിക ഉപയോഗത്തിനിരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇവരും ജോയലിനെതിരേ നിയമപരമായി നീങ്ങിയത്.

തടവുശിക്ഷയില്‍ പ്രതിഷേധം
20 വര്‍ഷത്തെ കഠിന തടവാണ് ജോയലിന് വിധിച്ചത്. എന്നാല്‍ ഇതിനോടകം അയാൾ ഏഴ് വര്‍ഷത്തോളം തടവ് അനുഭവിച്ചതിനാല്‍ ഏകദേശം ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ ജോയലിന് പരോളിലിറങ്ങാമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ജോയലിനെ പോലെയൊരു കൊടും കുറ്റവാളി പുറത്തിലിറങ്ങി നടക്കുന്നത് സമൂഹത്തിന് ആപത്താണെന്ന് പ്രതിഷേധിക്കുന്നവര്‍ പറഞ്ഞു. അതിനാല്‍ ജോയലിനെ കരുതല്‍തടങ്കലിലാക്കണമെന്ന് അവർ ശക്തമായി ആവശ്യപ്പെട്ടു. പരോള്‍ നല്‍കാതെ കരുതല്‍തടങ്കലിലേക്ക് മാറ്റാനുള്ള വ്യവസ്ഥ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും സ്‌കൗര്‍നെക്കിന് ചുരുങ്ങിയ ശിക്ഷ മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാണ് മറ്റൊരു വിമര്‍ശനം. 'ഒരു കവര്‍ച്ചക്കേസില്‍ പോലും 30 വര്‍ഷം തടവിന് വിധിക്കുമ്പോള്‍ നൂറുകണക്കിന് കുട്ടികളെ പീഡിപ്പിച്ച കേസിലെ ശിക്ഷ 20 വര്‍ഷം തടവാണോ എന്നാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ ചോദിച്ചത്. അല്‍പം കൂടി കടുപ്പമുള്ള ശിക്ഷയാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും അവര്‍ പ്രതികരിച്ചു. ഇരകല്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരും സമാനമായ പ്രതികരണമാണ് നടത്തിയത്. ആയിരം കുട്ടികള്‍ ഇനിയും പീഡിപ്പിക്കപ്പെട്ടാലെങ്കിലും കടുത്ത ശിക്ഷ ജോയലിന് കിട്ടുമോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ നിയമപ്രകാരം 20 വര്‍ഷമാണ് പരമാവധി നല്‍കാവുന്ന ശിക്ഷയെന്ന് കോടതിവിധി വിശദീകരിക്കുന്നു. കോടതിവിധി ചോദ്യം ചെയ്ത്, കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് വീണ്ടും മുന്നോട്ടുപോകാനാണ് ഇരകളുടേയും അഭിഭാഷകരുടേയും നീക്കം.
Content Highlights: Joel Le Scournec, a French surgeon, receives 20 years for sexually abusing hundreds of children
Published: 17 Jun 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented