ലോകം സ്തംഭിച്ചുനിന്നുപോയ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ചരിത്രത്തിലുടനീളം നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവ മനുഷ്യരാശിയില്‍ ആഴത്തിലുള്ള മുറിവുകള്‍ അവശേഷിപ്പിച്ചു. വിദ്വേഷം, അസഹിഷ്ണുത, അധികാരത്തിനായുള്ള പോരാട്ടങ്ങള്‍ എന്നിവയാല്‍ നയിക്കപ്പെടുന്ന കൂട്ടക്കൊലകള്‍ സമൂഹങ്ങളെ തകര്‍ത്തെറിയുകയും ജീവിതങ്ങള്‍ തച്ചുടയ്ക്കുകയും മനുഷ്യന്റെ ആത്മധൈര്യത്തെ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളിലെ യുദ്ധക്കളങ്ങളില്‍ നിന്ന്, വര്‍ഗീയ കലാപത്താല്‍ ചിന്നിച്ചിതറിയ നഗരങ്ങളുടെ തെരുവുകളില്‍ നിന്ന് ഇന്നും ഒരുപക്ഷെ ആ നിലവിളികള്‍ നമുക്ക് കേള്‍ക്കാം. അത്തരത്തിലൊന്നായിരുന്നു 1928 ല്‍ കൊളംബിയയില്‍ നടന്ന ബനാന കൂട്ടക്കൊല.

To advertise here,

അവകാശങ്ങള്‍ക്ക് വേണ്ടി, മനുഷ്യ പരിഗണനകള്‍ക്ക് വേണ്ടി സമരം ചെയ്ത പാവപ്പെട്ട രണ്ടായിരത്തോളം തൊഴിലാളികളെ വിധ്വംസക പ്രവര്‍ത്തകര്‍ എന്ന് ആരോപിച്ച് ഭരണകൂടം വെടിവെച്ചുകൊന്നപ്പോള്‍ അത് ചരിത്രത്തിലെ തന്നെ മായാത്ത ഏടുകളിലൊന്നായി മാറി. കൊളംബിയന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന തന്റെ വിഖ്യാത പുസ്തകത്തില്‍ വിവാദ കൂട്ടക്കൊലയെ കുറിച്ച് പറയുന്നുണ്ട്.  ഈ ബനാന കൂട്ടക്കൊലയെ കുറിച്ചാണ് ഇന്ന് ക്രൈം ഫ്‌ളാഷ്ബാക്കില്‍.
  
1928 ഡിസംബര്‍ അഞ്ചാം തീയതി, ആ ദിവസം കൊളംബിയക്ക് മറക്കാത്ത ഒരു ബുധനാഴ്ചയായിരുന്നു. അന്ന് സാന്താ മാര്‍ട്ടയ്ക്കടുത്തുള്ള സിയനഗയിലെ വാഴത്തോട്ടങ്ങളുടെ അന്തരീക്ഷം വെടിയൊച്ചകള്‍കൊണ്ട് സ്തംഭിച്ചുപോയി. അപ്രതീക്ഷിതമായി അവിടെ കൊളംബിയന്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞപ്പോള്‍ യുണൈറ്റഡ് ഫ്രൂട്‌സ് കമ്പനിയുടെ വാഴത്തോട്ടങ്ങൾ രക്തം കൊണ്ട് സമര ചരിത്രമെഴുതി. സംഭവം നടന്ന് നൂറ് വര്‍ഷത്തോട് അടുക്കുമ്പോഴും വെടിവെപ്പില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇന്നും കൃത്യമായ കണക്കില്ല. പക്ഷെ രണ്ടായിരത്തിലധികം ആളുകളെന്നാണ് ഏകദേശ കണക്ക്. ഇത് ലോക തൊഴിലാളി ചരിത്രത്തിലെ തന്നെ മറക്കാത്ത ഏടുകളിലൊന്നായും മാറി. 

  • ലോകോത്തര കമ്പനിയിലെ തൊഴില്‍ സമരം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ആഗോള വാഴപ്പഴ വ്യാപാരത്തിലെ ഒറ്റക്കൊമ്പനായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന യുണൈറ്റഡ് ഫ്രൂട്ട് കമ്പനി. പലയിടങ്ങളില്‍ അവര്‍ക്ക് പ്ലാന്റേഷനുകളുണ്ടായി. ലാറ്റിനമേരിക്കയിലെമ്പാടുമുള്ള കായ കയറ്റുമതി അവരുടെ നിയന്ത്രണത്തിലുമായി. കൊളംബിയയിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തുകൊണ്ട് രാജ്യത്ത് ആധിപത്യമുറപ്പിച്ച കമ്പനി അവരുടെ പ്ലാന്റേഷന്‍ സിയനഗയില്‍ ആരംഭിക്കുകയും ചെയ്തു. അത് അതിവേഗമാണ് പടര്‍ന്ന് പന്തലിച്ച് കൊളംബിയയിലെ തന്നെ ഏറ്റവും പ്രധാന തൊഴിലിടമായി മാറിയത്.

പ്ലാന്റേഷനുകള്‍, റെയിലുകള്‍, റോഡുകള്‍, പ്രധാന തീരങ്ങള്‍ എന്നിവെയെല്ലാം കമ്പനിയുടെ കയറ്റുമതി ആവശ്യങ്ങള്‍ക്കായി മാറി. രാജ്യത്തെ ആദിമ നിവാസികള്‍, ആഫ്രോ കൊളംബിയന്‍കാര്‍, മറ്റ് പാവപ്പെട്ടവര്‍ എന്നിവരെല്ലാമുള്‍പ്പെട്ട വന്‍ തൊഴിലാളി സംഘത്തെ കമ്പനി അടിമകളെ പോലെ ജോലിചെയ്യിപ്പിച്ചു. ആരോഗ്യ പരിപാലനം തൊഴില്‍ സുരക്ഷ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടപ്പോള്‍  തൊഴിലാളികള്‍ സമരത്തിലേക്ക് നയിക്കപ്പെട്ടു, ഇതായിരുന്നു തുടക്കം. 1928 നവംബര്‍ മാസത്തിലാണ് തൊഴിലാളികള്‍ സമരത്തിലേക്ക് പോയത്. പക്ഷെ ഒറ്റമാസം കൊണ്ടാണ് സമരത്തെ ഭരണകൂടം കൊന്നൊടുക്കി അടിച്ചമര്‍ത്തിയത്.

  • ആവശ്യം എട്ട് മണിക്കൂര്‍ ജോലി, നഷ്ടപരിഹാരം. പക്ഷെ....

1928 നവംബര്‍ മാസത്തില്‍ ഏകദേശം 25000 തൊഴിലാളികളാണ് തങ്ങള്‍ പണിമുടക്കിലേക്കെന്ന് പറഞ്ഞുള്ള നോട്ടീസ് കമ്പനിക്ക് നല്‍കിയത്. എട്ട് മണിക്കൂര്‍ ജോലി, തൊഴിലിടങ്ങളില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് നഷടപരിഹാരം നല്‍കുക ഇതായിരുന്നു പ്രധാന ആവശ്യം. സമാധാനപരമായിട്ടായിരുന്നു തൊഴിലാളികളുടെ സമരം. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്ന് പിന്തുണയും ലഭിച്ചിരുന്നു. പക്ഷെ സമരത്തിന് പിന്നില്‍ വിധ്വംസക പ്രവര്‍ത്തനമുണ്ടെന്ന് കമ്പനി അധികൃതരും കൊളംബിയയും ആരോപിക്കുകയായിരുന്നു. സമരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്ക കൊളംബിയന്‍ സര്‍ക്കാരിനോട് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ അന്നത്തെ കൊളംബിയന്‍ പ്രസിഡന്റ് മിഗുവല്‍ അബാദിയ മെന്‍ഡെസ് സൈനിക നടപടികള്‍ക്ക് തുടക്കമിടുകയായിരുന്നു.

1928 ഡിസംബര്‍ അഞ്ചിന് അര്‍ധരാത്രിക്കും ഡിസംബര്‍ ആറ് പുലര്‍ച്ചെയ്ക്കുമിടയിലായി യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കാനായി ട്രെയിന്‍ മാര്‍ഗം സിയനഗയിലെത്തി. അന്ന് നിശ്ചയിച്ചിരുന്ന മഹാറാലിയില്‍ അണിചേരുകയായിരുന്നു ലക്ഷ്യം. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ജനറല്‍ കാര്‍ലോസ് കോട്‌സ് വാര്‍ഗെസിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘമാണ് ഇവരെ ആദ്യം വളഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെ ആയുധരഹിതരായി നില്‍ക്കുകായിരുന്ന ആള്‍ക്കൂട്ടത്തിനെതിരേ സൈന്യം വെടിവെപ്പും നടത്തി. 

അക്കാലം വരെ ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയെ കടത്തിവെട്ടുന്നതായിരുന്നു മരണ സംഖ്യ. ഇന്നുമതിന്റെ യഥാര്‍ഥ കണക്ക് ലഭിച്ചിട്ടില്ല. 47 പേരുടെ മരണം വെടിവെപ്പിന് നേതൃത്വം കൊടുത്ത ജനറല്‍ കോട്‌സ് വാര്‍ഗെസ് ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ടെങ്കിലും അതായിരുന്നില്ല കണക്ക്. മാര്‍ക്കേസ് തന്റെ പുസ്തകത്തില്‍ പറയുന്നത് മൂവായിരം പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. ഈ വെടിവെപ്പ് ഇന്നും വിവാദമായി നില്‍ക്കുകയും ചെയ്യുന്നുണ്ട്. 

  • മൃതദേഹങ്ങൾ ട്രെയിനില്‍ നിറച്ച് കടലില്‍ തള്ളി

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ട്രെയിനില്‍ കയറ്റി കടലില്‍ തളളിയെന്നായിരുന്നു പ്രധാന ആരോപണം. പക്ഷെ ഇത് സമ്മതിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ബനാന കൂട്ടക്കൊലയ്ക്ക് ശേഷം ഉയര്‍ന്ന വിവാദം കൊളംബിയയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അത് ലോകത്തിന്റെ പ്രധാന ചര്‍ച്ചയായി. പക്ഷെ അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ കൊളംബിയ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളോ ഭരണകൂടമോ അമേരിക്കയ്‌ക്കെതിരേ ഒരക്ഷരം പറഞ്ഞില്ല. വലിയൊരു തൊഴില്‍ സമരം തകര്‍ക്കപ്പെട്ടെങ്കിലും ചെറിയ വിട്ടുവീഴ്ചയില്‍ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി തയ്യാറായി. പക്ഷെ ബനാന കൂട്ടക്കൊല ഒരു തലമുറയില്‍ വിപ്ലവത്തിന്റെ വിത്ത് പാകുകയായിരുന്നു. കൊളംബിയില്‍ പിന്നീട് ഉയര്‍ന്ന് വന്ന ഗറില്ല മൂവ്‌മെന്റുകളും തൊഴില്‍ പരിഷ്‌കരണവുമെല്ലാം ഇതിന്റെ ഭാഗമായി വന്നതാണ്. 

ഇക്കാലമത്രയും ബനാന കൂട്ടക്കൊലയെ ന്യായീകരിച്ചിരുന്ന കൊളംബിയ സംഭവത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തില്‍ മാത്രമാണ് ഓര്‍മ ദിനമായി ഔദ്യോഗികമായി ആചരിക്കാന്‍ പോലും തയ്യാറായത്. 2018 -ല്‍ സിയാനാഗയിലായിരുന്നു കൂട്ടക്കൊലയില്‍ ഇരയാക്കപ്പെട്ടവരെ ആദരിക്കാനുള്ള ചടങ്ങ് നടന്നത്.

വെറുമൊരു ചരിത്ര സംഭവം എന്നതിനപ്പുറം മുതലാളിത്ത ചൂഷണത്തിന്റേയും തൊഴിലാളി അധിക്ഷേപത്തിന്റേയും മാനൂഷിക മൂല്യങ്ങള്‍ ചുട്ടരിക്കപ്പെട്ടതിന്റേയും നേര്‍ചിത്രമായി ബനാന കൂട്ടക്കൊലമാറി. അതിനപ്പുറം മുതലാളിത്ത ശക്തികള്‍ ഒരു രാജ്യത്തെ എങ്ങനെ കീഴടക്കുന്നുവെന്നതിന്റെ ഉദാഹരണവുമായി മാറി.

കൊളംബിയയിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സല്‍പ്പേരിന് ഗുരുതരമായ കളങ്കമുണ്ടാക്കാന്‍ കൂട്ടക്കൊല വഴിയൊരുക്കി. സ്വന്തം പൗരന്മാരുടെ ക്ഷേമത്തേക്കാള്‍ വിദേശ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഫലം എന്ന രീതിയില്‍ ഈ സംഭവത്തെ ലോകം വിലയിരുത്തി. അത് കൊളംബിയയുടെ അന്തസ്സിനെ തന്നെയാണ് ചോദ്യം ചെയ്തത്. ഈ അതൃപ്തി 1930-ല്‍ ലിബറല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി. ഭരണകൂടം പിന്നീട് തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും യൂണിയന്‍ രൂപവത്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ ലിബറല്‍ ഭരണത്തിനാണ് ഇത് തിരികൊളുത്തിയത്.

  • ബനാന കൂട്ടക്കൊലയും ഏകാന്തതയുടെ നൂറ് വര്‍ഷവും

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ നോവലായ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍  ബനാന കൂട്ടക്കൊലയുടെ ശക്തമായ സാങ്കല്‍പ്പിക വിവരണമാണ്. ചരിത്രപരമായ യാഥാര്‍ഥ്യത്തെ മാജിക്കല്‍ റിയലിസവുമായി സമന്വയിപ്പിച്ച് കൊളംബിയയിലെ രാഷ്ട്രീയ അടിച്ചമര്‍ത്തലിനെയും വിദേശ കോര്‍പ്പറേറ്റ് ചൂഷണത്തെയും അതി ശക്തമായാണ് മാര്‍ക്കേസ് പുസ്തകത്തില്‍ വിമര്‍ശിച്ചത്. 

സാങ്കല്‍പ്പിക പട്ടണമായ മാക്കോണ്ടോയിലെ ഒരു വാഴപ്പഴ കമ്പനിയിലെ  തൊഴിലാളികളുടെ സമരത്തിന്റെ രൂപത്തിലാണ് ബനാന കൂട്ടക്കൊല പ്രത്യക്ഷപ്പെടുന്നത്. 
ഒരു വിദേശ പഴക്കമ്പനിയിലെ (പ്രത്യക്ഷത്തില്‍ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ മാതൃകയില്‍ നിര്‍മിച്ചത്) തൊഴിലാളികള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കായി സമരം ചെയ്യുന്നു. ഒടുവില്‍, ചര്‍ച്ചകളുടെ മറവില്‍ സൈന്യം ആയിരക്കണക്കിന് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലേക്ക് ആകര്‍ഷിക്കുകയും തുടര്‍ന്ന് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്നാണ് മാര്‍ക്കേസ് പറയുന്നത്. 

'അവര്‍ മൂവായിരം പേരുണ്ടായിരുന്നു. നിറമുള്ള തലകളുടെ ഒരു കടല്‍. ടോര്‍ച്ചുകളുടെ വെളിച്ചത്തില്‍ അത് പഴയ പുതപ്പ് പോലെ തോന്നിച്ചു. അപ്പോള്‍ മെഷീന്‍ ഗണ്ണുകള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി-ഇങ്ങനെയാണ് കഥ പറഞ്ഞുപോവുന്നത്. 

നോവലില്‍, നായകനായ ഹോസെ അര്‍ക്കാഡിയോ സെഗുന്‍ഡോ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ അവന്‍ മാക്കോണ്ടോയിലേക്ക് തിരികെ വരുമ്പോള്‍, ആരും കൂട്ടക്കൊല നടന്നുവെന്ന് വിശ്വസിക്കുന്നില്ല. ഔദ്യോഗിക ചരിത്രം അത് നിഷേധിക്കുന്നു. പട്ടണം അത് മറക്കുന്നു, ബനാന കമ്പനി എല്ലാ തെളിവുകളും നശിപ്പിക്കുന്നു. ഇതിനെ ശക്തമായ ഭാഷയിലാണ് മാര്‍ക്കേസ് വിമര്‍ശിക്കുന്നത്. 

കൊളംബിയന്‍ സര്‍ക്കാരിന്റെ വിദേശ കമ്പനികളുമായുള്ള ഒത്തുകളിയെ പുസ്തകത്തില്‍ മാര്‍ക്കേസ് തുറന്നുകാട്ടുന്നുണ്ട്. ഒപ്പം ഔദ്യോഗിക ചരിത്രങ്ങള്‍ നിഷേധിക്കുന്ന സത്യങ്ങളെ മാജിക്കല്‍ റിയലിസത്തിന് എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്നും കാണിച്ചുതരുന്നുണ്ട്. 

  • കൂട്ടക്കൊലയും ഗറില്ലാ യുദ്ധവും 

ബനാന കൂട്ടക്കൊലയെ കൊളംബിയന്‍ സര്‍ക്കാര്‍ അടിച്ചര്‍ത്തിയെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ഗറില്ലാ യുദ്ധങ്ങള്‍ക്ക് വിത്തിട്ട് വെള്ളവും വളവും നല്‍കിയാണ് അത് അവസാനിച്ചത്. തങ്ങള്‍ ഭരണകൂടത്താല്‍ സുരക്ഷിതരല്ലെന്ന ബോധം പിന്നീട് വന്ന യുവജനങ്ങളെ വിപ്ലവത്തിലേക്ക് കാലെടുത്തുവെക്കാന്‍ പ്രേരിപ്പിച്ചു. സര്‍ക്കാരില്‍ അവര്‍ക്ക് വിശ്വാസമില്ലാതായി. പല തൊഴില്‍സംഘടനകളും ഉയര്‍ന്ന് വരികയും അവരില്‍ ചിലര്‍ സമാധാന സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തപ്പോള്‍ മറ്റ് ചിലര്‍ മാര്‍ക്‌സിസ്റ്റ് ചിന്താഗതിയിലേക്ക് പോയി. ഇവരാണ് പിന്നീട് ഗറില്ലാ നേതാക്കളായി വളര്‍ന്നത്.

സായുധ സമരത്തിലൂടെ മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കൂവെന്ന തിരിച്ചറിവിലായിരുന്നു ഗറില്ലാ സംഘടനകളായ ഫാര്‍ക്ക് (റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളമ്പിയ), ഇ.എല്‍.എന്‍(നാഷണല്‍ ലിബറേഷന്‍ ആര്‍മി), എം-19 പോലുള്ളവ ഉയര്‍ന്ന് വന്നത്.

1964 ല്‍ ആണ് ഫാര്‍ക് രൂപവത്കരിക്കപ്പെടുന്നത്. വിദേശവത്കരണം, കാര്‍ഷിക തൊഴിലധിഷ്ഠിത നവീകരണം എന്നിവയെല്ലാമായിരുന്നു ഇവരുടെ ലക്ഷ്യമെങ്കിലും തട്ടിക്കൊണ്ടു പോകല്‍, മയക്ക് മരുന്ന് കടത്ത്, കവര്‍ച്ച എന്നിവയിലേക്കെല്ലാം പിന്നീട് നീങ്ങി. ഇതോടെ സര്‍ക്കാരിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ടു.

1964 ല്‍ തന്നെ ഇ.എല്‍.എന്നും സ്ഥാപിക്കപ്പെട്ടു. മാര്‍ക്‌സിസ്റ്റ് ചിന്താഗതയില്‍ രൂപപ്പെട്ട ഇ.എല്‍.എന്നിന് വിദ്യാര്‍ഥികളില്‍ നിന്നും ഗ്രാമീണ ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഫാര്‍ക്കില്‍ നിന്നും കുറച്ചുകൂടി പ്രത്യയശാസ്ത്രപരമായ ചിന്താഗതിയോട് കൂടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് കൊണ്ട് തന്നെ വലിയ അടിച്ചമര്‍ത്തലുകളെ ഇവര്‍ക്ക് നേരിടേണ്ടി വന്നില്ല. 

1970 കളിലാണ് മറ്റൊരു ഗറില്ലാ പ്രസ്ഥാനമായ എം-19 ഉയര്‍ന്ന് വന്നത്. 1990 ല്‍ സംഘടന പിരിച്ചുവിട്ടെങ്കിലും പല നേതാക്കളും ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. അവരില്‍ പ്രധാനിയായ ഗുസ്താവോ പെട്രോ ആണ് ഇപ്പോഴത്തെ കൊളംബിയന്‍ പ്രസിഡന്റ്.