രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയെ ഞെട്ടിച്ച കൂട്ടക്കൊല, ലോകത്തെ ഏറ്റവും ക്രൂരമായ കൊലപാതക വാര്‍ത്തകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേസുകളിലൊന്ന്. അങ്ങനെയൊരു കൊലപാതക പരമ്പരക്കേസാണ് നീല്‍സ് ഹോഗൽ എന്ന ജര്‍മന്‍ നഴ്‌സിന്റെ കഥ. കേസിന്റെ വിചാരണയ്ക്കിടെ  ഒരു നഴ്‌സിനെ മരണത്തിന്റെ മാലാഖയെന്ന് കോടതി വിശേഷിപ്പിച്ച സംഭവവും നീല്‍സ് ഹോഗലിന്റെ കേസിലാവും.

To advertise here,

ആറ് വര്‍ഷത്തിനിടെ താന്‍ ജോലി ചെയ്ത രണ്ട് ആശുപത്രികളിലെ 86 രോഗികളെ ഹൃദയസ്തംഭനമുണ്ടാക്കുന്ന മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയ നീല്‍സ് ഹോഗലിനെ 2005-ലായിരുന്നു അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇയാളുടെ കൊലപാതക വെളിപ്പെടുത്തല്‍ കേട്ട് ലോകമൊന്നാകെ സ്തംഭിച്ചുപോയി. അങ്ങനെ കോടതി വിശേഷിപ്പിച്ച മരണത്തിന്റെ മാലാഖയെന്ന് പേര് നീല്‍സ് ഹോഗലിന്റെ മറ്റൊരു പേരായി. നീല്‍സ് ഹോഗലിന്റെ കൊലപാതക പരമ്പരയാണ് ഇത്തവണ ക്രൈം ഫ്‌ളാഷ് ബാക്കില്‍.

  • ഹൃദയാഘാതമുണ്ടാക്കാൻ മരുന്ന് കുത്തിവെച്ച് കൊലപാതകം

ജര്‍മനിയിലെ ഓല്‍ഡണ്‍ബര്‍ഗിലെ രണ്ട് ആശുപത്രികളില്‍ നഴ്‌സായി ജോലിചെയ്തിരുന്ന നീല്‍സ് ഹോഗല്‍ അമിതമായ അളവില്‍ മരുന്നുകുത്തിവെച്ചാണ് 86 രോഗികളെ കൊലപ്പെടുത്തിയത്. എന്നാൽ ഇരകളാക്കപ്പെട്ടവർ 86 പേർ മാത്രമല്ലെന്നും ഏകദേശം മുന്നൂറോളം പേർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയുമാണ്. 1999 മുതല്‍ 2005 വരെ രണ്ട് ആശുപത്രികളിലായി ജോലി ചെയ്തിരുന്നപ്പോഴാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തുകൂട്ടിയത്. ഹൃദയസ്തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവയ്ക്കുകയായിരുന്നു രീതി.

തുടക്കത്തില്‍ 86 പേരുടെ കൊലപാതകത്തിലാണ് ഇയാള്‍ പിടിയിലാവുന്നതെങ്കിലും യഥാര്‍ഥത്തില്‍ മുന്നൂറോളം പേരെ സമാന രീതിയില്‍ നീല്‍സ് ഹോഗൽ മരണത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്. പല കേസുകളിലും ഇപ്പോഴും വിചാരണ തുടരുകയാണ്. രോഗികളെ ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്നുകുത്തിവെച്ച്  ഗുരുതരാവസ്ഥയിലേക്ക് തള്ളിയിട്ടശേഷം ജീവന്‍ രക്ഷിച്ച് തന്റെ കഴിവ് പ്രകടിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും ഇതിനിടെയാണ് മരണങ്ങള്‍ സംഭവിച്ചതെന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടിയത്.
 
2005 ലാണ് നീല്‍സ് ഹോഗല്‍ പിടിയിലാകുന്നത്. ചികിത്സയിലിരുന്ന രോഗിക്ക് ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്ന് നല്‍കി രോഗിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഈ കേസില്‍ പിടിക്കപ്പെട്ടതോടെ നീല്‍സിന്റെ അതുവരെയുള്ള എല്ലാ ക്രൂരതകളും വെളിച്ചത്തുവന്നു. മരുന്ന് കുത്തിവെച്ചും തെറ്റായ മരുന്ന് നല്‍കിയും  താന്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്ന്  ഇയാള്‍  പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആദ്യകേസില്‍ നീല്‍സ് ഹോഗലിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇതിനിടെ പോലീസ് സംഘം ഇയാളുടെ മറ്റു കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

കൊലപ്പെടുത്തിയവരില്‍ പലരുടെയും മൃതദേഹങ്ങള്‍ പ്രതി കത്തിച്ചുകളഞ്ഞതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചില മരണങ്ങള്‍ സാധാരണ മരണമെന്ന് കരുതിയതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. നീല്‍സ് ഹോഗലിന്റെ മനോനിലയില്‍ തകരാറുണ്ടെന്ന്  ഇയാളെ കൗണ്‍സിലിങിന് വിധേയമാക്കിയ മനശാസ്ത്രവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. കുറ്റം തെളിഞ്ഞതോടെ നീല്‍സ് ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പരക്കൊലയാളിയായി ചരിത്രത്തില്‍ കുപ്രസിദ്ധി നേടുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയെ ഞെട്ടിച്ച കൂട്ടക്കൊലയില്‍ ഓള്‍ഡന്‍ബര്‍ഗിലെ കോടതിയില്‍ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. പ്രതിയുടെ കുറ്റസമ്മതം കേട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടിത്തരിച്ചെങ്കിലും നീല്‍സിന് യാതൊരു കൂസലുമില്ലായിരുന്നു.

  • ജര്‍മനയില്‍ നിന്ന് വീണ്ടും വന്നു മരണത്തിന്റെ മാലാഖയുടെ കഥ

കൂട്ടക്കൊലപാതകത്തില്‍  നീല്‍സ് ഹോഗൽ 2005 ല്‍ അറസ്റ്റിലായെങ്കിലും ഇരുപത് വര്‍ഷത്തിനിപ്പുറം സമാനമായൊരു മറ്റൊരു കേസിന്റെ വിവരവും കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നിന്ന് വന്നു. കൊല്ലാനുള്ള ഇഷ്ടം കൊണ്ട് തന്റെ രോഗികളായ 15 പേരെ മൂന്ന് വര്‍ഷത്തിനിടെ കൊന്ന പാലിയേറ്റീവ് നഴ്‌സിന്റെ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ബെര്‍ലിന്‍ വംശജനായ നാല്‍പത് വയസ്സുകാരനായ ജോഹന്നാസ് എം എന്ന പാലിയേറ്റീവ് നഴ്‌സാണ് മറ്റൊരു വിചിത്ര കൊലപാതക പരമ്പര  ചെയ്തത്. ഈ കേസിലും വിചാരണ ആരംഭിച്ചിരിക്കുകയാണ്. 2021 മുതല്‍ 2024 വരെ തന്റെ 15 രോഗികളെ മരുന്നു കുത്തിവെച്ചാണ് ജോഹന്നാസ് നിഷ്‌കരുണം കൊലപ്പെടുത്തിയത്. ലസ്റ്റ് ഫോര്‍ കില്ലിംഗ് എന്നാണ് വിദേശ മാധ്യമങ്ങളും പോലീസും ഈ കേസിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ 15 പേര്‍ ഈ മൂന്ന് വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നതെങ്കിലും പരിശോധന പൂര്‍ത്തിയാക്കുമ്പോള്‍ മരിച്ചവരുടെയെണ്ണം ഇനിയും കൂടുമെന്നാണ് പുറത്തുവരുന്ന വിവരം.  

  • കുത്തിവെച്ച് അനസ്‌തേഷ്യ മരുന്ന്

25 വയസ്സിനും 94 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട തന്റെ ഇരകള്‍ക്ക്, അവരുടെ അറിവോ സമ്മതമോ കൂടാതെ, അനസ്തേഷ്യ നല്‍കുന്ന മരുന്നും പേശികളെ തളര്‍ത്തുന്ന മരുന്നും കുത്തിവെച്ചു എന്നാണ് ജോഹന്നാസിനെതിരേയുള്ള ആരോപണം. 'ഇത് ശ്വസന പേശികളുടെ തളര്‍ച്ചയ്ക്കും, തല്‍ഫലമായി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസം നിലയ്ക്കുന്നതിനും മരണത്തിനും ഇടയാക്കിയെന്നാണ്  പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള മരണത്തില്‍ സംശയം തോന്നിയതോടെയായിരുന്നു ഇരകളിലൊരാളുടെ ബന്ധു പോലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് കൊലപാതക പരമ്പരകളുടെ വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ടവരുമായി, പാലിയേറ്റീവ് ഡോക്ടര്‍ക്ക് രോഗി എന്നതിനപ്പുറമുള്ള യാതൊരു മുന്‍ പരിചയവും മുന്‍ വൈരാഗ്യവുമില്ലാതിരുന്നിട്ടും എന്തിന് ഇയാള്‍ ഇത്രയും കൊലപാതകം നടത്തിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്‍ഫ്യൂഷന്‍. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കൊല്ലാനുള്ള ഇഷ്ടം കൊണ്ട് കൊലപാതകം നടത്തിയെന്ന വിചിത്ര കാരണം ഡോക്ടര്‍ വെളിപ്പടുത്തിയത്.

2021 സെപ്റ്റംബര്‍ മുതല്‍ 2023 ജൂലായ് വരെയാണ് കൊലപാതക പരമ്പര നടന്നത്. മരിച്ചവരില്‍ 25 വയസ്സുമുതല്‍ 94 വയസ്സുവരേയുള്ള 12 സ്ത്രീകളും മൂന്നുപേര്‍ പുരുഷന്‍മാരുമുണ്ട്. മരിച്ച അഞ്ചുപേരുടെ വീട് കൊലപാതകത്തിന് ശേഷം ഇയാള്‍ അഗ്‌നിക്കിരായാക്കിയെന്നും ജര്‍മന്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇരകളാക്കപ്പെട്ടവരില്‍ രണ്ടുപേരെ ഒരു ദിവസം കൊലപ്പെടുത്തിയതായും പോലീസ് പറയുന്നുണ്ട്. 2021 സെപ്തംബര്‍ 22 ാം തീയതിയാണ് ആദ്യ കൊലപാതകം നടന്നത്. ഡ്രഗ് കോക്ടെയില്‍ ശരീരത്തില്‍ കുത്തിവെച്ച ശേഷം മരണമുറപ്പിച്ച് വീട് പൂര്‍ണമായും തീയിടുകയാണ് ഇയാളുടെ ശീലമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മരിച്ചവരില്‍ 87 വയസ്സുള്ള വനിതയും ഉള്‍പ്പെടും. ഇവരുടെ വീടും തീയിട്ട നിലയിലായിരുന്നു.

സംശയാസ്പദമായുള്ള നാല് പേരുടെ മരണത്തിലാണ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ഇരകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. കേസിലെ ആരോപണ വിധേയനായ ഡോക്ടര്‍ 2024 ഓഗസ്റ്റ് ആറ് മുതല്‍ കസ്റ്റഡിയിലായിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കേസ് കോടതിയിലെത്തിയത്. ഇതോടെ വലിയ ചര്‍ച്ചയാവുകയും ചെയ്തു.

ഡോക്ടര്‍ക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കേണ്ടതായിട്ടുള്ള സംശയാസ്പദമായ ആകെ 395 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. 95 കേസുകളില്‍ പ്രാഥമിക സംശയം സ്ഥിരീകരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് 75 എണ്ണം ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി 12 മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തി, അവയില്‍ അഞ്ചെണ്ണം കുറ്റപത്രത്തില്‍ പേരുള്ള ഇരകളുമായി ബന്ധപ്പെട്ടതാണ്. മറ്റ് അഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാനും  പദ്ധതിയുണ്ട്.

സംശയാസ്പദമായ 15 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച പുതുക്കിയ കുറ്റപത്രത്തില്‍, പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകങ്ങള്‍ നടത്തിയതായിട്ടാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്ക് ആജീവനാന്ത തടവിനൊപ്പം പ്രൊഫഷണല്‍ വിലക്കും പ്രോസിക്യൂട്ടര്‍മാര്‍ തേടുകയാണെന്നും അതുവരെ പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കാനും ആവശ്യപ്പെട്ടുണ്ട്.

placeholder
ലൂസി ലെറ്റ്ബി
  • ലൂസി ലെറ്റ്ബിയെ ഓര്‍മിപ്പിച്ച് കേസ്

വിരസതമാറ്റാന്‍ ഒരുദിവസംമാത്രം പ്രായമായ കുഞ്ഞിനെയടക്കം ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ നോക്കുകയും ചെയ്ത നഴ്സിനെ ബ്രിട്ടന്‍ ശിക്ഷിച്ച വാര്‍ത്ത ഒരു വര്‍ഷം മുന്നെയാണ് പുറത്തുവന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ബോറടിമാറ്റാന്‍ കൊന്നുവെന്ന പ്രതിയുടെ മൊഴികേട്ട് അന്നും ലോകമൊന്നാകെ ഞെട്ടി. ഈ കേസിനെ  ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ബര്‍ലിന്‍ കൂട്ടക്കൊലക്കേസിലും പോലീസ് കോടതിയെ സമീപിച്ചത്.
   
ബ്രിട്ടനിലെ കൗണ്ട്സ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലായിരുന്നു ഏഴുകുഞ്ഞുങ്ങളുടെ ദുരൂഹമരണങ്ങള്‍. ഏഴ് കുട്ടികളെ കൊലപ്പെടുത്തുകയും ആറുകുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്നും രണ്ട് വര്‍ഷം മുമ്പ് കോടതി വിധിച്ചിരുന്നു.

2015 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 13 കുട്ടികള്‍ക്ക് നേരേ ലൂസിയുടെ ക്രൂരത അരങ്ങേറിയത്. ഇതില്‍ ഏഴുകുഞ്ഞുങ്ങള്‍ മരിച്ചു. ആറുപേര്‍ കഷ്ടിച്ച് മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. മാസങ്ങള്‍ക്കിടെ പിഞ്ചുകുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുതള്ളിയിട്ടും ഒന്നും അറിയാത്തപോലെ എല്ലാം സ്വാഭാവികമരണങ്ങളായി ചിത്രീകരിക്കാനായിരുന്നു പ്രതിയായ ലൂസിയുടെ ശ്രമം. തുടര്‍ന്നുള്ള അന്വേഷണവുമാണ് കൊടുംക്രൂരതയുടെ ചുരുളഴിച്ചത്.

ചെസ്റ്റര്‍ ആശുപത്രിയില്‍ നിയോനെറ്റോളജി വിഭാഗത്തില്‍ നഴ്‌സായിരുന്ന ലൂസി, കുട്ടികളുടെ ഞരമ്പില്‍ വായു കുത്തിവെച്ചും അമിതമായി പാല്‍ കുടിപ്പിച്ചും ഇന്‍സുലിന്‍ കുത്തിവെച്ചുമാണ് ലൂസി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ചശേഷം ഇവരുടെ ആരോഗ്യനില വഷളാകുന്നവിവരം സഹപ്രവര്‍ത്തകരെ ആദ്യം അറിയിച്ചതും ലൂസിയായിരുന്നു.
ലൂസിയുടെ ക്രൂരതയ്ക്കിരയായവരില്‍ ഒരുദിവസംപ്രായമുള്ള കുഞ്ഞുടക്കം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഒരുപ്രസവത്തില്‍ ജനിച്ച രണ്ടുപേരായിരുന്നു പ്രതിയുടെ അവസാനത്തെ ഇരകള്‍.

നിയനെറ്റോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കാന്‍ പ്രത്യേക പരിശീലനം നേടിയ കഴിവുള്ള നഴ്‌സായിരുന്നു ലൂസി. പക്ഷേ, ചിലസമയത്ത് നിയോനെറ്റോളജി വിഭാഗത്തില്‍ കാര്യമായ ജോലിയൊന്നും ഇല്ലാത്തത് മുഷിപ്പിച്ചിരുന്നു എന്നാണ് ലൂസി നല്‍കിയ മൊഴി. പ്രത്യേക ചികിത്സയോ വൈദ്യസഹായമോ ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെയാണ് പലപ്പോഴും ലൂസിക്ക് പരിചരിക്കാനുണ്ടായിരുന്നത്. ഇത് വിരസതയ്ക്ക് കാരണമായെന്നും വിരസത മാറ്റാന്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നുമായിരുന്നു മൊഴി