കൊച്ചി: എത്യോപ്യയിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി.

To advertise here,

ജിദ്ദയിലേക്കും ദുബായിലേക്കും പോകേണ്ടിയിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അധികൃതർ അറിയിച്ചു. 

ഇൻഡിഗോ 6E1475 (കൊച്ചി–ദുബായ്), അകാസ എയർ QP550 (കൊച്ചി–ജിദ്ദ) വിമാനങ്ങളാണ് റദ്ദാക്കിയത്. അന്തരീക്ഷാവസ്ഥ മെച്ചപ്പെട്ടാൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ഏകദേശം പതിനായിരം കൊല്ലത്തിനിടെ ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. ഇവിടെനിന്നുയര്‍ന്ന ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിന് തടസ്സംനേരിട്ടത്.

എത്യോപ്യയിലെ എര്‍ട്ട എയ്ല്‍ മേഖലയിലാണ് ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്. ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇതില്‍നിന്നുയരുന്നത്. പത്തു മുതല്‍ 15 കിലോമീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങള്‍ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങള്‍ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.