ന്ത്യൻ മഹാസമുദ്രത്തിലെ സജീവമായ ഷീൽഡ് അഗ്നിപർവതങ്ങളിൽ ഒന്നായ പിറ്റൺ ഡി ലാ ഫോർണൈസ് (Piton de la Fournaise) വീണ്ടും സജീവമായി. മഡഗാസ്കറിന് കിഴക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഫ്രഞ്ച് വിദേശ വകുപ്പിന്‍റെ കീഴിലുള്ള റീയൂണിയൻ ദ്വീപിലാണ് പിറ്റൺ ഡി ലാ ഫോർനൈസ് സ്ഥിതിചെയ്യുന്നത്.

To advertise here,

2026 ഫെബ്രുവരി പകുതിയോടെയാണ് അഗ്നിപർവതം സജീവമാകാൻ തുടങ്ങിയത്. തുടർച്ചയായുണ്ടായ സ്ഫോടനത്തിൽ, പർവതത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള വിള്ളലുകളിലൂടെ ലാവ പുറത്തേക്ക് ഒഴുകുകയായിരുന്നു. ഏകദേശം ഏഴ് കിലോമീറ്ററോളമാണ് ലാവ വ്യാപിച്ചത്.

ഉരുകിയൊഴുകുന്ന ലാവ മാർച്ച് 13-ന് മേഖലയിലെ പ്രധാന പാതയായ RN2 തീരദേശ റോഡ് മുറിച്ചുകടന്നു. ഇത് ഗതാഗത തടസ്സത്തിന് കാരണമായി. തുടർന്ന് മാർച്ച് 17-ഓടെ ഈ ലാവ പ്രവാഹം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. തണുത്ത കടൽവെള്ളത്തിൽ ലാവ പതിച്ചതോടെ നീരാവി ഉയരുകയും തീരപ്രദേശത്തിന്റെ ഭൂപ്രകൃതിയിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. 

അഗ്നിപർവത സ്ഫോടനത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും അധികൃതർ അതീവ ജാഗ്രതയിലാണ്. വിഷവാതകങ്ങളുടെ സാന്നിധ്യവും താപനിലയും കൂടുതലായതിനാൽ റോഡുകൾ അടയ്ക്കുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയ പുകപടലങ്ങൾ അന്തരീക്ഷത്തിൽ പടരുന്നത് അധികൃതർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 

സമുദ്രത്തിലേക്കുള്ള ലാവയുടെ പ്രവാഹം തീരത്ത് പുതിയ കറുത്ത ശിലകൾ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഈ അപൂർവ കാഴ്ച കാണാനായി നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടുന്നുണ്ട്.