കൊച്ചി: എത്യോപ്യയിൽ 12,000 വർഷമായി നിദ്രയിലായിരുന്ന ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ച് ചാരംകലർന്ന പുക ഏതാണ്ട് 4000-ത്തിലേറെ കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലുമെത്തി. ഡൽഹി, ഹരിയാണ, സമീപത്തുള്ള ഉത്തർപ്രദേശ് മേഖല എന്നിവയ്ക്ക് മുകളിലൂടെ പുകപടലങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലും എത്തിയെന്നാണ് റിപ്പോർട്ട്. ഈ പുകപടലങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള വായുവിൻ്റെ ഗുണനിലവാരം മോശമാക്കിയേക്കാം.
യെമെൻ, ഒമാൻ, പാകിസ്താൻ എന്നിവയുടെ ആകാശത്തും ചാരവും പുകയും പടർന്നു. ഇതോടെ പല അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. തിങ്കളാഴ്ച വൈകീട്ട് 6.25-ന് ജിദ്ദയിൽനിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, 6.30-ന് കൊച്ചിയിലെത്തേണ്ട ഇൻഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി. രണ്ടുവിമാനത്തിന്റെയും കൊച്ചിയിൽനിന്നുള്ള മടക്കയാത്രയും മുടങ്ങി. ഇതോടെ ജിദ്ദയിലേക്കു പോകാനെത്തിയ ഉംറ തീർഥാടകരും ദുരിതത്തിലായി.
കണ്ണൂരിൽനിന്ന് അബുദാബിയിലേക്കുപോയ ഇൻഡിഗോ വിമാനം ഒമാൻ വ്യോമപാതയിൽവെച്ച് അഹമ്മദാബാദിലേക്ക് തിരിച്ചയച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കണ്ണൂരിലെത്തിച്ചു. ഇവർക്ക് മറ്റുവിമാനങ്ങളിൽ യാത്രാസൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
അഗ്നിപർവതത്തിൽനിന്നുള്ള ചാരംനിറഞ്ഞ മേഘങ്ങളുള്ളയിടങ്ങളിൽകൂടി എത്ര ഉയരത്തിൽ വിമാനം പറത്താമെന്നതുസംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശമിറക്കി. ആവശ്യമെങ്കിൽ വിമാനം വഴിതിരിച്ചുവിടാനും സമയം ക്രമീകരിക്കാനും നിർദേശമുണ്ട്. ചാരം വിമാന എൻജിന്റെ പ്രവർത്തനം തകരാറിലാക്കുമെന്നതിനാലാണ് മുൻകരുതൽ.
Content Highlights: Volcanic ash from Ethiopia`s dormant volcano eruption travels thousands of kilometers, impacting air quality in India and causing international flight cancellations. Learn more.
Published: 25 Nov 2025, 06:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented