കേളകം(കണ്ണൂര്‍): ഛര്‍ദിയെയും ദേഹാസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിവാസിയുവാവ് മരിച്ചു. ഇരട്ടത്തോട് കോളനിയിലെ പുതിയവീട്ടില്‍ രവി(40)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ രവിയെയും രണ്ടുമക്കളെയും അവശനിലയില്‍ പേരാവൂര്‍ താലൂക്കാസ്പത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രവി മരിക്കുകയായിരുന്നു. മക്കളായ ജിഷ്ണു(9), ജിന്‍സ്(6) എന്നിവര്‍ ഇപ്പോള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്.

To advertise here,

ചൊവ്വാഴ്ച രാത്രി എട്ടോടെ ജിഷ്ണുവിനെ ഛര്‍ദിയെത്തുടര്‍ന്ന് ചുങ്കക്കുന്നിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ തിരികെപ്പോയിരുന്നു. രാത്രി വൈകി രവിക്കും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പുലര്‍ച്ചെയോടെ ഇളയമകന്‍ ജിന്‍സും ഛര്‍ദിച്ചു. രാവിലെ 6.45-ഓടെ ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണോയെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും രവിയുടെ മൃതദേഹപരിശോധനയില്‍ ഭക്ഷ്യവിഷബാധയേറ്റതായി തെളിവില്ലെന്നാണ് സൂചന. രവിയുടെ ഭാര്യക്കും മൂത്ത മകള്‍ക്കും ഛര്‍ദിയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല.

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഇന്‍ക്വസ്റ്റിനുശേഷം മെഡിക്കല്‍ കോളേജിലാണ് മൃതദേഹപരിശോധന നടത്തിയത്. മരണകാരണം വ്യക്തമാകാത്തതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഭാര്യ: മിനി. മകള്‍: വിസ്മയ.

Content Highlights: man died in kelakam kannur, two children admitted in hospital