ചേട്ടനും അനിയനുമാണ് കിട്ടുവും മിട്ടുവും. കിട്ടു മിടുമിടുക്കനായിരുന്നു. മിട്ടുവും അങ്ങനെതന്നെ. പക്ഷേ, ഒരു കുഴപ്പം. എന്തുകാര്യവും അവൻ വച്ചു താമസിപ്പിക്കും. ഈ സ്വഭാവം കാരണം അവൻ സ്‌കൂളിൽ എത്താൻ വൈകും, ഹോംവർക്ക് ചെയ്യാൻ വൈകും, ഉണരാൻ പോലും വൈകും.

To advertise here,

''ഹയ്യോ, മടിയൻ മിട്ടു

എല്ലായ്പ്പോഴും വൈകും

വെറുതേ നേരം കളയും

ഉണരാൻപോലും വൈകും!''

ഒരു ദിവസം അപ്പൂപ്പൻ അവർക്കു രണ്ടുപേർക്കും രണ്ട് മത്തങ്ങാ വിത്ത് കൊടുത്തു. ''മക്കളേ, കുഴികുത്തി മത്തങ്ങാ വിത്ത് അതിലിട്ടോളൂ. വിത്ത് മുളച്ച് ചെടി വളരും. വൈകാതെ വള്ളിപ്പടർപ്പു നിറയെ മത്തങ്ങാക്കുട്ടന്മാരും ഉണ്ടാകും!''

അപ്പൂപ്പൻ പറഞ്ഞത് രണ്ടുപേരും തലകുലുക്കി കേട്ടു. കിട്ടു അപ്പോൾ തന്നെ തൊടിയിൽ ഒരിടത്ത് മത്തങ്ങാ വിത്ത് പാകി. മടിയൻ മിട്ടു പിന്നെപ്പോഴെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് മൂളിപ്പാട്ടും പാടി എങ്ങോട്ടോ പോയി.

''മിട്ടുവിനെന്നും മടിയാണ്

അവന്റെ മടിയതു മാറില്ല

മത്തൻ വിത്തുകൾ പാകാതെ

മടിയൻ ചുറ്റി നടക്കുന്നു!''

അങ്ങനൊരു ദിവസം മുത്തച്ഛനൊപ്പം കിട്ടുവും മിട്ടുവും പറമ്പിൽ നടക്കാനിറങ്ങി. അപ്പോഴതാ കിട്ടുവിന്റെ മത്തങ്ങാച്ചെടി പടർന്ന് പടർന്ന് പറമ്പാകെ നിറഞ്ഞിരിക്കുന്നു. പച്ച നിറമുള്ള ഇലകൾക്കിടയിലൊക്കെ നല്ല മുഴുത്ത മത്തങ്ങകൾ. ''മിടുക്കാ!'', മുത്തച്ഛൻ കിട്ടുവിന് ഒരു നല്ല ടോയ്കാർ സമ്മാനം കൊടുത്തു.

''ഹും, ഞാനും നട്ടുവളർത്തും ഇതിനേക്കാൾ വലിയ മത്തൻ!'', ഇതുകണ്ട് മിട്ടു തീരുമാനിച്ചു. പക്ഷേ, എവിടെയെല്ലാം തിരഞ്ഞിട്ടും അവന് ആ വിത്ത് കിട്ടിയില്ല. അതോടെ അവൻ വിഷമിച്ചിരിപ്പായി.

''മിട്ടൂ, എന്തുകാര്യവും പിന്നെച്ചെയ്യാം എന്ന് വിചാരിച്ച് വച്ചു താമസിപ്പിച്ചാൽ ഇങ്ങനിരിക്കും!'', അപ്പൂപ്പൻ പറഞ്ഞു. മിട്ടുവിന് തെറ്റു മനസ്സിലായി. പിന്നീടവൻ എല്ലാ കാര്യവും സമയത്തു തന്നെ ചെയ്തു തീർത്തു.