വിനില്‍ പോള്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ദളിത് ചരിത്രദംശനം എന്ന പുസ്തകത്തിലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ദളിത് വിദ്യാഭ്യാസം എന്ന അധ്യായം വായിക്കാം. 

To advertise here,

1859-ല്‍ കോട്ടയം സി.എം.എസ്. കോളേജില്‍ (കിഴക്കേ സെമിനാരി) പഠിക്കാന്‍ എത്തിയ പുലയവിദ്യാര്‍ത്ഥിയായ കോര്‍ണ്ണലിയോസ് ഹൂട്ടന്റെ (ഹട്ടന്‍) ആത്മകഥ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ മലയാളമിത്രം മാസികയില്‍ 1892-ല്‍ രണ്ടാം വാല്യത്തില്‍ അന്‍പത്തിയെട്ടാം പേജില്‍ പ്രസിദ്ധീകരിച്ചു. ആത്മകഥയുടെ ചുരുക്കം ഇങ്ങനെയാണ്: 'താനൊരു പുലയസമുദായ അംഗമാണ്. സ്വദേശം ചാലക്കുടിയായിരുന്നു. അടിമഭാരം മൂലം മാതാപിതാക്കള്‍ സ്വദേശം വിട്ടു കൊച്ചിയില്‍ വന്നു. വൈറ്റ്ഹൗസ് (18521860) സായിപ്പിനാല്‍ കൊച്ചിയില്‍വെച്ച് സ്നാനമേറ്റു. സുറിയാനി ക്രിസ്ത്യാനി സമുദായത്തിന്റെ എതിര്‍പ്പുമൂലം അക്കാലത്ത് ഒരു പുലയക്കുട്ടിയെപ്പോലും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ പ്രധാന പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ചില മിഷനറിമാരുടെ കരുണയാല്‍ ആംഗ്ലിക്കന്‍ സഭാമേധാവികള്‍ തന്നെ റിച്ചാര്‍ഡ് കോളിന്‍സ് സായിപ്പിന്റെ കാലത്ത് (18561865) കോട്ടയത്തെ കിഴക്കേ സെമിനാരിയില്‍ (സി.എം.എസ്. കോളേജ്) ചേര്‍ത്തു. തന്മൂലം മേല്‍ജാതിക്കാര്‍ക്ക് വലിയ ക്ഷോഭമുണ്ടായി. മേല്‍ജാതിക്കാരായ സഹപാഠികളുടെ ജാതിപീഡനം സഹിക്കവയ്യാതെ രാത്രി കിഴക്കേ സെമിനാരിയില്‍നിന്നും അധികാരിയുടെ അറിവോടെ ഓടിപ്പോന്ന തനിക്ക് മൂന്നുമാസം മാത്രമാണു കോട്ടയത്തു പഠിക്കാന്‍ സാധിച്ചത്.' അതിനുശേഷം മലബാറിലെ ജര്‍മ്മന്‍ മിഷനില്‍ താന്‍ അഭയം തേടിയെന്നും തുടര്‍പഠനം അവിടെയാണ് നടത്തിയതെന്നും, കോട്ടയത്തെ ബേക്കര്‍ പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിയെയാണ് താന്‍ വിവാഹം കഴിച്ചതെന്നുമൊക്കെ ഹൂട്ടന്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട് (ഡേവിഡ് 1930:96). 1859-ലാണ് കോര്‍ണ്ണലിയോസ് ഹൂട്ടന്‍ എന്ന പേര് ബാസല്‍ മിഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആദ്യമായി കാണുന്നത്. 

കോഴിക്കോട് ബാസല്‍ മിഷന്‍ പ്രാദേശിക കേന്ദ്രത്തിനു കീഴിലുള്ള ഒരു സഭയുടെ സഹായി എന്ന പദവിയിലാണ് കോര്‍ണ്ണലിയോസ് ഹൂട്ടനെ അതില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് (R.G.M. 59:53). കണ്ണൂര്‍ഭാഗത്തെ ബാസല്‍ മിഷന്‍ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ 1867-ലെ ബാസല്‍ മിഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഹൂട്ടന്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് (R.G.M. 1867:47). പിന്നീട് ബാസല്‍ മിഷനിലെ സജീവപ്രവര്‍ത്തകനായ ഹൂട്ടന്‍ പുരോഹിതനാകാനുള്ള പഠനം പൂര്‍ത്തിയാക്കുന്നു. 1886 നവംബര്‍ 21ന് കോഴിക്കോട് ബാസല്‍ മിഷന്‍ പള്ളിയില്‍വെച്ച് ഹൂട്ടന്‍, ദാവീദ് തൈക്കണ്ടി, സ്റ്റീഫന്‍ ചന്ദ്രന്‍ എന്നിവരെ ബാസല്‍ മിഷനിലെ പുരോഹിതന്മാരായി വാഴിച്ചു (E.W.T. 1934:30). ബാസല്‍ മിഷനില്‍ പുരോഹിതനാകുന്ന ദിവസം ഉദ്യോഗാര്‍ത്ഥികള്‍ ആത്മകഥ എഴുതിവായിക്കുന്ന രീതിയുണ്ടായിരുന്നു. ഈ അവസരത്തില്‍ ഹൂട്ടന്‍ വായിച്ച ആത്മകഥയാണ് പിന്നീട് ശ്രദ്ധേയമായത്. ഹൂട്ടനെ ചൊവ്വാസഭയുടെ പുരോഹിതനായിട്ടാണ് ബാസല്‍ മിഷന്‍ നേതൃത്വം ആദ്യം നിയമിച്ചത്. സമര്‍ത്ഥനും നല്ല പ്രസംഗകനുമായാണ് ബാസല്‍ മിഷന്‍ രേഖകളില്‍ ഹൂട്ടനെ സഹപ്രവര്‍ത്തകര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

കോര്‍ണ്ണലിയോസ് ഹൂട്ടന്റെ ജീവിതം മദ്ധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും മിഷനറിപ്രസ്ഥാനങ്ങളുടെ ജാതിനടപടികളെ വ്യക്തമാക്കുന്ന ഒന്നാണ്. അതോടൊപ്പം കേരളത്തിലെ ദളിതര്‍ മറികടന്നുവന്ന സങ്കീര്‍ണ്ണമായ വിദ്യാഭ്യാസചരിത്രത്തിനെയും ഇതു വെളിപ്പെടുത്തുന്നുണ്ട്. കേരള പൊതുസമൂഹം വിദ്യാഭ്യാസമേഖലയില്‍ ദളിതര്‍ നേരിട്ട പ്രതിസന്ധികളെയും അവയെ അവര്‍ മറികടന്നതിനെക്കുറിച്ചുമൊന്നും വേണ്ടവിധം ചര്‍ച്ചചെയ്തിട്ടില്ല. പലപ്പോഴും കേരളത്തിലെ ദളിതരുടെ വിദ്യാഭ്യാസത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് എഴുത്തുമേഖലയില്‍ അരങ്ങേറിയിരുന്നത്. അയ്യങ്കാളിയുടെ പഞ്ചമിയില്‍നിന്നാണ് കേരളത്തിലെ ദളിത് വിദ്യാഭ്യാസം തുടങ്ങുന്നതെന്ന ഒരു വാദംതന്നെ ചിലര്‍ ഉന്നയിക്കാറുണ്ട്. മറുഭാഗത്താകട്ടെ മിഷനറിപ്രസ്ഥാനങ്ങളുടെ പിന്നാലെ പോയവര്‍ക്ക് പള്ളിയെയും പള്ളിക്കൂടത്തെയും സൂക്ഷ്മത്തില്‍ അവതരിപ്പിക്കാനും കഴിഞ്ഞില്ല. പലപ്പോഴും പള്ളിയും പള്ളിക്കൂടവും കൂടിക്കുഴയുകയും അടിസ്ഥാനവിദ്യാഭ്യാസം (രണ്ടാം ക്ലാസ്) മാത്രം ലഭിച്ചവരാണ് ദളിതര്‍ എന്ന ചരിത്രത്തിനെ അവര്‍ മറച്ചുവെക്കുകയും ചെയ്തു. മാത്രമല്ല, ഈ കൂട്ടര്‍ ക്രിസ്തുമതം സ്വീകരിച്ചവരുടെ എണ്ണത്തിനെ വിദ്യാര്‍ത്ഥികളുടെ എണ്ണമായി ചിത്രീകരിച്ചുകളഞ്ഞു. ഇതിനിടയില്‍ ചിലര്‍ അവരുടെ മതനേതാക്കളുടെ ചരിത്രത്തിനോടു ദളിതരുടെ വിദ്യാഭ്യാസചരിത്രം ചേര്‍ത്തുവെക്കാനും ശ്രമിച്ചു. എന്നാല്‍ സംഘപരിവാര്‍ വാദമാകട്ടെ നിലവിലെ ആധുനികവിദ്യാഭ്യാസത്തിന് ആകെ എതിരാണ്. കൊളോണിയല്‍ ഭരണകൂടം കേരളത്തിലെ പരമ്പരാഗത വിദ്യാഭ്യാസത്തിനെയും ശാസ്ത്രത്തിനെയും നശിപ്പിച്ചുവെന്നതാണ് അവര്‍ കണ്ടെത്തിയ പ്രശ്നം. ഇത്തരത്തില്‍ ദൃഢമായി നില്‍ക്കുന്ന ചരിത്രരചനകളുടെ മുന്‍പില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ദളിതരുടെ വിദ്യാഭ്യാസചരിത്രം മാത്രം പറഞ്ഞുകൊണ്ട് ചില മൗലികചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. അതോടൊപ്പം കൊളോണിയല്‍ വിദ്യാഭ്യാസത്തിനെ ഉപയോഗപ്പെടുത്തിയവര്‍ ആരെല്ലാമെന്നതിന്റെ ഒരന്വേഷണംകൂടിയാണ് ഈ ലേഖനം.

അടയ്ക്കപ്പെട്ട വാതിലുകള്‍

ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കേരളത്തിലെ ആധുനിക വിദ്യാഭ്യാസവ്യവസ്ഥിതിക്ക് കാരണമായത് ബ്രിട്ടീഷ് കൊളോണിയലിസം ഒന്നുമാത്രമാണെന്നു കാണാന്‍ കഴിയും. എന്നാല്‍ കേരളത്തില്‍ അക്ഷരം പഠിപ്പിക്കല്‍ സമ്പ്രദായമില്ലായിരുന്നു എന്ന് അതിനര്‍ത്ഥമില്ല. മലയാളഭാഷയും വിദ്യാഭ്യാസവും കണ്ടുപിടിച്ചതു മിഷനറിപ്രസ്ഥാനമാണെന്ന നിലയിലുള്ള വാദങ്ങള്‍ പലപ്പോഴും ഒരുകൂട്ടം ജനപ്രിയ ചരിത്രകാരന്മാര്‍ ഉന്നയിക്കുന്നതു കാണാറുണ്ട്. അവരുടെ രചനകള്‍ വായിച്ചാല്‍ മിഷനറിക്കു മുന്‍പ് മലയാളഭാഷയേ ഇല്ലായിരുന്നുവെന്നു തോന്നിപ്പോകും. മലയാളഭാഷയെ പരിഷ്‌കരിച്ച മിഷനറിപ്രസ്ഥാനത്തിന് ഉടമസ്ഥതാവകാശം കൊടുക്കുന്ന നിലപാടു വികലമാണെന്നു പറയാതെവയ്യ. അതേപോലെത്തന്നെ കഴിഞ്ഞ കുറച്ചുനാളുകളായി സംഘപരിവാര്‍ ആരാധകരിലൂടെ പ്രചരിക്കപ്പെടുന്നയൊന്നാണ് നമ്മുടെ നാടിന്റെ ഭൂതകാലത്തില്‍ ശാസ്ത്രവിദ്യാഭ്യാസ മേഖലകള്‍ വളരെ വികസിതമായിരുന്നെന്നും, കൊളോണിയല്‍ ഭരണത്തിന്റെ വരവ് അതിനെ അപ്പാടേ നശിപ്പിച്ചെന്നുമുള്ള ആരോപണം. ബ്രാഹ്‌മണികവാദത്തിന് കേന്ദ്രസ്ഥാനം നല്‍കുന്ന ഈ ഭൂതകാലമാകട്ടെ, സമകാലിക രാഷ്ട്രീയസാഹചര്യത്തിലാണ് ശക്തിയാര്‍ജ്ജിച്ചത്. യാതൊരു ജനാധിപത്യമൂല്യങ്ങളും പറയാനില്ലാത്ത ഈ ഭൂതകാലമാവട്ടെ കേന്ദ്ര ഭരണകൂട പിന്തുണയോടുകൂടി മാത്രമാണ് ഇത്തരത്തില്‍ വികസിക്കപ്പെട്ടത്. തന്നെയുമല്ല, ഇതിനു വിപരീതമായ എല്ലാ ചരിത്രവാദങ്ങളെയും 'ദേശവിരുദ്ധചരിത്രം' എന്ന പട്ടികയില്‍ അവര്‍ക്കു വേഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയും ചെയ്യുന്നു. വളരെ ചെറിയൊരു വിഭാഗത്തിനെ മാത്രം പ്രതിനിധീകരിക്കുന്ന ശാസ്ത്രവിദ്യാഭ്യാസ വാദം ഇന്ത്യയിലെ മൊത്തം ജനതയുടെ ഭൂതകാലമായി കൊണ്ടാടപ്പെടുവാന്‍ നിര്‍ബ്ബന്ധിക്കുകയാണവര്‍. സംഘപരിവാറും ഒരുവിഭാഗം സാമ്പ്രദായിക ചരിത്രകാരന്മാരും മുന്‍പോട്ടുവെക്കുന്ന ഈ ശാസ്ത്രവിദ്യാഭ്യാസ സംസ്‌കാരം എന്താണ് സാധാരണക്കാരായ മനുഷ്യര്‍ക്ക് നല്‍കിയതെന്നയിടത്തിലാണ് ഈ ഭൂതകാലം ചോദ്യം ചെയ്യപ്പെടേണ്ടിവരുന്നത്. 
ഈ പദ്ധതികളുടെ ഉള്‍ക്കൊള്ളലിനും പുറംതള്ളലിനും വിധേയരായവര്‍ ആരെല്ലാമെന്നതിന്റെ ചരിത്രം പരിശോധിക്കുമ്പോഴാണ് നിലവിലുണ്ടായിരുന്നത് ശാസ്ത്രമാണോ, ജാതിയെ ഊട്ടിയുറപ്പിക്കുന്ന വ്യവസ്ഥയാണോ എന്ന സംശയം നമ്മിലുണ്ടായിവരുന്നത്. കീഴാളഅടിമജാതികളുടെയും മറ്റു തൊഴിലിടങ്ങളില്‍ വേലചെയ്യുന്നവരുടെയും അദ്ധ്വാനത്തിനെ ലഘുകരിച്ച, അല്ലെങ്കില്‍ കൂടുതല്‍ ഉല്‍പ്പാദനം പ്രദാനംചെയ്ത ഒരു ശാസ്ത്രവും വിദ്യാഭ്യാസപദ്ധതിയും നാം കേരളചരിത്രത്തില്‍ കാണുന്നില്ല. ഈ ശാസ്ത്രമെല്ലാമാകട്ടെ ജാതി എന്ന മേല്‍കീഴ്ക്രമം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കൂടുതല്‍ ഉറപ്പിക്കുന്നവ മാത്രമായിരുന്നു.

എല്ലാവര്‍ക്കും പ്രവേശനം സാദ്ധ്യമല്ലാത്തതും അടഞ്ഞതുമായ ഒരു വ്യവസ്ഥിതി മാത്രമായിരുന്നു അക്കാലത്ത് നടത്തിക്കൊണ്ടുവന്നിരുന്ന അക്ഷരാഭ്യാസകേന്ദ്രങ്ങള്‍. നൂറ്റാണ്ടുകളായി ചെറിയൊരു വിഭാഗം മാത്രം എഴുത്ത്-വായന മേഖലയില്‍ ജീവിക്കുകയും വലിയൊരു വിഭാഗത്തിന് അറിവധികാരത്തിനു പുറത്തു ജീവിക്കേണ്ടിയും വന്ന കാലത്തെ ശാസ്ത്രം വിദ്യാഭ്യാസം തുടങ്ങിയ പദങ്ങള്‍ കേരളത്തിന്റെ സാമൂഹികചരിത്രരചനയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒന്നല്ല. വിവേചനത്തിന്റെ ചരിത്രംപേറുന്ന, ജാതിയുടെ ഭൂതകാലത്തിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഈ ജ്ഞാനവ്യവസ്ഥയിലൂടെയല്ല കേരളത്തിലെ ജനങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിച്ചത്, ഇതിലൂടെയല്ല കീഴാളരുടെ സാമൂഹികചരിത്രം അവര്‍ പാട്ടുകളിലാക്കിയത്, ഇതിന്റെ സഹായത്താലല്ല അവര്‍ ചികിത്സകള്‍ നടത്തിയത് എന്നയിടത്തിലാണ് പൗരാണികജ്ഞാനവ്യവസ്ഥ അപ്രസക്തമാകുന്നത്. സാധാരണ മനുഷ്യരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്തതിനും അവരെ 'ഹീനര്‍' എന്നപട്ടികയില്‍പ്പെടുത്തി അകറ്റിനിര്‍ത്തിയതിനും കേരളത്തിനകത്തും വിദേശത്തേക്കും അടിമകളാക്കി വിറ്റു വിലവാങ്ങിയതിനുമെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവിടെ നിലനിന്നിരുന്ന ശാസ്ത്രവും വിദ്യാഭ്യാസവുമായിരുന്നു. സാമൂഹികനീതി, തുല്യത, പരിഗണന, അന്തസ്സ്, ഉള്‍ക്കൊള്ളല്‍ എന്നീ പദങ്ങള്‍ ഒന്നുംതന്നെ അനുഭവിച്ചിട്ടില്ലാത്ത വലിയൊരു ജനതയുടെ ചരിത്രത്തില്‍ ഈ ശാസ്ത്രവും വിദ്യാഭ്യാസവും എന്തുചെയ്തു എന്നതാണ് പ്രസക്തമായ ചോദ്യം. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതിന്റെ ചരിത്രമോ വലിയ പകര്‍ച്ചവ്യാധികളില്‍നിന്നും ജനങ്ങളെ രക്ഷിച്ചെടുത്ത കഥകളോ ഒന്നുംതന്നെ പറയാനില്ലാത്ത ഭൂതകാലത്തെയാണ് ശാസ്ത്രം എന്ന പദം ഉപയോഗിച്ച് ആധികാരികമായി ചിലര്‍ വിശേഷിപ്പിക്കുന്നതെന്നതാണ് ഏറ്റവും രസകരം.

കേരളത്തിലെ വിവിധ മതങ്ങള്‍ നിലനിര്‍ത്തിയിരുന്ന പഠിപ്പിക്കല്‍ വ്യവസ്ഥിതിക്ക് ഒരിക്കലും ആധുനികതയുമായി മത്സരിക്കാനോ കണ്ണിയാകാനോ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി അടുത്തറിയാന്‍ ധാരാളം തെളിവുകള്‍ നമുക്കു മുന്‍പിലുണ്ട്. നമ്പൂതിരികുടുംബങ്ങള്‍ എഴുത്തിലേക്കും വായനയിലേക്കും കടന്നുവരുന്നതിന്റെ ചരിത്രത്തെ രണ്ടു വശങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ജീവിതാഖ്യാനങ്ങളാണ് ഇ.എം.എസ്സിന്റെയും വി.ടി. ഭട്ടതിരിപ്പാടിന്റെയും. 'മാന്‍മാര്‍ക്ക് കുട' എന്നു താന്‍ ആദ്യമായി വായിച്ചതിന്റെ പശ്ചാത്തലം അല്ലെങ്കില്‍ ആധുനികതയിലേക്കുള്ള തന്റെ ചവിട്ടുപടിയുടെ വെളിപ്പെടുത്തല്‍ വി.ടി. വളരെ കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇ.എം.എസ്. ആകട്ടെ മറ്റൊരു ജീവിതക്രമമാണു നമ്മോടു പറയുന്നത്. നമ്പൂതിരിമാര്‍ പിന്തുടര്‍ന്നുവന്ന പഠിപ്പിക്കല്‍ വ്യവസ്ഥയുടെ പ്രശ്നം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ആദ്യത്തെ മണലെഴുത്തിനുശേഷം വായിക്കുകയല്ലാതെ എഴുതുകയെന്ന ഏര്‍പ്പാട് ഇല്ലായെന്നാണ് ഇ.എം.എസ്. പറയുന്നത്. കണക്കിന്റെയും മറ്റു വിഷയങ്ങളുടെയും അവസ്ഥ പറയുകയേ വേണ്ട എന്നും കൂട്ടിച്ചേര്‍ക്കുന്നു (ഇ.എം.എസ്. 2015:19).' എങ്ങനെയെല്ലാം നോക്കിയാലും കിലോമീറ്ററുകള്‍ അകലെത്തന്നെയായിരുന്നു കേരളത്തിലെ പഠിപ്പിക്കല്‍ രീതികളെല്ലാംതന്നെ. ജ്യോതിശ്ശാസ്ത്രകീര്‍ത്തനങ്ങളും, ഇതര ശ്ലോകങ്ങളും, ഹൈന്ദവജാതി ക്രമത്തിന്റെ ന്യായീകരണങ്ങളുമായി കഴിഞ്ഞുകൂടിയ അവരുടെ പഠിപ്പിക്കല്‍സമ്പ്രദായത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പുതിയ കഴിവ് ഉപയോഗിക്കാനോ പ്രയോഗിക്കാനോ അവസരം ലഭിച്ചിരുന്നില്ലെന്ന് റോബിന്‍ ജെഫ്രി നിരീക്ഷിച്ചിട്ടുണ്ട്. സംഘപരിവാര്‍ മുന്‍പോട്ടുവെക്കുന്ന ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും എത്ര നൂറ്റാണ്ടുകളുടെ ചരിത്രം പറയാന്‍ സാധിക്കുമോ അത്രയും നൂറ്റാണ്ടുകളില്‍ മാത്രമേ നമുക്ക് അനീതിയുടെയും അസമത്വത്തിന്റെയും ചരിത്രം പറയാന്‍ സാധിക്കൂ. ഈ ശാസ്ത്രവിദ്യാഭ്യാസത്തിനേറ്റ ഏറ്റവും വലിയ പ്രഹരം കീഴാളര്‍ എഴുത്ത്, വായന എന്നീ അധികാരത്തിലേക്കു കടന്നുവെന്നതാണ്. ആധികാരികപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇതിനു കാരണമായതാകട്ടെ കൊളോണിയല്‍ ആധുനികത ഒന്നുമാത്രമായിരുന്നു. ഇതിനുവേണ്ടി പ്രവര്‍ത്തിച്ചത് ചില ക്രിസ്ത്യന്‍ മിഷനറിമാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായിരുന്നു.

placeholder
ഫോട്ടോ: അനന്തകൃഷ്ണ അയ്യര്‍

മലബാറിലെ അടിമ സ്‌കൂളുകളും പഞ്ചമ സ്‌കൂളുകളും

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി മലബാര്‍ഭാഗത്ത് ചില സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ സവര്‍ണ്ണജാതിയില്‍പ്പെട്ട കുട്ടികള്‍ പഠിച്ചിരുന്നതായും കാണുന്നുണ്ട്. അതുപോലെത്തന്നെ കേരളത്തിലെ ആദ്യ മിഷനറിപ്രസ്ഥാനമായ ലണ്ടന്‍ മിഷനറി സൊസൈറ്റിയുടെ (1806) ആദ്യ പ്രവര്‍ത്തകനായ റിങ്കിള്‍ റ്റോബെ തെക്കന്‍ തിരുവിതാംകൂറില്‍ പതിമൂന്നു സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ പറയജാതിയില്‍പ്പെട്ട കുട്ടികളും പഠിച്ചുവന്നു. എന്നാല്‍ ഇപ്പോള്‍ കേരളസംസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്ന ഇടങ്ങളില്‍ സ്ഥാപിതമായ ലണ്ടന്‍ മിഷനറി സൊസൈറ്റിയുടെ സ്‌കൂളുകളില്‍ ദളിത് സാന്നിദ്ധ്യം കാണുന്നത് പില്‍ക്കാലത്താണ്. 1816-ല്‍ ആലപ്പുഴയില്‍ ആരംഭിച്ച ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ ആദ്യകാലപ്രവര്‍ത്തകര്‍ ദളിതര്‍ക്കിടയില്‍ ചെറിയതോതില്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. തോമസ് നോര്‍ട്ടന്‍, ഹെന്റി ബേക്കര്‍ സീനിയര്‍ തുടങ്ങിയ മിഷനറിമാര്‍ ദളിതരെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ചില തെളിവുകള്‍ നമുക്ക് മുന്‍പിലുണ്ടെങ്കിലും, അവയ്ക്കൊന്നുംതന്നെ ദീര്‍ഘകാലം നിലനില്‍ക്കാനോ, അടുത്ത മേഖലയിലേക്കു പ്രവേശിക്കാനോ സാധിച്ചില്ല (Hunt 1968:57). ഉദാഹരണത്തിന് ആദ്യമിഷനറിയായ തോമസ് നോര്‍ട്ടന്‍ (18161840) ആലപ്പുഴയിലെ തണ്ടപ്പുലയരില്‍ ചില കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനം തണ്ടപ്പുലയരില്‍ ഒരു മാറ്റവും വരുത്തിയില്ലെന്നതിനു തെളിവാണ് 1880-ല്‍ റിച്ചാര്‍ഡെന്ന മിഷനറി The Indian Antiquary യില്‍ എഴുതിയ 'Notes on the Thandu Pulayans of Travancore' (May 1880:120) എന്ന കുറിപ്പ്. മിഷനറിപ്രസ്ഥാനങ്ങളുടെ പുരാശേഖരങ്ങളില്‍നിന്നും ശകലരൂപത്തില്‍ ചില ദളിത് വ്യക്തികളെ കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും ഒരുകൂട്ടം ദളിതരുടെ ക്രിസ്തുമത ബന്ധപ്പെടലിനെയും അക്ഷരംപഠിക്കലിനെയും നാം കാണുന്നത് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍നിന്നുമാണ്.

മര്‍ഡോക് ബ്രൗണ്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ 1798-ല്‍ കണ്ണൂരിലെ അഞ്ചരക്കണ്ടിയില്‍ ഒരു തോട്ടം സ്ഥാപിച്ചിരുന്നു. ക്രമേണ തോട്ടത്തിനുമേല്‍ കുറെയധികം ക്രമക്കേടുകള്‍ കണ്ടെത്തുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. 1828-ല്‍ മര്‍ഡോക് ബ്രൗണിന്റെ മരണത്തിനുശേഷം മകന്‍ ഫ്രാന്‍സിസ് ബ്രൗണും അനന്തരവനായ ഫ്രാങ്ക് ഇ. ബ്രൗണുമാണ് തോട്ടത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. കേസുകളില്‍നിന്നുമുള്ള മോചനത്തിനും തൊഴിലാളികളെ പരിഷ്‌കരിക്കുന്നതിനുമായി അവര്‍ തോട്ടത്തില്‍ ഒരു പള്ളിയും പള്ളിക്കൂടവും തുടങ്ങാന്‍ പദ്ധതിയിട്ടു. ബാസല്‍ മിഷനറിമാര്‍ പറയുന്നത് ഫ്രാങ്ക് ഇ. ബ്രൗണാണ് തോട്ടത്തില്‍ ക്രിസ്തുമതം പ്രചരിപ്പിക്കണമെന്ന ആശയം ശക്തമായി മുന്‍പോട്ടുവെച്ചതെന്നാണ് (E.W.T. 1934:14). തോട്ടത്തില്‍ ഒരു പള്ളിയും പള്ളിക്കൂടവും തുടങ്ങണമെന്ന അപേക്ഷ തോട്ടം മുതലാളിമാര്‍ തിരുനെല്‍വേലിയില്‍ പ്രവര്‍ത്തിച്ചിരുന്ന സി.ടി.ഇ. റെഹനസ് (1790-1838) എന്ന മുന്‍ ചര്‍ച്ച് മിഷനറിക്ക് അയയ്ക്കുകയും അദ്ദേഹം 1835-ല്‍ പുലയരെ പഠിപ്പിക്കുന്നതിനായി മിഖായേല്‍ എന്ന തമിഴ് ഉപദേശിയെ അഞ്ചരക്കണ്ടിയിലേക്ക് നിയമിക്കുകയും ചെയ്തു. അതേ വര്‍ഷംതന്നെ മിഖായേല്‍ ഉപദേശി അഞ്ചരക്കണ്ടിയില്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ഒപ്പം തൊഴിലാളികളെ ക്രിസ്ത്യാനികളാക്കാനും തുടങ്ങി (Halliday 1876:77). തിരുനെല്‍വേലിയിലെ റെഹനസുമായി അടുപ്പമുള്ള ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1838-ല്‍ മിഖായേല്‍ ഉപദേശിയെ സഹായിക്കാനായി അഞ്ചരക്കണ്ടിയിലേക്കു വന്നു (ഫ്രോണ്മയാര്‍ 1896). പിന്നീട് ബാസല്‍ മിഷനറിമാരുടെ ഒപ്പം ഗുണ്ടര്‍ട്ട് ചേരുകയും അങ്ങനെ മലബാറിലെ ആദ്യ ബാസല്‍ മിഷനറികേന്ദ്രം ഗുണ്ടര്‍ട്ടും ഭാര്യ ജൂലിയും കൂടി (1839) നെട്ടൂരിലാരംഭിച്ചു (E.W.T. 1934:18). ബാസല്‍ മിഷന്‍ ഔദ്യോഗികമായി മലബാറില്‍ ആരംഭിച്ചതോടുകൂടി അഞ്ചരക്കണ്ടി പള്ളിയും പള്ളിക്കൂടവും ബാസല്‍ മിഷനു കീഴിലായി. ബാസല്‍ മിഷന്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ അഞ്ചരക്കണ്ടി സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ വിവരണങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്. 1841-42 വര്‍ഷങ്ങളില്‍ അഞ്ചരക്കണ്ടിയില്‍ മാത്രം നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടായിരുന്നു. അഞ്ചരക്കണ്ടിയിലെ സ്‌കൂള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ബാസല്‍ മിഷന്‍ രേഖകള്‍ പറയുന്നത്. തോട്ടത്തില്‍ മറ്റുചില പ്രശ്നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ 1855-ല്‍ തിമോഥി പാറയില്‍ ഉപദേശിയോടൊപ്പം അഞ്ചരക്കണ്ടിയിലെ ദളിതര്‍ ചൊവ്വയെന്ന സ്ഥലത്തേക്കു മാറിത്താമസിക്കുകയുണ്ടായി. പിന്നീട് അവിടെ ഒരു പള്ളിയും പള്ളിക്കൂടവും സ്ഥാപിച്ചു പ്രവര്‍ത്തനം തുടര്‍ന്നു. ഇതേ കാലത്തുതന്നെ മലബാറില്‍ സര്‍ക്കാര്‍ വകയായി ആദ്യ അടിമപ്പള്ളിക്കൂടങ്ങള്‍ ആരംഭിച്ചു.

ബ്രിട്ടീഷ് മലബാറില്‍ 1843-ല്‍ അടിമത്തം നിയമപരമായി നിരോധിച്ചതിനു പിന്നാലെ മുന്‍കാല അടിമകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ഒരു പദ്ധതി മലബാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ചര്‍ച്ചയായി വന്നു. അതിന്റെ ഭാഗമായി 1844 ജൂലായ് മാസം കോഴിക്കോട് ആദ്യ അടിമപള്ളിക്കൂടം സര്‍ക്കാര്‍ സ്ഥാപിച്ചു. ഇതേവര്‍ഷം ആഗസ്റ്റില്‍ തലശ്ശേരിയിലും, സെപ്റ്റംബറില്‍ പാലക്കാടും രണ്ട് അടിമ സ്‌കൂളുകള്‍കൂടി ആരംഭിച്ചു (Hjejle 1967:99). അടിമത്തത്തില്‍ കഴിഞ്ഞ തലമുറയെ ആധുനികതയുമായി കോര്‍ത്തിണക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സ്‌കൂള്‍ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യം. പുലയരും ചെറുമരും അവരുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയച്ചു. എന്നാല്‍ സ്‌കൂള്‍ പുരോഗമിക്കുമെന്ന് കണ്ടപ്പോള്‍ കോഴിക്കോട് പ്രദേശത്തെ അവരുടെ മുന്‍കാല ഉടമസ്ഥര്‍ കുട്ടികളെ സ്‌കൂളില്‍ പോകുന്നത് തടയാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി വില്‍ക്കല്‍വാങ്ങലുകളുടെ തീവ്ര ഓര്‍മ്മകളുള്ള അവരുടെ ഇടയില്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടു. കുട്ടികളെ മൗറീഷ്യസിലേക്കു തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് സ്‌കൂളുകള്‍ ആരംഭിച്ചത് എന്നതായിരുന്നു മുഖ്യ കിംവദന്തി. ഇത് ചെറുമരെയും പുലയരെയും പേടിപ്പെടുത്തിയെന്നും അവര്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതെയിരിക്കുന്നെന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. മാര്‍ച്ച് 1845-ല്‍ എച്ച്.ഡബ്ല്യൂ. കനോലി റിപ്പോര്‍ട്ട് ചെയ്യുന്നു, 'അടിമ സ്‌കൂള്‍ പ്രവര്‍ത്തനം വലിയ കുഴപ്പമില്ലാതെ പോകുന്നു, ഏറനാടുതാലൂക്കില്‍ ഒരു പുതിയ സ്‌കൂള്‍ തുടങ്ങാനുള്ള ശ്രമം പരാജയമായിരുന്നു, ജനങ്ങള്‍ക്കിടയില്‍ ഗവണ്‍മെന്റിനെക്കുറിച്ച് മോശമായ ധാരണകളായിരുന്നു ഉണ്ടായിരുന്നത്.' 1849 ആയപ്പോള്‍ സ്‌കൂളുകള്‍ വേണ്ടത്ര വിജയം വരിക്കില്ലെന്ന് ഉറപ്പായി. ദുഷ്‌കരമായപ്രവര്‍ത്തനമാണെന്നും കുട്ടികളെ വേണ്ടത്ര വേഗത്തില്‍ പഠിപ്പിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നും കനോലി രേഖപ്പെടുത്തി (Hjejle 1967:100). പിന്നീട് ചില സ്‌കൂളുകള്‍ ബാസല്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ഇതേകാലത്ത് വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിയ ഒരു പ്രസ്ഥാനമായിരുന്നു ബാസല്‍ മിഷന്‍. പലയിടങ്ങളിലും അവര്‍ പ്രവര്‍ത്തനം ആരംഭിച്ചത് ദളിതരെ ഉദ്ദേശിച്ചായിരുന്നു.

ബാസല്‍ മിഷനറിമാര്‍ 1842 മേയ് പതിനാലിന് കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചത് മലബാര്‍മേഖലയില്‍ ജീവിക്കുന്ന നായാടി വിഭാഗത്തിനിടയില്‍ സാമൂഹികപരിഷ്‌കരണമെന്ന ലക്ഷ്യവുമായിട്ടായിരുന്നു. സര്‍ക്കാര്‍തലത്തിലുള്ള സഹായങ്ങളുപയോഗിച്ചുകൊണ്ട് ബാസല്‍ മിഷനറിമാര്‍ നായാടികള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിവന്നു. കൊടയ്ക്കല്‍ എന്ന സ്ഥലത്തു സ്ഥാപിതമായ നായാടിസ്‌കൂളാണ് ഇതിനുദാഹരണം (R.G.M. 1846:62). 1846-ലെ ബാസല്‍ മിഷന്‍ റിപ്പോര്‍ട്ട് പറയുന്നത്, കൊടയ്ക്കലെ നായാടിക്കുട്ടികള്‍ എഴുതാനും വായിക്കാനും നന്നായി പഠിച്ചെന്നും അവരുടെ നെല്‍ക്കൃഷി മോശമല്ലാത്ത അവസ്ഥയില്‍ മുന്‍പോട്ടുപോകുന്നെന്നുമാണ് (R.G.M. 1846:62). 1844ല്‍ പത്തു കുട്ടികളെയും അതിനടുത്ത വര്‍ഷം എട്ടു കുട്ടികളെയും പഠിപ്പിച്ചിരുന്ന കൊടയ്ക്കലെ നായാടി സ്‌കൂളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. 1850-കളാവുമ്പോള്‍ പന്ത്രണ്ടു നായാടിക്കുട്ടികള്‍ അവിടെ വിദ്യാഭ്യാസം ചെയ്തിരുന്നു. ബാസല്‍ മിഷനറിമാര്‍ പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം 1843-ല്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി അംഗമായ ഹെന്റി ഹാര്‍ലി എന്ന മിഷനറി തൃശ്ശൂര്‍ ഭാഗത്തുള്ള നായാടികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുന്നംകുളം, ചേറ്റുവാ, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ നായാടികളെ ഹാര്‍ലി കണ്ടെത്തുകയും അവര്‍ക്കുവേണ്ടി സ്‌കൂളുകളും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ സ്‌കൂളുകള്‍ക്ക് ഒന്നുംതന്നെ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനായില്ല. ഇരുപതാംനൂറ്റാണ്ടില്‍ നായാടിക്കോളനികള്‍ കേന്ദ്രീകരിച്ചു സ്‌കൂളുകള്‍ തുടങ്ങിയിരുന്നു. എന്തുതന്നെയായാലും നായാടികളില്‍നിന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉണ്ടായിവരുന്നത് 1930-കളിലാണ്. ഒലവക്കോട് നായാടി കോളനിയിലെ തെയ്യന്‍ എന്ന വ്യക്തിയാണ് 1930-ല്‍ ആദ്യമായി സര്‍ക്കാര്‍ ജോലിക്കാരനാകുന്നത്. പാലക്കാട്ടെ ജില്ലാ മുന്‍സിഫ് കോടതിയില്‍ പ്യൂണ്‍ ജോലിയില്‍ പ്രവേശിച്ച തെയ്യന്‍ സഹപ്രവര്‍ത്തകരാല്‍ വിവേചനം നേരിടുകയുംചെയ്തു (Ayippan 2002 (1937):99). തൊട്ടടുത്ത വര്‍ഷം മേയ് മാസത്തില്‍ അടുത്ത നായാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അതേ കോളനിയില്‍നിന്നുതന്നെ ഉയര്‍ന്നുവന്നു.

ബാസല്‍ മിഷന്‍ നടത്തിവന്ന സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ജനകീയമായിരുന്നെന്നാണു പില്‍ക്കാലസംഭവങ്ങള്‍ കാണിക്കുന്നത്. പലപ്പോഴും നാട്ടുകാര്‍ പിരിവെടുത്ത് മിഷനറിമാരുടെ സഹായത്താല്‍ സ്‌കൂളുകള്‍ തുടങ്ങിയിരുന്നു. 1882-ല്‍ പനയൂര്‍ അത്തിക്കോട്ട് ഒരു ബാസല്‍ മിഷന്‍ സ്‌കൂള്‍ സ്ഥാപിച്ചത് നാട്ടുകാരില്‍നിന്നും പിരിച്ചെടുത്ത പണംകൊണ്ടായിരുന്നു (E.W.T. 1934:154). മലബാര്‍ ഭാഗത്തെ ബാസല്‍ മിഷന്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുവാന്‍ ആവശ്യമായ ചരിത്രം, ഭൂമിശാസ്ത്രം എന്നിവ എഴുതി കല്ലച്ചില്‍ അച്ചടിച്ചത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടായിരുന്നു. മലയാളഭാഷയിലെ അദ്ദേഹത്തിന്റെ കഴിവ് പ്രസിദ്ധമായതിനാലാണ് മലബാറിലെ ആദ്യ വിദ്യാഭ്യാസവകുപ്പ് സ്ഥാപിച്ചപ്പോള്‍ അദ്ദേഹത്തെ ഒന്നാംസ്‌കൂള്‍ ഇന്‍സ്പെക്ടറായി നിയമിച്ചത് (E.W.T. 1934:19). മിഷന്‍ സ്‌കൂളുകള്‍ വ്യാപിച്ചതോടുകൂടി നാട്ടെഴുത്ത് പള്ളിക്കൂടങ്ങളില്‍ അദ്ധ്യാപകര്‍ മിഷനറിമാര്‍ അച്ചടിച്ച സുവിശേഷങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും അവരുടെ പാഠശാലകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി (E.W.T. 1934:154). ക്രിസ്തുമതം സ്വീകരിച്ച ഏതൊരു ജാതിയെയും ബാസല്‍ മിഷന്‍ അവരുടെ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചുവന്നു. ബാസല്‍ മിഷനു കീഴിലുള്ള സ്‌കൂളുകളില്‍ അദ്ധ്യാപകനായും ഉപദേശിയായും ജോലിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കുവേണ്ടി നെട്ടൂരില്‍ 1852ല്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. ഇതായിരുന്നു മലബാറിലെ ആദ്യ മിഡില്‍ സ്‌കൂളെന്നാണ് ബാസല്‍ മിഷന്‍ അവകാശപ്പെടുന്നത് (E.W.T. 1934:23). പിന്നീട് 1890-ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്. ആദ്യകാലങ്ങളില്‍ ഈ സ്‌കൂളില്‍ ക്രിസ്ത്യാനികളെ മാത്രമാണ് പഠിപ്പിച്ചിരുന്നത്. ക്രിസ്തുമതം സ്വീകരിക്കാത്ത കുട്ടികളെ പ്രത്യേകിച്ച് ദളിതരെ അവര്‍ വേണ്ടത്ര ഗൗനിച്ചിരുന്നില്ല, അതേസമയം നായര്‍ക്കും തിയ്യര്‍ക്കും ഇത്തരം വിവേചനം നേരിട്ടതുമില്ല. നായന്മാര്‍ക്കും ബ്രാഹ്‌മണര്‍ക്കും വേണ്ടി ബാസല്‍ മിഷന്‍ ഈ കാലഘട്ടത്തില്‍ത്തന്നെ സ്‌കൂളുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംമുതലാണ് ബാസല്‍ മിഷനറിമാര്‍ ദളിതര്‍ക്കു മാത്രമായി പഞ്ചമ സ്‌കൂളുകള്‍ ആരംഭിക്കുന്നത്. 

കണ്ണൂര്‍ ജില്ലയിലെ എരഞ്ഞോളിയില്‍ ചെറുമര്‍ക്കുവേണ്ടി ആരംഭിച്ച പഞ്ചമ സ്‌കൂള്‍, കോഴിക്കോട്ടെ ചോമ്പാലയില്‍ നടത്തിവന്ന പഞ്ചമ സ്‌കൂള്‍ഇവയെല്ലാം ഉദാഹരണങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍പ്പോലും ബാസല്‍ മിഷനറിമാര്‍ കീഴാളജനതയ്ക്കുവേണ്ടി അവര്‍ക്കിടയില്‍ പുതിയ സ്‌കൂളുകള്‍ തുടങ്ങിയിരുന്നു. 1911 ജൂലായ് മാസത്തില്‍ ജോര്‍ജ്ജ് പീറ്റര്‍ എന്ന ബാസല്‍ മിഷനറി കവറ ജാതിയില്‍പ്പെട്ട ആളുകള്‍ക്കായി വടക്കഞ്ചേരിയില്‍ ഒരു 'കവറ മിഷന്‍ സ്‌കൂള്‍' സ്ഥാപിച്ചു. വട്ടിയും കൊട്ടയും മറ്റും നിര്‍മ്മിക്കുന്ന ഒരു ജാതിയായിരുന്നു കവറ. അവരില്‍ ആര്‍ക്കുംതന്നെ സ്‌കൂള്‍വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. കവറ ജാതിയില്‍പ്പെട്ട ആണും പെണ്ണുമായി ഇരുപത്തിയഞ്ചു കുട്ടികള്‍ മിഷന്‍ സ്‌കൂളില്‍ ചേരുകയും സാമുവേല്‍ എന്ന അദ്ധ്യാപകന്‍ അവര്‍ക്കു വേണ്ടുന്ന ക്ലാസുകള്‍ എടുക്കുകയും ചെയ്തുവന്നു (R.G.M. 1911:3334). എന്നാല്‍ ഒന്നാംലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ബാസല്‍ മിഷനറിമാര്‍ക്ക് മലബാര്‍ വിട്ടുപോകേണ്ടിവന്നു. അതോടെ കവറ സ്‌കൂളിന്റെ പ്രവര്‍ത്തനവും നിലച്ചു (E.W.T. 1934:160). അതുവരെയും ബാസല്‍ മിഷനറിമാര്‍ മലബാര്‍ മേഖലയില്‍ ദളിതരുടെ വിദ്യാഭ്യാസമേഖലയെ പലവിധത്തില്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു.

1897-ല്‍ സര്‍ക്കാര്‍വക പതിനാല് മുനിസിപ്പല്‍ സ്‌കൂളുകള്‍ കോഴിക്കോട് ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതില്‍ ലോവര്‍ സെക്കണ്ടറി സ്‌കൂളുകള്‍ രണ്ടും ഹിന്ദുകുട്ടികള്‍ക്കു മാത്രമുള്ളതായിരുന്നു. മൂന്ന് അപ്പര്‍ പ്രൈമറി സ്‌കൂളുകളാകട്ടെ ഒരെണ്ണം ഹിന്ദുകുട്ടികള്‍ക്കും, രണ്ടെണ്ണം മുസ്ലിം കുട്ടികള്‍ക്കുമായി വേര്‍തിരിച്ചവയാണ്. അഞ്ച് ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ രണ്ടെണ്ണം ഹിന്ദു ആണ്‍കുട്ടികള്‍ക്കും, ഒരെണ്ണം ഹിന്ദുപെണ്‍കുട്ടികള്‍ക്കും, അഞ്ചെണ്ണം മുസ്ലിം കുട്ടികള്‍ക്കും, ഒരെണ്ണം പിന്നോക്ക ജാതികള്‍ക്കുമായിരുന്നു (Revenue Records 189598:7). ഇതേവര്‍ഷം (1897 മാര്‍ച്ച് 18) കോഴിക്കോട് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍നിന്നും ഒരു പറയ വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ നിഷേധിച്ച വാര്‍ത്ത മൈസൂരില്‍നിന്നും ഇറങ്ങിയ വൃത്താന്തപത്രിക റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ക്ലാസിനുള്ളില്‍ പറയക്കുട്ടിയിരുന്നാല്‍ മറ്റു കുട്ടികള്‍ ഇറങ്ങിപ്പോകുമെന്നാണ് അഡ്മിഷന്‍ നിഷേധിച്ചതിനു ഹെഡ്മാസ്റ്റര്‍ പറഞ്ഞ കാരണം. ജാതിതിരിച്ചുള്ള സ്‌കൂള്‍ സമ്പ്രദായംതന്നെയാണ് ആ കാലത്തു നടപ്പിലുണ്ടായിരുന്നത്. ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍മൂലം ക്രമേണ സര്‍ക്കാര്‍ പിന്നോക്കജാതിയുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചു. 1897-ല്‍ വടക്കേത്തറ ചെറുമ സ്‌കൂളും പറയ സ്‌കൂളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളായിരുന്നു (Revenue Records 189598:7). ഇരുപതാംനൂറ്റാണ്ട് ആയപ്പോള്‍ മലബാറിലെ വിവിധയിടങ്ങളില്‍ അയിത്തജാതികള്‍ക്കുവേണ്ടിയുള്ള സ്‌കൂളുകള്‍ സര്‍ക്കാര്‍തലത്തില്‍ തുടങ്ങുകയുണ്ടായി. എന്തായാലും കോളനിക്കാലത്തുതന്നെ ഒരു ജനകീയ വിദ്യാഭ്യാസമാതൃക മലബാറില്‍ കാണുവാന്‍ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് കല്ലേന്‍ പൊക്കുടന്റെ എന്റെ ജീവിതം (2010) പോലുള്ള ആത്മകഥകളിലൂടെ മലബാറിലെ ദളിത് സ്‌കൂള്‍ അനുഭവങ്ങളുടെ മറ്റൊരുതലവും കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിന് ഒരു ബദല്‍ ചരിത്രരചനയും സാദ്ധ്യമാക്കുന്നുണ്ട്.

ബ്രിട്ടീഷ്‌കാലത്ത് നല്‍കപ്പെട്ട വിദ്യാഭ്യാസത്തിന്റെ സാമൂഹികശാസ്ത്രം വളരെ സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. ബൈബിള്‍ പഠിപ്പിക്കലായിരുന്നു മിഷനറി വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യമെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുമുണ്ട്. മാത്രമല്ല, പലതരം സാമൂഹികവിശകലനങ്ങള്‍ കൊളോണിയല്‍ വിദ്യാഭ്യാസത്തിനുമേല്‍ നടത്തപ്പെട്ടിരുന്നു. എന്നാല്‍ ഇവ ആധുനികതയിലേക്ക് പ്രവേശിക്കുന്ന സമൂഹത്തില്‍ ലിംഗവിവേചനം ശക്തമാക്കിയെന്നും, പെണ്‍കുട്ടികളെ ഗാര്‍ഹികകാര്യങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനാണ് മുന്‍തൂക്കം കൊടുത്തതെന്നും പറയപ്പെടുന്നു. 

ഈ പദ്ധതിയുടെ മറ്റൊരു വശമെന്നത്, ക്രിസ്തുമതഗ്രന്ഥങ്ങള്‍ വളരെ വേഗത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കപ്പെടുകയും അവ ആധുനിക വിദ്യാഭ്യാസതലത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു എന്നതാണ് (Johnston 2003). ഇത്തരം കൊളോണിയല്‍ വിമര്‍ശനങ്ങള്‍ ഇവ നേരിടുമ്പോള്‍പ്പോലും കേരളത്തിലെ ദളിതരുടെ വിദ്യാഭ്യാസത്തിനു കാരണമായത് ഈ പ്രസ്ഥാനങ്ങളായിരുന്നു എന്നത് അവഗണിക്കാനാവില്ല. അന്നോളം എഴുത്ത്‌വായന അധികാരത്തിനു വെളിയില്‍ കഴിയേണ്ടിവന്നിരുന്ന ജനതയെ അതുമായി ബന്ധിച്ചുവെന്നതാണ് കൊളോണിയല്‍ പദ്ധതിയുടെ കീഴാളപക്ഷം. ബാസല്‍ മിഷന്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ്ഭാഷ തുല്യമായി വിതരണം ചെയ്യപ്പെട്ടുവെന്നതാണ് മലബാറിലെ വിദ്യാഭ്യാസചരിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെത്തന്നെ, ബാസല്‍ മിഷനില്‍ ചേര്‍ന്ന ദളിതര്‍ക്ക് ഉന്നതപഠനവും, വ്യത്യസ്തമേഖലകളിലേക്ക് പോകാനുള്ള സ്വാതന്ത്ര്യവും ലഭിച്ചിരുന്നതിന്റെ തെളിവുകളാല്‍ സമ്പന്നമാണ് ബാസല്‍ പുരാശേഖരം. എന്നാല്‍ ഈ കൊളോണിയല്‍ പദ്ധതിയെ ഏറ്റവുമധികം ഉപയോഗിച്ചത് മലബാറിലെ തിയ്യരും, നായന്മാരുമായിരുന്നു. മദ്ധ്യകേരളം മുതല്‍ വടക്കോട്ടുള്ള ദളിതരുടെ വിദ്യാഭ്യാസചരിത്രത്തിനാകട്ടെ സമരങ്ങളുടെയും ജാതിപീഡനങ്ങളുടെയും ചരിത്രമാണ് പറയാനുള്ളത്.