ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ എത്ര പറഞ്ഞിട്ടും പഠിക്കാത്തവരായി മാറുകയാണ് മലയാളികള്‍. പോലീസും മാധ്യമങ്ങളും വിവിധ ബാങ്കുകളുമൊക്കെ നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഒരേ രീതിയിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാവുകയാണ് നമ്മള്‍. ആദ്യമൊക്കെ ലക്ഷങ്ങളാണ് നഷ്ടമായതെങ്കില്‍ ഇപ്പോഴത് കോടികളിലേക്ക് മാറി. വെറും ഒ.ടി.പി തട്ടിപ്പില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റിലേക്കും ക്രിപ്റ്റോ തട്ടിപ്പിലേക്കുമൊക്കെ തട്ടിപ്പുകാര്‍ വളരുമ്പോഴും നമ്മിലൊരു വിഭാഗം ഇപ്പോഴും പണമിരട്ടിപ്പിലും അമിതലാഭത്തിലും കണ്ണുംനട്ട് പണം കളയുകയാണ്. ഇക്കൊല്ലം ഇതുവരെ 800 കോടിയോളം രൂപയാണ് മലയാളികളില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. രാജ്യത്താകെ ഇത് 15000 കോടിയില്‍ അധികവുമാണ്. ഭൂരിഭാഗവും എത്തുന്നത് വിദേശത്തെ തട്ടിപ്പുകാരിലേക്കും.

To advertise here,

ലോട്ടറിയടിച്ചെന്ന സന്ദേശത്തില്‍ മയങ്ങി പണം കളഞ്ഞവര്‍ നിരവധി. അതേ തട്ടിപ്പ് ഇപ്പോഴും തുടരുകയും മലയാളികള്‍ പണം കളയുകയും ചെയ്യുന്നുണ്ട്. വന്‍തുകയുടെ ലോട്ടറിയടിച്ചുവെന്നും അതില്‍ ലക്ഷങ്ങള്‍ നേടിയെന്നുമുള്ള സന്ദേശമാകും തട്ടിപ്പുകാര്‍ നല്‍കുക. ഇതില്‍ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാരന് നല്‍കുന്നതോടെ ചൂണ്ടയില്‍ കൊത്തുകയാണ്. വ്യാജ ചെക്കിന്റെ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അയക്കുന്നതോടെ ചിലരെങ്കിലും അക്കാര്യം വിശ്വസിച്ച് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അവര്‍ പറഞ്ഞ രജിസ്ട്രേഷന്‍ ഫീസ് നല്‍കുകയും ചെയ്യും. ഇത് പല തവണ ആവര്‍ത്തിക്കപ്പെടുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാകുമ്പോഴേക്കും ഇരയ്ക്ക് വലിയ തുക തന്നെ നഷ്ടപ്പെട്ടിരിക്കും.
ശ്രദ്ധയ്ക്ക്: ഒരു നിയമാനുസൃത ലോട്ടറിയും സമ്മാന തുകയ്ക്കായി മുന്‍കൂര്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടില്ല.

നിക്ഷേപ, ട്രേഡിങ് തട്ടിപ്പാണ് പണം നഷ്ടമാക്കുന്ന മറ്റൊരു വഴി. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ സൗജന്യ ട്രേഡിങ് ടിപ്സ് ക്ലാസ്സുകളെക്കുറിച്ചുള്ള പരസ്യം നല്‍കിയാണ് ഇരകളെ ആകര്‍ഷിക്കുക. ഈ ഗ്രൂപ്പുകളിലേക്ക് ചേര്‍ന്നാല്‍ ഓഹരി ഇടപാടുകള്‍ നടത്താനുള്ള സൗജന്യ ട്രേഡിങ് ടിപ്പുകള്‍ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കും. തുടര്‍ന്ന് തട്ടിപ്പുകാര്‍ പറയുന്ന ട്രേഡിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കും. ഡിജിറ്റല്‍ വാലറ്റില്‍ നമുക്ക് ലഭിച്ച വ്യാജ ലാഭം കാണിക്കുകയും ചെയ്യും. ഇതിനിടെ ലാഭം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ 50 ലക്ഷമോ അതില്‍ കൂടുതലോ ലാഭം ആയാല്‍ മാത്രമേ പിന്‍വലിക്കാനാകൂവെന്ന് പറയും. ഇതും വിശ്വസിക്കുന്നവര്‍ തട്ടിപ്പുകാരുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ലാഭത്തിനായി കൂടുതല്‍ നിക്ഷേപം നടത്തും.പിന്നീട്, ലാഭം ഉള്‍പ്പടെയുള്ള നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള നികുതിയോ അല്ലെങ്കില്‍ ഫീസോ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ ഈ തട്ടിപ്പ് തുടരും.
ശ്രദ്ധയ്ക്ക്:  അസാധാരണമായ ലാഭ വാഗ്ദാനങ്ങള്‍ തട്ടിപ്പാകാം. ഇത്തരം ട്രേഡിങ് പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപിക്കരുത്.

അടുത്തിടെ വ്യാപകമായി നടക്കുന്ന തട്ടിപ്പുകളില്‍ ഒന്നാണ് കൂറിയര്‍ സ്‌കാം, ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന തട്ടിപ്പ്. നിയമപാലകരില്‍ നിന്നോ കൂറിയല്‍ കമ്പനിയില്‍ നിന്നോ ആണെന്ന തരത്തില്‍ സന്ദേശം ലഭിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയ പാഴ്സലിന്റെ പേരിലാകും ഭീഷണി. ഒടുവില്‍ ഡിജിറ്റല്‍ അറസ്റ്റും ഉണ്ടാകം. പിന്നീട് നിയമനടപടികള്‍ ഒഴിവാക്കാന്‍ പണം നല്‍കാം എന്ന് സമ്മതിക്കുന്നതുവരെ ചിലപ്പോള്‍ ഡിജിറ്റല്‍ അറസ്റ്റിലാകും. അല്ലെങ്കില്‍ വെരിഫിക്കേഷന് വേണ്ടി അക്കൗണ്ടിലെ പണം തട്ടിപ്പുകാര്‍ പറയുന്ന അക്കൗണ്ടിലേക്ക് മാറ്റാന്‍ പറയും. പണം മാറ്റിക്കഴിഞ്ഞാല്‍ പിന്നീട് തട്ടിപ്പുകാരും മുങ്ങും. ഈ രീതിയിലെ തട്ടിപ്പില്‍ ഒരാളില്‍ നിന്നു തന്നെ ഏഴു കോടി രൂപവരെയാണ് രജ്യത്ത് നഷ്ടപ്പെട്ടിട്ടുള്ളത്. കേരളത്തിലും ഒററയാളില്‍ നിന്നുതന്നെ രണ്ടേകാല്‍ കോടി നഷ്ടമായിട്ടുണ്ട്. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സംസ്ഥാന പോലീസുമൊക്കെ നിരവധി തവണ ബോധവത്കരണം നടത്തിയിട്ടും കഴിഞ്ഞ ദിവസവും കൊച്ചിയില്‍ ഇത്തരം തട്ടിപ്പ് അരങ്ങേറി.
ശ്രദ്ധയ്ക്ക്: ഒരു അന്വേഷണ ഏജന്‍സിയും ഡിജിറ്റലായി അറസ്റ്റ് നടത്താറില്ല. ഫണ്ടുകള്‍ കൈമാറാനും ആവശ്യപ്പെടാറില്ല.ഒരാളുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ വേണമെങ്കില്‍ അവര്‍ക്ക് നിയമാനുസൃതംതന്നെ പരിശോധിക്കാനാകും.

ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ക്ക് കെ.വൈ.സി പുതുക്കണമെന്നും ആവശ്യപ്പെടും. ഇതിനായി ഒരു ലിങ്ക് ഫോണിലേക്ക് അയക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടും. മിക്കവാറും ഇത് റിമോട്ട് ആക്സസ് സാധ്യമാക്കുന്ന ആപ്ലിക്കേഷനുകളായിരിക്കും. തുടര്‍ന്ന് നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരള്‍ ചോര്‍ത്തി പണം തട്ടുകയും ചെയ്യും.
ശ്രദ്ധയ്ക്ക്: ബാങ്കുകളും നിയമാനുസൃത സേവനദാതാക്കളും വ്യക്തിഗത വിവരങ്ങള്‍ ഫോണിലോ സന്ദേശം വഴിയോ ആവശ്യപ്പെടില്ല. ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടാറില്ല.

നിരവധി സംഭവങ്ങള്‍ നടന്നതും എന്നാല്‍ മാനഹാനി ഭയന്ന് പരാതിക്കാര്‍ കുറവുള്ളതുമായൊരു തട്ടിപ്പ് രീതിയാണ് സെക്സ്റ്റോര്‍ഷന്‍. യുവതികള്‍ എന്ന വ്യാജേന ഡേറ്റിങ് ആപ്പുകളിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് വ്യാജ ഫോട്ടോകള്‍ ഉപയോഗിച്ച് വീഡിയോ ചാറ്റിങിന് ക്ഷണിക്കുകയും ചെയ്യും. വീഡിയോ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ റെക്കോഡിംഗ് നടത്തി ബ്ലാക്ക്മെയില്‍ ചെയ്യുകയാണ് പതിവ്. പണം നല്‍കിയാലും വീണ്ടും ഭീഷണിപ്പെടുത്തുന്ന പതിവുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വളരെയധികം നടക്കുന്നുണ്ടെങ്കിലും പരാതിക്കാര്‍ കുറവാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നത്.
ശ്രദ്ധിക്കാന്‍: അജ്ഞാത നമ്പരുകളില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കരുത്.

കസ്റ്റമര്‍ കെയര്‍ നമ്പരുകള്‍ കണ്ടെത്താന്‍ നാം സ്ഥിരമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ വ്യാജ സപ്പോട്ട് ടീമുകളുണ്ടാക്കി ഉപഭോക്തൃ സേവനത്തെ ആശ്രയിക്കുന്നവരെ കബളിപ്പിക്കുന്ന രീതിയുണ്ട്.  ഇത്തരം തട്ടിപ്പുകാര്‍ ബ്ലോഗുകള്‍, വ്യാജ വെബ്സൈറ്റുകള്‍, സാമൂഹിക മാധ്യമങ്ങള്‍, ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട് എന്നിവയില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പരുകള്‍ നല്‍കുന്നു. കസ്റ്റമര്‍ കെയര്‍ സേവനത്തിനായി ഏതെങ്കിലും സ്ഥാപനത്തിന്റെ ഫോണ്‍ നമ്പരിനായി ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ ഈ വ്യജ നമ്പരില്‍ ബന്ധപ്പെടുന്നു. തുടര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതോടെ ഉപഭോക്താവിന് പണം നഷ്ടപ്പെടുകയും ചെയ്യും.
ശ്രദ്ധയ്ക്ക്: സേവനദാതാവിന്റെ  അംഗീകൃത വെബ്സൈറ്റുകളില്‍ നിന്ന് മാത്രം കസ്റ്റമര്‍ കെയര്‍ പിന്തുണ തേടുക. ഉപഭോക്തൃസേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.

സമീപകാലത്ത് ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നതാണ് വ്യാജ തൊഴില്‍ വാഗ്ദാനങ്ങളിലൂടെയുള്ള തട്ടിപ്പ്. വ്യാജ വെബ്സൈറ്റുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വ്യാജ വാഗ്ദാനങ്ങള്‍ പരസ്യപ്പെടുത്തുകയാണ്. ജോലി തേടുന്നവര്‍ ഈ ചതിയില്‍ വീണ് തട്ടിപ്പുകാരെ ബന്ധപ്പെടുന്നു. ജോലിക്കായി തട്ടിപ്പുകാരന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതോടെ പണം നഷ്ടമാകുന്നതിലേക്ക് നീങ്ങുകയും ചെയ്യുന്നു. വിദേശത്ത് ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന കമ്പനികളിലേക്കുള്ള റിക്രൂട്ട്മെന്റും ഈ തരത്തില്‍ നടക്കുന്നുണ്ട്.
ശ്രദ്ധയ്ക്ക്: വന്‍തുക മുന്‍കൂറായി നല്‍കേണ്ട ജോലി വാഗ്ദാനങ്ങള്‍ ചതിയാണെന്ന് മനസ്സിലാക്കുക.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വ്യാപനത്തോടെ വ്യാജ ഇ-കൊമേഴ്സ് സൈറ്റുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. അവിശ്വസനീയമായ വിലക്കുറവും ഓഫറും വാഗ്ദാനം ചെയ്ത് വ്യാജ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വികസിപ്പിക്കുകയാണ് തട്ടിപ്പുകാര്‍. ഈ പോര്‍ട്ടലുകളുടെ പരസ്യം വരുന്നത് സാമൂഹിക മാധ്യമങ്ങളിലുമാണ്.പരസ്യങ്ങളിലൂടെ അത്തരം സൈറ്റിലേക്ക് എത്തുന്നവര്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പണമടയ്ക്കും. എന്നാല്‍ സാധനം ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്തതിന് പകരം വിലകുറഞ്ഞ സാധനങ്ങള്‍ ലഭിക്കുകയോ ചെയ്യും. ഇത് പണം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായിരുന്നവര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്.
ശ്രദ്ധയ്ക്ക്: ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജനപ്രിയ സൈറ്റുകളെ ആശ്രയിക്കുക. സാധനത്തിന്റെ വിലയിരുത്തലുകള്‍ പരിശോധിക്കുകയും ചെയ്യുക.

നമ്മളറിയാത്ത തരത്തില്‍ നമ്മുടെ ഫോണിലേക്ക് റിമോട്ട് ആക്സസ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പുരീതിയുമുണ്ട്. പലപ്പോഴും ചെറിയൊരു തുകയുടെ ഇടപാട് നടത്താന്‍ പ്രേരിപ്പിച്ച ശേഷം റിമോട്ട് ആക്സസ് ആപ്പുവഴി തട്ടിപ്പുകാര്‍ നിരീക്ഷിക്കുന്നതാണ് രീതി.  പിന്നീട് വേണ്ട വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നു. ടീം വ്യൂവര്‍ പോലുള്ള  ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്തരുതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫോണിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് പണം നതട്ടിയെടുത്തുവെന്ന നിരവധി പരാതികള്‍ ഉയരുന്നുണ്ട്.
ശ്രദ്ധയ്ക്ക്: മറ്റുള്ളവര്‍ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് റിമോട്ട് ഡെസ്‌ക് ടോപ്പ് ആക്സസ് വഴി ബാങ്കിങ് വിവരങ്ങള്‍ കൈക്കലാക്കാം.

ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് പോലീസും ബാങ്കുകളുമൊക്കെ വ്യാപകമായി ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ 11 മാസത്തിനിടെ 12000-ല്‍ അധികം സാമൂഹിക മാധ്യമ അക്കൗണ്ടുകളാണ് സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം നിഷ്‌ക്രിയമാക്കിയത്. കൂടാതെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന ഇരുപതിനായിരത്തോളം വെബ്സൈറ്റുകളും നിര്‍ജീവമാക്കി. 32000 കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. പണം നഷ്ടമാകുന്നവരില്‍ ചെറിയൊരു വിഭാഗം മാത്രമേ യഥാസമയം പോലീസുമായി ബന്ധപ്പെടുന്നുള്ളൂ. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായെന്ന് മനസ്സിലാക്കുന്നത് വൈകിയാണെന്നതാണ് കാരണം. നിശ്ചിത സമയത്തിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍ തട്ടിയെടുക്കപ്പെട്ട പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത് തടയാനും നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ ലഭ്യമാക്കാനുമാകും. എന്നാല്‍ പരാതി നല്‍കുന്നത് വൈകിയാണെങ്കില്‍ അതിനുമുമ്പ് തന്നെ രാജ്യത്തിന് പുറത്തുള്ള തട്ടിപ്പുകാരുടെ പക്കലേക്ക് പണം കൈമാറ്റം ചെയ്ത് എത്തിയിട്ടുണ്ടാകും. വളരെ കുറച്ച് കേസുകളില്‍ പ്രതികളെ മാത്രമേ പിടികൂടാനാകുന്നുള്ളൂ. പിടികൂടുന്നവരില്‍ കൂടുതലും തട്ടിപ്പുകാരുടെ ഇടനിലക്കാരുമാണ്. യാഥാര്‍ഥ  തട്ടിപ്പുകാരില്‍ ഭൂരിഭാഗവും രാജ്യത്തിന് പുറത്തുള്ളവരായതിനാല്‍ അവരിലേക്ക് എത്തുന്നത് വിരളവുമാണ്.

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ എത്രയും വേഗം 1930 എന്ന ഫോണ്‍ നമ്പരിലോ www.cybercrime.gov.in എന്ന് വെബ്സൈറ്റിലോ പരാതിപ്പെടുക.