
കാക്കനാട്: 'ടെലഗ്രാം ഗ്രൂപ്പാണ്... ആരും കണ്ടുപിടിക്കില്ല; നമ്മൾ സേഫാണ്.' രഹസ്യഗ്രൂപ്പുകളുടെ മറവിൽ ചിത്രങ്ങൾ ശേഖരിച്ചും മോർഫ് ചെയ്തും പ്രചരിപ്പിച്ചവരുടെ ധാരണ ഇതായിരുന്നു. പക്ഷേ, ആ 'സേഫ് സോണിൽ' അവർ അറിയാതെ പോലീസിന്റെ കണ്ണുകളുമുണ്ടായിരുന്നു. തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ അന്വേഷണം കോളേജിന്റെ ചുറ്റുമതിൽകടന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്.
കോളേജിലെ ഏതാനും വിദ്യാർഥികളുടെ ചെയ്തിയെന്ന നിലയിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ വിവിധ കോളേജുകളിലെ വിദ്യാർഥികളിലേക്കും കാമ്പസിനു പുറത്തുള്ളവരിലേക്കും നീളുകയാണ്. അധ്യാപകരുടെ കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽനിന്നും മറ്റു ടെലഗ്രാം ഗ്രൂപ്പുകളിൽനിന്നും ശേഖരിച്ചാണ് മോർഫ് ചെയ്തും അല്ലാതെയും വികൃതമായി പ്രചരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട നാലു ടെലഗ്രാം ഗ്രൂപ്പുകൾ നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഗ്രൂപ്പുകളുടെ അഡ്മിൻമാരെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതിയായ ആലപ്പുഴ സ്വദേശി സനീഷ് ആരംഭിച്ച 'മല്ലു പ്രീമിയം' ഉൾപ്പെടെയുള്ള ഗ്രൂപ്പുകളാണ് പരിശോധിക്കുന്നത്. സനീഷിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
പണമീടാക്കുന്ന ഗ്രൂപ്പിലും 12 പേർ
ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതിനുപുറമേ പണമീടാക്കിത്തുടങ്ങിയ പ്രീമിയം ഗ്രൂപ്പും അന്വേഷണ പരിധിയിലുണ്ട്. 12 അംഗങ്ങളുള്ള ഈ ഗ്രൂപ്പിൽ ചിലർ അക്കൗണ്ടുകൾക്കായി വിദേശ ഫോൺനമ്പറുകൾ ഉപയോഗിച്ചതായും കണ്ടെത്തി. ഇവരുടെ വിവരങ്ങൾ തേടി ടെലഗ്രാമിന് കൊച്ചി സിറ്റി പോലീസ് വീണ്ടും കത്തയച്ചിട്ടുണ്ട്. വിദേശനമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ടെലഗ്രാം കൈമാറിയിട്ടില്ല. ഗ്രൂപ്പുകളിൽ സജീവമായിരുന്നവരിൽ പത്തിലേറെപേർ നിലവിൽ പോലീസിന്റെ നിരീക്ഷണവലയത്തിലാണ്. പ്രതികളുമായി ബന്ധമുള്ള ചിലരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽപേരെ ചോദ്യം ചെയ്യുന്നതോടെ ശൃംഖലയുടെ വ്യാപ്തി വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
Published: 16 Sept 2026, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented