
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ബുക്കൻവാൾഡിലെ കോൺസൻട്രേഷൻ ക്യാമ്പിൽ വാർഡനായി എത്തുകയാണ് ഇൽസെ കോഹ് എന്ന യുവതി. ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസി പടയിലെ പ്രമുഖ കമാൻഡറായ കാൾ ഒട്ടോ കോഹിന്റെ ഭാര്യ എന്നത് മാത്രമായിരുന്നു ഇൽസെ കോഹിന്റെ ആദ്യകാലത്തെ മേൽവിലാസം. എന്നാൽ, പിൽകാലത്ത് കോൺസൻട്രേഷൻ ക്യാമ്പിലെ തടവുകാരുടെ പേടിസ്വപ്നമായി. കടുത്ത പീഡനത്തിൽ തടവുകാരുടെ ശരീരത്തിൽ നിന്ന് ചോര ചിന്തുന്നത് കാണുമ്പോൾ അവർ അപൂർവമായ ആനന്ദം അനുഭവിച്ചു, ക്യാമ്പിലെ തടവുകാരെ ഡോക്ടർമാർ അപകടകരമായ പരീക്ഷണങ്ങൾക്ക് ഇരയാക്കുന്ന കാഴ്ച അവരെ ഹരം കൊള്ളിച്ചു. മനുഷ്യചർമ്മം കൊണ്ട് നിർമിച്ച വസ്തുക്കൾ അവരെ ഭ്രമിപ്പിച്ചു. വിച്ച് ഓഫ് ബൂക്കൻവാൾഡ് എന്ന പേരിലാണ് പിന്നീട് ചരിത്രം അവരെ അടയാളപ്പെടുത്തിയത്.
കിഴക്കൻ ജർമനിയിലെ ഡ്രേഡ്‌സൺ നഗരത്തിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ഇൽസെ കോഹിന്റെ ജനനം. പിതാവ് ഒരു സൈനിക കമാൻഡറായിരുന്നു. എല്ലാവരോടും മര്യാദയോടെ പെരുമാറുന്ന പെൺകുട്ടിയായിരുന്നു അവർ. പഠനത്തിലും പഠനേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്ന ഇൽസെ കോഹ് പതിനഞ്ച് വയസ്സിന് ശേഷം ഒരു സിഗരറ്റ് ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ചു. അതിനുശേഷം ഒരു ചെറിയ കോളേജിൽ ബുക്ക് കീപ്പിങ് വിഭാഗത്തിൽ ക്ലാർക്കായി ജോലി നോക്കി. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമൻ സാമ്പത്തിക വ്യവസ്ഥ തകർന്ന് ആളുകൾ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. ആ സമയത്താണ് ജർമനിയെ രക്ഷിക്കാൻ തങ്ങൾക്കൊപ്പം പ്രവർത്തിക്കണമെന്ന ആവശ്യവുമായി നാസി പാർട്ടി വലിയ പ്രചരണങ്ങൾ അഴിച്ചുവിട്ടത്. ജർമനിയുടെ നിലനിൽപ്പിന്, വംശശുദ്ധി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും നാസി പാർട്ടി പ്രഖ്യാപിച്ചു. കച്ചവടം ചെയ്ത് നല്ല വരുമാനം നേടിയിരുന്ന ജൂതർക്കെതിരേ ജർമൻകാരിൽ ഭീതിവിതച്ചാണ് നാസി പാർട്ടി പിടിച്ചുകയറിയത്. ഇരുപതുകളിലെത്തിയ ഇൽസെ കോഹിനും അവരുടെ ആശയങ്ങളിലേക്ക് അടുക്കാൻ അധികം സമയം വേണ്ടിവന്നില്ല. പിന്നീടങ്ങോട്ട് നാസി ആശയധാരയുമായി ചേർന്ന് നിൽക്കുന്നവരായിരുന്നു ഇൽസെയുടെ സൗഹൃദവലയത്തിലെ ഭൂരിഭാഗം പേരും. 1932 ൽ നാസി പാർട്ടിയിൽ അംഗത്വം സ്വീകരിച്ച ഇൽസെ അവർ സംഘടിപ്പിച്ച ക്യാമ്പുകളിലും യോഗങ്ങളിലും പങ്കെടുത്തു. അവിടെ വച്ചാണ് കാൾ ഒട്ടോ കോഹ് എന്ന നാസി കമാൻഡറുമായി ഇൽസെ പ്രണയത്തിലാകുന്നത്. വിവാഹമോചിതനായിരുന്നു കാൾ ഒട്ടോ കോഹ്. ഭർത്താവിന്റെ നാസി പ്രവർത്തനങ്ങളിൽ മനം മടുത്താണ് ആദ്യഭാര്യ ഇയാളിൽ നിന്ന് വിവാഹമോചനം നേടിയത്. ബെർലിന് സമീപത്ത് പ്രവർത്തിച്ചിരുന്ന സെക്‌സഹൗസൻ കോൺസൻട്രേഷൻ ക്യാമ്പിലായിരുന്നു കാൾ ഒട്ടോ അക്കാലത്ത് ജോലി ചെയ്തിരുന്നത്. തന്റെ ക്യാമ്പിലേക്ക് കാൾ ഓട്ടോ ക്ഷണിച്ചപ്പോൾ ഇൽസെ രണ്ടാമതൊന്ന് ആലോചിച്ചില്ല. വൈകാതെ അവർ വിവാഹിതരാവുകയും ചെയ്തു. നാസി ആശയധാരയ്‌ക്കൊപ്പം സഞ്ചരിക്കുക എന്നതിനപ്പുറം ക്യാമ്പിലെ പ്രവർത്തനങ്ങളിൽ സജീവമാവുകയും മികവ് പുലർത്തുകയും ചെയ്താൽ പണവും പദവിയും ലഭിക്കുമായിരുന്നു. ഭർത്താവിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ ഇൽസെ തയ്യാറായത് ഇക്കാരണങ്ങൾ കൊണ്ടു തന്നെയായിരുന്നു. പ്രവർത്തന മികവിന് അംഗീകാരമെന്നോണം പുതിയതായി പ്രവർത്തനം ആരംഭിച്ച ബൂക്കൻവാൾഡിലെ ക്യാമ്പിന്റെ ചുമതല ഇൽസെയ്ക്കും ഭർത്താവിനും ലഭിക്കുന്നു. ഭർത്താവിനെയും കുടുംബത്തെയും നന്നായി സേവിക്കുക, കുഞ്ഞുങ്ങളെ പ്രസവിക്കുക അവരെ വളർത്തുക - അതായിരുന്നു അക്കാലത്തെ ഒരു നല്ല ജർമൻ യുവതിയുടെ നിർവചനം. കുടുംബത്തിന് പുറത്ത് ജോലി ചെയ്യുന്നത് അപൂർവമായിരുന്നു. ക്യാമ്പിൽ ധാരാളം വനിതാ തടവുകാർ ഉണ്ടായിരുന്നതിനാൽ വനിതാ ജീവനക്കാരുടെ പങ്കാളിത്തം അനിവാര്യമായിരുന്നു. ഭർത്താവും അവിടുത്തെ ജീവനക്കാരനായതിനാൽ ഇൽസെ വളരെ ഉത്ഹാസത്തോടെയാണ് ക്യാമ്പിൽ പ്രവർത്തിച്ചത്. കുടുംബമായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും അവർക്ക് ക്യാമ്പിൽ ഒരുക്കി നൽകി. കഠിനമായി ജോലിയെടുപ്പിച്ചാണ് ബൂക്കൻവാൾഡിലെ തടവുകാരെ പീഡിപ്പിച്ചിരുന്നത്.
ക്യാമ്പിലെ ആദ്യ മാസങ്ങൾ ഇൽസെയെ സംബന്ധിച്ച് വലിയ ആവേശമായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് അവരെ മടുപ്പും വിരസതയും അലട്ടാൻ തുടങ്ങി. അതിനെ മറികടക്കുന്നതിനായി കുതിരയോട്ട പരിശീലനത്തിനായി ഒരു സ്പോർട്സ് കോംപ്ലസ് കെട്ടിപ്പടുക്കാൻ ഇൽസെ പദ്ധതിയിട്ടു. തടവുകാർ തൊഴിലാളികളായുള്ളപ്പോൾ നിർമാണ പ്രവർത്തനങ്ങൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ഇൽസെ അതിന് മേൽനോട്ടം വഹിക്കുകയും ഭീമമായ ഒരു സ്പോർട്സ് കോംപ്ലസ് കെട്ടിപ്പടുക്കുകയും ചെയ്തു. കഠിനമായ ജോലിക്കിടയിൽ ഭക്ഷണവും ഉറക്കവും ലഭിക്കാതെ തടവുകാർ തളർന്നുവീഴുകയും മരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അതൊന്നും ഇൽസെയെ ബാധിച്ചതേയില്ല. ക്യാമ്പിലെ മറ്റു കമാർഡർമാരുടെ ഭാര്യമാർ തടവുകാരുടെ കാര്യങ്ങളിൽ ഇടപെടാൻ പൊതുവേ വിമുഖത കാണിച്ചിരുന്നു. അത് ഇൽസെയ്ക്ക് കൂടുതൽ അധികാരം നൽകി. തടവുകാർക്കിടയിൽ അവർ കുപ്രസിദ്ധയായി. ആകർഷണീയമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഇൽസെ ക്യാമ്പിൽ റോന്ത് ചുറ്റുമ്പോൾ ഏതെങ്കിലും പുരുഷൻമാരായ തടവുകാർ നോക്കിപ്പോയാൽ തത്സമയം അവരെ തോക്കിനിരയാക്കും. കൗമാരക്കാരായ ആൺകുട്ടികളെ ഇൽസെ തന്റെ ക്വാട്ടേഴ്സിൽ ജോലിയ്ക്ക് നിർത്തിയിരുന്നു. ഭർത്താവ് ജോലി സംബന്ധമായി ദൂരെ പോകുന്ന ദിവസങ്ങളിൽ ഇൽസെ അവർക്ക് മുന്നിലൂടെ അൽപ്പവസ്ത്രം ധരിച്ച് നടക്കും. തന്നെ നോക്കുന്നവർക്ക് വെടിയുണ്ടയായിരിക്കും സമ്മാനം. ക്രമേണ അവരെ ലൈംഗികമായി ഉപയോഗിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മാനസികാവസ്ഥയിലെത്തി. ഭക്ഷണമായിരുന്നു ഇൽസെയുടെ മറ്റൊരു ആയുധം. തന്റെ വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന ഒരു പതിനഞ്ചുകാരൻ തടവുകാരന് എല്ലാ ഞായറാഴ്ചയും ഇൽസെ ഒരു പുഴുങ്ങിയ ഉരുളക്കിഴങ്ങ് വീതം നൽകുമായിരുന്നു. വേലിക്കപ്പുറം നിൽക്കുന്ന, പട്ടിണിയിൽ തളർന്ന നൂറ് കണക്കിന് തടവുകാർക്ക് മുന്നിൽ വച്ച് മാത്രമേ അത് കഴിക്കാൻ പാടുള്ളൂ. കൊതി സഹിക്കാനാകാതെ അവർ വെപ്രാളപ്പെടുമ്പോൾ ഇൽസെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തും.
മനുഷ്യർക്ക് മേൽ അതിക്രൂരമായ പരീക്ഷണങ്ങൾ ചെയ്യുന്നതിൽ എല്ലാ നാസി ക്യാമ്പുകളും മുൻപന്തിയിലാണ്. ബൂക്കൻവാൾഡും അതിനൊരു അപവാദമായിരുന്നില്ല. വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടുപിടിക്കുന്നതിനും അവ പരീക്ഷിക്കുന്നതിനുമായി തടവുകാരുടെ ശരീരമാണ് ഉപയോഗിച്ചിരുന്നത്. പരീക്ഷണങ്ങൾക്കിടയിൽ മരിച്ചുപോവുകയോ കിടപ്പിലാവുകയോ ചെയ്യുന്നത് സ്വാഭാവികമായിരുന്നു. സ്വവർഗാനുരാഗത്തെ ഒരു രോഗം പോലെ കൈകാര്യം ചെയ്തിരുന്ന അക്കാലത്ത് ഈ വിഭാഗത്തിൽപ്പെട്ടവർ ഈ ക്രൂരമായ പല പരീക്ഷണങ്ങൾക്കും വിധേയരായിരുന്നു. സ്വവർഗാനുരാഗികളെന്ന് സംശയിക്കുന്നവരെ പിടിച്ചുകൊണ്ടു വന്ന് ദിവസങ്ങളോളം ലാബുകളിൽ കെട്ടിയിട്ട് പല മരുന്നുകളും പരീക്ഷിക്കും. ചികിത്സിച്ചാൽ ഒരാളുടെ ലൈംഗികാഭിമുഖ്യം മാറ്റിയെടുക്കാൻ സാധിക്കുമെന്ന് നാസി ക്യാമ്പിലെ ഡോക്ടർമാർ അവകാശപ്പെട്ടുകൊണ്ടേയിരുന്നു. തടവുകാർക്ക് മേലുള്ള തങ്ങളുടെ പരീക്ഷണം വിജയിച്ചുവെന്ന വ്യാജപ്രചരണങ്ങൾ അവർ പടച്ചുവിടുകയും ചെയ്യുമായിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ നാസി ക്യാമ്പിലെ ഡോക്ടർമാരോട് ഇൽസെയ്ക്ക് വലിയ മതിപ്പായിരുന്നു. ലാബിലെ പരീക്ഷണങ്ങൾ തനിക്ക് നേരിൽ കാണാൻ അവസരമൊരുക്കണമെന്ന് ഇൽസെ ആവശ്യപ്പെട്ടപ്പോൾ ഡോക്ടർമാർ സന്തോഷത്തോടെ അനുവാദം നൽകി. ലാബിലേക്ക് തടവുകാരെ വലിച്ചിഴച്ചു കൊണ്ടുവരുന്നതും കെട്ടിയിടുന്നതും ബലമായി മരുന്നു കുത്തിവയ്ക്കുന്നതും അതിൽ ചിലർ പിടഞ്ഞു മരിക്കുന്നതുമെല്ലാം ഇൽസെ വല്ലാതെ ആസ്വദിച്ചു. പിന്നീട് അത് അവരുടെ വിനോദമായിമാറി. ഇൽസെ സ്ഥിരം സന്ദർശകയായതോടെ പരീക്ഷണങ്ങളുടെ തോതും കൂടി. പീഡിപ്പിക്കുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും എണ്ണം വർധിച്ചുകൊണ്ടേയിരുന്നു.
ശരീരത്തിൽ ടാറ്റൂ പതിച്ചിരുന്ന വ്യക്തികളെ കുട്ടിക്കാലം മുതൽ കൗതുകത്തോടെ കണ്ടിരുന്ന വ്യക്തിയാണ് ഇൽസെ. നാസി ക്യാമ്പിലെ തടവുകാരിൽ പലരുടെയും ശരീരത്തിൽ വിവിധ ടാറ്റൂകളുണ്ടായിരുന്നു. അത് സ്വന്തമാക്കാൻ അവർ വല്ലാതെ ആഗ്രഹിച്ചു. അതിനായി ക്യാമ്പിലെ കുപ്രസിദ്ധ ഡോക്ടറായ എറിക്ക് വാഗ്നറെയാണ് ഇൽസെ സമീപിച്ചത്. ടാറ്റൂവും വ്യക്തിയുടെ ക്രിമിനൽ സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലുള്ള പഠനങ്ങൾ മുന്നോട്ട് വച്ച വ്യക്തിയാണ് എറിക് വാഗ്നർ. ഇൽസെയുടെ പ്രീതി പിടിച്ചുപറ്റാൻ വാഗ്നർ മനുഷ്യരുടെ തൊലിയുണക്കിയുണ്ടാക്കിയ ലെതർ സമ്മാനമായി നൽകി. ഇത് ഇൽസെയെ വല്ലാതെ ആകർഷിച്ചു. ക്യാമ്പിൽ ടാറ്റൂ കുത്തിയ തടവുകാരെ പിടിച്ച് കൊന്ന് അവരുടെ തൊലിയുരിച്ചുണ്ടാക്കുന്ന വസ്തുക്കളോട് ഇൽസെയ്ക്ക് ഭ്രമമായി. ബാഗുകളും ലാമ്പ് ഷേഡുകളും മുതൽ പുസ്തകത്തിന്റെ കവർ വരെ നിർമിക്കാൻ ഇവർ മനുഷ്യരുടെ ചർമം ഉപയോഗിച്ചു. ക്രിസ്തുമസ്, പിറന്നാൾ പോലുള്ള വിശേഷങ്ങളിൽ തനിക്ക് വേണ്ടപ്പെട്ടവർക്കെല്ലാം മനുഷ്യ ചർമത്തിൽ തീർത്ത വസ്തുക്കളാണ് ഇൽസെ സമ്മാനമായി നൽകിയത്. തന്റെ വൈകൃതങ്ങൾക്ക് കുടപിടിച്ചിരുന്ന ഡോക്ടർമാരുമായി ഇൽസെ ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്നും അത് ഭർത്താവിന്റെ അറിവോടു കൂടിയായിരുന്നുവെന്നും പറയപ്പെടുന്നത്.
തട്ടിപ്പിന് അറസ്റ്റിലാകുന്നു
1942 ൽ ഇൽസെയെയും ഭർത്താവ് കാൾ ഒട്ടോയെയും ബൂക്കൻവാൾഡിലെ പണം തിരിമറി നടത്തിയതിന് അറസ്റ്റ് ചെയ്തു. ക്യാമ്പിൽ ശമ്പളം വിതരണം ചെയ്യുന്നതിലെ കണക്കിൽ ഇരുവരും വ്യാജ ബില്ലുകൾ നൽകിയെന്നും ഭക്ഷണസാധനങ്ങളടക്കം ക്യാമ്പിലേക്ക് വാങ്ങിയ വസ്തുക്കളുടെ വിലയിൽ തട്ടിപ്പുനടത്തിയെന്നുമായിരുന്നു ആദ്യഘട്ടത്തിൽ വന്ന ആരോപണങ്ങൾ. ദമ്പതികളുടെ ഭരണകാലത്ത് നിർമിച്ച സ്പോർട്സ് കോംപ്ലക്സിന് ചെലവാക്കിയ തുകയിൽ വൻ അഴിമതി നടന്നുവെന്നും ആരോപണമുണ്ടായി. അറസ്റ്റിലായതിന് ശേഷം ഇൽസെയും കാൾ ഒട്ടോയും ജയിലിലാകുന്നു. ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ നാസിപ്പാർട്ടിയുടെ കീഴിലെ അർധസൈനിക വിഭാഗമായിരുന്നു ഷുട്സ്റ്റാഫലിന്റെ തലവനായ ഹെയ്ൻറിച്ച് ഹിമ്മർ ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിടുന്നു. 1943 ന്റെ അവസാനത്തോടെ ഇൽസെയ്ക്കും കാൾ ഒട്ടോയ്ക്കുമെതിരേയുള്ള അന്വേഷണം കൂടുതൽ ഗൗരവകരമാകുകയാണ്. ബുക്കൻവാൾഡിലെ മൂന്ന് ജോലിക്കാരുടെ കൊലപാതകം ആസൂത്രണം ചെയ്തത് നടപ്പാക്കിയതിന്റെ പിറകിൽ ദമ്പതികളാണെന്ന് കണ്ടെത്തുന്നു. മാത്രമല്ല അഴിമതിയിലൂടെ അവർ കണക്കറ്റ് സമ്പാദിച്ചതിനും തെളിവുകൾ ലഭിക്കുന്നു. അഴിമതികൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയത് ഇൽസെയായിരുന്നുവെങ്കിലും ഒടുവിൽ തെളിവുകളെല്ലാം കാൾ ഒട്ടോയ്ക്ക് മാത്രം എതിരായി. കാരണം ക്യാമ്പിലെ ഉയർന്ന ഔദ്യോഗിക പദവിയിലുരുന്നത് അയാളായിരുന്നു. വിചാരണയ്‌ക്കൊടുവിൽ ഷുട്സ്റ്റാഫലിന്റെ കോടതി കാൾ ഒട്ടോയ്ക്ക് വധശിക്ഷ നൽകുകയും അത് നടപ്പാവുകയും ചെയ്തു. അതേസമയം വെറും പതിനാറ് മാസങ്ങൾ മാത്രമാണ് ഇൽസെ ജയിലിൽ കിടന്നത്.
ബൂക്കൻവാൾഡ് തകരുന്നു
കാൾ ഒട്ടോയുടെ മരണത്തിന് ശേഷം മക്കൾക്കൊപ്പം സമാധാനപരമായ ജീവിതം നയിച്ചുകൊണ്ടിരിക്കെയാണ് ഇൽസെ. അതിനിടെയാണ് അമേരിക്കൻ സൈന്യം ബൂക്കൻവാൾഡിലെത്തുന്നതും ക്യാമ്പിലെ തടവുകാരെ മോചിപ്പിക്കുന്നതും. 8000 ആളുകൾക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള ക്യാമ്പിൽ 80000 തടവുകാരാണ് താമസിച്ചിരുന്നത്. കൂടുതൽ അന്വേഷണത്തിൽ ക്യാമ്പിനും പരിസരപ്രദേശത്ത് നിന്നുമായി ഒട്ടേറെ മനുഷ്യശരീരങ്ങളാണ് കണ്ടെടുത്തത്. അതോടൊപ്പം തന്നെ മനുഷ്യചർമത്തിൽ തീർത്ത ഒരുപാട് കരകൗശല വസ്തുക്കളും പിടിച്ചെടുത്തു. വിശദമായി തടവുകാരുടെ മൊഴിയെടുത്തപ്പോഴാണ് ഇൽസെ കോഹ് എന്ന അതിക്രൂരയായ വാർഡനെക്കുറിച്ചുള്ള കഥ അമേരിക്കൻ അധികൃതർ അറിയുന്നത്. ഉടൻ തന്നെ ജർമനിയിലെ അവരുടെ അപ്പാർട്ട്മെന്റിലെത്തി ഇൽസെയെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്തു.
ഡാക്കയിലുള്ള അമേരിക്കൻ മിലിറ്ററി കമ്മീഷന്റെ പ്രത്യേക കോടതിയിലാണ് ഇൽസെ കോഹിന്റെ വിചാരണ നടന്നത്. നാസികളായ മൂപ്പതോളം യുദ്ധക്കുറ്റവാളികളും അവർക്കൊപ്പം നടപടി നേരിട്ടു. തന്റെ ഉപയോഗത്തിലുണ്ടായിരുന്ന ക്യാമ്പിലെ കരകൗശല വസ്തുക്കൾ നിർമിച്ചത് മനുഷ്യചർമം കൊണ്ടല്ലെന്നും ആടിന്റെ തൊലികൊണ്ടാണെന്നും ഇൽസെ വാദിച്ചു. ക്യാമ്പിലെ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും അവർ ആവർത്തിച്ചു. അതേസമയം ബൂക്കൾവാൾഡിലെ മുൻ അന്തേവാസികൾ ഇൽസെ കോഹിനെതിരെ ഹാജരായി. പക്ഷേ തെളിവുകളുടെ അഭാവത്തിൽ നാല് വർഷത്തേയ്ക്ക് തടവുശിക്ഷ മാത്രമാണ് ഇവർക്ക് ലഭിച്ചത്. ജയിൽ ശിക്ഷയ്ക്കിടെ സഹതടവുകാരനായുള്ള ബന്ധത്തിൽ ഇൽസെ കോഹിന് ഒരു ആൺകുഞ്ഞു ജനിച്ചു. എന്നാൽ, ആ കുഞ്ഞിനെ ദത്ത് നൽകാൻ നിർബദ്ധിതയായി. ജയിൽ മോചിതയായതിനുശേഷം കുഞ്ഞിനെ തിരികെ ലഭിക്കാൻ ഇൽസെ ശ്രമങ്ങളൊന്നും നടത്തിയില്ല.
തെറ്റുസമ്മതിക്കാതെ ഇൽസെ കോഹ്; ഒടുവിൽ ജീവപര്യന്തം തടവിലേക്ക്
ജർമനിയിലെ യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കാൻ അമേരിക്കൻ മിലിറ്ററി കോടതിയ്ക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു. അങ്ങനെയാണ് ഇൽസെ കോഹിന്റെ കേസിൽ പടിഞ്ഞാറൻ ജർമനി ശക്തമായ ഇടപെടൽ നടത്തുന്നത്. 1949ൽ വീണ്ടും അറസ്റ്റിലായ ഇൽസെയെ പടിഞ്ഞാറൻ ജർമനി ബവേറിയയിലെ ലാൻഡ്സ്ബർഗ് ജയിലിൽ അടച്ചു. ബവേറിയൻ ചീഫ് പ്രോസിക്യൂട്ടർ ജോഹാൻ ഇൽകോവ് ഇൽസെ കോഹിനെതിരേ വിവിധ വകുപ്പുകളിൽ ഒട്ടേറെ കുറ്റങ്ങളാണ് ചുമത്തിയത്. തടവുകാർക്ക് മേലുള്ള ഗുരുതരമായ ദേഹോപദ്രവം, ഗുരുതരമായ ശാരീരിക ഉപദ്രവത്തിന് പ്രേരണ, കൊലപാതകശ്രമങ്ങൾ, എന്നിങ്ങനെ വിവിധ കുറ്റങ്ങളിൽ അവർക്ക് വിചാരണ നേരിടേണ്ടിവന്നു. 250 സാക്ഷികളാണ് ഇൽസെ കോഹിന്റെ വിചാരണയിൽ ഹാജരായത്. ഇൽസെയ്‌ക്കെതിരേ തെളിവുകളില്ലായിരിക്കാം. എന്നാൽ, തങ്ങളുടെ സുഹൃത്തുക്കൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനും കൊല്ലപ്പെടുന്നതിനും സാക്ഷിയായിരുന്നു. കോടതി വെറുതെ വിട്ടാലും അവർ കുറ്റവാളിയല്ലാതാകുന്നില്ല. അധികാരത്തോടും സമ്പത്തിനോടുമുള്ള ഭ്രമം മാത്രമായിരുന്നു അവരെ നയിച്ചിരുന്നത് എന്നാണ് സാക്ഷികൾ പറഞ്ഞത്. ഏഴ് മാസം നീണ്ട വിചാരണയ്ക്ക് ശേഷം ഇൽസെ കോഹിന് ജീവപര്യന്തം ശിക്ഷിച്ചു. വിധി കേൾക്കുന്ന ദിവസം അവർ കോടതിയിലെത്താൻ വിസമ്മതിച്ചു.
ബുക്കൻവാൾഡിലെ ഇൽസെ കോഹിന്റെ കുറ്റകൃത്യങ്ങളെ അതി ഭയാനകമെന്നാണ് വിധിയിൽ വിശേഷിപ്പിച്ചത്. ഒരു സ്ത്രീ എന്ന നിലയിൽ സഹജമായുണ്ടായിരുന്ന അനുകമ്പയെ ബോധപൂർവം അടിച്ചമർത്തി, അധികാരത്തിനും സ്വാർത്ഥതയ്ക്കും അവർ മുൻതൂക്കം നൽകി. കുറ്റം തെളിഞ്ഞിട്ടും തെറ്റ് സമ്മതിക്കാനോ ചെറുതായെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ മനസ്സു കാണിക്കുന്നില്ല. അതവരുടെ അഹങ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും കോടതി പരാമർശിച്ചു.
നാസി കുറ്റവാളിയുടെ മകനെന്ന മേൽവിലാസം; ആത്മഹത്യ ചെയ്ത് മകൻ
കാൾ ഒട്ടോയിൽ മൂന്ന് മക്കളായിരുന്നു ഇൽസെ കോഹിന് ജനിച്ചത്. അതിലൊരു മകൾ ന്യുമോണിയ വന്ന് ബാല്യത്തിൽ തന്നെ മരിച്ചു. യുദ്ധക്കുറ്റവാളിയായ അമ്മയ്ക്കൊപ്പമുള്ള ജീവിതം മക്കളുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാക്കി. ഇൽസെയുടെ മക്കൾ എന്ന മേൽവിലാസം അവർക്കൊരു ബാധ്യതയായി. സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇൽസെ തടവിലായി പതിമൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മൂത്തമകൻ ആത്മഹത്യ ചെയ്തു.
1950 കളിൽ, വിചാരണ കാലയളവിൽ തന്നെ ഇൽസെ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു. തടവുശിക്ഷ തുടങ്ങി ഏതാണ്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും അത് കലശലായി. കോൺസൻട്രേഷൻ ക്യാമ്പിലെ തടവുകാർ തന്നെ ഉപദ്രവിക്കുന്നതായി ഇൽസെ സ്വപ്നം കണ്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഒടുവിൽ 1967 സെപ്തംബർ ഒന്നിന് ഇൽസെ കോഹ് ജയിലിൽ തൂങ്ങിമരിച്ചു. മരണമല്ലാതെ തനിക്ക് മറ്റൊരു വഴിയില്ലെന്ന് ഇളയമകന് കത്തെഴുതി വച്ചാണ് അവർ ആത്മഹത്യ ചെയ്തത്. സഹതടവുകാരനിൽ ഇൽസെയ്ക്ക് ജനിച്ച മകൻ കൗമാരകാലം പിന്നിട്ടപ്പോഴാണ് തന്റെ അമ്മയെ തിരിച്ചറിയുന്നത്. മരണം വരെ ഇയാൾ ഇൽസെയെ സന്ദർശിക്കുമായിരുന്നു. മക്കളിൽ ഇയാൾക്ക് മാത്രമാണ് ഇൽസെയുമായി മാനസികമായി അടുപ്പമുണ്ടായിരുന്നത്.
Content Highlights: infamous Ilse Koch, Nazi, Germany, Karl Otto Koch, Adolf Hitler, Crime Story, concentration camp
Published: 13 Jul 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented