ബ്ലാക്ക് വിഡോ, ദ ലേഡി ഓഫ് മാഫിയ, ദ ഗോഡ് മദര്‍ എന്നീ വിശേഷണങ്ങള്‍. അധോലോകത്തെ  മുടിചൂടാമന്നനായി പാബ്ലോ എസ്കോബാർ പടയോട്ടം നയിച്ചിരുന്ന കാലത്ത് കൊളംബിയയില്‍നിന്ന് അമേരിക്കയിലേക്ക് ലഹരിമരുന്നു കടത്തി തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിച്ച ആൾ. തന്നെ എതിര്‍ക്കുന്നവരെയും തന്റെ ഹിതത്തിന് വഴങ്ങാത്തവരെയും തെരുവില്‍ വേട്ടയാടിയവള്‍. ഗ്രിസല്‍ഡ ബ്ലാങ്കോ എന്ന അധോലോക നായികയുടെ ജീവിതത്തെ ഏറ്റവും കുറഞ്ഞ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

To advertise here,

1943-ല്‍ കൊളംബിയയിലെ കാര്‍ട്ടഹെനയിലാണ് ഗ്രിസല്‍ഡ ബ്ലാങ്കോയുടെ ജനനം. മദ്യത്തിനും മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കും അടിമയായിരുന്ന ഒരു ലൈംഗിക തൊഴിലാളിയായിരുന്നു ഗ്രിസല്‍ഡയുടെ അമ്മ. സ്ഥിരബോധമില്ലാതെ ജീവിക്കുന്ന അമ്മയില്‍നിന്ന് ഒരു കുട്ടിയെന്ന നിലയില്‍ യാതൊരു പരിചരണവും ഗ്രിസല്‍ഡയ്ക്ക് ലഭിച്ചിരുന്നില്ല. ഭക്ഷണമില്ല, ഉടുക്കാന്‍ വസ്ത്രങ്ങളില്ല. അതിലുപരി മദ്യലഹരിയിലെത്തുന്ന അമ്മയില്‍നിന്ന് കടുത്ത ഉപദ്രവവും അമ്മയുടെ കാമുകന്‍മാരെന്ന് അവകാശപ്പെട്ട് വീട്ടിലേക്കെത്തുന്നവരില്‍നിന്ന് ലൈംഗിക പീഡനവും. 

പതിനൊന്നാമത്തെ വയസ്സിലാണ്  ഗ്രിസല്‍ഡ വളരെ ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് തിരിയുന്നതെന്ന് പറയപ്പെടുന്നു. അക്കാലത്ത് കൊളംബിയയിലെ മെഡല്ലിന്‍ നഗരത്തിലാണ് ഗ്രിസല്‍ഡ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത്. പ്രദേശത്തെ സമ്പന്നമായ ഒരു കുടുംബത്തിലെ ഒരു ആണ്‍കുട്ടിയെ ഗ്രിസല്‍ഡ തട്ടിക്കൊണ്ടുപോകുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടെങ്കിലും അവരത് കാര്യമായി എടുത്തില്ല. അതേത്തുടര്‍ന്ന്‌ ഗ്രിസല്‍ഡ ആ കുട്ടിയെ വെടിവെച്ചു കൊന്നുവെന്നാണ് പറയപ്പെടുന്നത്. കേസിന്റെ തുടരമ്പേഷണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ഇതൊരു കെട്ടുകഥയാണെന്നും പറയപ്പെടുന്നു. 

പന്ത്രണ്ടാം വയസ്സില്‍ പോക്കറ്റടിച്ച് തുടക്കം

പന്ത്രണ്ടാം വയസ്സില്‍ പോക്കറ്റടിച്ചാണ് ഗ്രിസല്‍ഡ ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. പിന്നീട് ലൈംഗികവൃത്തിയിലേക്കും തിരിഞ്ഞു. അക്കാലത്താണ് കാര്‍ലോസ് ട്രുലിയോ എന്ന ഇടനിലക്കാരനെ കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലായി. ലൈംഗികാവശ്യത്തിനായി സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നതിന് പുറമേ പാസ്പോര്‍ട്ട് അടക്കമുള്ള വ്യാജരേഖകളുണ്ടാക്കി മനുഷ്യരെ വിദേശങ്ങളിലേക്ക് കാര്‍ലോസ് ട്രുലിയോ കടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ചേര്‍ന്ന് ഗ്രിസല്‍ഡ ഇതെല്ലാം പഠിച്ചെടുത്തു.

പിന്നാലെ അമ്മയുടെ പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗ്രിസല്‍ഡ കാര്‍ലോസ് ട്രുലിയോയെ വിവാഹം ചെയ്തു.ഈ ബന്ധത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ പിറക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് കൊളംബിയയില്‍നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് കടത്തിയത്. അതിനിടെ കള്ള പാസ്പോര്‍ട്ടില്‍ ഇരുവരും ഇടയ്ക്കിടെ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് ഗ്രിസല്‍ഡയും  ഭര്‍ത്താവും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചതോടെ അവരുടെ ദാമ്പത്യം വഷളായി. പ്രശ്‌നങ്ങള്‍ രൂക്ഷമായി മുന്നോട്ടുപോകുന്നതിനിടെ കാര്‍ലോസ് ട്രുലിയോ കരള്‍രോഗത്തെ തുടര്‍ന്ന് മരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കള്ളക്കടത്തുകാരനായ ആല്‍ബര്‍ട്ടോ ബ്രാവോയെ ഗ്രിസല്‍ഡ വിവാഹം കഴിച്ചു. ഇതോടെ  കാര്‍ലോസ് ട്രുലിയോയുടെ മരണം സ്വാഭാവികമല്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. 

1500 ഡീലര്‍മാരുള്ള കൊക്കെയ്ന്‍ രാജ്ഞി

കൊക്കെയ്ന്‍ കടത്തായിരുന്നു ബ്രാവോയുടെ വരുമാനമാര്‍ഗം. കൊളംബിയയില്‍നിന്ന് അമേരിക്കയില്‍ ലഹരിമരുന്ന് കടത്തി വിറ്റിരുന്നതിനാല്‍ അയാളുടെ കയ്യില്‍ ധാരാളം പണമുണ്ടായിരുന്നു. ബ്രാവോയുടെ സ്വത്ത് തന്നെയാണ് ഗ്രിസല്‍ഡയെ ആകര്‍ഷിച്ചത്. ബ്രാവോയുടെ ലഹരിമരുന്ന് കടത്തില്‍ പങ്കാളിയായാല്‍ കോടിക്കണക്കിന് പണമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഗ്രിസല്‍ഡ മനസ്സിലാക്കിയിരുന്നു. കൊളംബിയയില്‍ തുണിക്കച്ചവടത്തിന്റെ മറവിലാണ് ഗ്രിസല്‍ഡ അമേരിക്കയിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത്. തുണി കയറ്റി അയക്കുന്നുവെന്ന വ്യാജേന കിലോക്കണക്കിന് കൊക്കെയ്ന്‍ വിതരണം ചെയ്തു. 

അമേരിക്കയില്‍ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളായപ്പോഴേക്കും 1500-ല്‍ ഏറെ ഡീലര്‍മാര്‍ക്കാണ് ഇരുവരും ചേര്‍ന്ന് കൊക്കെയ്ന്‍ എത്തിച്ചിരുന്നത്. ലഹരിമരുന്ന് എത്തിക്കാനുള്ള കാരിയര്‍മാരായി സൗന്ദര്യസങ്കല്‍പ്പത്തിന് ഇണങ്ങുന്ന, നല്ല വാക്ചാതുര്യമുള്ള സ്ത്രീകളെയാണ് തിരഞ്ഞെടുത്തിരുന്നത്. അവരെ നന്നായി വസ്ത്രം ധരിപ്പിച്ച് അവരുടെ അടിവസ്ത്രങ്ങളുടെ അറകള്‍ക്കുള്ളില്‍ ലഹരിമരുന്ന് നിറച്ച് ഗ്രിസല്‍ഡ അമേരിക്കയിലേക്ക് അയച്ചു. ഓരോ ദിവസം പിന്നിടുന്തോറും ഗ്രിസല്‍ഡയുടെ സാമ്രാജ്യം വിപുലമായി. അതിനിടെ ഗ്രിസല്‍ഡയും ലഹരിമരുന്നിന് അടിമയായി. 

'ബ്ലാക്ക് വിഡോ' എന്ന വിളിപ്പേരിലേക്ക്

1975ല്‍ അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ ലഹരിമരുന്ന് വേട്ട ശക്തമാക്കിയപ്പോള്‍ ഗ്രിസല്‍ഡയും അവരുടെ നോട്ടപ്പുള്ളിയായി. തനിക്കും കൂട്ടാളികളായ 30 പേര്‍ക്കുമെതിരേ കേസെടുത്ത വിവരം അറിഞ്ഞ ഗ്രിസല്‍ഡ അമേരിക്കയില്‍നിന്ന് കൊളംബിയയിലേക്ക് കടന്നു. ഈ സമയത്താണ് ബ്രാവോയുടെ നീക്കത്തില്‍ ഗ്രിസല്‍ഡ അസ്വസ്ഥയാകുന്നത്. തങ്ങള്‍ കെട്ടിപ്പടുത്ത ബിസിനസില്‍നിന്ന് ബ്രാവോ പണം മോഷ്ടിക്കുന്നുവെന്ന സംശയത്താല്‍ അയാളെ വകവരുത്താന്‍ ഗ്രിസല്‍ഡ തീരുമാനിക്കുന്നു. അതിനായി സംസാരിക്കാനുണ്ടെന്ന വ്യാജേന ഒരു കാര്‍ പാര്‍ക്കിങ്ങിലേക്ക് ബ്രാവോയെ ഗ്രിസല്‍ഡ വിളിച്ചു വരുത്തുന്നു. സംഭാഷണം തര്‍ക്കമായതോടെ കയ്യില്‍ ഒളിപ്പിച്ച പിസ്റ്റള്‍ ഉപയോഗിച്ച് ബ്രാവോയെ കൊലപ്പെടുത്തുന്നു. ബ്രാവോയുടെ കയ്യിലുണ്ടായിരുന്ന മെഷീന്‍ ഗണ്‍ കരസ്ഥമാക്കി അയാളുടെ ആറ് അനുയായികളെ അവിടെ വച്ചുതന്നെ ഗ്രിസല്‍ഡ വകവരുത്തി. അങ്ങനെ അവര്‍ ലഹരിമരുന്നു സാമ്രാജ്യത്തിന്റെ ഏക അവകാശിയായി.  

1978-ല്‍ ഗ്രിസല്‍ഡ ഡാരിയോ സെപുല്ഡവെദയെ വിവാഹം കഴിച്ചു. അയാള്‍ക്കൊപ്പം ഗ്രിസല്‍ഡ മിയാമിയിലേക്ക് കടന്നു. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി പിറക്കുകയും ചെയ്തു. ഗോഡ്​ഫാദറിലെ മൈക്കിള്‍ കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മകന് മൈക്കിള്‍ കോര്‍ലിയോണ്‍ ബ്ലാങ്കോ എന്ന പേരാണ് ഗ്രിസല്‍ഡ നല്‍കിയത്.  ഈ സമയമായപ്പോഴേക്കും അമിതമായ കൊക്കെയ്ന്‍ ഉപയോഗത്താല്‍ ഗ്രിസല്‍ഡയെ തിരിച്ചറിയാനാകാത്ത സ്ഥിതി വന്നു. 

1983-ല്‍ ഗ്രിസല്‍ഡയുമായുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വന്നതോടെ മകനെയും ഒപ്പം കൂട്ടി ഡാരിയോ കൊളംബിയയിലേക്ക് തിരിച്ചുപോയി. ഗ്രിസല്‍ഡയുടെ കയ്യില്‍നിന്ന് പണം നേടാനായി ഡാരിയോ മകനെ തട്ടിക്കൊണ്ടുപോയതാണെന്നും പറയപ്പെടുന്നു. തൊട്ടുപിന്നാലെ ഒരു വാടകക്കൊലയാളിയെ വച്ച് ഡാരിയോയെ അയാളുടെ കാറിനുള്ളില്‍വച്ച് കൊലപ്പെടുത്തി. മകന് മുന്നില്‍വച്ചാണ് ഈ കൊലപാതകം നടന്നത്. ഡാരിയോയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ട സ്ത്രീകളും ഗ്രിസല്‍ഡയുടെ സംഘത്തിന്റെയും ഇരയായി. ജീവിതപങ്കാളികളുടെ ദൂരൂഹമരണം തന്നെയാണ് ഗ്രിസല്‍ഡയ്ക്ക് പിന്‍കാലത്ത് 'ബ്ലാക്ക് വിഡോ' എന്ന പേര് ചാര്‍ത്തിക്കൊടുത്തത്. 

മിയാമി ഡ്രഗ് വാറും ഗ്രിസല്‍ഡയും

1970-കളുടെ തുടക്കത്തിലാണ് അമേരിക്കന്‍ സര്‍ക്കാറും ലഹരിമരുന്നു മാഫിയകളും തമ്മിലുള്ള സംഘട്ടനം ആരംഭിക്കുന്നത്. പാബ്ലോ എസ്‌കോബാറിന്റെ മെഡലിന്‍ കാര്‍ട്ടലുമായായിരുന്നു അദ്യകാലത്തെ യുദ്ധം. പിന്നീട് 1970-കളുടെ അവസാനകാലത്ത് സംഘര്‍ഷം കൂടുതല്‍ കടുത്തു. 1979-ല്‍ മിയാമിയിലെ ദദേലാന്‍ഡ് മാളില്‍ പട്ടാപ്പകല്‍ ആയുധങ്ങളുമായെത്തിയ വന്‍സംഘം നടത്തിയ  വെടിവെപ്പില്‍ ഒരു മദ്യഷോപ്പിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു ഈ അക്രമിസംഘം പിന്നീട് 'കൊക്കെയ്ന്‍ കൗബോയ്‌സ്' എന്നാണ് അറിയപ്പെട്ടത്. നഗരത്തിലെ ക്രമസമാധാനം തകര്‍ക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായി. മിയാമി പോലീസും എഫ്.ബി.ഐയും ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡിമിനിസ്‌ട്രേഷനുമായിരുന്നു ഒരു വശത്ത്, മറുവശത്ത് കൊക്കെയ്ന്‍ കൗബോയ്‌സും. പിന്നീടങ്ങോട്ട് നടന്ന ഏറ്റുമുട്ടലുകളാണ് 'മിയാമി ഡ്രഗ് വാര്‍' എന്ന പേരില്‍ അറിയപ്പെട്ടത്. 1980-ല്‍ ഈ പോരാട്ടത്തില്‍ 573 പേരാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം 621 ആളുകളും. ശവശരീരങ്ങളാല്‍ മോര്‍ച്ചറികള്‍ നിറഞ്ഞു. ശീതീകരിച്ച ട്രേക്കുകള്‍ വാടകയ്‌ക്കെടുത്താണ് മൃതദേഹകള്‍ സൂക്ഷിച്ചത്. ഈ യുദ്ധത്തില്‍ ഗ്രിസല്‍ഡയുടെ സംഘവും അഴിഞ്ഞാടി.

എതിരാളികളെ മാത്രമല്ല ഗ്രിസല്‍ഡ കൊലപ്പെടുത്തിയത്. സ്വന്തം സംഘത്തിലുള്ളയാളുകള്‍ വഞ്ചിക്കുന്നുവെന്ന സംശയം തോന്നിയാല്‍ മതി. പിന്നീട് അവരെ കൊലപ്പെടുത്താതെ ഗ്രിസല്‍ഡയെ വിശ്രമിക്കുകയില്ല. 200-ലധികം ആളുകളെയാണ് ഗ്രിസല്‍ഡയുടെ സംഘം കൊന്നൊടുക്കിയത്.  വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കെട്ടിപ്പടുത്ത ഗ്രിസല്‍ഡയുടെ സാമ്രാജ്യം അതിന്റെ പ്രതാപത്തിന്റെ കൊടുമുടിയിലെത്തിയത് 1980-കളിലാണ്. അതോടെ ആഡംബരത്തിന്റെ ഉന്നതിലായി ഗ്രിസല്‍ഡയുടെ ജീവിതം. കോടിക്കണക്കിന് പണം മുടക്കി അവര്‍ ബംഗ്ലാവുകള്‍ പണിതു. ഒട്ടേറെ ആഡംബര കാറുകള്‍ സ്വന്തമാക്കി. എന്തിനും തയ്യാറായി ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്ന നൂറിലേറെ അനുയായികളായിരുന്നു ഗ്രിസല്‍ഡയുടെ കൂടെ അക്കാലത്ത് ഉണ്ടായിരുന്നത്. അങ്ങനെയാണ് 'ദ ലേഡി ഓഫ് ദ മാഫിയ', 'ദ ഗോഡ് മദര്‍' തുടങ്ങിയ വിശേഷണങ്ങള്‍ ഗ്രിസല്‍ഡ സ്വന്തമാക്കിയത്.

സര്‍ക്കാര്‍ 40 മില്യണ്‍ ഡോളര്‍ വിലയിട്ട കുറ്റവാളി

ഗ്രിസല്‍ഡയുടെയും സംഘത്തിന്റെയും അക്രമപ്രവര്‍ത്തനങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് അവരുടെ തലയ്ക്ക് ഭരണകൂടം 40 മില്യണ്‍ ഡോളര്‍ വിലയിട്ടു. എന്നാല്‍ ഇതറിഞ്ഞ ഗ്രിസല്‍ഡ പിടിക്കപ്പെടാതിരിക്കാന്‍ കാലിഫോര്‍ണിയയിലേക്ക് കടന്നു. പിന്നീട് ഒളിവിലായിരുന്നു അവരുടെ ജീവിതം. എന്നാല്‍, ഗ്രിസല്‍ഡയുടെ രഹസ്യസങ്കേതത്തിന്റെ വിവരം ലഭിച്ച പോലീസ് അവിടെയെത്തി വലവിരിച്ചു. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ കട്ടിലില്‍ കുനിഞ്ഞിരുന്നു ബൈബിള്‍ വായിക്കുന്ന  ഗ്രിസല്‍ഡയെയാണ് പോലീസ് കാണുന്നത്. 1985 ഫെബ്രുവരി 17-ന് ഗ്രിസല്‍ഡ അറസ്റ്റിലായി. ലഹരിമരുന്ന് കടത്തിയതിനും ഗൂഢാലോചനയ്ക്കും മൂന്ന് കൊലപാതങ്ങള്‍ ആസൂത്രണം ചെയ്തതിനും ന്യൂയോര്‍ക്ക് സിറ്റിയിലെ ഫെഡറല്‍ കോടതി ഗ്രിസല്‍ഡയ്ക്ക് 15 വര്‍ഷം ശിക്ഷ വിധിച്ചു.

ജയിലില്‍ കിടക്കുമ്പോള്‍ ഗ്രിസല്‍ഡയുടെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്ന വാടകക്കൊലയാളി ജോര്‍ജ് അയാല പോലീസിന്റെ പിടിയിലായി. ഫ്ലോറിഡയില്‍ നടന്ന അതിക്രമത്തിന് ഗ്രിസല്‍ഡയ്ക്ക് എതിരേ മൊഴിക്കൊടുക്കാനും മാപ്പുസാക്ഷിയാകാനും അയാള്‍ സമ്മതിച്ചു. പക്ഷേ സ്റ്റേറ്റ് അറ്റോര്‍ണിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളുമായി ജോര്‍ജ് അയാല ഫോണ്‍ സെക്സ് നടത്തിയത് വിവാദമായി. തുടര്‍ന്ന് സാങ്കേതിക കാരണങ്ങളാല്‍ ആ കേസ് മുന്നോട്ടുപോയില്ല. 1998-ല്‍ മൂന്ന് കൊലപാതകങ്ങള്‍ (സെക്കന്റ് ഡിഗ്രി) ചെയ്തതിന് ഫ്ലോറിഡയിലെ കോടതിയുടെ മുന്നില്‍ ഗ്രിസല്‍ഡ കുറ്റം സമ്മതം നടത്തി. ഈ കേസുകളില്‍ ഇരുപത് വര്‍ഷത്തെ തടവാണ് അവര്‍ക്ക് ലഭിച്ചത്. തടവ് ശിക്ഷ അനുഭവിക്കുമ്പോഴും ലഹരിമരുന്ന് വ്യാപാരത്തിന് ഗ്രിസല്‍ഡ നേതൃത്വം നല്‍കി. അനുയായികളെയും മക്കളെയും ഉപയോഗിച്ചാണ് അവര്‍ വ്യാപാരം നിയന്ത്രിച്ചത്. 

ഒടുവില്‍ തെരുവില്‍ മരണം

2004-ല്‍  ജയില്‍മോചിതയായ ഗ്രിസല്‍ഡയെ അമേരിക്കന്‍ ഭരണകൂടം കൊളംബിയയിലേക്ക് നാടുകടത്തി. അപ്പോഴേക്കും അവരുടെ നാല് മക്കളില്‍ രണ്ടുപേര്‍ എതിരാളികളാല്‍ കൊല്ലപ്പെട്ടിരുന്നു. ലഹരിമരുന്ന് കടത്തിയതിന്റെ പേരില്‍ ഇളയ മകന്‍ മകന്‍ മൈക്കിള്‍ കോര്‍ലിയോണിയോ ജയിലിലാവുകയും ചെയ്തു. താനും ഒരിക്കല്‍ കൊല്ലപ്പെടുമെന്ന് ഗ്രിസല്‍ഡ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ മരണം മുന്നില്‍ കണ്ടാണ് പിന്നീടവര്‍ ജീവിച്ചത്. അംഗരക്ഷകരൊന്നുമില്ലാതെ സാധാരണക്കാരിയെപ്പോലെ അവര്‍ തെരുവില്‍ ഇറങ്ങിനടന്നു. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.

ഗര്‍ഭിണിയായ മരുമകള്‍ക്കൊപ്പം 2012 സെപ്തംബര്‍  മൂന്നിന് സമീപത്തെ ഇറച്ചിക്കടിയിലേക്ക് പോകുകയായിരുന്നു ഗ്രിസല്‍ഡ. മാംസം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയില്‍ മോട്ടോര്‍സൈക്കിളില്‍ വന്ന അജ്ഞാതന്‍ ഗ്രിസല്‍ഡയ്ക്ക് നേരെ നിറയൊഴിച്ചു. മിയാമി ലഹരിമരുന്ന് യുദ്ധത്തില്‍ ഗ്രിസല്‍ഡ ഉപയോഗിച്ച തന്ത്രമായിരുന്നു മോട്ടോര്‍സൈക്കിളില്‍ കൊലയാളികളെ അയച്ച് എതിരാളികളെ വകവരുത്തുക എന്നത്. അതേ രീതിയില്‍ തന്നെ ഗിസല്‍ഡയും കൊല്ലപ്പെട്ടപ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നിയില്ല. അങ്ങനെ തന്റെ 69-ാമത്തെ വയസ്സില്‍ 'ദ ഗോഡ്മദറി'ന്റെ ജീവിതത്തിന് വിരാമമായി. 

ഗ്രിസല്‍ഡയുടെ ജീവിതത്തെ ആസ്പദമാക്കി ഒട്ടേറെ സിനിമകളും വെബ് സീരിസുകളും പുറത്തിറങ്ങിയിട്ടുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ കൊക്കെയ്ന്‍ കൗബോയ്‌സ് -1, 2008-ലെ കൗബോയ്‌സ്- 2 തുടങ്ങിയ ചിത്രങ്ങളെല്ലാം ഏതാനും ഉദാഹരണങ്ങളാണ്. ഗ്രിസല്‍ഡ എന്ന പേരില്‍ നെറ്റ്ഫ്ക്‌സില്‍ സ്ട്രീം ചെയ്യുന്ന പുതിയ മിനി സീരീസ് 2024 ജനുവരി 25 -ന് പുറത്തിറങ്ങും. സോഫിയ വെര്‍ഗരയാണ് സീരീസില്‍  ഗ്രിസല്‍ഡ ബ്ലാങ്കോയെ അവതരിപ്പിക്കുന്നത്.