രാത്രികാലങ്ങളിലാണ് അയാള്‍ പുറത്തിറങ്ങുന്നത്. വീടുകള്‍ കുത്തിത്തുറന്നും ജനാലകള്‍ തകര്‍ത്തും അകത്തു കയറി കാണുന്നതെല്ലാം കൈക്കലാക്കി രക്ഷപ്പെടും. ഒരു സ്‌കീ മാസ്‌ക് ധരിച്ച് കയ്യില്‍ കത്തിയുമായാണ് അയാളുടെ വരവ്. അതുകൊണ്ടുതന്നെ ഇരകളാരും അയാളെ തിരിച്ചറിഞ്ഞില്ല. പതിയെ അയാള്‍ ഇരുട്ടിന്റെ മറവില്‍ ആളുകളെ പിന്തുടര്‍ന്ന് വീടുകളില്‍ കയറി അവരെ ബന്ധനസ്ഥരാക്കി പണവും വിലകൂടിയ വസ്തുക്കളും മോഷ്ടിക്കാന്‍ ആരംഭിച്ചു. എന്നിട്ടും അയാള്‍ക്കുള്ളിലെ കുറ്റവാളിയുടെ ദാഹം അടങ്ങിയില്ല. അയാളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പലരെയും കൊലപ്പെടുത്തി. ജീവിത പങ്കാളിയെയും ഉറ്റവരെയും രക്ഷിക്കാന്‍ ശ്രമിച്ച പല പുരുഷന്‍മാരും അയാളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ഇതൊന്നും കൂടാതെ പോലീസിനെയും ബലാത്സംഗത്തിന് ഇരയായവരെയും അയാള്‍ ഫോണില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു

To advertise here,

സമ്മര്‍ദം താങ്ങാനാവാതെ വന്നപ്പോള്‍ ഇയാളെ തിരഞ്ഞ് പോലീസ് പരക്കം പാഞ്ഞു. സംശയത്തിന്റെ പേരില്‍ പലരേയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവെങ്കിലും ഒന്നും അയാളിലേക്കെത്തിയില്ല. 'ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്' എന്ന പേരിലാണ് അയാള്‍ ആദ്യം അറിയപ്പെട്ടത്. പിന്നീട് 'ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍' എന്ന പേരിലും. 1974 മുതല്‍ 1986 വരെയുള്ള കാലഘട്ടത്തില്‍ കാലിഫോര്‍ണിയയിലെ വിവിധ നഗരങ്ങളിലെ ജനങ്ങളെ വിറപ്പിച്ചുകൊണ്ട് അയാള്‍ നരനായാട്ട് നടത്തി. നിയമ സംവിധാനങ്ങള്‍ക്ക് അയാളെ തൊടാനായില്ല. യാതൊരു തുമ്പും ലഭിക്കാതെ വന്നപ്പോള്‍ കേസ് ഫയല്‍ പോലീസിന് കെട്ടിപ്പൂട്ടി വയ്ക്കേണ്ടി വന്നു. കാലം പോകെ ഇരകളല്ലാത്തവരുടെ മനസ്സില്‍ ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ വിസ്മൃതിയിലാണ്ടു. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരിക്കലും പിടിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ അയാളുടെ മുഖം നിയമത്തിന് മുന്നിലേക്ക് എത്തി, ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ.

1974 മുതലാണ് ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ തന്റെ കുറ്റകൃത്യങ്ങള്‍ ആരംഭിക്കുന്നത്. വൈസേലയിലെ ക്ലോഡ് സ്‌നെല്ലിങ് എന്ന പ്രൊഫസറായിരുന്നു ക്രൂരമായ കൊലപാതകത്തിന്റെ ആദ്യ ഇര. മകളുടെ കണ്‍മുന്നില്‍ വച്ച് പ്രൊഫസര്‍ക്കു നേരേ അയാള്‍ വെടിയുതിര്‍ത്തു. ചെറുക്കാന്‍ ശ്രമിച്ച മകളുടെ മുഖത്ത് മൂന്നുതവണ തൊഴിച്ചശേഷം അയാള്‍ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. സാക്രമെന്റോ കൗണ്ടിയായിരുന്നു അയാളുടെ അടുത്ത മേച്ചില്‍പുറം. 1976 ല്‍ സക്രമെന്റോ കൗണ്ടിയിലെ ഒട്ടേറെ വീടുകളിലേക്ക് അയാള്‍ അതിക്രമിച്ച് കയറുകയും പണം, ആഭരണങ്ങള്‍ തുടങ്ങിയ മോഷ്ടിച്ചതിന് ശേഷം ഒട്ടേറെ സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു. 1978 ല്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ കാറ്റി മഗ്ഗറി- ബ്രയാന്‍ മഗ്ഗറി ദമ്പതികളെ പിന്തുടര്‍ന്ന് ബ്രയാന് നേരേ വെടിയുതിര്‍ത്തു. ഭയപ്പെട്ട കാറ്റി ഓടാന്‍ ശ്രമിച്ചുവെങ്കിലും അവരുടെ തലയുടെ പിന്‍ഭാഗത്തേക്ക് വെടിയുതിര്‍ത്തു. വീടുകളില്‍ അതിക്രമിച്ച കയറിയതിന് ശേഷം ആദ്യം അവിടെയുള്ളവരെയുള്ളവരെയെല്ലാം ബന്ധനസ്ഥരാക്കും. അതിനുശേഷം പുരുഷന്മാര്‍ക്കു മുന്നില്‍ വച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്യും. കുട്ടികളെ പോലും വെറുതെ വിടില്ല. അതിന് ഉദാഹരണമാണ് ലൈമാന്‍ ഷാര്‍ലിന്‍ സ്മിത്ത് ദമ്പതികളുടെ പന്ത്രണ്ടു വയസ്സുള്ള മകന്റെ മരണം. ഇയാളുടെ ക്രൂരകൃത്യങ്ങളുടെ ഇടവേള കുറഞ്ഞുവന്നു. ഏതാണ്ട് പതിമൂന്ന് ആളുകളെയാണ് മോഷണശ്രമത്തിനിടെ അയാള്‍ വകവരുത്തിയത്. അന്‍പതിലേറെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പതിനെട്ടു വയസ്സുള്ള ജെനേല്‍ ക്രൂസായിരുന്ന ഇയാളുടെ ഏറ്റവും ഒടുവിലെ ഇരയെന്ന് കരുതപ്പെടുന്നു. 1986-ലായിരുന്നു സംഭവം. ബന്ധനസ്ഥയാക്കിയ ശേഷം ജെനേലിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

കുപ്രസിദ്ധനായ അമേരിക്കന്‍ സീരിയല്‍ കില്ലര്‍ നൈറ്റ് സ്റ്റോക്കറിന്റെ (റിച്ചാര്‍ഡ് റാമിരേസ്) മോഡസ് ഓപ്പറാണ്ടിയുടേതിന് സമാനമായിരുന്നു ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറിന്റേതും. അതുകൊണ്ടുതന്നെ നൈറ്റ് സ്റ്റോക്കറും ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറും ഒരാളാണെന്ന അനുമാനത്തില്‍ പോലീസെത്തി. പക്ഷേ, 1985 ല്‍ നൈറ്റ് സ്റ്റോക്കര്‍ പോലീസ് പിടിയിലായി. ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ ചെയ്ത കൊലപാതകങ്ങളുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തിയതോടെ പോലീസ് വീണ്ടും ഇരുട്ടില്‍ തപ്പാന്‍ തുടങ്ങി.  

ഇരകളെ വീണ്ടും പിന്തുടരുന്നവന്‍

മറ്റു അക്രമികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍. അതിക്രമങ്ങളെ അതിജീവിച്ചവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും അയാള്‍ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. 1977-ല്‍ സാക്രമെന്റോയിലെ കൗണ്ടി ഓഫീസിലേക്കാണ് അയാളുടെ ആദ്യ കോളെത്തുന്നത്. 'ഞാന്‍ ഈസ്റ്റ് സൈഡ് റേപ്പിസ്റ്റാണ്, അടുത്ത ഇരയെ ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. നിങ്ങള്‍ക്കെന്നെ പിടികൂടാനാവില്ല' എന്നായിരുന്നു ആ കോളിന്റെ സംക്ഷിപ്തം. 

അതേവര്‍ഷം തന്നെ ഒരു ക്രിസ്മസ് ദിനത്തില്‍ അതിക്രമത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്കും അയാളുടെ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കോളെത്തി. 'മെറി ക്രിസ്മസ്, ഇതു ഞാനാണ്, ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്'- ഇത്രയും പറഞ്ഞ് അയാള്‍ കോള്‍ കട്ട് ചെയ്തു. 2001 ലാണ് അവസാനമായി ഇയാളുടെ കോള്‍ ഇരയെ തേടിയെത്തിയത്. ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിളിച്ച് ഓര്‍മയുണ്ടോ ആ രാത്രി എന്നായിരുന്നു അയാള്‍ ചോദിച്ചത്. കടന്നുപോയ ദുരന്തത്തെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുകുത്തിയ ഇരകളെ കഴിഞ്ഞതെല്ലാം വീണ്ടും ഓര്‍മിപ്പിച്ച് മാനസികമായി തകര്‍ക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. തന്നെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുന്ന പോലീസിനെ വെല്ലുവിളിക്കുന്നതിലും അയാള്‍ ആനന്ദം കണ്ടെത്തി. 

ഡിഎന്‍എ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ പോലീസിന് ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ നടത്തിയ കൊലപാതകങ്ങളെ പരസ്പരം ബന്ധിപ്പിക്കാനായി. പക്ഷേ, ക്രൈം പ്രൊഫൈലുകളില്‍ അയാളുടെ ഡി.എന്‍.എയുമായി സാമ്യമുള്ളതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതോടെ അന്വേഷണം വഴിമുട്ടി. 

പുനരന്വേഷണത്തിലേക്ക്

അന്വേഷണത്തെ സഹായിക്കുന്ന യാതൊരു തുമ്പും ലഭിക്കാതെ വന്നതോടെ ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറിന്റെ കേസ് ഫയല്‍ ഏതാണ്ട് ഒരു പതിറ്റാണ്ടോളം അനക്കമില്ലാതെ കിടന്നു. 2016ല്‍ മാധ്യമ പ്രവര്‍ത്തകനായ മിഷേല്‍ മക്‌നമാരയാണ് പുനരന്വേഷണത്തിന് നിമിത്തമാകുന്നത്. കോള്‍ഡ് കേസുകളെ കുറിച്ച് ഗവേഷണം നടത്തി ബ്ലോഗെഴുതുന്ന ശീലമുണ്ടായിരുന്നു മക്‌നമാകയ്ക്ക്. പൊതുസമൂഹത്തില്‍ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറെ ചര്‍ച്ചയ്‌ക്കെടുക്കാന്‍ നിമിത്തമാകുന്നത് അത്തരമൊരു ബ്ലോഗാണ്. കൊലപാതകിയെ പിടികൂടണമെന്ന ആവശ്യം ശക്തമായതോടെ 2016 ല്‍ എഫ്ബിഐ ഒരു നോട്ടീസ് പുറപ്പെടുവിച്ചു. ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറെ പിടികൂടുന്നതിനുള്ള നിര്‍ണായമായ വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയ്ക്ക് 50,000 ഡോളര്‍ പ്രതിഫലമായി നല്‍കും എന്നായിരുന്നു പ്രഖ്യാപനം. പിറകേ ചില വിവരങ്ങള്‍ ലഭിച്ചെങ്കിലും പ്രതിയിലേക്കെത്താന്‍ സഹായകമായ ഒന്നായിരുന്നില്ല അതൊന്നും. 

അന്വേഷണ ഉദ്യോഗസ്ഥരിലൊരാളായ പോള്‍ ഹോള്‍സിന് എങ്ങനെയെങ്കിലും പ്രതിയെ പിടികൂടണമെന്ന വാശിയുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, നാല് പതിറ്റാണ്ടുകളായി അയാളുടെ ഇരകള്‍ ഭീതിയോടെ കഴിയുകയാണ്. പലര്‍ക്കും കണ്‍മുന്നില്‍ വച്ച് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. വര്‍ഷങ്ങളായി നിയമവ്യവസ്ഥ അയാള്‍ക്ക് മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. ഇനിയെങ്കിലും നീതി നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഇരകളോട് ചെയ്യുന്ന ദ്രോഹമാണ്.

മൂടുപടം മറനീക്കിച്ച ജെനറ്റിക് ജീനിയോളജി വെബ്സൈറ്റ്

2000ത്തിലാണ്‌ ജെനറ്റിക് ജീനിയോളജി വെബ്സൈറ്റുകള്‍ ലോകമൊട്ടാകെ ശ്രദ്ധനേടുന്നത്. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതിനും ജനിതക പൊരുത്തങ്ങള്‍ കണ്ടെത്തുന്നതിനും ഒരാളുടെ വംശപരമ്പര കണ്ടെത്തുന്നതിനുമുള്ള ഡിഎന്‍എ പരിശോധന ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. തങ്ങളുടെ അകന്ന ബന്ധുക്കളെ കണ്ടെത്തുന്നുന്നതിന് ആളുകള്‍ സ്വമേധായ ഡി.എന്‍.എ പ്രൊഫൈലുകള്‍ ഇവിടെ സമര്‍പ്പിക്കും. സമാനമായ പ്രൊഫൈലുകള്‍ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും. താരതമ്യേന ചെലവ്‌ കുറഞ്ഞ മാര്‍ഗമായതിനാല്‍ ഒട്ടേറെയാളുകള്‍ ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചു. അതോടെ ജെനറ്റിക് ജീനിയോളജി വെബ്സൈറ്റുകള്‍ കൂടുതല്‍ ജനപ്രിയമാവുകയും ചെയ്തു. 

ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറെ കണ്ടെത്തുന്നതിന് ജീനിയോളജി വെബ്‌സൈറ്റുകളുടെ സാധ്യത ഉപയോഗിക്കാമെന്ന ആശയം അന്വേഷണ ഉദ്യോഗസ്ഥന്‍ പോള്‍ ഹോള്‍സിന്റെ തലയിലാണ് ഉദിക്കുന്നത്. 1980ല്‍ നടന്ന ഒരു കൊലപാതകത്തെ തുടര്‍ന്ന് ഇരയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറിന്റെ ഡി.എന്‍.എ, ജിഇഡിമാച്ച് എന്ന വെബ്‌സൈറ്റില്‍ നല്‍കി. 2010-ല്‍ ആരംഭിച്ച ജിഇഡിമാച്ച് എന്ന വെബ്‌സൈറ്റില്‍ ഏകദേശം പത്തുലക്ഷത്തോളം സാമ്പിളുകള്‍ അവരുടെ ഡേറ്റാബേസില്‍ അക്കാലത്തുണ്ടായിരുന്നു. നല്‍കിയ സാമ്പിളുകളുമായി സാമ്യമുണ്ടായിരുന്ന ഇരുപതോളം ഡി.എന്‍.എ പ്രൊഫൈലുകള്‍ ഇതിലൂടെ കണ്ടെത്താനായി. 

കൊലയാളിയുടെ ബന്ധുക്കളായിരിക്കാം അതെന്ന നിഗമനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച അവര്‍ ഫാമിലി ട്രീ (കുടുംബ ശാഖകള്‍) രൂപീകരിച്ചു. ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നത് 1800 കളില്‍ ജീവിച്ചിരുന്ന ഒരു പൊതുപൂര്‍വികനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ രൂപീകരിച്ച ഫാമിലി ട്രീകളില്‍ ആകെ ആയിരത്തോളം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് കില്ലറുടെ പ്രായവുമായി ഒത്തുപോകുന്നവരുടെ പട്ടിക തയ്യറാക്കി. അവരില്‍ ആര്‍ക്കൊക്കെയാണ് അക്കാലത്ത് അതിക്രമം നടന്ന പ്രദേശങ്ങളുമായി ബന്ധമുള്ളതെന്ന് പരിശോധിച്ചു. പട്ടികയില്‍ ഏറ്റവും ഒടുവിലായി അവശേഷിച്ചത് രണ്ടാളുകളാണ്. ഇവരില്‍ ഒരാളാണ് കൊലപാതകി. പക്ഷേ അതുറപ്പിക്കണമെങ്കില്‍ രണ്ടുപേരുടെയും ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അതിലൊരാളുടെ ഡി.എന്‍.എ ഒരു കുടുംബാംഗം വഴി തരപ്പെടുത്തി പരിശോധിച്ചപ്പോള്‍ അയാളും പുറത്തായി. ബാക്കിയുള്ളത് ഒരാള്‍ മാത്രം. അയാള്‍ക്ക് പിറകെയായി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ യാത്ര. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന അയാളുടെ കാറില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിഎന്‍എ സാമ്പിള്‍ സംഘടിപ്പിച്ചു. അതിന്റെ പരിശോധനാഫലം വന്നതോടെ നാലുപതിറ്റാണ്ടുകള്‍ നീണ്ട കേസന്വേഷണത്തിന് ഒടുവില്‍ തിരശ്ശീല വീണു. അയാളായിരുന്നു 73 വയസ്സുകാരനായ ജോസഫ് ജെയിംസ് ഡീ ആഞ്ജലോ.

ആരാണ് ജെയിംസ് ഡീ ആഞ്ജലോ?

1945ല്‍ ന്യൂയോര്‍ക്കിലെ ബാത്തിലായിരുന്നു ജോസഫ് ജെയിംസ് ഡീആഞ്ജലോയുടെ ജനനം. അമേരിക്കന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മാതാവ് വീട്ടമ്മയും. ബാല്യകാലത്ത് സഹോദരിമാരില്‍ ഒരാളെ രണ്ടാളുകള്‍ ബലാത്സംഗം ചെയ്യുന്നതിന് ഡീ ആഞ്ജലോ സാക്ഷ്യം വഹിക്കേണ്ടിവന്നുവെന്നാണ് പറയപ്പെടുന്നത്. മാതാപിതാക്കള്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും ഡീ ആഞ്ജലോയുടെ സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്. കൗമാരകാലത്ത്തന്നെ ഡീ ആഞ്ജലോ കുപ്രസിദ്ധനായി. മൃഗങ്ങളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതിലും അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. കൂടാതെ മോഷണക്കുറ്റത്തിന് ഒരുപാട് തവണ പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതിനാല്‍ ഇയാള്‍ക്ക് നിയമനടപടി നേരിടേണ്ടി വന്നില്ല.

കോളേജ് പഠനത്തിന് ശേഷം1970ല്‍ ഡീ ആഞ്ജലോ ബോണി ജീന്‍ എന്ന യുവതിയുമായി പ്രണയത്തിലായി. വിവാഹനിശ്ചയം നടന്ന് ഒരു വര്‍ഷത്തിന്‌ശേഷം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ബോണി അയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. 1973ല്‍ ഷാരോണ്‍ മെറി എന്ന യുവതിയിയെ ഡീആഞ്ജലോ വിവാഹം ചെയ്തു. അവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു.

placeholder
Joseph James DeAngelo| Photo: Getty Iamges

ഏറ്റവും കൗതുകകരമായ സംഗതി എക്‌സ്റ്ററിലെ പോലീസില്‍ മോഷണക്കുറ്റ വിഭാഗത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അയാളെന്നുള്ളതാണ്. 1973-ല്‍ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹത്തിന് 1978-ല്‍ അബണിലേക്ക് മാറ്റം കിട്ടി. അവിടെവെച്ചാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചുറ്റിക മോഷ്ടിച്ചതിന് പിടിക്കപ്പെടുന്നത്. തുടര്‍ന്ന് ഡീ ആഞ്ജലോയെ പോലീസില്‍നിന്ന് പിരിച്ചുവിട്ടു. ആ കാലഘട്ടത്തില്‍ മേലുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് അയാള്‍ക്കെതിരേ കേസുണ്ടായിരുന്നു.

സര്‍വീസിലിക്കുന്ന കാലഘട്ടത്തില്‍ തന്നെ ഡീ ആഞ്ജലോ തന്റെ കുറ്റകൃത്യങ്ങള്‍ ആരംഭിച്ചു. ജോലി നഷ്ടപ്പെട്ടതിന്‌ശേഷം അത് രൂക്ഷമായി. ഒരു പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ അയാളെ ആരും സംശയിച്ചില്ല. മോഷണത്തില്‍ തുടങ്ങിയ അയാള്‍ പിന്നീട് ബലാത്സംഗത്തിലേക്ക് കടന്നുശേഷം അതിക്രൂരമായ കൊലപാതങ്ങളിലേക്കും. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടുവെങ്കിലും അതിലൊന്നും ഡീ ആഞ്ജലോ കുടുങ്ങിയില്ല. 1980 കള്‍ക്ക് ശേഷം ഡീ ആഞ്ജലോ എന്ത് ചെയ്യുകയായിരുന്നുവെന്നതിന് കൃത്യമായ വിവരങ്ങളില്ല. ഡി.എന്‍.എ തെളിവിന്റെ പിന്‍ബലത്തില്‍ അയാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ മകള്‍ക്കും പേരക്കുട്ടിയ്ക്കുമൊപ്പമായിരുന്നു താമസം. 1991 മുതല്‍ ഭാര്യ ഡീ ആഞ്ജലോയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2018 ഏപ്രില്‍ 24ന്, അറസ്റ്റിലായ അതേവര്‍ഷം ഇയാളില്‍ നിന്ന് ഭാര്യ വിവാഹബന്ധം ഔദ്യോഗികമായി വേര്‍പ്പെടുത്തി.

placeholder
Joseph James DeAngelo| Photo: Getty Images

അറസ്റ്റിലായ ഡീ ആഞ്ജലോ അധികം വൈകാതെ പോലീസിനോട് കുറ്റസമ്മതം നടത്തി. തന്റെയുള്ളില്‍ ജെറിയെന്നൊരു വ്യക്തിയുണ്ടെന്നും അയാളുടെ പ്രേരണയാലാണ് കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തത് എന്നുമായിരുന്നു ഡീആഞ്ജലോയുടെ അവകാശവാദം. "ജെറിയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല. അയാള്‍ എന്റെ ശരീരത്തിന്റെ ഭാഗമായിരുന്നു. ജെറി പറഞ്ഞതുപോലെ ഞാന്‍ എല്ലാം അനുസരിക്കുകയായിരുന്നു. ജെറിയെ ഒഴിവാക്കിയശേഷം എന്റെ ജീവിതം സന്തോഷകരമായി. പക്ഷേ അപ്പോഴേക്കും ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിരുന്നു." അയാള്‍ പറഞ്ഞു

വിചാരണയില്‍ ഡീ ആഞ്ജലോ പതിമൂന്ന് കൊലപാതക കേസുകളില്‍ കുറ്റം സമ്മതിച്ചു. ബലാത്സംഗം, മോഷണം എന്നിവയ്ക്കിടെ സംഭവിച്ച കൊലപാതകങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു. കൂടാതെ പത്തിലേറെപേരെ തട്ടിക്കൊണ്ടുപോയതായും സമ്മതിച്ചു.

2020 ആഗസ്റ്റ് 21ന് കോടതി ശിക്ഷ വിധിച്ചു. പരോളിന് സാധ്യതയില്ലാത്ത 12 ജീവപര്യന്തം.'ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ് ' എന്നുമാത്രമായിരുന്നു വിധി കേട്ടതിന്‌ശേഷം ഡീ ആഞ്ജലോ ജൂറിയ്ക്ക് മുന്നില്‍ പറഞ്ഞത്. ഇന്ന് കാലിഫോര്‍ണയയിലെ സ്റ്റേറ്റ് പ്രിസണില്‍ താന്‍ ചെയ്ത കൊടുംക്രൂരകൃത്യങ്ങളുടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നാലുപതിറ്റാണ്ടോളം നിയമത്തെ വെട്ടിച്ച് മറയ്ക്കുള്ളില്‍ ഒളിച്ചിരുന്ന ഈ കൊടുംകുറ്റവാളി.