
കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലാണ് ഈ സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരെയും പ്രായമായവരെയും ആരോരുമില്ലാത്തവരെയും പരിചരിക്കാന്‍ സ്വന്തം വീടു തന്നെ ബോര്‍ഡിങ് ഹോമാക്കി മാറ്റിയ ആളായിരുന്നു ഡൊറോത്തി പുന്റെ എന്ന മധ്യവയസ്ക്ക. എല്ലാവരോടും സ്നേഹത്തോടെയും അനുതാപത്തോടെയുമുള്ള പെരുമാറ്റമായിരുന്നു ഡൊറോത്തിയുടേത്. സഹായം ചോദിച്ചുവരുന്നവരെ ഡൊറോത്തി വെറും കയ്യോടെ അയച്ചിരുന്നില്ല. അതിന് അവര്‍ക്കൊരു കാരണവുമുണ്ടായിരുന്നു.
സ്വന്തം സമ്പാദ്യവും സര്‍ക്കാര്‍ നല്‍കുന്ന സാമൂഹികക്ഷേമ തുകയുമായിരുന്നു (അന്തേവാസികള്‍ക്ക് നല്‍കുന്ന), ഡൊറോത്തിയ്ക്ക് ബോര്‍ഡിങ് ഹോം നടത്താന്‍ സഹായകരമായിരുന്നത്. സംഭാവനകള്‍ നല്‍കാന്‍ ഒട്ടേറെപേര്‍ സന്നദ്ധരായിരുന്നു. അവരെ അത്രയും വിശ്വാസമായിരുന്നു എല്ലാവര്‍ക്കും. ഡൊറോത്തിയുമായി സഹകരിച്ച് ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിരുന്നു. അവരില്‍ എത്തിച്ചേരുന്ന അശരണരെ ഡൊറോത്തിയുടെ ബോര്‍ഡിങ് ഹോമില്‍ പുനരധിവസിപ്പിക്കും. മറ്റു അഭയകേന്ദ്രങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നവരെ ഡൊറോത്തി സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. സര്‍ക്കാരിന്റെ സമൂഹ്യക്ഷേമ തുക ലഭിക്കാനുള്ള രേഖകള്‍ ശരിയാക്കുന്നതിന് ഡൊറോത്തിയെ അവര്‍ സഹായിച്ചിരുന്നു.
വര്‍ഷം, 1978. ഡൊറോത്തിയ്‌ക്കെതിരേ ഒരു ഗുരുതരമായ ആരോപണം ഉയർന്നു. അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യക്ഷേമ നിധിയില്‍ കള്ള ചെക്കുകള്‍ നല്‍കി പണം തട്ടിയെടുത്തു എന്നതായിരുന്നു പരാതി. കേസ് കോടതിയിലെത്തി. വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന തനിക്ക് എന്തിനാണ് ഈ പണമെന്ന് ഡൊറോത്തി കോടതിയിൽ ചോദിച്ചു. എന്നാല്‍, കള്ളച്ചെക്കിന്റെ തെളിവുകള്‍ നിരത്തിയതോടെ വിധി അവര്‍ക്ക് പ്രതികൂലമായി. കേസില്‍ ജയിലില്‍ പോയില്ലെങ്കിലും അഞ്ചു വര്‍ഷം പ്രൊബേഷന്‍ അനുഭവിക്കേണ്ടി വന്നു. താന്‍ തെറ്റുകാരിയല്ലെന്നും വഞ്ചനയ്ക്ക് ഇരയായതാണെന്നുമായിരുന്നു ഡൊറോത്തിയുടെ വാദം. സമൂഹ്യപ്രവര്‍ത്തകരടക്കം ഭൂരിഭാഗം ആളുകള്‍ അത് വിശ്വസിക്കുകയും ചെയ്തു.
വര്‍ഷം 1988. മാനസിക പ്രശ്‌നങ്ങളുള്ള എല്‍വിരോ ബര്‍ട്ട് മൊണ്ടോയ എന്ന 52 കാരന്‍ മാര്‍ച്ച് മാസത്തില്‍ ഡൊറോത്തിയുടെ ബോര്‍ഡിങ് ഹോമിലെത്തി. ജോഡി മോയസ് എന്ന സാമൂഹ്യപ്രവര്‍ത്തക വഴിയാണ് അയാള്‍ അവിടെയെത്തിയത്. മെക്സിക്കോയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയതാണ് മൊണ്ടോയ. എന്നാല്‍, ആഗ്രഹിച്ചതുപോലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. ഈ നിരാശ അയാളെ പൂര്‍ണമായും വിഴുങ്ങി. അമേരിക്കയില്‍ അയാള്‍ക്ക് ഉറ്റവരായി ആരും തന്നെയുണ്ടായിരുന്നില്ല. മനസ്സ് കൈവിട്ടതോടെ പരാശ്രയമില്ലാതെ ജീവിക്കാനാകാത്ത അവസ്ഥ വന്നു. അങ്ങനെയാണ് ഡൊറോത്തിയുടെ സംരക്ഷണയില്‍ മൊണ്ടോയ എത്തിപ്പെടുന്നത്. ഓഗസ്റ്റ് മാസത്തില്‍ മൊണ്ടോയയെ കൗണ്‍സിലിങ്ങിനെത്തിക്കണമെന്ന് മോയസ് ഡൊറോത്തിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ ഹാജരാകാതെ വന്നപ്പോള്‍ മോയസ് ഡൊറോത്തിയുടെ വീട്ടിലെത്തി. മൊണ്ടോയയുടെ ബന്ധുക്കള്‍ ഇവിടെ വന്നിരുന്നുവെന്നും അയാളെ മെക്‌സിക്കോയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ഡൊറോത്തി പറഞ്ഞു.
ഡൊറോത്തിയുടെ വിശദീകരണത്തില്‍ മോയസിന് അതില്‍ എന്തോ പന്തികേട് തോന്നി. ഒരു ദിവസം മോയസിന് ഒരു ഫോണ്‍ കോള്‍ വന്നു. താന്‍ മൊണ്ടോയയുടെ സഹോദരീ ഭര്‍ത്താവാണെന്നും അദ്ദേഹം തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവകാശപ്പെട്ടു. ഒരു മെക്‌സിക്കോ സ്വദേശിയുടെ സംസാരശൈലി അല്ലായിരുന്നു അയാള്‍ക്ക്. ഇത് മോയസിന്റെ മനസ്സില്‍ കൂടുതല്‍ സംശയം ജനിപ്പിച്ചു. അഭയകേന്ദ്രത്തില്‍ നിന്ന് ഒരാള്‍ പോവുകയാണെങ്കിലും അവരുടെ ചുമതലയുള്ള സാമൂഹ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന ചട്ടമുണ്ട്. എന്നാല്‍, മൊണ്ടോയ പോയത് മോയസ് അറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. മൊണ്ടോയയെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും മോയസിന് പരാജയപ്പെട്ടു. തുടര്‍ന്ന് അവര്‍ പോലീസിൽ പരാതി നല്‍കി. എന്നാല്‍, പോലീസിനും അയാളെ കണ്ടെത്താനായില്ല.
1988 നവംബര്‍ മാസത്തില്‍ മോയസിന് ഒരു കത്ത് ലഭിച്ചു. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആ കത്തുണ്ടായിരുന്നത്. ഡൊറോത്തിയുടെ വീട്ടിലെ ഒരു അന്തേവാസിയാണ് താനെന്നും ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തില്‍ മൊണ്ടോയ അവിടെ നിന്ന് അപ്രത്യക്ഷമായെന്നുമാണ് അതില്‍ കുറിച്ചത്. മാത്രവുമല്ല, മൊണ്ടോയയെ കാണാതായതിന് തൊട്ടുപിന്നാലെ അയാളുടെ വസ്ത്രങ്ങള്‍ ബോര്‍ഡിങ് ഹോമിലെ ജോലിക്കാര്‍ എടുത്തു മാറ്റുന്നതിന് താന്‍ സാക്ഷിയായെന്നും കത്തിൽ അവകാശപ്പെട്ടു. സമയം പാഴാക്കാതെ മോയസ് പോലീസിനെ സമീപിച്ച് കത്തു കൈമാറി. വൈകാതെ ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ ഡൊറോത്തിയുടെ വീട്ടിലെത്തി. വീട് മുഴുവന്‍ അവര്‍ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ വീടിന്റെ പിന്‍വശത്തെ പറമ്പില്‍ ഒരു മണ്‍കൂന ശ്രദ്ധയില്‍പ്പെട്ടു. അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ അവിടെ കുഴിച്ചു നോക്കാന്‍ തീരുമാനിക്കുകയും ഈ കാര്യം ഡൊറോത്തിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥര്‍ പിന്നോട്ടു പോകില്ലെന്ന് ഉറപ്പായപ്പോള്‍ ഡൊറോത്തിയ്ക്ക് വേറെ നിവൃത്തിയുണ്ടായില്ല.
കുഴിച്ച് താഴോട്ട് പോകവെ പിക്കാസ് എന്തോ വസ്തുവില്‍ ഉടക്കി. ശ്രദ്ധയോടെ മണ്ണു മാറ്റിയപ്പോള്‍ ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇതേക്കുറിച്ച് ഡൊറോത്തിയോട് ചോദിച്ചപ്പോള്‍ തനിക്ക് യാതൊന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴും അവര്‍ പല്ലവി ആവര്‍ത്തിച്ചു. എന്നാല്‍, അവരുടെ ശരീരഭാഷയിലും പെരുമാറ്റത്തിലും എന്തോ മറയ്ക്കുന്നുപോലെ ഉണ്ടായിരുന്നു. ഡൊറോത്തിയുടെ വീടിന്റെ പിന്‍വശം മുഴുവന്‍ കുഴിച്ച് നോക്കാന്‍ കോടതിയില്‍ നിന്ന് പുതിയ വാറന്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചു. ഡൊറോത്തിയെയും വീട്ടിലെത്തിക്കുകയും പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പിറ്റേ ദിവസം ഫോറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന ഒരു വലിയ അന്വേഷണസംഘം ഡൊറോത്തിയുടെ പുരയിടത്തിലെത്തി. സംശയം തോന്നിയ ഇടങ്ങളിലെല്ലാം അവര്‍ കുഴിച്ചു നോക്കാന്‍ തുടങ്ങി. സമീപപ്രദേശത്ത് താമസിക്കുന്നവരെല്ലാം ഈ സംഭവത്തിന് സാക്ഷിയാന്‍ എത്തിയതോടെ വലിയ ആള്‍ക്കൂട്ടമായി. ഇതോടെ ഡൊറോത്തി വലിയ സംഘര്‍ഷത്തിലെത്തി. തന്നെ ഒരു കാപ്പി കുടിക്കാന്‍ അനുവദിക്കണമെന്നും അതിനായി പുറത്തേക്ക് വിടണമെന്നും അപേക്ഷിച്ചു. ഒരു പോലീസുകാരന്റെ അകമ്പടിയോടെയാണ് ഡൊറോത്തിയെ കാപ്പി കുടിക്കാന്‍ വിട്ടത്. എന്നാല്‍, അയാളുടെ കണ്ണു വെട്ടിച്ച് ഡൊറോത്തി അവിടെ നിന്ന് കടന്നു കളഞ്ഞു. പുരയിടത്ത് നിന്ന് അതേ ദിവസം തന്നെ മറ്റൊരു അസ്ഥികൂടം കണ്ടെടുത്തു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്നുറപ്പിച്ചു. ഈ മണ്ണിനിടയില്‍ ഒരുപാട് രഹസ്യങ്ങളുണ്ട്. പിറ്റേ ദിവസം കൂടുതല്‍ സന്നാഹങ്ങളെ പോലീസെത്തി. അന്ന് കണ്ടെടുത്തത് നാല് അസ്ഥികുടവും പൂര്‍ണമായും അഴുകിയ ഒരു ശവശരീരവും. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഡഗ് ടേപ്പ് കെട്ടിയ നിലയിലായിരുന്നു ഇവയെല്ലാം കാണപ്പെട്ടത്. അതില്‍ അവസാനത്തെ ശരീരം മൊണ്ടോയയുടേതായിരുന്നു. അങ്ങനെ സാമൂഹ്യ പ്രവര്‍ത്തകയായ മോയസിനെ മാസങ്ങളോളം അലട്ടിയ മൊണ്ടോയയുടെ തിരോധാനത്തിന് ഉത്തരം ലഭിച്ചു.
ഡൊറോത്തിയുടെ ഭൂതകാലം
സാക്രമെന്റോയിലെ ജനങ്ങള്‍ ഇത്രയും കാലം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഡൊറോത്തി പ്യുന്റെയ്ക്ക് അതിഭീകരമായ ഒരു ഭൂതകാലമുണ്ട്. കൂടുതല്‍ അന്വേഷണത്തിലാണ് അത് പുറത്തേക്കുവരുന്നത്. 1929 ല്‍ കാലിഫോര്‍ണിയയിലെ റെഡ്‌ലാന്റ്‌സിലാണ് ഡൊറോത്തി പ്യുന്റെ എന്ന ഡൊറോത്തി ഹെലര്‍ ഗ്രേയുടെ ജനനം. മദ്യപാനത്തിന് അടിമയായ മാതാപിതാക്കള്‍ക്കൊപ്പം വളരെമോശം ചുറ്റുപാടിലാണ് ഡൊറോത്തി ജീവിച്ചിരുന്നത്. മാതാപിതാക്കള്‍ വഴക്ക് കൂടുന്നതും കുട്ടികളെ മര്‍ദിക്കുന്നതും പതിവായിരുന്നു. 1937 ല്‍ പിതാവ് ക്ഷയം ബാധിച്ച് മരിച്ചു. ലൈംഗികത്തൊഴില്‍ ചെയ്താണ് അമ്മ മദ്യപിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതോടെ ഡൊറോത്തിയടക്കമുള്ള കുട്ടികളെ സര്‍ക്കാര്‍ അനാഥാലയത്തിലേക്ക് മാറ്റി. അനാഥാലയത്തില്‍ വച്ച് ഡൊറോത്തി ഒട്ടേറെ തവണ ലൈംഗികപീഡനത്തിന് ഇരയായതായാണ് പറയപ്പെടുന്നത്. 16 വയസ്സു തികഞ്ഞപ്പോള്‍ ഡൊറോത്തി ഒരു മുന്‍സൈനികനെ വിവാഹം ചെയ്തു. അതില്‍ രണ്ട് പെണ്‍മക്കള്‍ ജനിക്കുകയും ചെയ്തു.
ജോലിയെടുത്ത് ജീവിക്കാന്‍ ഡൊറോത്തി തയ്യാറായിരുന്നില്ല. ഭര്‍ത്താവിന്റെ വരുമാനവും അവര്‍ക്കു തികയുന്നുണ്ടായിരുന്നില്ല. അതോടെ തട്ടിപ്പിലേക്ക് ഇറങ്ങിത്തിരിച്ചു. 1948 ല്‍ കള്ളചെക്ക് നല്‍കി വിലകൂടിയ ആഭരണങ്ങള്‍ വാങ്ങിയ കേസില്‍ ഡൊറോത്തി അറസ്റ്റിലായി. നാല് മാസം ജയിലില്‍ കിടന്നതിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും മക്കളെ ദത്ത് നല്‍കുകയും ചെയ്തു. 1952 ല്‍അലക്‌സ് ബ്രെന്‍ ജൊഹാന്‍സണ്‍ എന്നൊരു വ്യവസായിയെ ഡൊറോത്തി വിവാഹം ചെയ്തു. എന്നാല്‍ വിവാഹജീവിതവും അധികകാലം നീണ്ടു നിന്നില്ല. തുടര്‍ന്ന് ജീവിക്കാനായി ലൈംഗിക വൃത്തിയേക്ക് ഇറങ്ങുകയാണ് ഡൊറോത്തി ചെയ്തത്. ഒരു വ്യഭിചാരശാലയും കെട്ടിപ്പടുത്തു. അവിടെ ജോലി ചെയ്തിരുന്ന മറ്റു ലൈംഗികത്തൊഴിലാളികളെ ഉപദ്രവിച്ചതിനും പണം തട്ടിയതിനും ഡൊറോത്തി വീണ്ടും അറസ്റ്റിലായി. 90 ദിവസമാണ് ഈ കേസില്‍ അവര്‍ ജയിലില്‍ കിടന്നത്.
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരു ടൗണിലേക്ക് ഡൊറോത്തി താമസം മാറി. മുന്‍ഭര്‍ത്താവിന്റെ പേരിന്റെ വാലറ്റം ഡൊറോത്തി സ്വീകരിച്ച് ഷാരോണ്‍ ജൊഹാന്‍സണ്‍ എന്നാണ് അവര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അവിടുത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ സ്ഥിരം സന്ദര്‍ശകയായ ഡൊറോത്തി താന്‍ കടുത്ത വിശ്വാസിയാണെന്നും സേവനത്തില്‍ തല്‍പ്പരയാണെന്നും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. വൃദ്ധര്‍ താമസിക്കുന്ന വീടുകളിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു. ഇവരെ സഹായിക്കുന്നതിലൂടെ മറ്റുള്ളവരുടെ വിശ്വാസം പിടിച്ചുപറ്റി. അതിനിടെ റോബര്‍ട്ട് പ്യുന്റെ എന്നൊരാളെ പരിചയപ്പെട്ട് വിവാഹം ചെയ്തു. എന്നാൽ ആ ബന്ധവും നീണ്ടുനിന്നില്ല. ഗാര്‍ഹികപീഡനം ആരോപിച്ച് ഡൊറോത്തി റോബര്‍ട്ട് പ്യുന്റെയ്‌ക്കെതിരേ പരാതി നല്‍കി. എന്നാല്‍ അയാൾ അതിന് തൊട്ടു പിന്നാലെ മെക്‌സിക്കോയിലേക്ക് കടന്നു. 1973 ലാണ് ഡൊറോത്തി പ്യുന്റെയില്‍ നിന്ന് വിവാഹമോചനം നേടിയത്. ഗാര്‍ഹിക പീഡന പരാതി പിന്‍വലിക്കാന്‍ വലിയ തുക അയാളില്‍ നിന്ന് നഷ്ടപരിഹാരമായി വാങ്ങിയെടുക്കുകയും ചെയ്തു.
'സാമൂഹ്യസേവനം' തന്നെയാണ് ഇനിയുള്ള തന്റെ ജീവിതമെന്ന് ഡൊറോത്തി മനസ്സിലുറപ്പിച്ചു. അതിനായാണ് സാക്രമെന്റോയിലെ 15th സ്ട്രീറ്റിൽ ഒരു ബോര്‍ഡിങ് ഹോം തുടങ്ങിയത്. വൃദ്ധരെയും വീടില്ലാത്തവരെയും മദ്യത്തിന് അടിമകളായവരെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും അവിടെ പ്രവേശിപ്പിക്കാം. അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമനിധി ഡൊറോത്തിയാണ് കൈകാര്യം ചെയ്തിരുന്നത്. സ്‌നേഹം, കാരുണ്യം തുടങ്ങിയ വിഷയങ്ങളില്‍ പൊതുപരിപാടികളില്‍ വാതോരാതെ സംസാരിച്ച് ഡൊറോത്തി മികച്ച പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്തിരുന്നു. വൃദ്ധയാണെന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രായത്തേക്കാൾ പക്വത തോന്നാനും ഡൊറോത്തി തന്റെ മുടിയിൽ ചായം പൂശിയിരുന്നു. ഒരു വലിയ കണ്ണാടിയും ഊന്നുവടിയും ഉപയോഗിച്ചിരുന്നു. മാത്രവുമല്ല അന്നത്തെ കാലത്തെ ധനികർ ഉപയോഗിച്ചിരുന്ന ആഡംബര വസ്ത്രങ്ങളാണ് ഡൊറോത്തി ധരിച്ചിരുന്നത്.
ഒളിവിലെ ജീവിതം

പുരയിടത്തു നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോൾ പോലീസില്‍ നിന്ന് രക്ഷപ്പെട്ട ഡൊറോത്തി, ഡൊണ ജൊഹാന്‍സണ്‍ എന്ന പേരില്‍ ലോസ് ആഞ്ജലീസിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഒരു ദിവസം പുറത്തിറങ്ങാതെയിരുന്നു. പിറ്റേ ദിവസം സമീപപ്രദേശത്തുള്ള ഒരു ബാറില്‍ മദ്യപിക്കാനെത്തിയപ്പോള്‍ ചാള്‍സ് വില്‍ഗിസ് എന്ന് മധ്യവയസ്‌ക്കനായ ഒരാളെ കണ്ടുമുട്ടി. ഡൊണ ജോഹാന്‍സണ്‍ എന്ന് സ്വയം പരിചയപ്പെടുത്തി, ഒരു ഗ്ലാസ് മദ്യവുമായി അയാള്‍ക്കരികിലിരുന്ന് വാതോരാതെ സംസാരിക്കാന്‍ തുടങ്ങി. താനൊരു സമ്പന്ന കുടുംബത്തിലെ അംഗമാണെന്നും സാമൂഹ്യപ്രവര്‍ത്തകയാണെന്നും ഡൊറോത്തി അയാളോട് പറഞ്ഞു. ചാള്‍സ് ധനികനാണെന്ന് ഡൊറോത്തി അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. സംഭാഷണം കുറച്ച് മുന്നോട്ടുപോയപ്പോള്‍ വളരെ പെട്ടന്ന് ചാള്‍സിനെ തനിക്കൊപ്പം ജീവിക്കാന്‍ ക്ഷണിച്ചു. ഇത് കേട്ട് ഞെട്ടിയ ചാള്‍സ്, മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, അയാള്‍ക്കതില്‍ എന്തോ പന്തികേട് തോന്നി. വീട്ടില്‍ മടങ്ങിയെത്തിയ ചാള്‍സ് ഒരുപാട് നേരം ആലോചനയില്‍ മുഴുകിയപ്പോഴാണ് സാക്രമെന്റോയില്‍ നിന്ന് കടന്നുകളഞ്ഞ കുറ്റവാളിയായ സ്ത്രീയുടെ വാര്‍ത്ത വായിച്ച കാര്യം ഓര്‍ത്തത്. സമീപപ്രദേശത്തെ ഒരു മാധ്യമ സ്ഥാപനത്തിലെ സുഹൃത്തിനെ വിളിച്ച് ബാറില്‍ വച്ച് ഒരു സ്ത്രീയെ കണ്ടുമുട്ടിയെന്നും അവര്‍ പോലീസ് തിരയുന്ന കുറ്റവാളിയാണെന്ന് സംശയിക്കുന്നതായും പറഞ്ഞു. ഡൊറോത്തിയുടെ ഒരു ചിത്രവുമായി മാധ്യമപ്രവര്‍ത്തകന്‍ ചാള്‍സിന്റെ വീട്ടിലെത്തി. ഫോട്ടോ കണ്ടതും ചാള്‍സ് ഉറപ്പിച്ചു. അതെ തന്റെ മുന്നിലെത്തിയ ഡോണാ ജൊഹാന്‍സണ്‍ പോലീസ് അന്വേഷിക്കുന്ന കുറ്റവാളി തന്നെ. ഒട്ടും താമസിയാതെ അയാള്‍ വിവരം പോലീസിനെ അറിയിച്ചു. ലോസ് ആഞ്ജലീസിലെത്തിയ സംഘം അവരെ കയ്യോടെ പിടികൂടുകയും ചെയ്തു.
കൊലപാതകവും മോഷണവും തട്ടിപ്പുമടക്കം വിവിധ വകുപ്പുകളിലെ കുറ്റങ്ങളാണ് അവര്‍ക്ക് മേല്‍ ചുമത്തിയത്. അഭയകേന്ദ്രം സ്ഥാപിച്ച ശേഷമാണ് ഡൊറോത്തിയുടെ കുറ്റകൃത്യങ്ങളുടെ തീവ്രത വര്‍ധിച്ചത്. മാല്‍കോം മക്കെന്‍സി എന്ന ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനെ മദ്യത്തില്‍ മയക്കുമരുന്നു കലർത്തി വിലപിടിപ്പുള്ള വാച്ചും ആഭരണങ്ങളും കവര്‍ന്നു. അയാളുടെ കൈയിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ള ഡയമണ്ട് മോതിരം ഊരിയെടുക്കാനാകാതെ വന്നപ്പോള്‍ വിരല്‍ മുറിച്ചുമാറ്റി. അന്ന് അയാള്‍ ഡൊറോത്തിയെ സംശയിച്ചില്ല. സമൂഹത്തില്‍ നിലയും വിലയുമുണ്ടായിരുന്ന ഡൊറോത്തി തന്റെ വീട്ടില്‍ നിന്ന് പോയതിനുശേഷം ഏതെങ്കിലും കള്ളന്‍മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ന്നതാകാമെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍, ഈ മോതിരം പോലീസ് ഡൊറോത്തിയുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തതിന് ശേഷമാണ് അയാള്‍ സത്യം തിരിച്ചറിഞ്ഞത്. അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിപ്പോന്ന സാമൂഹ്യക്ഷേമ നിധി ഡൊറോത്തി കൈക്കലാക്കി. കള്ള ഒപ്പിട്ടും വ്യാജ ചെക്കുകള്‍ നല്‍കിയും ആരോരും അറിയാതെ വര്‍ഷങ്ങളോളം തുടര്‍ന്നു.
കുടുംബവും വേണ്ടപ്പെട്ടവരും ഇല്ലാത്തവരായിരുന്നു ഡൊറോത്തിയുടെ കൊലപാതകങ്ങളുടെ ഇര. അവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നിനൊപ്പം മാരകമായ മയക്കുമരുന്നുകള്‍ കലര്‍ത്തും. ബോധം പോവുകയോ മരിക്കുകയോ ചെയ്താല്‍ കുഴിച്ചിടുന്നതായിരുന്നു രീതി. അതിന് അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നു. തിയോഡോര്‍ ഗില്‍മാത്ത് എന്ന വൃദ്ധനെ കൊലപ്പെടുത്തുന്നതിന് മാത്രമാണ് ഡൊറോത്തി മറ്റൊരു വഴി തിരഞ്ഞെടുത്തത്. 1986 ലാണ് അയാള്‍ ഡൊറോത്തിയുടെ ബോര്‍ഡിങ് ഹോസിലെത്തുന്നത്. ഗില്‍മൗത്തിന് സ്വന്തമായി ഒരു ട്രക്ക് ഉണ്ടായിരുന്നു. അയാളുടെ സഹോദരി ദൂരെയുള്ള മറ്റൊരു നഗരത്തില്‍ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ സഹോദരിയ്ക്ക് ഗില്‍മൗത്തിന്റെ പേരില്‍ ഒരു കത്ത് ലഭിച്ചു. ഡൊറോത്തിയും താനും വിവാഹിതരായെന്ന അറിയിപ്പായിരുന്നു അത്. ഡൊറോത്തിയായിരുന്നു ആ കത്തിന് പിന്നില്‍. ഈ വിവരം ഗില്‍മൗത്ത് അറിഞ്ഞതേയില്ല. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തടികൊണ്ടും ലോഹം കൊണ്ടുമുണ്ടാക്കിയ ഒരു പെട്ടി ഡൊറോത്തി പണിയിപ്പിക്കുകയാണ്. അതിന് അവര്‍ പ്രതിഫലമായി നല്‍കിയത് ഗില്‍മൗത്തിന്റെ ട്രക്കായിരുന്നു. ഗില്‍മൗത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ആ പെട്ടിയിലാക്കി വിശ്വസ്തന്‍മാരുടെ സഹായത്തോടെ നദിയില്‍ വലിച്ചെറിയുകയാണ് ഡൊറോത്തി ചെയ്തത്. ഗില്‍മൗത്ത് ആണെന്ന വ്യാജേന സഹോദരിയ്ക്ക് കത്തുകളും ആശംസാകാര്‍ഡുകളും അയച്ചുകൊണ്ടേയിരുന്നു. അയാളുടെ കള്ള ഒപ്പിട്ട് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളോളം കൈപ്പറ്റി. ഡൊറോത്തിയുടെ അറസ്റ്റിന് ശേഷമാണ് ഗില്‍മൗത്തിനെ അടക്കിയ പെട്ട നദിയില്‍ നിന്ന് കണ്ടെടുക്കുന്നത്.
1993 ലാണ് ഡൊറോത്തിയുടെ വിചാരണ ആരംഭിക്കുന്നത്. തട്ടിപ്പും മോഷണത്തിനും കുറ്റം സമ്മതിച്ചുവെങ്കിലും കൊലപാതകങ്ങളില്‍ തന്റെ നിരപാരാധിത്തം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ പറമ്പില്‍ നിന്ന് കുഴിച്ചെടുത്ത ശവശരീരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ പ്രതികരിച്ചില്ല. 156 സാക്ഷികളും മൂവായിരത്തിലേറെ തെളിവുകളുമാണ് വിചാരണയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. ഒന്‍പത് കൊലപാതകങ്ങള്‍ ചുമത്തിയെങ്കിലും മൂന്ന് കൊലപാതകങ്ങള്‍ക്കാണ് ഡൊറോത്തിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞത്. വിശ്വസ്തരായി കൂടെ നിന്നവര്‍ മാപ്പ് സാക്ഷികളായത് ഡൊറോത്തിയ്ക്ക് കടുത്ത തിരിച്ചടിയായി. ഡൊറോത്തിയ്ക്ക് വധശിക്ഷ നല്‍കണമെന്നതായിരുന്നു പോസിക്യൂഷന്റെ വാദം. എന്നാല്‍ പ്രായം പരിഗണിച്ച് കോടതി പരോളില്ലാത്ത ജീവപര്യന്തമാണ് ശിക്ഷ നല്‍കിയത്. 1997 ല്‍ ഡൊറോത്തി പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടു. കാലിഫോര്‍ണിയയിലെ ചൗചില്ല ജയിലിലാണ് ഡൊറോത്തി തടവില്‍ കഴിഞ്ഞത്. 2011, മാര്‍ച്ച് 27ന് വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മരിച്ചു.
Content Highlights: Dorothy Puente, The 'Death House Landlady, Sins and Sorrows
Published: 01 Aug 2024, 11:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented