2019 ജൂൺ 23-ന് രാവിലെ എട്ടിന് പതിവുപോലെ വീട്ടുജോലിക്കാരിയായ ബബ്ലി ഡൽഹി വസന്ത് വിഹാറിലെ ആ ആഡംബരവസതിക്ക് മുന്നിലെത്തി. വൃദ്ധദമ്പതികളായ മാഥുർമാർ ആണ് ബബ്ലിയുടെ തൊഴിലുടമകൾ. പലതവണ വീടിന്റെ കോളിങ് ബെൽ അടിച്ചിട്ടും മാഥുർമാരോ അവരുടെ സഹായി ഖുശ്ബു നൗട്ടിയാലോ വാതിൽ തുറന്നില്ല. പ്രതികരണമില്ലാതെ വന്നതോടെ കൈയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് വാതിൽതുറക്കാൻ ശ്രമിച്ചപ്പോഴാണ് മുൻവാതിൽ പൂട്ടിയിട്ടേ ഇല്ലെന്ന സത്യം ബബ്ലി തിരിച്ചറിയുന്നത്. ഒന്ന് തള്ളി വാതിൽ തുറന്ന ബബ്ലി കണ്ടത് ദിവസങ്ങളോളം അവരുടെ ഉറക്കംക്കെടുത്താൻ ഉതകുന്ന കാഴ്ചയായിരുന്നു....
ഭീതിജനകമായ കാളരാത്രി
കേന്ദ്രസർവീസിൽ നിന്ന് വിരമിച്ച 80-കാരനായ വിഷ്ണു മാഥുറും ഭാര്യ ശിശി മാഥുറുമായിരുന്നു സൗത്ത് ഡൽഹി വസന്ത് വിഹാറിലെ ആ ആഡംബര ഫ്ലാറ്റിലെ താമസക്കാർ. സൗത്ത് ഡൽഹിയിലെ തന്നെ മറ്റൊരു ഫ്ലാറ്റിൽ ഇവരുടെ മകളുണ്ട്. ഏക മകൻ വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ആരോഗ്യസ്ഥിതി വഷളായി കിടപ്പിലായ നിലയിലായിരുന്നു മാഥുറിന്റെ ഭാര്യ 75-കാരിയായ ശിശി. ഇവരെ നോക്കുന്നതിനും പരിചരിക്കുന്നതിനുമായി ഖുശ്ബു നൗട്ടിയാൽ എന്ന യുവതിയും മുഴുവൻ സമയം ഇവരുടെ ഒപ്പമുണ്ടായിരുന്നു.
ജൂൺ 22-ലെ അത്താഴത്തിന് ശേഷം ഉറങ്ങാൻ കിടന്ന മാഥുർമാരെ തേടി രാത്രി 11.15-ഓടെ ഒരു കോളിങ് ബെൽ എത്തി. അന്നോളം കടന്നുവന്ന ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട രാത്രിയായിരിക്കും അതെന്ന് ആ വാതിൽ തുറക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല. തൊട്ടടുത്ത ദിവസം വാതിൽ തുറന്ന ബബ്ലി കാണുന്നത് ദേഹമാസകലം കുത്തേറ്റ്, കഴുത്തറത്ത നിലയിൽ നിലത്ത് കിടക്കുന്ന ഖുശ്ബുവിനെയായിരുന്നു. തൊട്ടടുത്ത മുറിയിൽ രക്തത്തിൽ കുളിച്ച അവസ്ഥയിൽ മാഥുർമാരേയും.
പോലീസിനെ വഴിതെറ്റിച്ച ഗർഭനിരോധന ഉറ
പുറത്തുനിന്നുള്ള മോഷ്ടാക്കളോ അക്രമിസംഘങ്ങളോ അല്ല വീട്ടിൽക്കയറിയതെന്ന് പോലീസിന് ഉറപ്പായിരുന്നു. പ്രവേശന വാതിൽ തകർക്കാനുള്ള യാതൊരു ശ്രമവും ഇവിടെ ഉണ്ടായിട്ടില്ല. മേശയിലിരിക്കുന്ന ചായക്കപ്പ് ഇവരിൽ ആർക്കോ പരിചയമുള്ള ഒരാൾ വന്നുപോയതിന്റെ ലക്ഷണങ്ങളിലേക്കാണ് വിരൽചൂണ്ടിയത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും ദമ്പതികളുടെ ഫോണുകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അകത്തുണ്ടായിരുന്ന പണത്തിൽ തൊട്ടിട്ടുപോലുമില്ല. കൂടുതൽ സൂചനകൾ തേടി വീട് അരിച്ചുപെറുക്കിയ പോലീസ് 20-കാരിയായ ഖുശ്ബുവിന്റെ മുറിയിൽ നിന്ന് ഒരു ഗർഭനിരോധന ഉറയുടെ പാക്കറ്റ് കണ്ടെത്തി. ഖുശ്ബുവിനെ കാണാൻ അവരുടെ കാമുകൻ ഇടയ്ക്ക് വന്നുപോകാറുണ്ടെന്ന അയൽക്കാരുടെ മൊഴി കൂടെ ആയതോടെ ഇയാൾ തന്നെ പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ അബദ്ധത്തിൽ പാക്കറ്റ് വീണതാകാമെന്നും ഉദ്യോഗസ്ഥർ കരുതി.
അതിവേഗം ഉണർന്ന് പ്രവർത്തിച്ച പോലീസ് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ കണ്ടത്തി ചോദ്യംചെയ്യൽ ആരംഭിച്ചു. ഖുശ്ബുവിന്റെ മറ്റ് ചില സുഹൃത്തുക്കളേയും പോലീസ് വിളിച്ചുവരുത്തി. 72 മണിക്കൂർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും കൊലപാതകവുമായി ബന്ധിപ്പിക്കുന്ന ഒന്നും ഇയാളിൽ നിന്ന് പോലീസിന് കണ്ടെത്താനായില്ല. ഒന്നാം പ്രതിയെന്ന് കരുതി കീഴ്പ്പെടുത്തി മുന്നിൽ ഇരുത്തിയിരിക്കുന്ന വ്യക്തിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് തിരിച്ചറിഞ്ഞു. തെറ്റായ ദിശയിലായിരുന്നു അന്വേഷണമെന്ന് വ്യക്തമായ ഉദ്യോഗസ്ഥർ അന്വേഷണം ഒന്നിൽ നിന്ന് പുനരാരംഭിച്ചു.
പുനരന്വേഷണത്തിലെ പിടിവള്ളി
കൊല്ലപ്പെട്ട ദമ്പതികളുടെ മകളെ വീണ്ടും ചോദ്യം ചെയ്യുകയല്ലാതെ മറ്റൊരു മാർഗവും ഡൽഹി പോലീസിന് മുന്നിലില്ലായിരുന്നു. കാര്യങ്ങൾ ഓരോന്നായി ചോദിച്ച് മനസ്സിലാക്കുന്നതിനിടെ പ്രീതി ഷെരാവത്ത് എന്നൊരു സന്ദർശക മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായി മകൾ പറഞ്ഞു. ഈ ഒരൊറ്റ മൊഴിയാണ് കേസിനെ സംബന്ധിച്ച് ആദ്യത്തെ വഴിത്തിരിവ്. കൊല്ലപ്പെട്ട ശിശിയുടെ സഹപ്രവർത്തകയുടെ മകളായിരുന്നു പ്രീതി. ഈ ബന്ധവും പറഞ്ഞുകൊണ്ട് സമീപകാലങ്ങളിൽ ഇവർ തന്റെ അമ്മയെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് ശിശിയുടെ മകൾ പോലീസിനോട് പറഞ്ഞു.
വിരമിച്ചതിന് ശേഷം പ്രീതിയുടെ അമ്മയും കൊല്ലപ്പെട്ട ശിശിയും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. എന്നിട്ടും 42-കാരിയായ പ്രീതി എന്തിനായിരിക്കും ഇവരെ സന്ദർശിച്ചതെന്ന് പോലീസിന് സംശയമുണ്ടായി. പഴയ ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രീതിയുടെ നീക്കത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും പോലീസ് അന്വേഷിച്ചു. തുടർന്ന്, ഗുഡ്ഗാവിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് പ്രീതിയെ പിടികൂടാൻ പോലീസിന് സാധിച്ചെങ്കിലും ഇവരിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭിക്കാതെ ഉദ്യോഗസ്ഥർ കുഴഞ്ഞു.
2019 ജൂൺ 26. കൃത്യമായി പറഞ്ഞാൽ കൊലപാതകങ്ങൾ കഴിഞ്ഞ് നാലാംനാൾ വിഷ്ണുവിന്റെ ഫോൺ സ്വിച്ച് ഓൺ ആയത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കേസന്വേഷണത്തിലെ രണ്ടാമത്തെ ടേണിങ് പോയന്റ് ആയിരുന്നു ഇത്. ഫോൺ ലൊക്കേഷൻ തപ്പിപ്പോയ പോലീസിന്റെ കാത്ത് രണ്ടു പേർ ഗുഡ്ഗാവിലെ ഹോട്ടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു. 39-കാരനായ മനോജ് ഭട്ടും അദ്ദേഹത്തിന്റെ ജീവിതപങ്കാളി പ്രീതി ഷെരാവത്തും.!
അറസ്റ്റിലേക്ക് വഴിവെച്ച തെളിവുകൾ
കൃത്യമായ ചോദ്യം ചെയ്യലിലൂടെ കൊലയ്ക്ക് പിന്നിൽ ഇരുവരും തന്നെയാണെന്ന ഏകദേശം രൂപം പോലീസിന് കിട്ടി. പിന്നീട്, അടുത്ത ഘട്ടമെന്ന നിലയിൽ ഇരുവരേയും തെളിവെടുപ്പിനായി പോലീസ് എത്തിച്ചു. ദമ്പതികൾ താമസിച്ച ഫ്ലാറ്റിന്റെ സമീപത്തെ മാലിന്യങ്ങൾക്കിടയിലെ പരിശോധനയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു കത്തിയും ഒരു സ്ക്രൂഡ്രൈവറും ഉദ്യോഗസ്ഥർ കണ്ടെത്തി. തൊട്ടുപിന്നാലെ, ഗർഭനിരോധന ഉറയുടെ രണ്ട് സ്ട്രിപ്പ് കൂടെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത്, മാഥുർ ദമ്പതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഗർഭനിരോധ ഉറയുമായി ഒത്തുനോക്കി നടത്തിയ പരിശോധനയിൽ മൂന്നും ഒരേ പെട്ടിയിൽ നിന്നുള്ളതാണെന്ന് പോലീസ് മനസ്സിലാക്കി. ഖുശ്ബുവിന്റെ കട്ടിലിൽ കോണ്ടം ഉപേക്ഷിക്കുന്നതുവഴി അന്വേഷണം വഴിതിരിച്ചുവിടാമെന്ന മനോജിന്റെ കുബുദ്ധിയായിരുന്നു നീക്കത്തിന് പിന്നിൽ. ഇതുകാണുന്നതോടെ പോലീസിന്റെ ശ്രദ്ധ ഖുശ്ബുവിന്റെ കാമുകനിലേക്ക് നീങ്ങാനുള്ള സാധ്യത മനോജ് മുന്നിൽക്കണ്ടു. ഒരുഘട്ടത്തിൽ ഇയാൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നെങ്കിലും അധികം വൈകാതെ തന്നെ യഥാർഥ കുറ്റവാളികളിലേക്കെത്താൻ പോലീസിന് സാധിച്ചു.
ആരാണ് പ്രീതി
ഡൽഹി നംഗ്ലോയിലെ ചഞ്ചൽ പാർക്കിലാണ് പ്രീതി വളരുന്നത്. ഒരു വ്യവസായം തുടങ്ങണമെന്ന ആഗ്രഹം എന്നുമുണ്ടായിരുന്ന പ്രീതി 1997-ൽ ലജ്പത് നഗറിലെ ഫുഡ് ആൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേർന്നു. പിന്നീട്, മണാലിയിലേക്ക് താമസം മാറി അവിടെ ഒരു ഹോട്ടലിലെ ഫ്രണ്ട് ഡെസ്ക് ഓഫീസറായി ജോലി ചെയ്തിരുന്ന പ്രീതി 2000-ത്തിലാണ് നംഗ്ലോയി സ്വദേശി നിക്കോളാസിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. തൊഴിൽരഹിതനായ നിക്കോളാസിനെ വിവാഹം ചെയ്യുന്നതോടെയാണ് പ്രീതിയുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കുടുംബം പുലർത്താൻ ജോലിക്ക് പോകാൻ പ്രീതി നിർബന്ധിതയായി. രണ്ടാമത്തെ കുഞ്ഞുകൂടെ ജനിച്ചതോടെ നിക്കോളാസ് തന്നെ വിട്ടുപോയെന്നും പിന്നീട് 2006-ലാണ് തിരികെവന്നതും എന്നാണ് പ്രീതി പോലീസിനോട് പറഞ്ഞത്. ഇതിനുശേഷം, 2007-ൽ തങ്ങളെവിട്ടുപോയതോടെ ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നും പ്രീതി പറയുന്നു.
പിന്നീട്, അങ്ങോട്ടുള്ള ഒമ്പത് വർഷക്കാലം മാതാപിതാക്കളുടെ തണലിലായിരുന്നു പ്രീതി. ഇക്കാലയളവിൽ ഹോട്ടലുകളിലും കോൾ സെന്ററുകളിലുമായി വിവിധ സ്ഥലങ്ങളിൽ പ്രീതി ജോലിചെയ്തു. 2015-ൽ ഗുഡ്ഗാവിലെ സെക്ടർ 38 ൽ സ്വന്തമായി ഒരു ഹോസ്റ്റൽ സ്ഥാപിച്ചുകൊണ്ട് ഒരു സംരംഭകയാകുക എന്ന തന്റെ ദീർഘനാളത്തെ സ്വപ്നം അവർ സാക്ഷാത്ക്കരിച്ചു. ഇവിടെ വെച്ചാണ് പ്രോപ്പർട്ടി ഡീലറിന്റെ വേഷത്തിൽ തന്നെ സമീപിക്കുന്ന മനോദ് ഭട്ടുമായി പ്രീതി അടുപ്പത്തിലാകുന്നത്.
അടുപ്പത്തിലായി ആറ് മാസത്തിന് ശേഷമാണ് മനോജിന്റെ ഇരുണ്ട ഭൂതകാലത്തെപ്പറ്റി അയാൾ തന്നെ പ്രീതിയോട് തുറന്നുപറയുന്നത്. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിന് അഞ്ച് വർഷക്കാലം ജയിലിൽ കിടന്ന ആളാണ് താനെന്ന് അയാൾ തുറന്നുപറഞ്ഞു. ഇരുവരും തമ്മിൽ വലിയ വഴക്കായിരുന്നു എന്നതാണ് കൊലയിലേക്ക് നയിച്ച കാരണം. ദാമ്പത്യബന്ധത്തിലെ തർക്കത്തിൽ മനംനൊന്ത മനോജും സുഹൃത്തും ചേർന്നായിരുന്നു ഈ ക്രൂരകൃത്യം നിർവഹിച്ചത്. പ്രീതിയെ കണ്ടുമുട്ടുന്നതിന് ദിവസങ്ങൾ മുമ്പ് മാത്രമായിരുന്നു മനോജിന്റെ ജയിൽവാസം അവസാനിച്ചതും. അപ്രതീക്ഷിതമെന്ന് പറയട്ടെ, ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയെങ്കിലും ബന്ധം തുടരാനായിരുന്നു പ്രീതിയുടെ പദ്ധതി.
2017-ൽ മനോജും പ്രീതിയും ഒരുമിച്ച താമസിക്കാൻ ആരംഭിച്ചു. നഷ്ടത്തിലായ പിജി ബിസിനസ് അവസാനിപ്പിച്ചതിനുശേഷം ഇരുവരും ചേർന്ന് ഒരു ഹോട്ടൽ ആരംഭിച്ചു. 2018-ഓടെ ഈ ഹോട്ടലും അടച്ചുപൂട്ടേണ്ടിവന്നു. പ്രീതി തിരികെ കോൾ സെന്ററിലെ ജോലിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതോടെ, പ്രീതിയെ സംബന്ധിച്ച് തന്റെ ആദ്യഭർത്താവിനേക്കാൾ കഷ്ടമായിരുന്നു മനോജിന്റെ സ്ഥിതി. കടുത്ത മദ്യപാനിയായ ഇയാൾ മദ്യത്തിനാവശ്യമായ പണം പ്രീതിയിൽ നിന്ന് പിടിച്ചുവാങ്ങി. പണം ലഭിക്കാതെ വന്നതോടെ പ്രീതിയുമായി വലിയ തർക്കത്തിലേർപ്പെടുന്നതും സ്ഥിരം സംഭവമായി. എന്നാൽ, ഇവരെ സംബന്ധിച്ച ഏറ്റവും മോശം സംഭവങ്ങൾ നടക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
അരുംകൊലയ്ക്കുള്ള പദ്ധതി
രോഗബാധിതയായതിനെ തുടർന്ന് പ്രീതി 2019-ൽ ജോലി ഉപേക്ഷിച്ചതോടെ കാര്യങ്ങൾ മനോജിന്റെ കൈവിട്ടുപോയി. മദ്യപിക്കാനുള്ള പണം ലഭിക്കാതെ വന്നതോടെ ഇയാൾക്ക് ദേഷ്യമായി. ഒന്നെങ്കിൽ എനിക്ക് പണം നൽകുക. ഇല്ലെങ്കിൽ, ഒരു വൻ കവർച്ചയ്ക്കുള്ള അവസരം തരൂ, മനോജ് പ്രീതിയോട് കട്ടായം പറഞ്ഞു. ഈ ഘട്ടത്തിലാണ് തന്റെ അമ്മയുടെ പഴയസുഹൃത്തിനെക്കുറിച്ച പ്രീതി ആലോചിക്കുന്നത്. ഇതോടെ, അന്നേവരെ സൗത്ത് ഡൽഹി കണ്ടതിൽവെച്ചുള്ള ഏറ്റവും ഭീകരമായ അരുംകൊലയ്ക്കുള്ള അരങ്ങൊരുക്കാൻ ഇരുവരും തയ്യാറെടുത്തു.
2019 ജൂൺ 17-ന് പരിചയം പുതുക്കിക്കൊണ്ട് പ്രീതി മാഥുർ ദമ്പതികളെ തേടിയെത്തി. ക്ഷേമാന്വേഷണങ്ങൾക്കിടെ ഏപ്പോഴാണ് ഒറ്റയ്ക്കാവുന്നതെന്നും അവരുടെ പതിവുകളെല്ലാം സാമർഥ്യത്തോടെ പ്രീതി മനസ്സിലാക്കി. അഞ്ചാം നാൾ രാത്രി ഭാര്യയും ഭർത്താവും ഗുഡ്ഗാവിലെ ഫ്ലാറ്റിൽ നിന്ന് എല്ലാം തീരുമാനിച്ചിറങ്ങി. ഇരുട്ടത്ത് പെട്ടെന്ന് മനസ്സിലാകാതെ നിൽക്കാൻ കടുംനീല നിറത്തിലുള്ള വസ്ത്രമായിരുന്നു പ്രീതിയുടേത്. രാത്രി 10.30ഓടെ ഇരുവരും വസന്ത് വിഹാറിലെ ഫ്ലാറ്റിന് താഴെയെത്തി. അയൽക്കാരുടെ കണ്ണിൽപ്പെടാതിരിക്കാൻ തങ്ങളെത്തിയ കറുത്ത പൾസർ ബൈക്ക് അൽപ്പം മാറി പാർക്ക് ചെയ്തിട്ടായിരുന്നു ഇരുവരുടേയും വരവ്.
ജൂൺ 22 രാത്രി 11.15. പതിവില്ലാതെ ഈ സമയത്ത് ആരോ വാതിലിന് മുട്ടുന്നത് കേട്ടാണ് സഹായി ഖുശ്ബു വാതിൽതുറക്കുന്നത്. എന്നാൽ, പരിചയമുള്ള മുഖം കണ്ടപ്പോൾ മൂവർക്കും സമാധാനമായി കാണും. ഇതുവഴി കടന്നുപോകുകയായിരുന്നുവെന്നും വെറുതെ സന്ദർശിക്കാമെന്ന് കരുതി വന്നതാണെന്നും പ്രീതി കള്ളംപറഞ്ഞു. മരുന്നെല്ലാം കഴിച്ച് മാഥുർ ദമ്പതികൾ മെല്ലെ ഉറങ്ങാൻ കിടന്നതോടെ മനോജ് ശബ്ദം കൂട്ടി ടി.വി. വെച്ചു. കൈയ്യിൽ കുതിയ മദ്യം സേവിക്കാനും ഖുശ്ബുവിനോട് രണ്ട് ചായയുണ്ടാക്കാനും ആവശ്യപ്പെട്ടു. പതിയിരിക്കുന്ന അപകടം അപ്പോഴും ആ പാവം തിരിച്ചറിഞ്ഞിരുന്നില്ല.
ചായയുമായി തിരികെയെത്തി കപ്പ് മേശപ്പുറത്ത് വെച്ചതും മനോജ് അവളുടെ കഴുത്തിന് പിടിച്ച് പലതവണ കുത്തിപ്പരിക്കേൽപ്പിച്ചു. ടി.വി.യുടെ ഉയർന്ന ശബ്ദം കാരണം സഹായത്തിനായുള്ള അവളുടെ നിലവിളികൾ പുറത്തേക്ക് കേട്ടതുമില്ല. ഖുശ്ബുവിന്റെ മരണം ഉറപ്പാക്കിയ ദമ്പതികൾ അധികം വൈകാതെ മാഥുർ ദമ്പതികളെ തേടിപ്പോയി. കത്തിയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് ആ വൃദ്ധദമ്പതികളെ മനോജ് കുത്തിക്കൊന്നു. ഒരു ദാക്ഷിണ്യവുമില്ലാത്ത ആക്രമണത്തിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ എന്നാണ് പിന്നീട് കൊലപാതകങ്ങളെക്കുറിച്ച് പോലീസ് പറഞ്ഞത്. മൂവരുടേയും മരണം ഉറപ്പാക്കിയശേഷം കുറ്റവാളികൾ അവർ വന്ന കൃത്യത്തിലേക്ക് കടന്നു. ഒരു സ്വർണമാല, നാല് സ്വർണ വളകൾ, ഒരു ബ്രേയ്സ്ലെറ്റ്, മറ്റ് ചില ആഭരണങ്ങൾ എന്നിവ കൈക്കലാക്കി ഇരുവരും സ്ഥലംവിട്ടു.
ജയിൽ കണ്ട 'ക്രിമിനൽബുദ്ധി'
വീട്ടിലെത്തിയതിനുശേഷം കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകളും രക്തം പുരണ്ട് ടീ-ഷർട്ടും മനോജ് ഒരു പ്ലാസ്റ്റിക് കവറിൽ നിറച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ മറ്റൊന്നിലും. ഇവ കളയാൻ പോയതിനിടെ പ്രീതി ഗുഡ്ഗാവിലെ സെക്ടർ 31 ലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് അങ്ങോട്ട് മാറി. പിന്നീട്, മനോജെത്തിയതിന് ശേഷമാണ് ഇരുവരും ചേർന്ന് കൊള്ളയടിച്ച ആഭരണങ്ങൾ പങ്കുവെയ്ക്കുന്നത്. അധികം വൈകുന്നതിന് മുമ്പ് തൊട്ടടുത്ത ദിവസം തന്നെ പ്രീതി സ്വർണം പണയപ്പെടുത്തി പണം കൈവശപ്പെടുത്തി. സുഖമില്ലാത്ത ഭർത്താവിന്റെ ചികിത്സയ്ക്കാണ് പണമെന്നൊരു കഥയും ജ്വല്ലറി ഉടമയുടെ അടുത്ത് തട്ടിവിട്ടു.
ഒരു കൊലപാതകത്തിൽ നിന്ന് എങ്ങിനെ രക്ഷപ്പെടണമെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് മനോജ് ജയിൽ വിട്ടത് എന്നാണ് പോലീസ് പറയുന്നത്. ചോദ്യംചെയ്യലിനിടെ നിയമം എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്ന് ആത്മവിശ്വാസത്തോടെ ഇയാൾ പറഞ്ഞു. ഉടൻ ജാമ്യത്തിലിറങ്ങുമെന്നും സധൈര്യം മനോജ് പോലീസിനോട് പറഞ്ഞു. സത്യത്തിൽ, പഠിച്ച പാഠങ്ങളെല്ലാം കൃത്യമായി പ്രയോഗിക്കാൻ മനോജ് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിൽ ബന്ധുക്കളാണെന്ന് സംശയിക്കാൻ വേണ്ടിയാണ് പണമെടുക്കാതെ സ്വർണം മാത്രം മോഷ്ടിച്ചുകൊണ്ട് ഇയാൾ സ്ഥലം കാലിയാക്കിയത്. ട്രാക്ക് ചെയ്യുമെന്ന് അറിയുന്നതിനാൽ സ്വന്തം ഫോൺ അയാൾ മാഥുർമാരുടെ വീട്ടിലേക്ക് കൊണ്ടുപോയതുപോലുമില്ല. കോണ്ടം ഉപേക്ഷിച്ചത് മനഃപൂർവം തന്നെ. പക്ഷേ, ഏതൊരു കുറ്റകൃത്യത്തിലും കുറ്റവാളി ഉപേക്ഷിക്കുന്ന ആ തെളിവ് ഇവിടെ വിഷ്ണു മാഥുറിന്റെ മൊബൈൽ ഫോണായിരുന്നു. അത് ഓൺ ആക്കാനുള്ള തീരുമാനം മനോജ് എടുത്തിടത്താണ് അയാൾ സ്വന്തം കുഴി വെട്ടിയത്. ഒപ്പം പ്രീതിയുടേയും.
Content Highlights: How Delhi Police cracked the 2019 Vasant Vihar triple murder case
Published: 15 Mar 2025, 01:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented