
''എന്തെങ്കിലും ആഗ്രഹിച്ചാല്‍ കാത്തിരിക്കരുത്. അതു നേടുമ്പോള്‍ എന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നത് എന്റെ വിഷയമേയല്ല''- അന്ന സൊറോക്കിൻ
വര്‍ഷം 2018. 'ന്യൂയോര്‍ക്ക് മാഗസിനിലെ' മാധ്യമപ്രവര്‍ത്തകയായ ജെസ്സിക പ്രസ്ലർക്ക് മാന്‍ഹട്ടണിലെ പ്രമുഖ വ്യക്തികളുള്‍പ്പെടെയുള്ളവര്‍ ഇരകളാകപ്പെട്ട ഒരു തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നു. അന്ന ഡെല്‍വെ എന്ന ഒരു യുവതിയിലേക്കാണ് എല്ലാവരും വിരല്‍ ചൂണ്ടിയത്. ആള് ചില്ലറക്കാരിയല്ല, ജര്‍മനിയിലെ ഒരു സമ്പന്ന കുടുംബത്തിലെ ഒരേയൊരു പിന്‍ഗാമി. കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ ഉടമ. മാന്‍ഹട്ടണിലെ പല പ്രമുഖരുമായും അടുത്ത ബന്ധം. ആഡംബര പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യം. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. ആര്‍ക്കും യാതൊരു തരത്തിലുള്ള സംശയവും തോന്നുകയില്ല. എന്നാല്‍ 2017 ല്‍ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ചതിന് ശേഷം പണം നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ അവര്‍ പ്രതിയായിരുന്നു. എന്നാല്‍ ജെസ്സിക പ്രസ്ലറിനെ സംബന്ധിച്ചേടത്തോളം തനിക്ക് മുന്നിലെത്തിയ ആരോപണങ്ങളുടെ സത്യാവസ്ഥയറിയാനും അത് പ്രസിദ്ധീകരിക്കാനും പര്യാപ്തമായിരുന്നില്ല. അതിന് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് കടക്കണം. അന്നയുടെ പശ്ചാത്തലം എന്താണെന്നറിയണം. അതിനായി ജെസ്സിക പ്രസ്ലര്‍ ഇറങ്ങിത്തിരിഞ്ഞപ്പോള്‍ പിന്നീട് ചുരുളഴിയുന്നത് സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ അധ്യായത്തിലേക്കാണ്.
വര്‍ഷം 2013, പാരിസില്‍ നിന്ന് പര്‍പ്പിള്‍ എന്ന ഫാഷന്‍ മാസികയിലെ ഇന്റേണായ അന്ന എന്ന ഇരുപത്തിരണ്ടുകാരി ന്യൂയോര്‍ക്കിലെത്തുന്നു. ലോക പ്രശസ്തമായ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു അവളെ ഏല്‍പ്പിച്ച ദൗത്യം. ന്യൂയോകര്‍ക്ക് ഫാഷന്‍ വീക്കിലെ അസൈന്‍മെന്റിനായി പര്‍പ്പിളിലെ ജീവനക്കാര്‍ വടംവലി നടത്തുകയായിരുന്നു. അവരെയെല്ലാം മറികടന്നാണ് ഇന്റേണ്‍ മാത്രമായ ഈ പെണ്‍കുട്ടി ഈ സുവര്‍ണാവസരം നേടിയെടുത്തത്. എഡിറ്ററുമായുള്ള അടുത്ത സൗഹൃദമായിരുന്നു അവളുടെ വജ്രായുധം. ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങിയപ്പോഴേക്കും അന്ന മനസ്സില്‍ ഉറപ്പിച്ചു, തന്റെ വലിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടിയാണിത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നതിനിടെ അവള്‍ വലിയ സൗഹൃദ വലയമുണ്ടാക്കി. അവിടെ നിന്നാണ് അന്നയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. അറുപത് മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജര്‍മനിയിലെ ധനികകുടുംബത്തിലെ ഏക അവകാശിയാണ് താനെന്ന വിവരം വളരെ സമര്‍ഥമായി പ്രചരിപ്പിച്ചു. എലീറ്റ് സര്‍ക്കിളില്‍ മതിപ്പുണ്ടാകാന്‍ ഇതുമാത്രം മതിയായിരുന്നു. ഇത്രയും കാലം ജോലി ചെയ്ത് ലഭിച്ച സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ആഡംബര വസ്ത്രങ്ങള്‍ വാങ്ങാന്‍ അന്ന ചെലവഴിച്ചു. മാന്‍ഹട്ടണിലെ എലീറ്റ് ക്ലാസ് പാര്‍ട്ടികളില്‍ ക്ഷണം ലഭിച്ചില്ലെങ്കിലും അന്ന എങ്ങിനെയെങ്കിലും നുഴഞ്ഞുകയറും. ആദ്യ കാലങ്ങളില്‍ ബൗണ്‍സേഴ്‌സ് അന്നയെ അകത്തു കയറ്റിവിടാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും അവരെ തളര്‍ത്തിയില്ല. പിന്നീട് എലീറ്റ് ക്ലാസ് സൗഹൃദങ്ങള്‍ അവര്‍ക്ക് അകത്തേക്കുള്ള വഴി തുറന്നുകൊടുത്തു.
കായികതാരങ്ങള്‍, ഫാഷന്‍ ഡിസൈനേഴ്‌സ്, വ്യവസായപ്രമുഖര്‍ എന്നിവരായിരുന്നു ആഡംബര പാര്‍ട്ടികളിലെ അതിഥികള്‍. വാക്ചാതുരി കൊണ്ടും പെരുമാറ്റം കൊണ്ടും അന്ന വളരെ പെട്ടന്ന് തന്നെ എല്ലാവരുമായും അടുത്തു. പ്രമുഖര്‍ക്കൊപ്പം പാര്‍ട്ടികളില്‍ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ അന്നയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ റെസ്റ്ററന്റിലെ ജോലിക്കാര്‍ക്ക് വലിയ തുക ടിപ്പ് കൊടുക്കുന്ന പതിവ് അന്നയ്ക്കുണ്ടായിരുന്നു. കോടീശ്വരിയാണല്ലോ, അവര്‍ക്ക് ഇതെല്ലാം നിസ്സാരം എന്നായിരുന്നു ചുറ്റുമുള്ളവര്‍ അടക്കം പറഞ്ഞത്. ആര്‍ക്കും അവരെ സംശയം തോന്നിയില്ല എന്ന് മാത്രമല്ല, ദിനങ്ങള്‍ പിന്നിടുംതോറും വിശ്വാസ്യത വര്‍ധിച്ചുകൊണ്ടേയിരുന്നു. ചില അവസരങ്ങളില്‍ അന്ന ന്യൂയോര്‍ക്ക് വിടും. തിരിച്ചെത്തുന്ന അവസരങ്ങളില്‍ നഗരത്തിലെ ആത്യാഡംബര ഹോട്ടലുകളില്‍ ദിവസങ്ങളോളം താമസിക്കും. അന്നയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ആര്‍ക്കും സംശയം തോന്നിയില്ല.
അങ്ങനെ അന്നയുടെ ജീവിതത്തില്‍ എല്ലാം നന്നായി പോവുകയാണ്. അതിനിടെ അവര്‍ സുഹൃത്തുക്കളോട് ഒരു ആഗ്രഹം പറഞ്ഞു. തനിക്കൊരു സ്വപ്നമുണ്ട്, അന്ന ഡെല്‍വി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ക്ലബ് തുടങ്ങണം. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന സംരംഭമായിരിക്കുമത്. എന്റെ കുടുംബസ്വത്ത് കയ്യിലെത്തണമെങ്കില്‍ സമയമെടുക്കും. ഒരുപാട് സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അന്നയുടെ ആഗ്രഹത്തിന് പിന്തുണ നല്‍കുന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. പക്ഷേ അതിന് വലിയ തുക ആവശ്യമായി വന്നേക്കും. അതുകണ്ടെത്താന്‍ അന്ന തന്റെ സൗഹൃദങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ആര്‍ക്കും യാതൊരു സംശയവും തോന്നിയില്ല. വലിയ ലോണുകള്‍ എടുക്കുന്നതിനായി അന്നയ്ക്ക് വേണ്ടി ജാമ്യം നില്‍ക്കാന്‍ സുഹൃത്തുക്കളില്‍ പലരും തയ്യാറായി. യാതൊരു കരാറുമല്ലാതെ പ്രിയ സുഹൃത്തിന് പണം നല്‍കാനും അവര്‍ മടിച്ചില്ല. തന്റെ സ്വത്ത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അന്നയുടെ പക്കലുണ്ടായിരുന്നു. തന്റെ ഫൗണ്ടേഷന്റെ ആസ്ഥാനമായി നഗരത്തിലെ ഒരു പ്രധാന കെട്ടിടമാണ് തിരഞ്ഞെടുത്തതും.
വര്‍ഷം 2015. അക്കാലത്താണ് അന്ന, മൈക്കിള്‍ വോങ് എന്ന ആര്‍ട്ട് കളക്ടറെ കണ്ടുമുട്ടുന്നത്. അയാളുമായി സൗഹൃദം സ്ഥാപിക്കാന്‍ അന്നയ്ക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. ലോകമെമ്പാടുമുള്ള ബിനാലെകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയായിരുന്നു വോങ്. വെനീസില്‍ നടക്കുന്ന ബിനാലെയില്‍ അദ്ദേഹം പങ്കെടുക്കാന്‍ പോവുകയാണെന്ന വിവരം അറിഞ്ഞപ്പോള്‍ താനും കൂടെ വന്നോട്ടെ എന്ന് അന്ന ചോദിച്ചു. വോങ് സന്തോഷത്തോടെ സമ്മതിച്ചു. യാത്രാചെലവും താമസിക്കാനുള്ള ഹോട്ടലും ബുക്ക് ചെയ്തത് വോങ് ആയിരുന്നു. തനിക്ക് ചെലവാകുന്ന തുക അമേരിക്കയില്‍ തിരിച്ചെത്തിയ ഉടന്‍ മടക്കിത്തരാമെന്ന് അന്ന അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ മടങ്ങിയെത്തിയിട്ടും അന്ന വോങ്ങിന് പണം നല്‍കിയില്ല. മറന്നു പോയതായിരിക്കാമെന്നാണ് വോങ് കരുതിയത്. എന്നെങ്കിലും മടക്കിത്തരുമെന്ന് കരുതി അദ്ദേഹം അത് ചോദിക്കാനും പോയില്ല. 2016 ജനുവരിയില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനായി ഒരു ആഡംബര പാര്‍ട്ടി സംഘടിപ്പിക്കുന്നതിന് വേണ്ടി അന്ന ഒരു പി.ആര്‍ കമ്പനിയെ ഏല്‍പ്പിച്ചു. അതില്‍ വോങ്ങും അതിഥിയായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വോങ്ങിന് ഒരു ഫോണ്‍ കോള്‍ വരുന്നു. പാര്‍ട്ടി നടന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു മറുതലയ്ക്ക്. അന്നയെ ബന്ധപ്പെടാന്‍ മറ്റേതെങ്കിലും ഫോണ്‍ നമ്പറോ മേല്‍വിലാസമോ ഉണ്ടോ എന്നായിരുന്നു അയാള്‍ വോങിനോട് ചോദിച്ചത്. കാരണം എന്തെന്ന് തിരക്കിയപ്പോള്‍, പാര്‍ട്ടിയ്ക്കായി ചെലവായ തുക അന്ന തന്നിട്ടില്ലെന്നായിരുന്നു അയാളുടെ മറുപടി. വോങിനൊപ്പമുള്ള ചിത്രം അന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതുകൊണ്ട് സുഹൃത്തുക്കളാണെന്ന് തോന്നിയതുകൊണ്ടാണ് അന്വേഷണം അവിടെ വരെ എത്തിയത്. അന്നയ്ക്ക് ന്യൂയോര്‍ക്കില്‍ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റില്ല, ഹോട്ടലുകളില്‍ മാറി മാറിത്താമസിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ വോങിന് അവരെ സഹായിക്കാനായില്ല. ഒരു ദിവസം വോങിന് നല്‍കാനുള്ള പണം അന്ന മടക്കി നല്‍കി. പക്ഷേ അത് അപരിചിതമായ പേരിലുള്ള വെന്‍മോ അക്കൗണ്ടില്‍ നിന്നായിരുന്നു. ഇതെല്ലാം അയാളില്‍ കടുത്ത സംശയമുണ്ടാക്കി. ഈ സംഭവത്തിന് തൊട്ടുപിന്നാലെ വോങ് അന്നയുമായുള്ള എല്ലാ സൗഹൃദവും എന്നന്നേക്കുമായി അവസാനിപ്പിച്ചു.
ബലിയാടായ ഉറ്റസുഹൃത്ത്
അമേരിക്കയിലെ എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ റാച്ചല്‍ വില്യംസ് 2016 ഫെബ്രുവരി മാസത്തില്‍ അന്നയെ പരിചയപ്പെടുത്തുന്നു. പരിചയം വൈകാതെ കടുത്ത സൗഹൃദമായി. അന്നയ്ക്കൊപ്പം പാര്‍ട്ടികളിലും ക്ലബുകളിലും റേച്ചല്‍ സ്ഥിരം സാന്നിധ്യമായി. അങ്ങനെ ഇരിക്കുമ്പോഴാണ് മൊറാക്കോയിലേക്ക് ഒരു വിനോദയാത്ര പോകാന്‍ അന്ന പദ്ധതിയിടുന്നത്. റേച്ചലിനെയും മറ്റു രണ്ട് സുഹൃത്തുക്കളെയും അന്ന യാത്രയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എല്ലാ ചെലവും താന്‍ ഏറ്റെടുക്കുമെന്ന് അന്ന പറഞ്ഞു. മൊറോക്കോയില്‍ എത്തിയതിന് ശേഷം ഒരു ആഡംബര ഹോട്ടലിലാണ് അവര്‍ താമസിച്ചത്. ഒരു ദിവസം ഹോട്ടലിലെ ജീവനക്കാരിലൊരാള്‍ അന്നയെ കാണാന്‍ മുറിയിലേക്ക് വന്നു. ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനരഹിതമാണെന്നും പണം ഈടാക്കാന്‍ സാധിക്കുന്നില്ലെന്നും അയാള്‍ പറഞ്ഞു. താല്‍ക്കാലികമായ എന്തെങ്കിലും സാങ്കേതിക പ്രശ്‌നമായിരിക്കാമെന്നും ഉടനെ പരിഹരിക്കാമെന്നുമായിരുന്നു അന്നയുടെ മറുപടി. എന്നാല്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. അപ്പോഴേക്കും അവിടെ ലഭ്യമായിരുന്ന സ്പാ, വാട്ടര്‍ സ്‌പോട്‌സ്, റെജുവനേഷന്‍ തെറാപ്പി എന്നിങ്ങനെ എല്ലാ സേവനങ്ങളും അന്ന ഉപയോഗപ്പെടുത്തിയിരുന്നു. അവസാന ദിവസവും പണം നല്‍കാതെ ഹോട്ടല്‍ ജീവനക്കാര്‍ അന്നയെയും റേച്ചലിനെയും വളഞ്ഞു. ഏതാണ്ട് 50 ലക്ഷം രൂപയുടെ ബില്ലാണ് അടയ്ക്കേണ്ടിയിരുന്നത്. ജീവനക്കാര്‍ നിലപാട് കടുപ്പിച്ചതോടെ ബില്‍ അടയ്ക്കാന്‍ റേച്ചല്‍ നിര്‍ബന്ധിതയായി. പണം ഒരാഴ്ചകൊണ്ട് മടക്കിത്തരുമെന്ന് അന്ന അവര്‍ക്ക് വാക്കു നല്‍കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ തിരികെയെത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്ന പണം നല്‍കിയില്ല. റേച്ചല്‍ നയത്തില്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നാല് ലക്ഷം രൂപ നല്‍കി. പിന്നീട് അനക്കമൊന്നുമുണ്ടായില്ല. അങ്ങനെ ആറ് മാസം പിന്നിട്ടപ്പോള്‍ റേച്ചല്‍ അന്നയെ വീണ്ടും സമീപിച്ചു. വയര്‍ ട്രാന്‍സ്ഫര്‍ വഴി പണം അയക്കാമെന്നായിരുന്നു അന്ന പറഞ്ഞത്. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് അന്ന ഏതാനും വയര്‍ ട്രാന്‍സ്ഫറുകളുടെ റെസീപ്റ്റുകള്‍ റേച്ചലിന് അയച്ചു നല്‍കി. പക്ഷേ റേച്ചലിന്റെ അക്കൗണ്ടില്‍ യാതൊന്നും ക്രെഡിറ്റായില്ല. റേച്ചലിന്റെ വാര്‍ഷിക വരുമാനത്തേക്കാള്‍ എത്രയോ കൂടുതലായിരുന്നു അന്നയുടെ വാക്കു കേട്ട് ചെലവാക്കിയത്. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് വാടകയ്കൊടുക്കാനും ക്രെഡിറ്റ് കാര്‍ഡ് ബില്ലടക്കാനും റേച്ചലിന് ഒടുവില്‍ കടം വാങ്ങേണ്ടിവന്നു. അക്ഷരാര്‍ഥത്തില്‍ ദരിദ്രയായ റേച്ചല്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസിനെ സമീപിക്കുന്നു.
അന്ന ഡെല്‍വി ഫൗണ്ടേഷന് വേണ്ടി അന്ന കണ്ടുവച്ച കെട്ടിടം ഒരാള്‍ വിലയ്ക്കു വാങ്ങുന്നതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. ഒരു ആഡംബര ഹോട്ടലില്‍ ദിവസങ്ങളോളം താമസിച്ച് അവര്‍ക്ക് പണം നല്‍കാതെ അവിടെ നിന്ന് മുങ്ങുകയും ചെയ്തു. ഈ സംഭവം ചര്‍ച്ചയായതോടെ ന്യൂയോര്‍ക്ക് പോസ്റ്റില്‍ അന്നയെക്കുറിച്ച് ഒരു ലേഖനം വന്നു. പരാതിക്കാര്‍ പോലീസിനെ സമീപിച്ചതോടെ ഹോട്ടല്‍ ബില്‍ തട്ടിപ്പില്‍ അന്ന അറസ്റ്റിലായി.
എലീറ്റ് ക്ലാസിനെ പിടിച്ചു കുലുക്കിയ ജെസ്സീക്ക പ്രസ്ലറിന്റെ ലേഖനം
2018 ലാണ് ന്യൂയോര്‍ക്ക് മാഗസിനില്‍ ജെസ്സീക്ക പ്രസ്ലറിന്റെ ലേഖനം പ്രസിദ്ധീകരിച്ച് വരുന്നത്. അന്ന എന്ന തട്ടിപ്പുകാരിയുടെ ഇരകള്‍ നിയമസഹായം തേടിവരാന്‍ ഈ ലേഖനം കാരണമായി. എന്നാല്‍, ആരോപണങ്ങള്‍ക്കെല്ലാം അതീതമായിരുന്നു അന്നയുടെ പ്രവൃത്തികള്‍. സൗഹൃദങ്ങള്‍ ദുരുപയോഗം ചെയ്ത് ന്യൂയോര്‍ക്കിലെ പ്രമുഖ ധനമിടപാട് കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലക്ഷക്കണക്കിന് ഡോളറാണ് തട്ടിയെടുത്തത്. ബാങ്കുകളില്‍ അന്ന ഹാജരാക്കിയ രേഖകളും സുഹൃത്തുക്കള്‍ക്ക് നല്‍കിയ ചെക്കുകളും വ്യാജമായിരുന്നുവെന്നും ജര്‍മനിയിലെ ധനിക കുടുംബവുമായി അവര്‍ക്ക് യാതൊരു ബന്ധമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. തട്ടിപ്പുകാലത്ത് ഒരു പ്രൈവറ്റ് ജെറ്റിലായിരുന്ന് അന്നയുടെ യാത്രകളെല്ലാം. അത് തന്റെ സ്വന്തമാണ് എന്നാണ് അന്ന സുഹൃത്തുക്കളോട് പൊങ്ങച്ചം പറഞ്ഞത്. എന്നാല്‍ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകകയ്ക്ക് നല്‍കുന്ന ഒരു കമ്പനിയുടെ പ്രൈവറ്റ് ജെറ്റായിരുന്നു അത്. അന്നയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മുന്‍കൂര്‍ തുക വാങ്ങാതെ കമ്പനി അധികൃതര്‍ ജെറ്റ് വാടകയ്ക്ക് നല്‍കുകയായിരുന്നു. ഉപയോഗത്തിന് ശേഷം വാടക നല്‍കാതെ അവരെയും തട്ടിപ്പിനിരയാക്കി.
22 ഡോളര്‍ മില്യണ്‍ ഡോളര്‍ ലോണിനായി അമേരിക്കയിലെ സിറ്റി നാഷ്ണല്‍ ബാങ്കിനെ സമീപിച്ചതാണ് അന്നയുടെ ക്രിമിനല്‍ ബുദ്ധിയുടെ ഏറ്റവും വലിയ ഉദാഹരണം. ആര്‍ട്ട് സെന്ററിന്റെ ചെലവിനായുള്ള തുക കണ്ടെത്തുന്നതിനായിരുന്നു ആ നീക്കം. ജര്‍മനിയില്‍ തനിക്കവകാശമുള്ള 60 മില്യണ്‍ ബിട്ടീഷ് പൗണ്ട് ആസ്തിയുടെ രേഖകള്‍ ബാങ്കിന് കൈമാറുകയും ചെയ്തു. അന്നയുടെ കഥയില്‍ നാഷ്ണല്‍ ബാങ്കിന് യാതൊരു സംശയവും തോന്നിയില്ലെന്ന് മാത്രമല്ല ലോണിന്റെ നിയമനടപടികള്‍ക്ക് വേണ്ടിയും മറ്റു ചെലവുകള്‍ക്കുമായി ഒരു ലക്ഷം ഡോളര്‍ ബാങ്കിന് വയര്‍ ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതിനുള്ള തുക കണ്ടെത്താന്‍ അന്ന നേരെ സമീപിച്ചത് ഫോര്‍ട്രസ് ബാങ്കിനെയാണ്. അവിടെ അന്നയ്ക്ക് ഒരു പരിചയക്കാരനുണ്ടായിരുന്നു. കോടിക്കണക്കിന് ആസ്തിയുള്ള അന്ന വെറും ഒരു ലക്ഷം ഡോളറാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ബാങ്കിനെ കാര്യം ധരിപ്പിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. അയാളുടെ സഹായത്തോടെ ഒരു ലക്ഷം ഡോളര്‍ തരപ്പെടുത്തി അത് നാഷ്ണല്‍ ബാങ്കിലേക്ക് അയച്ചു. വിശദമായ അന്വേഷണത്തില്‍ അന്നയുടെ വരുമാനത്തിന്റെ ഉറവിടം സംബന്ധിച്ച് ബാങ്കിന് സംശയം തോന്നിയതിനാല്‍ ലോണ്‍ നല്‍കിയില്ല. തട്ടിപ്പിനിരയായ ബാങ്കുകള്‍ പരാതിപ്പെട്ടതോടെ അന്നയുടെ മുഖം മൂടി അഴിഞ്ഞുവീണു. ജര്‍മനിയിലെ ധനിക കുടുംബത്തിലെ അന്ന ഡെല്‍വിയില്‍ തുടങ്ങിയ അന്വേഷണം അനെ റഷ്യക്കാരിയായ അന്ന സൊറോക്കിനിലെത്തി.
ആരാണ് അന്ന സൊറോക്കിൻ?
റഷ്യക്കാരിയായ അന്ന സൊറോകിനാണ് ജര്‍മന്‍ ധനിക കുടുംബത്തിലെ അന്ന ഡെല്‍വിയായി ഇത്രയും കാലം പൊതുസമൂഹത്തെ കളിപ്പിച്ചത്. ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന റഷ്യയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു അവര്‍. പതിനേഴാം വയസ്സില്‍ കുടുംബസമേതം അവര്‍ ജര്‍മനിയിലേക്ക് മാറി. ആഡംബരം നിറഞ്ഞ ജീവിതത്തോട് അന്നയ്ക്ക് ചെറുപ്പക്കാലം മുതല്‍ വലിയ ഭ്രമമായിരുന്നു. പക്ഷേ സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് അന്നയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ പലപ്പോഴും സാധിച്ചില്ല. പര്‍പ്പിള്‍ മാസികയില്‍ ഇന്റേണായി പ്രവർത്തിക്കുന്ന കാലത്ത് തന്നെ അവര്‍ കരുക്കള്‍ നീക്കി. കൗശലത്തോടെ ഓരോ ചുവടും വച്ചു. സുഹൃത്തുക്കളെയും പരിചയക്കാരെയും വഞ്ചിച്ച് ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തിയാണ് അന്നയ്ക്ക് നല്‍കിയത്. ആരോടും ആത്മാര്‍ഥതയില്ലാത്ത സ്വഭാവം അന്നയുടെ തട്ടിപ്പിന്റെ യാത്രയ്ക്ക് കരുത്തു പകര്‍ന്നു നല്‍കി.
വിചാരണ, ശിക്ഷ
മോഷണം, മോഷണശ്രമം, വഞ്ചന, വ്യാജരേഖകള്‍ ചമയ്ക്കല്‍ എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് അന്നയ്ക്ക് മേല്‍ ചുമത്തപ്പെട്ടത്. എതാണ്ട് 28 ബാങ്കുകളില്‍ അന്നയ്ക്ക് അക്കൗണ്ടുണ്ടായിരുന്നു. അതെല്ലാം വ്യാജ മേല്‍വിലാസത്തിലാണ് തുടങ്ങിയത്. പത്ത് ലക്ഷം ഡോളറിന്റെ മോഷണത്തിനും 22 മില്യണ്‍ ഡോളര്‍ മോഷണശ്രമത്തിനും ഡെല്‍വിക്കെതിരേ കുറ്റം ചുമത്തി. ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും ആഡംബര ഹോട്ടലുകളും സുഹൃത്തുക്കളുമെല്ലാം അന്നയ്ക്കെതിരേ പരാതി നല്‍കിയിരുന്നു. 2019 മാര്‍ച്ച് മാസത്തില്‍ അന്നയുടെ വിചാരണ ആരംഭിച്ചു. കോടതിയില്‍ ഹാജരാകുന്നതിനുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്‌റ്റൈലിസ്റ്റിനെ ഏര്‍പ്പാടാക്കണമെന്ന് അന്ന അഭിഭാഷകരോട് ആവശ്യപ്പെട്ടു. പ്രശസ്ത അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് അന്ന വിചാരണയ്ക്കെത്തിയത്. ഒരു ദിവസം സ്റ്റൈലിസ്റ്റിന് വസ്ത്രമെത്തിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജയില്‍വസ്ത്രം ധരിച്ച് കോടതിയിലെത്താന്‍ അന്നയോട് ആവശ്യപ്പെട്ടു. അതിന് കൂട്ടാക്കാതെ അവര്‍ കരയുകയും ബഹളം വയ്ക്കുകയും ചെയ്തു. ഒടുവില്‍ ജഡ്ജിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം അഭിഭാഷകര്‍ അന്നയെ കോടതിയില്‍ എത്തിച്ചു. അന്നത്തെ ദിവസം ഏതാണ്ട് ഒന്നര മണിക്കൂറാണ് വിചാരണ വൈകിയത്.
വിചാരണയിലുടനീളം അന്നയെ മികച്ച സംരംഭക എന്നാണ് അവരുടെ അഭിഭാഷകര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്റെ കയ്യില്‍ ആവശ്യത്തിലേറെ തെളിവുകള്‍ ഉണ്ടായിരുന്നതിനാല്‍ പിടിച്ചുനില്‍ക്കാനായില്ല. പത്ത് കുറ്റങ്ങളാണ് ചുമത്തപ്പെട്ടത് അതില്‍ എട്ടിലും അന്ന കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. നാല് മുതല്‍ 12 വര്‍ഷം തടവും 20 ലക്ഷം പിഴയുമാണ് അന്നയ്ക്ക് ശിക്ഷ നല്‍കിയത്. 2021 ഫെബ്രുവരിയില്‍ നല്ല നടപ്പിന്റെ പേരില്‍ അന്നയ്ക്ക് പരോള്‍ അനുവദിച്ചു. ഒരു മാസത്തിനുശേഷം ജര്‍മനിയിലേക്ക് നാടു കടത്തുന്നതിന് വേണ്ടി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അന്നയെ കസ്റ്റഡിയിലെടുത്തു. 2022 ഒക്ടോബര്‍ 5-ന് സോറോക്കിന് 10,000 ഡോളറിന് ജാമ്യം അനുവദിക്കുകയും ജയില്‍ മോചിതനാവുകയും ചെയ്തു. മാന്‍ഹട്ടണിലെ വസതിയില്‍ ഹൗസ് അറസ്റ്റിലാണ് അന്നയെങ്കിലും പോഡ് കാസ്റ്റിലൂടെയും വിവിധ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ആര്‍ട്ട് എക്സിബിഷനിലൂടെയും പണം സമ്പാദിച്ചു.
ഇന്‍വെന്റിങ് അന്ന

ജസ്സിക്ക പ്രസ്ലര്‍ എഴുതിയ ലേഖനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്‍വെന്റിങ് അന്ന എന്ന പേരില്‍ വെബ് സീരീസ് ഒരുക്കുന്നതിന്റെ ഭാഗമായി അന്നയ്ക്ക് രണ്ടരക്കോടിയിലേറെ രൂപയാണ് നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കുറ്റകൃത്യത്തിന് ശിക്ഷ അനുഭവിക്കുന്ന സാഹചര്യത്തില്‍ നടത്തിയ പണമിടപാടില്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഓഫീസ് അന്നയ്ക്ക് പിഴ ചുമത്തി. 2022 ലാണ് ഇന്‍വെന്റിങ് അന്ന റിലീസ് ചെയ്തത്. കൊടും തട്ടിപ്പുകാരിയായ അന്നയെ ബുദ്ധിമതിയായി മഹത്വവല്‍ക്കരിക്കുന്നു എന്ന പേരില്‍ നെറ്റ്ഫ്ലിക്സിന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. അന്നയുടെ തട്ടിപ്പിന് ഇരയായ മുന്‍സുഹൃത്ത് റേച്ചല്‍ വില്യംസ് വെബ് സീരീസിനെതിരേ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു.
Content Highlights: anna sorokin, world famous con women, cheating case, conviction, imprisonment
Published: 01 Jun 2024, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented