ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും വലിച്ചിഴച്ചതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാൻ കഴിയില്ലെന്ന വിവാദ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, ലൈംഗിക കുറ്റകൃത്യങ്ങളിൽ വിധി നിർണയിക്കുന്നതിന് നിയമപരമായ യുക്തിയും സഹാനുഭൂതിയും ആവശ്യമാണെന്നും നിരീക്ഷിച്ചു.
പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതികളായ പവൻ, ആകാശ് എന്നിവർക്കെതിരേ വിചാരണ കോടതി നേരത്തേ വിവിധ കുറ്റങ്ങൾ ചുമത്തിയിരുന്നു. പോക്‌സോ നിയമപ്രകാരവും ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റവുമാണ് വിചാരണ കോടതി ചുമത്തിയത്. എന്നാൽ, 2025 മാർച്ചിൽ അലഹാബാദ് ഹൈക്കോടതി പ്രതികൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ ഇളവ് ചെയ്തു. മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും വലിച്ചിഴച്ചതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. പൈജാമയുടെ ചരട് പൊട്ടിച്ചയുടൻ രണ്ട് പ്രതികളും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നും അതിനാൽ, ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവില്ലെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞത്. വിധി വിവാദമായതോടെ 2025 മാർച്ച് 26-ന് സുപ്രീംകോടതി ഈ ഉത്തരവ് സ്വമേധായ പരിഗണിക്കുകയും ഹൈക്കോടതിയുടെ വിവാദ വിധി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യുകയുമായിരുന്നു. തുടർന്നാണ് 2026 ഫെബ്രുവരി പത്തിന് വിവാദ ഉത്തരവ് റദ്ദാക്കി വിധി പുറപ്പെടുവിച്ചത്.
ഈ കേസിന്റെ പശ്ചാത്തലത്തിൽ ലൈംഗികാതിക്രമക്കേസുകൾ കൈകാര്യംചെയ്യുന്നതിൽ ജഡ്ജിമാർക്കും ജുഡീഷ്യറിക്കും ആവശ്യമായ മാർഗനിർദേശങ്ങൾ തയ്യാറാക്കാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമി(എൻജെഎ)യെയും ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് വിദഗ്ധസമിതി രൂപവത്കരിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഇന്ത്യയുടെ ഭാഷാവൈവിധ്യം കണക്കിലെടുത്തും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്നരീതിയിലുമാകണം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
Content Highlights: Supreme Court sets aside Allahabad High Court`s controversial ruling on sexual assault, emphasizing legal logic and empathy in handling such cases.
Published: 18 Feb 2026, 03:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented