കാലിഫോർണിയ: യുഎസിൽ യുവാവിന്റെ വെടിയേറ്റ് ഇന്ത്യൻ വംശജയായ യുവതിക്ക് ദാരുണാന്ത്യം. 38-കാരിയായ ശാലിനി ഠാക്കൂർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി രോഹിത് (22) പോലീസിന് മുന്നിൽവെച്ച് സ്വയം വെടിവെച്ചു മരിച്ചു.
സാക്രമെന്റോയിലെ പനേര ബ്രെഡ് റെസ്റ്റോറന്റിന് പരിസരത്തുവെച്ചാണ് യുവതി കൊല്ലപ്പെട്ടത്. റെസ്റ്റോറന്റിലെ ജീവനക്കാരിയായ ശാലിനി ഠാക്കൂർ ചൊവ്വാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്ത് എത്തിയതായിരുന്നു. യുവതിയെ പിന്തുടർന്നെത്തിയ രോഹിത് റെസ്റ്റോറന്റിന് മുന്നിൽവെച്ച് തടഞ്ഞുനിർത്തി കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റതിന് പിന്നാലെ ശാലിനി നിലത്തുവീണു. പീന്നീടും പ്രതി യുവതിയുടെ തലയ്ക്കുനേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്.
ഏറെനാളത്തെ ആസൂത്രണത്തിനൊടുവിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. നിരന്തരം യുവതിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും അതനുസരിച്ച് ആസൂത്രണങ്ങൾ നടത്തുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നതിനെത്തുടർന്ന്, യുവതി പോലീസിനെ സമീപിക്കുകയും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ശാലിനിയുടെ ജോലിസ്ഥലത്തോ വീട്ടിലോ പോകരുതെന്നും യുവാവിനെ വിലക്കിയിരുന്നു. എന്നാൽ, ജൂലൈ മാസത്തിൽ യുവാവ് ഈ ഉത്തരവ് ലംഘിച്ചെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
ജൂലൈ 29-ന് തന്റെ വീട്ടിലേക്ക് പലചരക്കു സാധനങ്ങൾ ഡെലിവറി ചെയ്തിരിക്കുന്നത് ശാലിനിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് രോഹിത് ആയിരുന്നു ചെയ്തതെന്നാണ് ശാലിനി അന്ന് പോലീസിനോട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. രോഹിതിനെ തപ്പി അയാൾ താമസിക്കുന്നിടത്തേക്ക് രണ്ടു തവണ പോലീസ് പോയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ആപ്പിൾ എയർ ടാഗിൽ നിരീക്ഷണം, ഫ്ലാറ്റിന്റെ ഡ്യുപ്ലിക്കേറ്റ് കീ
യുവതിയുടെ കാറിന് അടിയിൽ യുവാവ് ആപ്പിൾ എയർ ടാഗ് ഘടിപ്പിച്ചിരുന്നു. ഇതുവഴിയായിരുന്നു യുവതി എവിടെ പോകുന്നു എന്ന വിവരങ്ങളൊക്കെ മനസ്സിലാക്കിയിരുന്നത്. യുവതിയുടെ എല്ലാ യാത്രാവിവരങ്ങളും കാറിനടിയിൽ ഘടിപ്പിച്ച എയർ ടാഗിൽ കൂടി യുവാവ് നിരന്തരം നിരീക്ഷിച്ചിരുന്നു.
കൂടാതെ, ശാലിനിയുടെ ഫ്ലാറ്റിന്റെ താക്കോലും പ്രതി കൈക്കലാക്കിയിരുന്നു. ഇതുപയോഗിച്ച് ശാലിനി ഉറങ്ങിക്കിടക്കുന്ന സമയത്ത് പ്രതി അകത്ത് കടന്നിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. യുവതിയുടെ കാറിന്റെ ടയറുകൾ നിരന്തരം കേടുവരുത്തുന്നതും ഇയാളുടെ പതിവായിരുന്നെന്നും പോലീസ് പറയുന്നു.
ഓൺലൈൻ ഡെലിവറി വഴി പരിചയം
ജോലി സ്ഥലത്തേക്ക് ഓൺലൈനായി ഭക്ഷണവും മറ്റു സാധനങ്ങളും ശാലിനി ഓർഡർ ചെയ്തിരുന്നു. ഇത്തരത്തിൽ ഡെലിവറിക്കായി എത്തിയപ്പോഴാണ് രോഹിതിനെ ശാലിനി പരിചയപ്പെട്ടതെന്നാണ് വിവരം. പെരുമാറ്റം ശല്യമായതിനെത്തുടർന്നാണ് ശാലിനി പോലീസിനെ സമീപിച്ചത്. എന്നാൽ, ശാലിനിയെത്തേടി പിന്നെയും രോഹിത് വീട്ടിലെത്തിയെന്നും വീടിന് വെളിയിൽ മണിക്കൂറുകളോളം കാത്തുനിന്നെന്നും റിപ്പോർട്ടുകളുണ്ട്. യുവതി മറ്റുള്ളവരുമായി അടുത്തിടപെഴകുന്നത് യുവാവിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇത് നിയന്ത്രിക്കാനും യുവാവ് ശ്രമങ്ങൾ നടത്തിയെന്നും വിവരങ്ങളുണ്ട്.
ക്രൂര കൊലപാതകം
യുവാവ് പിന്തുടർന്നെത്തിയതിന് പിന്നാലെ യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിയും തടഞ്ഞുവെച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വെടിയേറ്റ് താഴെ വീണതിനു പിന്നാലെ തലയ്ക്ക് നേരെ തോക്ക് നീട്ടി തൊട്ടടുത്തുനിന്ന് യുവാവ് വെടിയുതിർത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ആത്മഹത്യ
ഹൈവേ 50-ൽ വെച്ചാണ് രോഹിത് സ്വയം വെടിയുതിർത്ത് മരിച്ചത്. പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതിന് പിന്നാലെയായിരുന്നു ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദൃക്സാക്ഷികൾ രോഹിത് സഞ്ചരിച്ച വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയിരുന്നു. ഇതനുസരിച്ച് ഓട്ടോമേറ്റഡ് ലൈസൻസ് റീഡർ സംവിധാനത്തിലൂടെ (എ.എൽ.പി.ആർ.) വാഹനത്തെ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടാനാകില്ലെന്ന് ഉറപ്പായതോടെ ഹൈവേയിൽ നിർത്തിയ ശേഷം പോലീസിന് മുമ്പിൽവെച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
പ്രതി രോഹിത് കാലിഫോർണിയയിൽ രേഖകളില്ലാതെ അനധികൃതമായി താമസിച്ചുവരികയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇയാൾ നേരത്തെ അരിസോണയിൽ തടവിലായിരുന്നുവെന്നും അധികൃതർ പറയുന്നു.
ഒരു വർഷത്തോളമായി പ്രതി യുവതിയുടെ പിന്നാലെ ഉണ്ടായിരുന്നുവെന്ന് ശാലിനിയുടെ അമ്മ സുദേഷ് കുമാരി പറയുന്നു. മകളെ വിവാഹം ചെയ്തുതരണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾക്ക് 22 വയസ്സും യുവതിക്ക് 38 വയസ്സും ആയതിനാൽ, ഇരുവരുടേയും പ്രായവ്യത്യാസം കാരണം നിരസിക്കുകയായിരുന്നു. 'അവൾക്ക് അവനെ പേടിയായിരുന്നു' യുവതിയുടെ മാതാവ് പറഞ്ഞു.
'അവൾ കൊല്ലപ്പെടുന്നതിന് ഒരുമണിക്കൂർ മുമ്പ് എന്നെ വിളിച്ചിരുന്നു. 15 മിനിറ്റിനുള്ളിൽ തിരിച്ചുവിളിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് അവൾ വിളിച്ചില്ല', ശാലിനിയുടെ അമ്മ പറഞ്ഞു.
Content Highlights: 38-year-old Indian-origin woman Shalini Thakur shot dead in California., Accused 22-year-old Rohit tracked her using an Apple AirTag and duplicate keys., Rohit died by suicide in front of police on Highway 50 as they closed in., Victim had previously complained to police about continuous stalking and harassment.
Published: 13 Sept 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented