ഡൽഹിയിൽ വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ രൂപീകരിച്ച അഞ്ചംഗ ഉന്നതതല സമിതി പുനഃസംഘടിപ്പിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സമിതി പ്രവർത്തിക്കുന്നത്.

To advertise here,

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി രൂപീകരിച്ച സമിതി പക്ഷപാതപരമായി പ്രവർത്തിക്കുമെന്ന മുൻവിധിയോടെ മുൻപോട്ടു പോകാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിയിലെ പ്രധാന വാദങ്ങൾ:

സമിതി കോടതി നീട്ടിയ കരമാണെന്നും അത് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. സമിതിയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തരാറുകൾ ഉണ്ടെന്ന് തോന്നിയാൽ തുറന്ന വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

  • പക്ഷപാത ആരോപണം: സമിതിയിലെ ഒരംഗമായ മേഘാലയ മുൻ ഡി.ജി.പിക്ക് അന്വേഷണപരിധിയിൽ വരാൻ സാധ്യതയുള്ള വ്യക്തിയുമായി ബന്ധമുണ്ടെന്നും അതിനാൽ സമിതി പുനഃസംഘടിപ്പിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.

  • അമിക്കസ് ക്യൂറിയെ നിയമിക്കണം: സമിതിയുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കാൻ സർക്കാർ അഭിഭാഷകർക്ക് പകരം പ്രത്യേക അമിക്കസ് ക്യൂറിയെയും അഡ്വക്കേറ്റ് ഓൺ റെക്കോർഡിനെയും നിയമിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടു.

  • സർക്കാർ മറുപടി: രാജ്യത്തെ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും അഴിമതിക്കാരാണെന്ന രീതിയിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ തുടക്കത്തിലേ സംശയത്തോടെ കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ബാഗ്ചിയും വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് വിവരങ്ങൾ സമർപ്പിക്കാം:

പൊതുജനങ്ങൾക്ക് വിവരങ്ങളോ രേഖകളോ തെളിവുകളോ സമിതിക്ക് മുൻപിൽ സമർപ്പിക്കാൻ അവസരം നൽകുന്ന രീതിയിൽ പൊതുനോട്ടീസ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ഒരു റിട്ടയേർഡ് ജില്ലാ ജഡ്ജിയോ മറ്റ് ജുഡീഷ്യൽ ഓഫീസറോ ആകും ഈ രേഖകൾ ശേഖരിച്ച് സമിതിക്ക് മുൻപിൽ സമർപ്പിക്കുന്നത്.

പ്രതിഷേധവും പശ്ചാത്തലവും:

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ജൂലൈ 20-ന് പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തതോടെ ജൂലൈ 25-നാണ് സമരം അവസാനിപ്പിച്ചത്.