
മുംബൈ: സ്വകാര്യ ആഡംബര കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന് ഐ.എ.എസ്. ഉദ്യോഗസ്ഥയായ പൂജാ ഖേദ്കറിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. പൂജ ഖേദ്കറിന്റെ നിയമലംഘനങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പുണെ പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ച പൂജയുടെ വസതിയിലെത്തിയ പോലീസ് സംഘം നിയമലംഘനം നടത്തിയ ഔഡി കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു.
പൂജ ഖേദ്കര്‍ സ്വകാര്യ കാറില്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചതും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബോര്‍ഡ് വെച്ചതും വലിയ വിവാദമായിരുന്നു. ഇതിനൊപ്പം ജില്ലാ കളക്ടറുടെ ചേംബര്‍ കൈയേറിയെന്ന ആരോപണവും ഉയര്‍ന്നു. സംഭവത്തില്‍ പുണെ അസി. കളക്ടറായിരുന്ന പൂജയെ വാഷിമിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കാറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ പോലീസും അന്വേഷണം ആരംഭിച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരം അസി. കളക്ടര്‍ക്ക് ഏകദേശം 21,000 രൂപ വരെ പിഴ ലഭിച്ചേക്കുമെന്നാണ് സൂചന.
Also Read
അതിനിടെ, പൂജയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇവര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കാഴ്ചപരിമിതിയുണ്ടെന്നും മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും അവകാശപ്പെട്ടാണ് പൂജ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. എന്നാല്‍, പരീക്ഷാഫലം പുറത്തുവന്നശേഷം വൈദ്യപരിശോധനയ്ക്ക് ഹാജരാകാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പൂജ തയ്യാറായില്ല. 2022 ഏപ്രിലില്‍ കോവിഡ് ബാധിച്ചെന്ന് പറഞ്ഞ് പരിശോധനയില്‍നിന്ന് ഒഴിവായ ഇവര്‍, പിന്നീട് പലതവണ വിളിച്ചിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കി ഇവര്‍ ജോലിയില്‍ പ്രവേശിക്കുകയുംചെയ്തു. ഇതിനിടെ യു.പി.എസ്.സി. ചോദ്യംചെയ്‌തെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പൂജ സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഒ.ബി.സി. വിഭാഗമാണെന്ന് അവകാശപ്പെട്ടാണ് പൂജ പരീക്ഷയ്ക്ക് ഹാജരായിരുന്നത്. പക്ഷേ, ഇതിനായി യുവതി ഹാജരാക്കിയ ജാതി സര്‍ട്ടിഫിക്കറ്റ് ക്രമക്കേടിലൂടെ കൈക്കലാക്കിയതാണെന്നും ആരോപണമുണ്ട്.
കോടികളുടെ സ്വത്ത്...
വിവാദനായികയായി മാറിയ പൂജ ഖേദ്കറിന്റെ പേരില്‍ 110 ഏക്കര്‍ കൃഷിഭൂമിയുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഖേദ്കറാണ് പൂജയുടെ പിതാവ്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വഞ്ചിത് ബഹുജന്‍ അഘാടി സ്ഥാനാര്‍ഥിയായും ഇദ്ദേഹം മത്സരിച്ചിരുന്നു.
വിവിധയിടങ്ങളിലായി പൂജയ്ക്ക് ഏഴ് ഫ്‌ളാറ്റുകളും ആറ് പുരയിടങ്ങളും ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 900 ഗ്രാം സ്വര്‍ണവും വജ്രാഭരണങ്ങളും കൈവശമുണ്ട്. ഇതിനൊപ്പം 17 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ വാച്ചുമുണ്ട്.
നാല് ആഡംബര കാറുകളാണ് പൂജയ്ക്കുള്ളത്. രണ്ട് സ്വകാര്യകമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നും ഏകദേശം 17 കോടി രൂപയുടെ സ്വത്താണ് പൂജയുടെ പേരിലുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പൂജ...
വിവാദം കത്തിപ്പടരുന്നതിനിടെ പൂജ ഖേദ്കര്‍ വ്യാഴാഴ്ച ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു. വാഷിമിലെ പുതിയ പദവി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും മറ്റു ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാര്‍ ചട്ടപ്രകാരം ഇക്കാര്യങ്ങളില്‍ സംസാരിക്കാന്‍ തനിക്ക് അനുവാദമില്ലെന്നും അതിനാല്‍ ഒന്നും പറയാനാകില്ലെന്നും പൂജ മാധ്യമങ്ങളോട് വ്യക്തമാക്കി.
Content Highlights: puja khedkar assets report and police inquiry about beacon light car
Published: 11 Jul 2024, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented