
മുംബൈ: സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും കളക്ടറുടെ ചേംബര്‍ കൈയേറിയതിനും നടപടി നേരിട്ട ഐ.എ.എസ്. ഉദ്യോഗസ്ഥക്കെതിരേ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണവും. പുണെ അസി. കളക്ടറായിരുന്ന ഡോ. പൂജ ഖേദ്കറിനെതിരേയാണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്. സര്‍വീസില്‍ പ്രവേശിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണ് യുവതി സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്.
2022 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കര്‍. കഴിഞ്ഞ ദിവസമാണ് ഇവരെ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റിയത്. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. ഒ.ബി.സി. വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐ.എ.എസ്. സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.
Also Read
ഭിന്നശേഷിക്കാരിയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാനായിരുന്നു പൂജ ഖേദ്കറിന് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, കോവിഡ് ബാധിച്ചെന്ന് പറഞ്ഞ് ഇവര്‍ ഹാജരായില്ല. 2022 ഏപ്രിലിലായിരുന്നു ഈ സംഭവം. ഇതിനുശേഷം അഞ്ചു തവണ കൂടി പരിശോധനയ്ക്ക് ഹാജരാകാന്‍ പൂജയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വ്യാജ മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് യുവതി ഹാജരാക്കിയെന്നാണ് വിവരം. ഇതിനുശേഷമാണ് സര്‍വീസില്‍ പ്രവേശിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്ന് യു.പി.എസ്.സി. അറിയിച്ചിരുന്നു. ഇതിനിടെ, രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് യുവതി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് കൈക്കലാക്കിയെന്നാണ് ആരോപണം.
ഒ.ബി.സി. വിഭാഗത്തില്‍ പരീക്ഷയെഴുതിയ പൂജ ഇതിലും ക്രമക്കേട് നടത്തിയതായാണ് വിവരം. ഈ വിഭാഗത്തില്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിതാവിന്റെ വാര്‍ഷികവരുമാന പരിധി എട്ടുലക്ഷം രൂപയാണ്. എന്നാല്‍, പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വാര്‍ഷികവരുമാനമായി നേരത്തെ കാണിച്ചിരുന്നത് 49 ലക്ഷം രൂപയാണെന്നും ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി നൂറുകോടി രൂപയ്ക്ക് മുകളിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
സര്‍വീസില്‍ കയറിയതിന് പിന്നാലെ വിവാദം
പ്രൊബേഷന്‍ കാലയളവില്‍ പുണെയില്‍ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു പൂജയുടെ നിയമനം. എന്നാല്‍, സര്‍വീസില്‍ പ്രവേശിച്ചതിന് പിന്നാലെ യുവ ഉദ്യോഗസ്ഥയെതേടി വിവാദങ്ങളുമെത്തി. ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതും കളക്ടറുടെ ചേംബര്‍ കൈയേറിയതുമെല്ലാം ഇതില്‍ ചിലതായിരുന്നു. സ്വകാര്യവ്യക്തിയുടെ ആഡംബര കാറാണ് പൂജ ഉപയോഗിച്ചിരുന്നത്. ഈ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റും മഹാരാഷ്ട്ര സര്‍ക്കാരിന്റെ വി.ഐ.പി. നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചിരുന്നു. സംഭവം വിവാദമായതോടെ പുണെ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ഇതിനുപിന്നാലെയാണ് പൂജയെ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റിയത്.
അതിനിടെ, പൂജയുടെ പുണെയിലെ നിയമനത്തെച്ചൊല്ലിയും പുതിയ വിവാദമുയര്‍ന്നിട്ടുണ്ട്. സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ഒരിക്കലും ആദ്യം പോസ്റ്റിങ് നല്‍കില്ലെന്നിരിക്കെ പൂജ ഖേദ്കറിനെ പുണെയില്‍ നിയമച്ചതിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഈ നിയമനത്തിലും പിന്നിലും രാഷ്ട്രീയസ്വാധീനമാണെന്നാണ് പ്രധാന ആരോപണം.
Content Highlights: puja khedkar controversy allegation about her certificates
Published: 10 Jul 2024, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented