തിരുവനന്തപുരം: മധുരയ്ക്കടുത്ത് ജലക്ഷാമമുള്ള ഗ്രാമത്തിൽ കുട്ടിക്കാലത്ത് വെള്ളത്തിനായി കഷ്ടപ്പെട്ട അനുഭവങ്ങളാണ് എം.ജി. രാജമാണിക്യത്തെ ജലവിഭവ ഗവേഷണത്തിലേക്കു നയിച്ചത്. പിന്നീട് എറണാകുളം ജില്ലാ കളക്ടറായിരിക്കേ കുടിവെള്ളവുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിൽ കണ്ടെത്തിയ പുതിയ കണ്ടെത്തൽ ആ താത്പര്യത്തിനു ദിശ നൽകി.
പത്തുവർഷം നീണ്ട ഗവേഷണത്തിനൊടുവിൽ കേരളത്തിന് സമഗ്ര ജലനയം നിർദേശിക്കുന്ന പ്രബന്ധത്തിന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽനിന്ന്, നിലവിൽ വൈദ്യുതി ബോർഡ് ചെയർമാനായ രാജമാണിക്യത്തിന് ഡോക്ടറേറ്റ് ലഭിച്ചു.
മധുരയ്ക്കടുത്തുള്ള കടുത്ത ജലക്ഷാമ പ്രദേശമായ തിരുവാതവൂരിൽ ജനിച്ച രാജമാണിക്യത്തിന് വെള്ളത്തിന്റെ വില ബാല്യത്തിൽത്തന്നെ മനസ്സിലായിരുന്നു. ദിവസവും രാത്രി എട്ടുമണിക്ക് വീട്ടിലെ ഒരംഗം കുടവുമായി പൈപ്പിൻചുവട്ടിലെത്തും. ഒരു കുടം വെള്ളത്തിനപ്പുറം എടുക്കാനാവില്ല. എടുത്താൽ മറ്റേതെങ്കിലും വീട്ടുകാർക്കു കിട്ടാതെ വരും. ഇങ്ങനെ കിട്ടുന്ന വെള്ളം കൊണ്ടുവേണം വീട്ടിലെ ആവശ്യങ്ങളെല്ലാം നടത്താൻ. കിട്ടുന്നത് ശുദ്ധജലവുമായിരുന്നില്ല.
2014-ൽ എറണാകുളം ജില്ലാ കളക്ടറായിരിക്കേ നടപ്പാക്കിയ ‘എന്റെ കുളം എറണാകുളം’ പദ്ധതിയാണ് ഗവേഷണത്തിനു വഴിത്തിരിവായത്. കീഴ്മാട് പഞ്ചായത്തിലെ ജലസ്രോതസ്സുകൾ പരിശോധിക്കുന്നതിനിടെ അവിടത്തെ ജനങ്ങളിൽ തൈറോയ്ഡ് രോഗബാധ കൂടുതലാണെന്നു ശ്രദ്ധയിൽപ്പെട്ടു.
സാധാരണ ജലഗുണനിലവാര പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് കുസാറ്റിലെ വിദഗ്ധസംഘം നടത്തിയ വിശദമായ പരിശോധനയിലാണ് വെള്ളത്തിൽ അമോണിയം പെർക്ലോറേറ്റ് സാന്നിധ്യം കണ്ടെത്തിയത്.
പരിശോധനാ സംഘത്തിലുണ്ടായിരുന്ന കുസാറ്റിലെ മറൈൻ സയൻസ് ആൻഡ് കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗം തലവനായിരുന്ന ഡോ. ചന്ദ്രമോഹനകുമാറാണ് ജലവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണം നടത്താൻ രാജമാണിക്യത്തോടു നിർദേശിച്ചത്.
തുടർന്ന് കുസാറ്റിൽ പിഎച്ച്.ഡി.ക്ക് രജിസ്റ്റർ ചെയ്തു. ഡോ. ചന്ദ്രമോഹനകുമാർ ഗൈഡും അസിസ്റ്റന്റ് പ്രൊഫസർ സി.എസ്. രതീഷ് കുമാർ കോ-ഗൈഡുമായി.
ആദ്യഘട്ടത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരമായിരുന്നു ഗവേഷണ വിഷയം. പിന്നീട് അത് ജലനയത്തിലേക്കും ജലവിഭവ മാനേജ്മെന്റിലേക്കും വ്യാപിപ്പിച്ചു. ഇതിനായി 2018-ൽ ലണ്ടനിലെ കിങ്‌സ് കോളേജിൽനിന്നു ജലനയവുമായി ബന്ധപ്പെട്ട ബിരുദാനന്തര പഠനം പൂർത്തിയാക്കി. തുടർന്ന് അമേരിക്കയിലെ കോർണൽ സർവകലാശാലയിൽനിന്ന് ഹംഫ്രി ഫെലോഷിപ്പ് നേടി ഒരുവർഷം ജലവിഭവ മാനേജ്മെന്റിൽ പഠനം നടത്തി.
അമേരിക്കയിലേക്ക് അദ്ദേഹത്തിനൊപ്പംപോയ ഭാര്യയും ഇപ്പോഴത്തെ പോലീസ് ഇൻറലിജൻസ് ഐ.ജി.യുമായ ആർ. നിശാന്തിനി, അവിടെനിന്ന് ഇന്റർനാഷണൽ ചൈൽഡ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി.
2012-13-ൽ ജലനിധി പദ്ധതിയുടെ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന രാജമാണിക്യം ഇപ്പോൾ ഊർജം, പരിസ്ഥിതി, ദേവസ്വം, പാർലമെന്ററി എന്നീ വകുപ്പുകളുടെ സെക്രട്ടറികൂടിയാണ്.
Content Highlights: KSEB Chairman and IAS officer M.G. Rajamanickam has been awarded a PhD from CUSAT for his 10-year research recommending a comprehensive water policy for Kerala, inspired by his childhood water scarcity experiences and insights gained as Ernakulam District Collector.
Published: 21 Jul 2026, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented