തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗതവകുപ്പ് സെക്രട്ടറിയാക്കി.

To advertise here,

ഏകദേശം അൻപതോളം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റംവരുത്തിയാണ് തിങ്കളാഴ്ച സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഒരുവർഷത്തേക്ക് രണ്ട് താത്കാലിക തസ്തികകളും സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സെക്രട്ടറി റാങ്കിന് തുല്യമായ ലാൻഡ് റവന്യൂ കമ്മീഷണർ, അഡീഷണൽ സെക്രട്ടറി റാങ്കിന് തുല്യമായ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. പുതുതായി സൃഷ്ടിച്ച തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്തേക്ക് ദിവ്യ എസ്. അയ്യരെ നിയമിച്ചു.

സ്ഥലംമാറ്റങ്ങളും പുതിയ നിയമനങ്ങളും ഇങ്ങനെ...

അഡീഷണൽ ചീഫ് സെക്രട്ടറിമാർ:

*ബിശ്വനാഥ് സിൻഹ: ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഇദ്ദേഹത്തിന് കയർ വികസനം, ഹൗസിങ് എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി നൽകി. ജലവിഭവ വകുപ്പിന്റെ അധിക ചുമതലയിൽ അദ്ദേഹം തുടരും. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കി

*കെ.ആർ. ജ്യോതിലാൽ: ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഇദ്ദേഹത്തിന് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പ്, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ ചുമതലകൾ കൂടി നൽകി. ടാക്‌സ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, പബ്ലിക് പ്രൊക്യുർമെന്റ് അഡൈ്വസറി എന്നീ ചുമതലകളിൽ അദ്ദേഹം തുടരും

*ഡോ. രാജൻ എൻ. ഖോബ്രഗഡെ: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഇദ്ദേഹത്തെ സാംസ്‌കാരികം (പുരാവസ്തു, മ്യൂസിയം), ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആയുഷ് (AYUSH) വകുപ്പിന്റെ അധിക ചുമതലയിൽ അദ്ദേഹം തുടരും

*മിൻഹാജ് ആലം: കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്നും കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. സ്‌പോർട്‌സ്, യുവജനക്ഷേമം, മ്യൂസിയം, പുരാവസ്തു തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. വനം-വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി

പ്രിൻസിപ്പൽ സെക്രട്ടറിമാർ:

*ഡോ. രാജു നാരായണസ്വാമി: പാർലമെന്ററി കാര്യ വകുപ്പിൽ നിന്നും സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു

*ഡോ. ഷർമിള മേരി ജോസഫ്: വനിതാ ശിശുവികസന വകുപ്പിൽ നിന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും ഉണ്ടാകും.

*ടിങ്കു ബിസ്വാൾ: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഇദ്ദേഹത്തെ കൃഷി വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. ഐ.എം.ജി (IMG) ഡയറക്ടർ ജനറൽ ചുമതലയിൽ ഇവർ തുടരും

*ഡോ. ബി. അശോക്: സർവീസിൽ തിരിച്ചെടുത്ത ഇദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു

സെക്രട്ടറിമാർ:

*ഡോ. രത്തൻ യു. ഖേൽക്കർ: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഇദ്ദേഹത്തിന് കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (PRD), മുതിർന്ന പൗരന്മാരുടെ ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി നൽകി

*ബിജു കെ: പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സ്‌കിൽ ഡെവലപ്‌മെന്റ്, കശുവണ്ടി വികസനം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി വഹിക്കും. ജി.എ.ഡി (GAD), ടൂറിസം വകുപ്പുകളുടെ അധിക ചുമതലയിൽ തുടരും

*ടി.വി. അനുപമ: തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും ഗതാഗത വകുപ്പ് സെക്രട്ടറിയായി മാറ്റി. എയർപോർട്ട്‌സ്, മെട്രോ റെയിൽ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതലയും പട്ടികജാതി-പട്ടികവർഗ്ഗ വികസനം, പിന്നാക്ക വിഭാഗ വികസനം എന്നീ വകുപ്പുകളുടെ നിലവിലുള്ള ചുമതലയും ഇവർ വഹിക്കും

സ്‌പെഷ്യൽ സെക്രട്ടറിമാർ:

*എൻ. പ്രശാന്ത്: സർവീസിൽ തിരിച്ചെടുത്ത ഇദ്ദേഹത്തെ സ്‌പോർട്‌സ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. യുവജനക്ഷേമം, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും നൽകി

*ജീവൽ ബാബു കെ: ലാൻഡ് റവന്യൂ കമ്മീഷണർ സ്ഥാനത്തുനിന്നും റവന്യൂ-ദുരന്തനിവാരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു

*സുഹാസ് എസ്: ആർ.ബി.ഡി.സി.കെ (RBDCK) എം.ഡി, വയനാട് ടൗൺഷിപ്പ് സ്‌പെഷ്യൽ ഓഫീസർ സ്ഥാനങ്ങളിൽ നിന്നും ജലവിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. മറ്റ് അധിക ചുമതലകളിൽ അദ്ദേഹം തുടരും

*ഡോ. അദീല അബ്ദുള്ള: സാമൂഹ്യനീതി വകുപ്പിൽ നിന്നും പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു

*ഷാനവാസ് എസ്: തൊഴിൽ വകുപ്പിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ആർ.ബി.ഡി.സി.കെ എം.ഡി, ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രോജക്ട് (CRDP) സ്‌പെഷ്യൽ ഓഫീസർ, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ചെയർപേഴ്‌സൺ എന്നീ അധിക ചുമതലകളും ഇദ്ദേഹത്തിനുണ്ടാകും

*അബ്ദുൾ നാസർ ബി: ഫിഷറീസ് സ്‌പെഷ്യൽ സെക്രട്ടറിയായ ഇദ്ദേഹത്തിന് ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പുകളുടെ അധിക ചുമതല കൂടി നൽകി

*ഡോ. ഡി. സജിത് ബാബു: സഹകരണ സംഘം രജിസ്ട്രാർ സ്ഥാനത്തുനിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ സ്ഥാനത്തുനിന്നും ഒഴിവാക്കി

*ടി.വി. സുഭാഷ്: പി.ആർ.ഡിയിൽ നിന്നും കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. കാർഡ് ബാങ്ക് (CARD Bank) എം.ഡി സ്ഥാനത്തുനിന്നും ഒഴിവാക്കി

*അഞ്ജന എം: ടൂറിസം ഡയറക്ടറായ ഇവർക്ക് സാംസ്‌കാരികം, നോർക്ക (NORKA), ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറി ചുമതല കൂടി നൽകി

*ഷീബ ജോർജ്: ആരോഗ്യ വകുപ്പിൽ നിന്നും വനിതാ ശിശുവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽ, ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ അധിക ചുമതലയും ഇവർക്കുണ്ടാകും

മറ്റ് പ്രധാന നിയമനങ്ങൾ:

*എം.ജി. രാജമാണിക്കം: റവന്യൂ വകുപ്പിൽ നിന്നും കെ.എസ്.ഇ.ബി (KSEB) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പുകളുടെ സെക്രട്ടറി ചുമതലയും ദേവസ്വം വകുപ്പിന്റെ നിലവിലുള്ള ചുമതലയും ഇദ്ദേഹം വഹിക്കും

*പുനീത് കുമാർ: ഡൽഹിയിലെ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറായി തുടരുന്ന ഇദ്ദേഹത്തെ മറ്റ് അധിക ചുമതലകളിൽ നിന്നും ഒഴിവാക്കി

*സീറാം സാംബശിവ റാവു: എക്‌സൈസ് കമ്മീഷണർ സ്ഥാനത്ത് തുടരുന്ന ഇദ്ദേഹത്തെ പരിസ്ഥിതി, സർവ്വേ വകുപ്പുകളിൽ നിന്നും ഒഴിവാക്കി. ഐ.ടി വകുപ്പിന്റെ അധിക ചുമതലയിൽ തുടരും

*ഗോപാലകൃഷ്ണൻ കെ: വൈറ്റില മൊബിലിറ്റി ഹബ്ബ് എം.ഡി സ്ഥാനത്തുനിന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറായി നിയമിച്ചു. അനെർട്ട് (ANERT) ഡയറക്ടർ, കാർഡ് ബാങ്ക് എം.ഡി എന്നീ ചുമതലകളും നൽകി

*എച്ച്. ദിനേശൻ: കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും പുതുതായി സൃഷ്ടിച്ച ലാൻഡ് റവന്യൂ കമ്മീഷണർ സ്ഥാനത്തേക്ക് നിയമിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷണർ ചുമതലയും ഇദ്ദേഹത്തിനുണ്ടാകും

*ദിവ്യ എസ്. അയ്യർ: കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടർ സ്ഥാനത്തുനിന്നും പുതുതായി സൃഷ്ടിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തസ്തികയിലേക്ക് നിയമിച്ചു. പ്രോജക്ട് ഡയറക്ടർ (KSWMP), നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ചുമതലകളിൽ തുടരും

*അഫ്‌സാന പർവീൺ: ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്തുനിന്നും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും ഇവർക്കുണ്ടാകും

*ജെറോമിക് ജോർജ്: തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്തുനിന്നും ധനകാര്യ (എക്‌സ്‌പെൻഡിച്ചർ) വകുപ്പ് അഡീഷണൽ സെക്രട്ടറിയായും ഒ.എസ്.ഡി ആയും നിയമിച്ചു. വിഴിഞ്ഞം പോർട്ട് എം.ഡി, മാരിടൈം ബോർഡ് സി.ഇ.ഓ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ടാകും

*വിഗ്‌നേശ്വരി വി: വനിതാ ശിശുവികസന ഡയറക്ടറായ ഇവർക്ക് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി

*ഡോ. രേണു രാജ്: പഠനാവധി കഴിഞ്ഞെത്തിയ ഇവരെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കെ.എം.എസ്.സി.എൽ (KMSCL), കെ.എച്ച്.ആർ.ഡബ്ല്യു.എസ് (KHRWS), സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ എന്നിവയുടെ ഡയറക്ടർ ചുമതലകളും ഇവർക്കുണ്ടാകും

*ഷിബു എ: പൊതുമരാമത്ത് വകുപ്പിൽനിന്നും റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു

*ദേവിദാസ് എൻ: കില (KILA) ഡയറക്ടറായ ഇദ്ദേഹത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി

*വിനോദ് വി.ആർ: ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ സ്ഥാനത്തുനിന്നും പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു

*ആസിഫ് കെ. യൂസഫ്: പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും നോർക്ക (NORKA) ഡയറക്ടറായി നിയമിച്ചു. നോർക്ക റൂട്ട്‌സ് സി.ഇ.ഒ ചുമതലയും നിലവിലുള്ള മറ്റ് ചുമതലകളും വഹിക്കും

*സ്‌നേഹിൽ കുമാർ സിംഗ്: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിച്ചു. എഡ്യൂക്കേഷൻ റീജുവനേഷൻ മിഷൻ സി.ഇ.ഒ ചുമതലയും വഹിക്കും

*പ്രേം കൃഷ്ണൻ എസ്: ആരോഗ്യ വകുപ്പിൽ നിന്നും സഹകരണ സംഘം രജിസ്ട്രാറായി നിയമിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ചുമതലയും നൽകി

*ശ്രീധന്യ സുരേഷ്: ടൂറിസം അഡീഷണൽ ഡയറക്ടർ സ്ഥാനത്തുനിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി നിയമിച്ചു. ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ), സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ചുമതലകളിൽ തുടരും

*രാഹുൽ കൃഷ്ണ ശർമ്മ: ആരോഗ്യ വകുപ്പിൽ നിന്നും ജി.എസ്.ടി സ്‌പെഷ്യൽ കമ്മീഷണറായി നിയമിച്ചു

*മുഹമ്മദ് ഷഫീഖ്: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും ജി.എസ്.ടി അഡീഷണൽ കമ്മീഷണറായി നിയമിച്ചു. നിലവിലെ സ്ഥാനത്തും ഇദ്ദേഹം തുടരും

*സഫ്‌ന നസറുദ്ദീൻ: ലേബർ കമ്മീഷണറായ ഇവർക്ക് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല കൂടി നൽകി

*അനു എസ്. നായർ: റവന്യൂ വകുപ്പിൽ നിന്നും നാഷണൽ ഹെൽത്ത് മിഷൻ (NHM) ഡയറക്ടറായി നിയമിച്ചു. ആയുഷ് മിഷൻ, ഇ-ഹെൽത്ത്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തുടങ്ങിയവയുടെ ചുമതലയും ഉണ്ടാകും

*ഡോ. അരുൺ ജെ.ഒ: സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറായി നിയമിച്ചു. വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ, വാട്ടർ ട്രാൻസ്‌പോർട്ട് ഡയറക്ടർ ചുമതലകളും വഹിക്കും

*സാബിൻ സമീദ്: ലാൻഡ് ബോർഡ് സെക്രട്ടറിയായ ഇദ്ദേഹത്തിന് പി.ആർ.ഡി (PRD) ഡയറക്ടർ, ഐ.എൽ.ഡി.എം (ILDM) ഡയറക്ടർ എന്നീ അധിക ചുമതലകൾ കൂടി നൽകി

*മിസൽ സാഗർ ഭരത്: എസ്.സി/എസ്.ടി വകുപ്പിൽ നിന്നും കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (KSTP) ഡയറക്ടറായി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ബ് എം.ഡി, കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി ചുമതലകളും ഇദ്ദേഹത്തിനുണ്ടാകും

*ഹർഷിൽ ആർ. മീന: അനെർട്ട് സി.ഇ.ഒ സ്ഥാനത്തുനിന്നും കെ.ടി.ഡി.സി (KTDC) എം.ഡി ആയി നിയമിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ ചുമതലയും ഉണ്ടാകും.

*രഞ്ജിത്ത് ഡി: തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായ ഇദ്ദേഹത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി