വിളവൂർക്കൽ: വിവാഹവാർഷിക ദിനത്തിൽ ഒരുവയസ്സുള്ള സ്വന്തം കുഞ്ഞിനെ അമ്മ കഴുത്തറത്തു കൊന്നു. വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്ത് നീതു എന്ന ക്രിസ്റ്റി(29)യാണ് ഒരുവയസ്സും ഒരുമാസവും പൂർത്തിയായ മകൾ ഇവാനയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉറങ്ങിക്കിടക്കവേ കഴുത്തറത്ത് കൊന്നത്.

To advertise here,

ഭർതൃവീട്ടിൽ ഒറ്റപ്പെടൽ നേരിടുന്നതിനാലാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ പോലീസിനോടു പറഞ്ഞത്. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊന്നശേഷം താനും മരിക്കാൻ തീരുമാനിച്ചിരുന്നതായി ക്രിസ്റ്റി പോലീസിനോടു പറഞ്ഞു. താൻ മരിച്ചാൽ കുഞ്ഞ് ഒറ്റപ്പെടുമെന്നതിനാലാണ് കുഞ്ഞിനെ കൊന്ന് ആത്മഹത്യചെയ്യാൻ തീരുമാനിച്ചതെന്ന് അവർ പോലീസിനോടു പറഞ്ഞു. വീട്ടുകാർ തന്നെ സംശയത്തോടെയാണ് കണ്ടിരുന്നത്. കുന്നുകുഴിയിലെ തന്റെ വീട്ടിലേക്ക്‌ അയക്കാറില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ള ആഹാരം പാകംചെയ്യുന്നതിനുപോലും അനുവാദമുണ്ടായിരുന്നില്ലെന്നും ക്രിസ്റ്റി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനുശേഷം മുറിയിൽക്കയറി വാതിലടച്ച് കുഞ്ഞിനെ ഉറക്കിയതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ അമ്മയുടെ ക്രൂരകൃത്യം. ക്രിസ്റ്റിയുടെ ഭർത്താവ് ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ അഭിജിത് ജോലിക്കു പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച ഇവരുടെ നാലാം വിവാഹവാർഷിക ദിവസമായിരുന്നു. വീട്ടിൽ ദമ്പതിമാരെ കൂടാതെ അഭിജിത്തിന്റെ അച്ഛൻ കുഞ്ഞുമോനും അമ്മ ഗേളിയും ഇവരുടെ അമ്മ നേശമ്മയും നേശമ്മയുടെ അനുജത്തി ജസീലയും താമസിക്കുന്നുണ്ട്. സംഭവസമയം ജസീലയും ക്രിസ്റ്റിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വൈകീട്ട് മൂന്നരമണിയായിട്ടും കുഞ്ഞിനെ പുറത്ത് കാണാത്തതിനാൽ ജസീല കതകിൽ തട്ടി പലവട്ടം വിളിച്ചപ്പോഴാണ് കതക് തുറന്നത്. ഈസമയം അനക്കമില്ലാതെ കുഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു. താൻ കുഞ്ഞിനെ കൊന്നതായി ക്രിസ്റ്റി വെളിപ്പെടുത്തുകയും ചെയ്തു. ഉടൻ കുഞ്ഞിനെയുമെടുത്ത് ജസീല സമീപത്തുള്ള വിളവൂർക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് അവിടെനിന്ന്‌ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കഴുത്ത് പാതി അറത്ത നിലയിലായിരുന്നു.

രക്തം വാർന്നൊഴുകി കുഞ്ഞ് മണിക്കൂറുകൾക്കു മുൻപുതന്നെ മരിച്ചതായാണ് ഡോക്ടർമാർ പറഞ്ഞത്. അധികം നീളമില്ലാത്ത കത്തി മുറിയിൽനിന്ന്‌ പോലീസ് കണ്ടെടുത്തു. സി.ഐ. ഉമേഷിന്റെ നേതൃത്വത്തിൽ പോലീസ് വീട് സീൽചെയ്തു. ക്രിസ്റ്റി പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്.