മുംബൈ: പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റിയ അസി.കളക്ടര്‍ പൂജ ഖേദ്കര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്‍പേ പ്രത്യേക സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. പുണെയില്‍ അസി. കളക്ടറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പാണ് പ്രത്യേക വീടും കാറും വേണമെന്ന് പൂജ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നത്. മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ പിതാവിന്റെ സ്വാധീനം ഉപയോഗിച്ചാണ് അസി. കളക്ടര്‍ ഇത്തരത്തില്‍ പല ആവശ്യങ്ങളും മുന്നോട്ടുവെച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

To advertise here,

2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ പൂജ ഖേദ്കറിനെതിരേ തുടര്‍ച്ചയായ പരാതികളും ആരോപണങ്ങളും ഉയര്‍ന്നതോടെയാണ് ഇവരെ പുണെയില്‍നിന്ന് സ്ഥലംമാറ്റി ഉത്തരവിട്ടത്. സ്വകാര്യ ആഡംബര കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നതിലും ജില്ലാ കളക്ടറുടെ ചേംബര്‍ കൈയേറിയതിനും പൂജയ്‌ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും പിന്നാലെ അസി. കളക്ടറെ സ്ഥലംമാറ്റി ഉത്തരവിടുകയുമായിരുന്നു. 

അതിനിടെ, പൂജയുടെ നിയമനത്തെച്ചൊല്ലിയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഐ.എ.എസ്. സെലക്ഷനായി ഇവര്‍ സമര്‍പ്പിച്ച ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പ്രധാന ആരോപണം. ഇതിനൊപ്പം ഭിന്നശേഷിക്കാരിയെന്ന് അവകാശപ്പെട്ടാണ് പൂജ യു.പി.എസ്.സി. പരീക്ഷയ്ക്ക് ഹാജരായത്. എന്നാല്‍, സെലക്ഷന്‍ ലഭിച്ചതിന് ശേഷം ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും പൂജ ഹാജരാക്കിയിരുന്നില്ല. 

കാഴ്ചപരിമിതിയുണ്ടെന്നും മാനസികവെല്ലുവിളിയുണ്ടെന്നുമാണ് പൂജ അവകാശപ്പെട്ടിരുന്നത്. പക്ഷേ, ഐ.എ.എസ്. സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഭിന്നശേഷിക്കാരിയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാനായിരുന്നു പൂജ ഖേദ്കറിന് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, കോവിഡ് ബാധിച്ചെന്ന് പറഞ്ഞ് ഇവര്‍ ഹാജരായില്ല. 2022 ഏപ്രിലിലായിരുന്നു ഈ സംഭവം. ഇതിനുശേഷം അഞ്ചു തവണ കൂടി പരിശോധനയ്ക്ക് ഹാജരാകാന്‍ പൂജയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വ്യാജ മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് യുവതി ഹാജരാക്കിയെന്നാണ് വിവരം. ഇതിനുശേഷമാണ് സര്‍വീസില്‍ പ്രവേശിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്ന് യു.പി.എസ്.സി. അറിയിച്ചിരുന്നു. ഇതിനിടെ, രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് യുവതി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് കൈക്കലാക്കിയെന്നാണ് ആരോപണം. 

ഒ.ബി.സി. വിഭാഗത്തില്‍ പരീക്ഷയെഴുതിയ പൂജ ഇതിലും ക്രമക്കേട് നടത്തിയതായാണ് വിവരം. ഈ വിഭാഗത്തില്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിതാവിന്റെ വാര്‍ഷികവരുമാന പരിധി എട്ടുലക്ഷം രൂപയാണ്. എന്നാല്‍, പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വാര്‍ഷികവരുമാനമായി നേരത്തെ കാണിച്ചിരുന്നത് 49 ലക്ഷം രൂപയാണെന്നും ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി നൂറുകോടി രൂപയ്ക്ക് മുകളിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.  അതിനിടെ, പൂജയുടെ പുണെയിലെ നിയമനത്തെച്ചൊല്ലിയും പുതിയ വിവാദമുയര്‍ന്നിട്ടുണ്ട്. സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ഒരിക്കലും ആദ്യം പോസ്റ്റിങ് നല്‍കില്ലെന്നിരിക്കെ പൂജ ഖേദ്കറിനെ പുണെയില്‍ നിയമച്ചതിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഈ നിയമനത്തിലും പിന്നിലും രാഷ്ട്രീയസ്വാധീനമാണെന്നാണ് പ്രധാന ആരോപണം.