പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പോലീസ്‌ പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി മേഖലയില്‍നിന്നാണ്‌ പിടികൂടിയത്‌. പ്രതി പിടിയിലായതറിഞ്ഞ് നെന്മാറ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വലിയ ജനക്കൂട്ടവും തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിലായിരുന്നു ജനക്കൂട്ടം. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിവീശേണ്ടിയും വന്നു. തങ്ങള്‍ക്ക് നേരേ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു. 

To advertise here,

ചെന്താമരയ്ക്ക് വേണ്ടി ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയിരുന്നത്. ഒടുവില്‍ രാത്രിയോടെ തിരച്ചില്‍ നിര്‍ത്തി പോകാന്‍ ശ്രമിക്കുന്നതിനിടെ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പോലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് ഇയാള്‍ അവശനിലയിലായിരുന്നു. സ്റ്റേഷനില്‍ എത്തിയയുടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന്, ഭക്ഷണമെത്തിച്ചുനല്‍കുകയും ചെയ്തു.

placeholder
നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോഴുണ്ടായ സംഘര്‍ഷം. 

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.  ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്. 

ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന് ഭയമുണ്ടായിരുന്നു. ചെന്താമര ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 29-ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കള്‍ അതുല്യയും അഖിലയും പറയുന്നു. 

ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ചെന്താമര സ്വന്തം വീട്ടിലെത്തിയതും  സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.