കണ്ണൂര്‍: വിവാദമായ മോറിസ് കോയിന്‍ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. കോയമ്പത്തൂര്‍ സിദ്ധാപുത്തൂരില്‍ താമസിക്കുന്ന കല്യാശ്ശേരി സ്വദേശി പി.കെ. രഞ്ജിത്ത് (47), കൊച്ചി ചിരട്ടപ്പാലം സരോജനി റോഡ് സ്വദേശി ജൂനിയര്‍ കെ. ജോഷി (42) എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് അന്വേഷിക്കുന്ന കണ്ണൂര്‍ അഡീഷണല്‍ എസ്.പി. പി.പി. സദാനന്ദനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ഇ.ഡി. അറസ്റ്റ്ചെയ്ത രണ്ടുപേര്‍ ഉള്‍പ്പെടെ 11 പേര്‍ കേസില്‍ പിടിയിലായി. മുഖ്യപ്രതി മലപ്പുറം സ്വദേശി നിഷാദ് ജാമ്യത്തിലിറങ്ങിയശേഷം വിദേശത്തേക്ക് കടന്നിരിക്കുകയാണ്. നിക്ഷേപകരില്‍നിന്ന് 50 കോടി രൂപയോളം പിരിച്ചെടുത്ത ജോഷിക്ക് ആ വകയില്‍ മാത്രം 9.4 കോടി രൂപ കമ്മിഷനായി കിട്ടിയിട്ടുണ്ടെന്ന് അഡീഷണല്‍ എസ്.പി. പറഞ്ഞു.

ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്ത് ഇതുവരെ 1265 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കാസര്‍കോട് മുതല്‍ മലപ്പുറംവരെയുള്ള ആയിരത്തിലധികം പേരെയാണ് തട്ടിപ്പുസംഘം പറ്റിച്ചത്. ബെംഗളൂരു ജയനഗറില്‍ നേരത്തെ ഉണ്ടായിരുന്ന എല്‍.ആര്‍. ട്രേഡിങ് ഓഫീസില്‍ മാനേജരായിരുന്നു രഞ്ജിത്ത്. ഇംഗ്ലീഷ് ഭാഷയിലും സാങ്കേതികവിദ്യയിലും പ്രാവീണ്യമുള്ള ഇയാള്‍ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി നിഷാദിനൊപ്പം ചേര്‍ന്ന് തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തിരുന്നു. നേരത്തേ സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഇയാള്‍ സ്റ്റഡി മോജോ എന്ന പേരില്‍ ഇ-ലേണിങ് ആപ്ലിക്കേഷന്‍ തയ്യാറാക്കി. അത് വാഗ്ദാനം ചെയ്താണ് എല്‍.ആര്‍. ട്രേഡിങ് കമ്പനി കോടികള്‍ പിരിച്ചെടുത്തത്. പിന്നീടാണ് മോറിസ് കോയിന്‍ വാഗ്ദാനവുമായി രംഗത്തെത്തിയത്.

അതിനിടെ എല്‍.ആര്‍. ട്രേഡിങ്, മോറിസ് കോയിന്‍ എന്നീ വെബ്സൈറ്റുകളുടെ ഡേറ്റാബേസ് കോയമ്പത്തൂരി?ലെ ഒരു കമ്പനിയില്‍നിന്ന് കണ്ടെത്തി. ഇത് പരിശോധിച്ചതില്‍ മൊത്തം 2.56 ലക്ഷം ആള്‍ക്കാര്‍ ഇതില്‍ പണം നിക്ഷേപിച്ചതായി കാണുന്നു. അതുവഴി 1826 കോടി രൂപ പിരിച്ചെടുത്തു. അതേസമയം ആദ്യകാല നിക്ഷേപകര്‍ക്ക് 1772 കോടി രൂപ വിതരണം ചെയ്തിട്ടുള്ളതായും രേഖകളില്‍ കാണുന്നു. ഇതിന്റെ വിശ്വാസ്യത പരിശോധിച്ചുവരികയാണ്. അവസാനകാലത്ത് നിക്ഷേപിച്ചവര്‍ക്ക് പണമൊന്നും കിട്ടിയില്ല.

നേരത്തേ കണ്ടുകെട്ടിയ 36 കോടി രൂപയ്ക്ക് പുറമേ പ്രതികളുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ 'ലോങ് റിച്ച് ടെക്നോളജീസ്' എന്ന പേരില്‍ ഓണ്‍ലൈന്‍ വെബ് സൈറ്റ് വഴിയാണ് ആയിരത്തിലധികം പേരില്‍നിന്നായി പണം തട്ടിയത്. രണ്ടുമുതല്‍ എട്ടുവരെ ശതമാനം ലാഭവിഹിതം ക്രിപ്റ്റോ കറന്‍സിയില്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരില്‍നിന്ന് പണം സമാഹരിച്ചത്. മണി ചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. കൂടുതല്‍ പേര്‍ പണം നിക്ഷേപിച്ചതോടെ കിട്ടിയ പണവുമായി തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. കണ്ണൂര്‍ ഡി.എച്ച്.ക്യു. എസ്.ഐ. ആല്‍ബി, സിറ്റി എസ്.ഐ. സുമേഷ് എന്നിവരും കേസന്വേഷണസംഘത്തിലുണ്ട്.