ന്യൂഡൽഹി: സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും ആയുധമാക്കുന്നത് ആഗോള വികസനത്തിനും പുരോഗതിക്കും തടസ്സമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വേദിയിൽ മോദിയ്ക്ക് ഇരുവശങ്ങളിലുമായി സന്നിഹിതരായിരുന്നു. 

To advertise here,

സുപ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും അത്യാധുനിക സാങ്കേതികവിദ്യ കൈമാറുന്നതിലെ വിമുഖതയും സംബന്ധിച്ച് ആഗോളതലത്തിൽ ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് ഇന്ത്യയുടെ അധ്യക്ഷതയിലുള്ള പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോദി വ്യക്തമാക്കി.

സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിനാണ് ഇന്ത്യ ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് സഹകരണം സർക്കാരുകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ സംരംഭകർ, കർഷകർ, ഗവേഷകർ, സ്ത്രീകൾ, യുവാക്കൾ, സാധാരണ പൗരന്മാർ എന്നിവരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സിലൂടെ വികസിപ്പിക്കുന്ന ആശയങ്ങൾ അംഗരാജ്യങ്ങൾക്ക് പുറമെ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ഉൾക്കൊള്ളുകയും അവരുടെ അനുഭവങ്ങളെ മാനിക്കുകയും ചെയ്യുന്നതിനാലാണ് ബ്രിക്സിലുള്ള അവരുടെ വിശ്വാസം വർധിച്ചതെന്ന് മോദി ചൂണ്ടിക്കാണിച്ചു. ഇന്ത്യ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തൊനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നീ 11 പ്രധാന വളർന്നുവരുന്ന വിപണികളും വികസ്വര രാജ്യങ്ങളും ഉൾപ്പെടുന്ന കൂട്ടായ്മയാണ് ബ്രിക്സ്.

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം

ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് വൈകീട്ട് സമാപനമാകും. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാപന പ്രസംഗം ഉണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്നത്തെ സെഷനുകളിൽ പങ്കെടുത്ത ശേഷം മടങ്ങി. ഉച്ചകോടിയുടെ സമാപന പ്രഖ്യാപനത്തിൽ ബ്രിക്സിലേക്ക് പുതിയതായി ഉൾപ്പെടുത്തേണ്ട രാജ്യങ്ങൾ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.