കൊച്ചി: ഓടുന്ന കാറില്‍ 19-കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പ(ഡോളി-21)യെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ഡി.ജെ. പാര്‍ട്ടി നടന്ന കൊച്ചിയിലെ ഫ്‌ളൈ ഹൈ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മോഡലും സുഹൃത്തുമായ ഡിംപിള്‍ ലാമ്പയാണ് ബാര്‍ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിക്ക് തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ 19-കാരിയുടെ മൊഴി. പിന്നീട് ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് ഡിംപിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇതേത്തുടര്‍ന്നാണ് കേസില്‍ ഡിംപിളിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാന്‍ സ്വദേശിയായ ഡിംപിള്‍ കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമാണെന്നാണ് പുറത്തുവരുന്നവിവരം. കൊച്ചിയിലെ ഫാഷന്‍ഷോകളിലും ഡിംപിള്‍ പങ്കെടുത്തിരുന്നു. ചില ഫാഷന്‍ഷോകളില്‍ ഡിംപിളിന്റെ ചിത്രം നല്‍കിയാണ് പരസ്യം ചെയ്തിരുന്നത്.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്(26) നിധിന്‍(35) സുദീപ്(34) എന്നിവര്‍ക്ക് ഡിംപിളിനെ നേരത്തെ പരിചയമുണ്ടായിരുന്നു. വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പോലീസ് നല്‍കുന്നവിവരം. അതിനാല്‍തന്നെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നതായും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ബലാത്സംഗക്കുറ്റത്തിന് പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
അതിനിടെ, ഡി.ജെ.പാര്‍ട്ടി നടന്ന കൊച്ചിയിലെ ഫ്‌ളൈ ഹൈ ഹോട്ടലിനെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം നടന്ന ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ബാര്‍ ഹോട്ടലില്‍നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹോട്ടലിന് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമോ എന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ഫ്‌ളൈ ഹൈ ഹോട്ടല്‍ നേരത്തെ എക്‌സൈസ് നടപടികളും നേരിട്ടിരുന്നു.
കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും പോലീസ് സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇവരെ വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. കൊച്ചി കേന്ദ്രീകരിച്ച് ഡിംപിള്‍ മറ്റുയുവതികളെയും ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും. അറസ്റ്റിലായ നിധിന്‍ കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
Content Highlights: kochi model gangrape case police investigation about dimple lamba and flyhigh hotel kochi
Published: 20 Nov 2022, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented