ഉദയ്പുർ: വിദേശ വനിതയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. ജസ്റ്റ്‌കെത്ത് എന്ന തായ്-ഫ്രഞ്ച് യൂട്യൂബറായ യുവതിയെയാണ് 23-കാരനായ അഫ്താബ് (ഗബ്രു) എന്ന യുവാവ് ശല്യം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. നഗരത്തിലെ ടൗൺഹാൾ ഗാർഡനിൽ എത്തുന്ന വിനോദസഞ്ചാരികളെയും മറ്റുള്ളവരെയും ഇയാൾ അശ്ലീല പാട്ടുകൾ പാടി ശല്യം ചെയ്യുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.

To advertise here,

വിദേശ വനിതാ വിനോദസഞ്ചാരിയുമായി ബന്ധപ്പെട്ട സംഭവമായതിനാലും സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്തും കേസ് അതീവ പ്രാധാന്യത്തോടെ പരിഗണിച്ചെന്ന് ഉദയ്പുർ പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. പോലീസ് സ്വമേധയാ കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിനായി സംഭവസ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിരുന്ന 150-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഉദയ്പുർ സ്വദേശിയാണ് അറസ്റ്റിലായ അഫ്താബ്.

നവംബർ 16-നാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തുടക്കമായത്. ടൗൺഹാൾ ഗാർഡനിൽ എത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ഒരാൾ പതിവായി അശ്ലീല പാട്ടുകൾ പാടി ശല്യം ചെയ്യുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിലെ കോൺസ്റ്റബിൾ ഹിതേന്ദ്ര സിങ്ങിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് തായ്-ഫ്രഞ്ച് യൂട്യൂബർ ജസ്റ്റ്‌കെത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നത്. ദൃശ്യത്തിലെ യുവാവാണ് വിനോദസഞ്ചാരികളെ ശല്യം ചെയ്തിരുന്നതെന്ന് ഇതോടെ പോലീസ് കണ്ടെത്തി.

ജസ്റ്റ്‌കെത്ത് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെയാണ് ഇവർക്കെതിരെ യുവാവിന്റെ അതിക്രമമുണ്ടായത്. തിരക്കേറിയ പൊതുസ്ഥലത്ത് വെച്ച് ഇയാൾ യുവതിയോട് ചുംബനം ആവശ്യപ്പെടുകയായിരുന്നു. 'ഒരു ചുംബനം തരൂ, ചുണ്ടിൽ ഒരു ചുംബനം തരൂ' എന്ന് ഇയാൾ യുവതിയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. യുവതി പലതവണ വിസമ്മതിച്ചിട്ടും ഇയാൾ ആവശ്യം ആവർത്തിച്ചു. പിന്നീട് ഒരു ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചപ്പോൾ യുവതി സമ്മതിച്ചു. മടങ്ങിപ്പോകുന്നതിനിടെ യുവാവ് ഹസ്തദാനത്തിനായി കൈനീട്ടിയപ്പോൾ യുവതി മുഷ്ടി ചുരുട്ടി ‘ഫിസ്റ്റ് ബംപ്’ ആണ് നൽകിയത്. 

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ജസ്റ്റ്‌കെത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 60 ലക്ഷത്തിലേറെ പേരാണ് കണ്ടത്. സ്ത്രീകളുടെ സുരക്ഷ, ഒരാളുടെ സമ്മതം, വ്യക്തിപരമായ അതിരുകൾ എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്കും ദൃശ്യങ്ങൾ വഴിവെച്ചു. 'കുറഞ്ഞപക്ഷം അയാൾ ചോദിക്കുകയെങ്കിലും ചെയ്തു' എന്ന കുറിപ്പോടെയാണ് ജസ്റ്റ്‌കെത്ത് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.