ചെന്നൈ: 12 വയസ്സുകാരി ഉള്ളിൽ ഉറങ്ങി കിടക്കവെ കാർ മോഷ്ടിക്കപ്പെട്ടു. ചെന്നൈക്ക് സമീപമുള്ള ഗുഡുവഞ്ചേരിയിലാണ് സംഭവം. പെൺകുട്ടിയെ 230 കിലോമീറ്റർ അകലെയുള്ള സിർകാഴിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വല്ലഞ്ചേരിയിലെ ഒരു റെസ്റ്റോറന്റിന് സമീപം കാർ നിർത്തിയിട്ടശേഷം, മകളെ പിൻസീറ്റിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ കാറും കുട്ടിയും അവിടെയുണ്ടായിരുന്നില്ല.
പരാതി ലഭിച്ചതിന് പിന്നാലെ ഗുഡുവഞ്ചേരി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ തിങ്കളാഴ്ച പുലർച്ചെ 4:30 ഓടെ പെൺകുട്ടി വാഹനത്തിൽനിന്ന് രക്ഷപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ സമീപിച്ചതായി വിവരം ലഭിച്ചു. തന്നെ തട്ടിക്കൊണ്ട് പോയെന്നാണ് പെൺകുട്ടി ഓട്ടോ ഡ്രൈവർമാരോട് പറഞ്ഞത്. ഇവർ കുട്ടിയെ സമീപത്തെ വനിതാ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസുകാർ കുട്ടിയിൽനിന്ന് നമ്പർ വാങ്ങി മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു.
പെൺകുട്ടി ഇറങ്ങിയശേഷം പ്രതി കാറുമായി കടന്നുകളഞ്ഞതായും പിന്നീട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ചില ദുരൂഹതകളും ഉണ്ടെന്ന് പോലീസ് സൂചന നൽകി.
'പ്രതിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഞങ്ങൾ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കൂ' എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രതിയുടെ ലക്ഷ്യം കാർ മോഷ്ടിക്കുക മാത്രമായിരുന്നെങ്കിൽ പെൺകുട്ടിയുമായി 230 കിലോമീറ്റർ സഞ്ചരിച്ചത് എന്തിനാണെന്നാണ് പോലീസ് ആരായുന്നത്. 'പ്രതിയുടെ ഉദ്ദേശ്യങ്ങളും പശ്ചാത്തലവും കണ്ടെത്തുന്നതിനായി വിവിധ വശങ്ങളിൽ നിന്ന് ഞങ്ങൾ അവനെ ചോദ്യം ചെയ്തുവരികയാണ്' എന്ന് പോലീസ് പറഞ്ഞു.
Content Highlights: A 12-year-old girl was sleeping inside a car when it was stolen in Guduvancheri, Chennai., The girl was found safe 230 km away in Sirkazhi after escaping from the vehicle., Police arrested the suspect, though his exact motives remain under investigation.
Published: 17 Nov 2026, 05:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented